Saturday, April 25, 2020

റമളാൻ വേദഗ്രന്ഥങ്ങളുടെ പൂക്കാലം

റമളാൻ വേദഗ്രന്ഥങ്ങളുടെ പൂക്കാലം

വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട മാസം എന്നതാണ് റമളാൻ മാസത്തിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത.

പൂർവ്വ വേദങ്ങളെ മുഴുവൻ സത്യപ്പെടുത്തുന്ന പരിശുദ്ധ ഖുർആനിനെയും അത് വിശദീകരിച്ചുതന്ന തിരു നബിയുടെ അധ്യാപനങ്ങളെയും  സംബന്ധിച്ചിടത്തോളം, ഖുർആൻ മാത്രമല്ല, മറിച്ച്‌ എല്ലാ വേദഗ്രന്ഥങ്ങളും അവതരിപ്പിക്കപ്പെട്ട ഒരു മാസമായിട്ടാണ് റമളാൻ എന്ന മാസത്തെ പരിചയപ്പെടുത്തുന്നത്.

അബ്രഹാം പ്രവാചകന്ന് നൽകപ്പെട്ട ഏടുകൾ അവതരിച്ചത്  റമളാൻ മാസത്തിലെ ആദ്യത്തെ രാത്രിയിൽ ആണെന്നും, മോസസ് പ്രവാചകന്ന് നൽകപ്പെട്ട തൗറാത്ത് റമളാൻ മാസത്തിലെ ആറാമത്തെ രാതിയിൽ ആണെന്നും, ചാരിത്രവതിയായ മറിയമിന്റെ പുത്രൻ ജീസസിന്ന് നൽകപ്പെട്ട ഇൻജീൽ റമളാൻ മാസത്തിലെ പതിമൂന്നാമത്തെ രാത്രിയിൽ ആണെന്നുമൊക്കെയുള്ള തിരുവചനങ്ങൾ വിരൽ ചൂണ്ടുന്നത് ഈ യാഥാർഥ്യത്തിലേക്കാണ്.

ഭാരതീയ പശ്ചാത്തലത്തിൽ കടന്നുവന്ന ഋഗ്വേദം, യജുർവേദം എന്ന് തുടങ്ങിയ വേദങ്ങളിൽ മാത്രം വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയുടെ  വിശ്വാസം ആ  വേദങ്ങളിൽ തുടങ്ങുകയും, ആ വേദങ്ങളിൽ തന്നെ അവസാനിക്കുകയും ചെയ്യുന്നു.

പഴയ നിയമ പുസ്തകത്തിൽ മാത്രം വിശ്വസിക്കുന്ന ഒരു ജൂത മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയുടെ വിശ്വാസം പഴയ നിയമ പുസ്തകത്തിൽ തുടങ്ങുകയും അതിൽ തന്നെ അവസാനിക്കുകയും ചെയ്യുന്നു.

പുതിയ നിയമ പുസ്തകത്തിൽ മാത്രം വിശ്വസിക്കുന്ന ഒരു ക്രിസ്ത്യാനിയെ  സംബന്ധിച്ചിടത്തോളം ആ വ്യക്തിയുടെ വിശ്വാസം പുതിയ നിയമ പുസ്തകത്തിൽ തുടങ്ങുകയും അതിൽ തന്നെ അവസാനിക്കുകയും ചെയ്യുന്നു.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി, പരിശുദ്ധ ഖുർആനിൽ വിശ്വസിക്കുന്ന ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസം തുടങ്ങുന്നത് ഖുർആനിൽ നിന്നും അല്ല എന്നതാണ് യാദാർഥ്യം! 

പരിശുദ്ധ ഖുർആനിൽ വിശ്വസിക്കുന്ന ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസം തുടങ്ങുന്നത് ഈ ഭൂലോകത്തേക്ക് അവതരിപ്പിക്കപ്പെട്ട ആദ്യ വേദം മുതൽക്കാണ്.

അങ്ങിനെ ആദ്യ വേദത്തിൽ നിന്നും തുടങ്ങി, മറ്റ് ഏതെല്ലാം വേദങ്ങൾ ഈ ലോകത്ത് അവതരിപ്പിക്കപ്പെട്ടിട്ടുണ്ടോ, അതിൽ എല്ലാം തന്നെ ഒന്നൊഴിയാതെ വിശ്വസിച്ചുകൊണ്ടും, സത്യപ്പെടുത്തിക്കൊണ്ടുമാണ്, അവസാനത്തെ വേദഗ്രന്ഥം എന്നവകാശപ്പെടുന്ന പരിശുദ്ധ ഖുർആനിൽ ഒരു മുസ്ലിം വിശ്വസിക്കുന്നത്. 

"പറയുക: അല്ലാഹു അവതരിപ്പിച്ച ഏത്‌ ഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു"  (ഖുർആൻ 42:15)  എന്ന് ലോകത്തിന്ന് മുൻപിൽ പ്രഖ്യാപിക്കുവാനുള്ള കൽപ്പനയും,  "അവന്‍റെ വേദഗ്രന്ഥങ്ങളിലും, അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല" (ഖുർആൻ 2:285) എന്നതുമൊക്കെ സ്വന്തം വിശ്വാസത്തോട് ചേർത്ത് നിറുത്തുവാനുമാണ് പരിശുദ്ധ ഖുർആൻ അതിന്റെ അനുയായികളോട് ആഹ്വാനം ചെയ്യുന്നത്.

ഇത്തരുണത്തിൽ മുഴുവൻ വേദങ്ങളെ സത്യപ്പെടുത്തിക്കൊണ്ടും, ആ മുഴുവൻ വേദങ്ങളും റമളാൻ മാസത്തിലാണ് അവതരിച്ചത് എന്നുമൊക്കെയുള്ള പ്രവാചക വചനങ്ങൾ  ഉൾകൊള്ളുമ്പോൾ ആണ് റമളാൻ മാസം വേദഗ്രന്ഥങ്ങളുടെ പൂക്കാലമായിത്തീരുന്നത്.

ഇത്തരത്തിലുള്ള സാർവ്വജനീനമായ ഒരു നിലപാട് തന്നെയാണ്  വിശ്വാസികളെ വിളിച്ചുകൊണ്ട് നിങ്ങൾക്ക് നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു എന്ന് പറഞ്ഞതിന്റെ കൂടെ വിശുദ്ധ ഖുർആൻ ഓർമിപ്പിച്ച "നിങ്ങളുടെ മുമ്പുള്ളവരോട്‌ കല്‍പിച്ചിരുന്നത്‌ പോലെത്തന്നെ" (2:183) എന്ന കാര്യം.

അതായത്, പതിനാല് നൂറ്റാണ്ടുകൾക്കു മുമ്പ് തിരുദൂതർ മുഹമ്മദ്  നബി (സ) പുതുതായി കൊണ്ടുവന്ന ഒരു അനുഷ്ഠാനം അല്ല നോമ്പ് എന്നാണ് പറഞ്ഞു വരുന്നത്. നോമ്പുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത്  ദാവൂദ് നബിയുടെ കാലത്തുണ്ടായിരുന്ന നോമ്പായിരുന്നു എന്നതുപോലുള്ള പ്രവാചക വചനങ്ങൾ സൂചിപ്പിക്കുന്നതും ഇത്തരമൊരു കാര്യമാണ്.

റമളാൻ മാസത്തിലെ നോമ്പുമായി ബന്ധപ്പെട്ടുകൊണ്ട് കടന്നു വരുന്ന മറ്റൊരു കാര്യമാണ് ഒരു നോമ്പുകാരൻ പകൽ സമയത്ത് ഭക്ഷണത്തെ എങ്ങിനെ കാണുന്നു എന്നത്.

ഭക്ഷണത്തെ എന്തോ ഒരു തൊട്ടുകൂടാൻ പറ്റാത്ത ഭീകര സാധനമായിട്ടാണ് നോമ്പുകാരൻ കാണുന്നത് എന്നാണ്   ചില സുഹൃത്തുക്കളെങ്കിലും ധരിച്ചു വെച്ചിട്ടുള്ളത്.

ഒരു വീടിനെ സംബന്ധിച്ചിടത്തോളം അവിടെ നോമ്പ് പിടിക്കുവാൻ സാധിക്കാത്ത രോഗികളും, ചെറിയ കുട്ടികളും ഒക്കെ ഉണ്ടാകും. ഒരു നോമ്പുകാരിക്കോ, ഒരു നോമ്പുകാരനോ അവരെ സേവിക്കുവാൻ ഭക്ഷണം പാചകം ചെയ്യാം, കയ്യിൽ എടുത്തുകൊണ്ട് കുട്ടികളുടെ വായിൽ വെച്ചുകൊടുക്കാം.

ഉണ്ടാക്കിയ ഭക്ഷണത്തിന്റെ ഉപ്പോ, മധുരമോ മറ്റോ അറിയുവാൻ, ആ ഭക്ഷണത്തെ നാവിൽ വെച്ചുകൊണ്ട് രുചിച്ചു നോക്കാൻ വരെ നോമ്പുകാരനായ ഒരാൾക്ക് അനുവാദം നൽികിയിട്ടാണ് തിരുദൂതർ (സ) ഈ ലോകത്ത് നിന്നും കടന്നു പോയത് എന്നതുമൊക്കെ ഈ അവസരത്തിൽ ഓർക്കുന്നത് ഉചിതമായിരിക്കും എന്ന് കരുതുന്നു.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.

Monday, January 27, 2020

ബ്രഹ്മചാരിയും ജിഹാദിയും

ബ്രഹ്മചാരിയും ജിഹാദിയും

ബ്രഹ്മചര്യത്തെയും, അത് ജീവിതത്തിൽ കൊണ്ടുനടക്കുമ്പോൾ ലഭിക്കുന്ന പ്രയോജനങ്ങളെ കുറിച്ചുമൊക്കെ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന കാശ്യപ ആശ്രമത്തിന്റെ സ്ഥാപകനും, വേദ പണ്ഡിതനുമായ ആചാര്യശ്രീ രാജേഷ് അവർകൾ എഴുതിയ ലേഖനങ്ങൾ വായിച്ചപ്പോഴാണ് ഇങ്ങിനെ ഒന്നെഴുതണം എന്ന് തോന്നിയത്.

വേദങ്ങൾ മുന്നോട്ട് വെക്കുന്ന ബ്രഹ്‌മചര്യവും, ഖുർആൻ മുന്നോട്ട് വെക്കുന്ന ജിഹാദും തമ്മിൽ നിലനിൽക്കുന്ന ചില സാമ്യതകൾ കണ്ടതുകൊണ്ടും, ഇതിൽ ജിഹാദിനെ കുറിച്ച് നിലനിൽക്കുന്ന വ്യാപകമായ തെറ്റിദ്ധാരണയും, തെറ്റിദ്ധരിപ്പിക്കലുമൊക്കെ ഉള്ളത് കൊണ്ടുമാണ് ബ്രഹ്മചാരിയും ജിഹാദിയും എന്ന് ഇവിടെ തലവാചകം നൽകിയത്.

വിഷയത്തിലേക്ക് വരുന്നതിന്ന് മുൻപ് ഒരാമുഖം പറയുവാൻ ആഗ്രഹിക്കുന്നു.

പരിശുദ്ധ ഖുർആനും അതിന്റെ വ്യാഖ്യാനമായ തിരുനബിയും പഠിപ്പിച്ച വിശ്വാസത്തിന്റെ ഒരു ആണിക്കല്ലാണ് പൂർവ്വ വേദങ്ങളെ സത്യപ്പെടുത്തുക എന്നത്.

സത്യവിശ്വാസിയുടെ ഗുണങ്ങൾ എണ്ണിപ്പറയുന്നതിന്റെ കൂടെ ഖുർആൻ അതിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞ ഒരു കാര്യമാണ്  -  "(നബിയേ), നിന്നിലേക്ക് ഇറക്കപ്പെട്ടതിലും, നിന്റെ മുമ്പായി ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരും" (2:4) എന്നത്.

ഈ ഭൂലോകത്തേക്ക് യുഗ യുഗാന്തരങ്ങളിൽ കടന്നു വന്ന മനുഷ്യ സമൂഹങ്ങളിലേക്കെല്ലാം തന്നെ അവരുടേതായ, അന്ന് നിലനിന്നിരുന്ന, വ്യത്യസ്ത തരം ഭാഷകളിൽ വേദങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് എന്നും, അതിൽ എല്ലാംതന്നെ ഒന്നൊഴിയാതെ വിശ്വസിക്കണമെന്നും, സത്യപ്പെടുത്തണമെന്നുമാണ് ഖുർആൻ പഠിപ്പിക്കുന്നത്.

ഇത്തരുണത്തിൽ, ഖുർആനിനോടും, നബിചര്യയോടും യോജിച്ചുവരുന്ന എന്തെല്ലാം കാര്യങ്ങൾ പൂർവ്വ വേദങ്ങളിൽ ഉണ്ടോ അതെല്ലാം തന്നെ സ്വന്തം വിശ്വാസത്തിന്റെ കൂടെ അമൂല്യമായി കൊണ്ടുനടക്കുന്നവനാണ് ഒരു ഖുർആനിന്റെ അനുയായി.

പൂർവ്വ വേദങ്ങളെ ഒരു അന്യ മതത്തിന്റെ ഗ്രന്ഥമായിക്കാണാതെ, തനിക്കും അവകാശപ്പെട്ടത് അതിൽ ഉണ്ട് എന്നതും, ആ അവകാശപ്പെട്ടതിനെ തന്റെ വിശ്വാസത്തോട് ചേർത്തുവെക്കുകയും ചെയ്യുമ്പോൾ ലഭിക്കുന്ന ഹൃദയവിശാലതയും, അനുഭൂതിയും, ആനന്ദവും ചില്ലറയല്ല.

വേദ വാക്യങ്ങൾ പരിചയപ്പെടുത്തുന്ന  ബ്രഹ്മചാരിയുടെ  ഗുണങ്ങളും, പരിശുദ്ധ ഖുർആനും, തിരുനബിയും പരിചയപ്പെടുത്തുന്ന ജിഹാദ് ചെയ്യുന്ന  ഒരാളുടെ ഗുണങ്ങളും തമ്മിലുള്ള സാമ്യതകൾ കണ്ടപ്പോൾ ലഭിച്ച അനുഭൂതിയിലും ആനന്ദത്തിലുമാണ് ഇതെഴുതുന്നത്.

ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരാളെ ബ്രഹ്മചാരി എന്ന് വിളിക്കുമ്പോൾ, ജിഹാദ് അനുഷ്ഠിക്കുന്ന ഒരാളെ വിളിക്കേണ്ടുന്ന പദമാണ് മുജാഹിദ് എന്നത്.

ജിഹാദ് എന്ന അറബി പദത്തിന്റെ അറ്റത്ത് മലയാള ലിപിയിലെ ഒരു വള്ളി ചേർത്തുകൊണ്ട് ജിഹാദി എന്ന് പറയുന്നത് ഭാഷാപരമായി ശരിയല്ലാത്ത ഒരു പ്രയോഗമാണ്.

വേദ വാക്യങ്ങൾ പരിചയപ്പെടുത്തുന്ന ധർമ്മങ്ങൾ പാലിക്കുന്ന ഒരാളെയാണ് ബ്രഹ്മചാരി എന്ന് വിളിക്കുന്നതെങ്കിൽ, ഖുർആനും, അതിനെ ജീവിത മാതൃകയായ തിരുനബി പഠിപ്പിച്ച ധർമ്മങ്ങൾ പാലിക്കുന്ന ഒരാളെയാണ് മുജാഹിദ് എന്ന് വിളിക്കുന്നത്. അപ്പോൾ ജിഹാദ് എന്നാൽ അത് ഉന്നതങ്ങളായ ധർമ്മങ്ങൾ ജീവിതത്തിൽ പാലിക്കലാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ജിഹാദ് എന്നത് ഒരു ധർമ്മ സമരമാണ്.

"വീര്യനിരോധോ ഹി ബ്രഹ്മചര്യമ്" എന്ന വേദവാക്യത്തിലാണ് ബ്രഹ്മചര്യത്തിന്റെ പ്രധാനപ്പെട്ട ഒരു ഗുണം വിവരിക്കുന്നത്.

സന്താനോൽപാദനത്തിന്ന് കാരണമാകുന്ന വീര്യത്തിന്റെ  അന്യായമായ പുറത്തുപോകലിനെ തടഞ്ഞ്, സ്വശരീരത്തിൽ സംരക്ഷിച്ചു നിർത്തുന്നതാണ് ബ്രഹ്മചര്യം എന്നാണ് ആചാര്യശ്രീ രാജേഷ് ഈ വേദ വാക്യത്തെ ഉദ്ധരിച്ചുകൊണ്ട് പറയുന്നത്.

സന്താനോല്പാദനം സാധ്യമാക്കുന്ന ധാതുവായ "വീര്യം' കൗമാരകാലത്ത് തീർത്തും അനാവശ്യമായ കാമോദ്ദീപനങ്ങളാൽ ക്ഷയിച്ചുപോകാതെ സൂക്ഷിക്കേണ്ടതുണ്ട് എന്നും അതിനായി കാമോദ്ദീപനങ്ങളിലേക്ക് വഴിവെക്കുന്ന എല്ലാ പ്രവൃത്തികളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് വേണ്ടത് എന്നുമാണ് കൗമാരക്കാരായ വിദ്യാർത്ഥി സമൂഹത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ അദ്ദേഹം എഴുതുന്നത്.

വ്യത്യസ്തങ്ങളായ തലങ്ങളുള്ള ജിഹാദിനെ കുറിച്ച് പഠിക്കുമ്പോൾ കടന്നുവരുന്ന ഒരു ജിഹാദാണ് ഒരു വ്യക്തി സ്വന്തം ശരീരത്തോട് ചെയ്യേണ്ട ജിഹാദ്.

"അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന്‌ വിലക്കിനിര്‍ത്തുകയും ചെയ്തുവോ (അവന്ന്‌) സ്വര്‍ഗം തന്നെയാണ്‌ സങ്കേതം." - ഖുർആൻ 79:40-41.

അന്യായമായി വീര്യം പുറത്തുകളായൽ ഒരു തന്നിഷ്ടമാണ്. അത് തിരുദൂദർ പഠിപ്പിച്ച ധാർമ്മിക മൂല്യങ്ങൾക്ക് കടക വിരുദ്ധമാണ്.

സാംസ്‌കാരികമായി ഉന്നതിപ്രാപിക്കുന്നവരുടെ ഗുണമായി ഖുർആൻ പറയുന്നത് കാണുക.

"(നബിയേ, ) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു." - ഖുർആൻ 24:30.

അർത്ഥശങ്കക്ക് ഇടയില്ലാത്തവിധം തിരുനബിയുടെ വചനം കാര്യങ്ങളെ വീണ്ടും വ്യക്തമാക്കുന്നു.

… കണ്ണുകളുടെ വ്യഭിചാരം നോട്ടമാകുന്നു, കാതുകളുടെ വ്യഭിചാരം ചെവികൊടുക്കലാണ്, നാവിന്റെ വ്യഭിചാരം സംസാരമാകുന്നു. കയ്യിന്റെ വ്യഭിചാരം പിടിക്കലാണ്, കാലിന്റെ വ്യഭിചാരം കാലടി വെക്കലാണ്, ഹൃദയം മോഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അതിനെ യഥാര്‍ത്ഥമാക്കിത്തീര്‍ക്കുകയോ അല്ലെങ്കില്‍ കളവാക്കുകയോ ചെയ്യുന്നു;" - ബുഖാരി, മുസ്ലിം.

ഇതുപോലത്തെ ഒരുപാട് നിർദേശങ്ങൾ ഈ വിഷയത്തിൽ മാത്രം കാണാവുന്നതാണ്.

കല്യാണം കഴിക്കാതിരിക്കലാണ്  ബ്രഹ്മചര്യത്തിന്റെ സുപ്രധാന വശം എന്നാണ് ഞാനടക്കമുള്ള ആളുകൾ മനസ്സിലാക്കി വെച്ചിരുന്നത്.

എന്നാൽ വേദങ്ങളുടെ അടിസ്ഥാനത്തിൽ അത് ശരിയല്ല എന്നും കല്യാണം കഴിച്ചു ജീവിക്കുന്ന ഏതൊരു ഗൃഹസ്ഥനും ബ്രഹ്മചര്യവ്രതം അനുഷ്ടിക്കണം എന്നുമാണ് ഏകപത്നീവ്രതക്കാരായ ശ്രീരാമനെയും, ശ്രീകൃഷ്ണനെയും, ഋഷിമാരെയുമൊക്കെ ഉദ്ധരിച്ചുകൊണ്ട് ആചാര്യശ്രീ രാജേഷ് വിശദീകരിക്കുന്നത്.

ഓ യുവാക്കളേ, നിങ്ങളിൽ സാധിക്കുന്നവർ വിവാഹം ചെയ്യട്ടെ എന്നും, സാധിക്കാത്തവർ നോമ്പ് നോക്കട്ടെ, അതവന്ന് പരിചയാകും എന്നൊക്കെയുള്ള വിവാഹ സംബന്ധിയായ നിർദേശങ്ങൾ തിരുനബിയുടെ വചനങ്ങളിലും കാണാവുന്നതാണ്.

ബ്രഹ്മചര്യത്തിന്റെ മറ്റൊരടിസ്ഥാനം വിനയം എന്നാണ് ചാണക്യ സൂത്രത്തിലെ "ഇന്ദ്രിയജയസ്യ മൂലം വിനയ:" എന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിക്കുന്നത്.

ഒരു യഥാർത്ഥ ദൈവദാസന്റെ ഗുണങ്ങളിൽപെട്ടതാണ് വിനയം എന്നാണ് ഖുർആനും പരിചയപ്പെടുത്തുന്നത്.

"പരമകാരുണികന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്‌ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു."- ഖുർആൻ 25:63.

വേദഗ്രന്ഥങ്ങളെ അടുത്തറിയുവാൻ മനസ്സുള്ളവർക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ കാണാവുന്നതാണ്.

എന്നാൽ ഇത്തരത്തിലുള്ള വിശാലമായ യോജിപ്പിന്റെ മേഖലകളെ പാടെ അവഗണിച്ചുകൊണ്ട് ജിഹാദ് എന്ന പവിത്രമായ ഒരു പദത്തിന്റെ അപ്പുറത്തും ഇപ്പുറത്തുമൊക്കെ യോജ്യമല്ലാത്തതും, ഒരു വേള അശ്ലീലമായ വാക്കുകൾ വരെ തുന്നിവെക്കുന്നത് ഇന്ന് ഒരു പതിവ് കാഴ്ച്ചയായിരിക്കുകയാണ്.

ബ്രഹ്മചര്യം അനുഷ്ടിച്ച ശ്രീരാമ പത്നിയെ തട്ടിക്കൊണ്ടുപോയ, ശത്രുപക്ഷത്ത് നിലയുറപ്പിച്ച രാവണന്റെ പ്രവർത്തനമാണ് യഥാർത്ഥ ബ്രഹ്മചര്യം എന്ന് ഒരാൾ പറഞ്ഞാൽ? വീട്ടുകാരെ കബളിപ്പിച്ചുകൊണ്ട്, വിവാഹപ്രായമെത്തിയ യുവതിയെ ഒരുത്തൻ ചാടിച്ചു കൊണ്ടുപോയ പ്രവർത്തനത്തിന്ന് കരുതിക്കൂട്ടി രാവണ ബ്രഹ്മചര്യം  എന്ന് ഒരാൾ പേരിട്ടാൽ? എന്തൊരു അധമത്വത്തിലാണ് സഹോദരങ്ങളെ അത്തരം പ്രവത്തനം ചെയ്യുന്നവർ എത്തിപ്പെട്ടത്.

ക്രൈസ്തവ സഹോദരങ്ങൾ പവിത്രമായി കരുതുന്ന മോണ്ടി തേർസ്‌ഡേയോ  അല്ലെങ്കിൽ ഹോളി തേർസ്‌ഡേയോ കുറിച്ച്, മാരകമായ ക്രിമിനൽ കൊലപാതകങ്ങൾ ചെയ്‌ത ആ സ്‌ത്രീയുടെ പേരുവെച്ചുകൊണ്ട് ആ തേർസ്‌ഡേ എന്ന് ഒരാൾ വിളിച്ചാൽ? ബൈബിളും, പരിശുദ്ധ ഖുർആനും അത്ഭുതമായി രേഖപ്പെടുത്തിയ, ചാരിത്രശുദ്ധി തന്റെ ജീവിതത്തിൽ ഉടനീളം കാത്തു സൂക്ഷിച്ച മറിയത്തിലേക്കും, അവരുടെ പുത്രനായ മഹാനായ യേശുവിലേക്കും ഇന്ന് ലോകത്ത് നടക്കുന്ന അവിഹിതമായ ബന്ധങ്ങളെയും, ജന്മങ്ങളെയും ഒരാൾ ചേർത്ത് വെച്ചാൽ? എന്തൊരു അധമത്വത്തിലാണ് സഹോദരങ്ങളെ അത്തരം പ്രവത്തനം ചെയ്യുന്നവർ എത്തിപ്പെട്ടത്.  

"ഒരാളുടെ തലയില്‍ ഇരുമ്പു കൊണ്ടുള്ള ആണി കൊണ്ട് അടിക്കപ്പെടുന്നതാണ് തനിക്ക് അനുവാദമില്ലാത്ത ഒരു സ്ത്രീയെ സ്പര്‍ശിക്കുന്നതിനെക്കാള്‍ അയാള്‍ക്ക് നല്ലത്.” എന്ന് മഹാനായ മുഹമ്മദ് നബി(സ)  പഠിപ്പിക്കുമ്പോൾ, അധമത്വത്തിൽ എത്തിപ്പെട്ട ചില ആളുകൾ  ആ നീചവും നികൃഷ്ടവുമായ പ്രവർത്തനത്തെ അതാ ജിഹാദ് എന്ന് വിളിക്കുന്നു!

ഒരാൾ മറ്റൊരാളുടെ മാതാവിനെയോ പിതാവിനെയോ വിളിച്ചാൽ, അവൻ അവന്റെ സ്വന്തം മാതാവിനെയോ , പിതാവിനെയോ ആണ് വിളിച്ചത് എന്ന നബി വചനത്തിന്റെ ആശയം കടമെടുത്തുകൊണ്ട് പറയട്ടെ, ബ്രഹ്മചര്യം പോലുള്ള ആശയങ്ങൾ മുന്നോട്ട് വെക്കുന്ന ധാർമ്മിക മൂല്യങ്ങൾ സമൂഹത്തിൽ ഉയർത്തിപ്പിടിക്കുന്നതിന്ന് പകരം, തങ്ങളുടെ ഇച്ഛകൾക് എതിരായിക്കാണുന്നവരെ, ഒരു പഴിവാക്കായിക്കൊണ്ട് ബ്രഹ്‌മചാരി എന്നോ, മറിയയുടെ പുത്രാ എന്നോ, ജിഹാദി എന്നോ വിളിച്ചാൽ, അവൻ സ്വന്തം അസ്തിത്വത്തെയാണ് നടുറോഡിൽ ചവിട്ടിയരക്കുന്നത് എന്ന് ഈ അവസരത്തിൽ സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.

ബ്രഹ്മചര്യത്തിൽ വിശ്വസിക്കുകയും, ആചരിക്കുകയും ചെയ്യുന്നവർക്ക് അത് പവിത്രമാണ്. മറിയമിന്റെ കന്യകത്വത്തിൽ വിശ്വസിക്കുന്നവർക്കും ആചരിക്കുന്നവർക്കും അത് പവിത്രമാണ്.  അത് പോലെത്തന്നെയാണ് ജിഹാദ് എന്ന ധർമ്മ സമരത്തിൽ വിശ്വസിക്കുകയും, ആചരിക്കുകയും ചെയ്യുന്നവർക്ക്  അതിന്റെ പവിത്രതയും.

സ്വന്തം രാജ്യത്തിന്റെ സുരക്ഷക്കും, സംരക്ഷണത്തിനും വേണ്ടി, ആയുദ്ധങ്ങളുമായി രാജ്യാതൃത്തിയിൽ പോരാട്ടം നടത്തുന്ന ഒരു സൈനികന്റെ ജീവാർപ്പണവും പവിത്രമായ ജിഹാദിന്റെ ഒരു ഭാഗമാണ് എന്നും, എന്നാൽ ആ ആയുദ്ധം എടുത്തുകൊണ്ട് ഒരു സൈനികനോ, അതല്ലാത്ത ഒരാളോ, നിരപരാധികൾക് നേരെ ആ ആയുധം തിരിച്ച് വെച്ചാൽ അതിന്റെ പേര് അതിക്രമം ആണ് എന്നതും ഒരു പരാമർശത്തിൽ മാത്രം ഒതുക്കുകയാണ് ഈ സന്ദർഭത്തിൽ.

പ്രകൃതി ദത്തമായ തേനിലേക്ക് മനുഷ്യ നിർമ്മിതമായ വിഷം കൂട്ടിച്ചേർത്തു കൊണ്ട് തേൻ-വിഷം എന്നൊക്കെ വിളിക്കുന്നത് പൈശാചികമായ പ്രവർത്തനമാണ് എന്നും, സംസ്ക്കാരമുള്ള ഒരു സമൂഹത്തിന്നോ, അവരുടെ നേതൃത്വത്തിന്നോ ഒട്ടും യോജിച്ചതല്ല എന്നും നമ്മൾ തിരിച്ചറിയുക.

കൂടുതൽ പഠിക്കുന്തോറും, മനസ്സുകൾ തമ്മിൽ  കൂടുതൽ അടുക്കുകയാണ്. വാദിക്കാനും, ജയിക്കാനുമല്ല, അറിയാനും, അറിയിക്കുവാനുമാണ്.


അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

Saturday, January 4, 2020

രാജ്യ പുരോഗതിയുടെ അടിസ്ഥാനം നിർഭയത്വം

രാജ്യ പുരോഗതിയുടെ അടിസ്ഥാനം നിർഭയത്വം

നിർഭയത്വവും അതിന്റെ കൂടെയുള്ള സമാധാനപൂർണ്ണമായ ഒരു അന്തരീക്ഷവും ഉണ്ടെങ്കിൽ മാത്രമേ കുടുംബത്തിലും, സമൂഹത്തിലും, ജീവിക്കുന്ന രാജ്യത്തിലും, ഈ ലോകത്ത് മൊത്തത്തിലും തന്നെ പുരോഗതി ഉണ്ടാകൂ എന്നത് ഒരു ചരിത്ര സത്യമാണ്.

രണ്ടാം ലോക മഹായുദ്ധത്തിന്ന് ശേഷം ലോക രാജ്യങ്ങൾ തമ്മിൽ ഉണ്ടാക്കിയ പല സമാധാന ഉടമ്പടികൾ പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാണ്.

യൂറോപ്യൻ രാജ്യമായ ജർമനി തങ്ങളുടെ രാജ്യത്ത് നിലനിന്നിരുന്ന ഭ്രാന്തമായ ദേശീയതക്ക് കടിഞ്ഞാൺ ഇട്ടതും, യുദ്ധക്കൊതി അവസാനിപ്പിക്കുന്നതിന്ന് വേണ്ടി ജപ്പാൻ ജനത തങ്ങളുടെ നിയമസംഹിതയിൽ ആർട്ടിക്കിൾ ഒൻപത് എഴുതിച്ചേർത്തതും ജനങ്ങൾക്ക് സമാധാനത്തോട് കൂടി ജീവിക്കണം എന്നുള്ളത് കൊണ്ടാണ്.

ഇത്തരം നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചുകൊണ്ട് 1941ൽ അമേരിക്കൻ പ്രസിഡണ്ടായിരുന്ന ഫ്രാൻങ്ക്ലിൻ ഡി റൂസ്‌വെൽറ്റ് "നാല് സ്വാതന്ത്ര്യങ്ങൾ" (Four Freedoms) എന്ന തന്റെ പ്രഖ്യാപനത്തിൽ മത സ്വാതന്ത്ര്യത്തെ ഉൾപ്പെടിത്തിയതുമൊക്കെ നിർഭയത്വമുള്ള വ്യക്തികളും, സമൂഹങ്ങളും, രാജ്യങ്ങളുമൊക്കെ ഉയർന്നുവരണം എന്ന ലക്ഷ്യം മുന്നിൽക്കണ്ടായിരുന്നു.

അതിന്ന് ശേഷം ഇപ്പറഞ്ഞ ലോകരാജ്യങ്ങളിൽ ഉണ്ടായ വളർച്ചയും, ഇന്ന് അവർ എവിടെ എത്തിനിൽക്കുന്നു എന്നതും ഒന്ന് നോക്കിയാൽ നിർഭയത്വവും, സമാധാനമായ അന്തരീക്ഷവും ആ ജനപഥങ്ങളിൽ ഉണ്ടാക്കിയ ഉന്നതി എത്രത്തോളമാണ് എന്നത് പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമില്ല.

എന്നാൽ ഇപ്പറഞ്ഞ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് സ്ഥാനം നോക്കുന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ വിഭിന്നമാണ്. 

നിർഭയത്വവും സമാധാനവും സൃഷ്ടിക്കുന്നതിന്ന് പകരം, സ്വന്തം പൗരന്മാരോട് തീർത്തും അനാവശ്യമായി മല്ലിടുന്ന ഒരു ഗവൺമെന്റിനെയാണ് കാണുന്നത്.

നുഴഞ്ഞു കയറ്റക്കാരെ പിടികൂടാൻ എന്ന പേരിൽ നടന്നുകൊണ്ടിരിക്കുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ്.

തീർച്ചയായും നുഴഞ്ഞു കയറ്റക്കാരെ പിടികൂടുകയും നിയമത്തിന്ന് വിധേയമായ നടപടികൾ സ്വീകരിക്കണം എന്നതും തർക്കമറ്റ കാര്യമാണ്. 

എന്നാൽ നുഴഞ്ഞു കയറ്റക്കാരെ പിടികൂടാൻ എന്ന പേരിൽ, പതിറ്റാണ്ടുകളായി സ്നേഹത്തിലും സഹവർത്തിത്വത്തിലുമൊക്കെ കഴിഞ്ഞിരുന്ന അയൽവാസികളിൽ, സുഹൃത്തുക്കളിൽ, സഹപാഠികളിൽ, സഹപ്രവർത്തകനിൽ ഒരാൾ, അവന്റെ മതം നോക്കിക്കൊണ്ട് നുഴഞ്ഞു കയറ്റക്കാരനാണെന്ന് വരുത്തിതീർക്കുവാനുള്ള ശ്രമങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ആസാം ഇവിടെ ഒരു ഉദാഹരണമാണ്.

നുഴഞ്ഞു കയറ്റക്കാരാൽ പ്രയാസങ്ങൾ അനുഭവിക്കുന്ന മറ്റ് രാജ്യങ്ങൾ ഈ ലോകത്തുണ്ട് എന്നതും അവർ എങ്ങിനെയാണ് പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നത് എന്നതും ഒന്ന് പഠിക്കേണ്ട കാര്യമാണ് എന്നാണ് അഭിപ്രായം.

ആസ്‌ട്രേലിയ പോലുള്ള രാജ്യങ്ങൾ ഇത്തരം നുഴഞ്ഞു കയറ്റക്കാരെ കൺട്രോൾ ചെയ്യുന്നതിന്ന് വേണ്ടി കൊണ്ടുവന്ന നിയമമാണ് പസഫിക് സൊല്യൂഷൻ (Pacific Solution) എന്ന പേരിൽ അറിയപ്പെടുന്നത്. നുഴഞ്ഞു കയറ്റക്കാരെ നിയന്ത്രിക്കുന്നതിന്നും, മോണിറ്റർ ചെയ്യുന്നതിനുമൊക്കെ അമേരിക്കക്ക് അവരുടേതായ ഫലപ്രദമായ പല പരിപാടികളും ഉള്ളതായി കാണാം.

എന്നാൽ ഇതൊന്നും അറിഞ്ഞോ, അറിയാതെയോ, വീട്ടിൽ കയറിയ കള്ളനെ കണ്ടുപിടിക്കുവാൻ വേണ്ടി വീട്ടുകാരടക്കമുള്ളവർ ആദ്യം തുണിയുരിഞ്ഞ് നിൽക്കുകയും, അങ്ങിനെ കള്ളനെ കണ്ടു പിടിച്ച ശേഷം തുണി മാറ്റിയുടുത്താൽ മതി എന്ന രൂപത്തിലേക്കുമാണ് കാര്യങ്ങൾ നീങ്ങുന്നത്!

നുഴഞ്ഞു കയറ്റക്കാരെ പിടികൂടുന്നതിന്ന് വേണ്ട ഭീമമായ ചിലവിനേക്കാൾ കൂടുതൽ വരവ് ഖജനാവിലേക്ക് ഒഴുകുമെങ്കിൽ ഇതിനൊക്കെ എന്തെങ്കിലും അർത്ഥം ഉണ്ട് എന്ന് വേണമെങ്കിൽ പറയാം. 

വര്ഷം 2014ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ബാരക്ക് ഒബാമ, അമേരിക്കയിൽ നിയമ വിരുദ്ധമായി താമസിക്കുന്ന അഞ്ചു മില്യൺ ആളുകൾക്ക് നിയമ പ്രാബല്യം നൽകാൻ കൊണ്ടുവന്ന ഒരു പദ്ധതിയാണ് ഈ ഒരു  സന്ദർഭത്തിൽ ഓർമ്മവരുന്നത്. അതുമൂലം ഖജനാവിലേക്ക് അധികമായി ലഭിക്കുന്ന ടാക്സ് ആണ് അത്തരം നീക്കത്തിന്റെ ഒരു ഗുണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.

എന്നാൽ ഇന്ത്യയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് അത്തരം ഒരു നീക്കമാണോ? രാജ്യത്തിന്റെ ഖജനാവിലേക്ക് വല്ലതും കൂടുതൽ വരവ് ലഭിക്കും എന്ന് ഈ നിയമം ചർച്ചചെയ്യുമ്പോൾ നിങ്ങളാരെങ്കിലും കേട്ടുവോ?

അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങൾ പെർമെനന്റ് റസിഡൻസി, ഗ്രീൻ കാർഡ് എന്നീ മാർഗങ്ങളിലൂടെ വിദേശികളെ തങ്ങളുടെ രാജ്യത്തേക്ക് സ്ഥിര താമസത്തിന്ന് വേണ്ടി ക്ഷണിക്കുമ്പോൾ, മതം മാത്രം നോക്കി സ്വന്തം പൗരൻമാരെ അടക്കം പുറം തള്ളാനും, അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുവാനുമല്ലേ നോക്കുന്നത്.

ഒരു പൗരൻ, അവനിഷ്ടമുള്ളത് വിശ്വസിക്കാനും, അവിശ്വസിക്കാനും, അതനുസരിച്ചുകൊണ്ട് തീർത്തും നിർഭയമായി ജീവിക്കാൻ സാധിക്കുമ്പോൾ മാത്രമേ രാജ്യ പുരോഗതിയിലേക്കുള്ള ഓഹരി അവനിൽ നിന്നും ലഭിക്കുകയുള്ളൂ.

മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ കുടുംബം പോറ്റി ജീവിച്ചുപോകുന്ന ഒരു പൗരനെ അവന്റെ മതം നോക്കിയിട്ട് ചൊറിയാൻ പോയാൽ, ആ പൗരനിൽ നിന്നും രാജ്യത്തിന്ന് ലഭിക്കേണ്ട പുരോഗതി നഷ്ടപ്പെടും. 

ഇത്തരം ഒരു പ്രശ്നം ജനലക്ഷങ്ങളെ ബാധിക്കുന്ന ഒരു വിഷയം ആയതുകൊണ്ട്, രാജ്യത്തിന്റെ പുരോഗതിയെ കാര്യമായിത്തന്നെ ഈ ഒരു നീക്കം ബാധിക്കും എന്നതിൽ സംശയമില്ല.

മുഹമ്മദ് നിസാമുദ്ധീൻ.

Wednesday, September 11, 2019

ആഘോഷങ്ങൾ നടക്കട്ടെ

ആഘോഷങ്ങൾ നടക്കട്ടെ

വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്ന സുഹൃത്തിന്റെ കൂടെ ആഹാരം കഴിക്കുന്നതിന്ന് വേണ്ടി ഹോട്ടൽ അന്വേഷിച്ച് പോകുന്നു.

ആ സുഹൃത്ത് വെജിറ്റേറിയൻ മാത്രമേ കഴിക്കൂ എന്നറിയുന്ന മറ്റൊരാൾ പറഞ്ഞു: വെജും നോൺ വെജ്ജും ഉള്ള ഏതെങ്കിലും ഹോട്ടലിൽ പോയിട്ട്  താങ്കൾക്ക് വെജ്ജ് മാത്രം കഴിക്കാം എന്ന്. 

എന്നാൽ സൂക്ഷമതക്ക് വേണ്ടി ഒരു വെജിറ്റേറിയൻ മാത്രം ഉള്ള ഹോട്ടലിൽ പോകുന്നത് നന്നായിരിക്കും എന്ന് ആ സുഹൃത്ത് അഭിപ്രായപ്പെട്ടു.

എന്താണ് അദ്ദേഹത്തിന്ന് ഇത്ര നിർബന്ധം? നോൺ വെജ്ജും, വെജ്ജും ഉള്ള ഹോട്ടലിൽ പോയിട്ട് വെജ്ജ് മാത്രം കഴിച്ചാൽ പോരെ എന്ന് കൂട്ടത്തിൽ ഒരാൾ ചോദിച്ചു.

ഒരു നേരം നോൺ വെജ്ജ് കഴിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ എന്ന് മറ്റൊരാൾ ചോദിച്ചു.

ഭക്ഷണത്തിലെ നോൺ വെജ്ജ് ഭാഗം ഒഴിവാക്കിയിട്ടുള്ള ഭാഗം കഴിക്കാൻ പറ്റുമോ എന്ന് വേറൊരാൾ അഭിപ്രായപ്പെട്ടു.

പലതരക്കാരായ ആളുകളിൽ നിന്നും അങ്ങിനെ പല തരം ചോദ്യങ്ങളും അഭിപ്രായങ്ങളും ഉയർന്നു വന്നു, ...

ഇതെഴുതുന്ന എന്നെ സംബന്ധിച്ചിടത്തോളം കൃത്യമായ ഒരു നിലപാട് ഈ വിഷയത്തിൽ ഉണ്ട്. അതായത് വെജിറ്റേറിയൻ മാത്രം കഴിക്കുന്ന ആ സുഹൃത്തിന്റെ ആവശ്യം, അദ്ദേഹം തൃപ്തിപ്പെടുന്ന വിധത്തിൽ നടക്കണം. ആ ആവശ്യം നടക്കുന്നതിന്ന് വേണ്ടി കിലോമീറ്ററുകൾ അകലെ സ്ഥിതി ചെയ്യുന്ന ഒരു വെജിറ്റേറിയൻ ഹോട്ടലിൽ പോയാലും ശരി!

ഇനി താൻ പവിത്രമെന്ന് കരുതിപ്പോന്ന സസ്യാഹാരത്തിൽ അധിഷ്ടിതമായ ആ വിശ്വാസത്തിന്ന് എന്തെങ്കിലും കോട്ടം തട്ടുവാനുള്ള സാധ്യത കണക്കിലെടുത്തുകൊണ്ട് സുഹൃത്ത് ആ ഭക്ഷണം കഴിക്കുന്നതിൽ നിന്നും വിട്ട് നിന്നാൽ, ആ തീരുമാനത്തെയും ആ സുഹൃത്തിനെയും ക്രൂശിക്കുന്നതിന്ന് പകരം, അതിനെ സ്വാഗതം ചെയ്യുകയും, അഭിനന്ദിക്കുകയും ചെയ്യുക എന്നതാണ്  ഞാൻ ഇഷ്ടപ്പെടുന്നത്.

സൂചിപ്പിക്കപ്പെട്ടതുപോലുള്ള വ്യത്യസ്ത തരം സന്ദർഭങ്ങൾ ആർക്കും ജീവിതത്തിൽ കടന്നു വരാം. പലവിധത്തിലുള്ള .വിശ്വാസ-ആചാരങ്ങൾ വച്ച് പുലർത്തുന്ന ഒരു ബഹുസ്വര സമൂഹത്തിൽ ജീവിക്കുമ്പോൾ പ്രത്യേകിച്ചും.

ജീവിതത്തിൽ ഉടനീളം, തീർത്തും കറകളഞ്ഞ ഏകദൈവ വിശ്വാസം കൊണ്ടുനടക്കുന്ന എന്നെപ്പോലെയുള്ള ആളുകൾ അഭിമുഖീകരിക്കുന്ന അത്തരം ഒരു സന്ദർഭത്തിലുമാണ് ഇതെഴുതുന്നത്.

ഓരോ ദിവസവും, ഒട്ടും മുടങ്ങാതെ നിർവഹിക്കുന്ന അഞ്ചു നേരത്തെ നിസ്കാരത്തിൽ, ഏകനായ സൃഷ്ടാവുവിന്റെ മുൻപിൽ തല താഴ്ത്തിക്കൊണ്ട്, ഹൃദയത്തിന്റെ ആഴിയിൽ സ്പർശിച്ചുകൊണ്ടു, ചുരുങ്ങിയത് പതിനേഴ് തവണയെങ്കിലും പറയുന്ന പരിശുദ്ധ ഖുർആനിലെ ഒരു വചനമാണ് - "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു" എന്നത്.

ആരാധനയുടെയും, സഹായത്തേട്ടത്തിന്റെയും ഭാഗമായി എന്തെല്ലാം കാര്യങ്ങൾ ഉണ്ടോ, അതെല്ലാം തന്നെ സർവ്വലോക സൃഷ്ട്ടാവായ, ഏകനായ അല്ലാഹുവിന്ന് മാത്രമേ സമർപ്പിക്കാവൂ എന്നും, അതിന്റെ ഒരംശം പോലും ഒരു സൃഷ്ടിയുടെ മുമ്പിലും ഒരിക്കലും സമർപ്പിക്കുവാൻ പാടില്ല എന്നതുമാണ് ഈ വചനത്തിന്റെ രത്‌ന ചുരുക്കം.

ഒരുവേള നമ്മൾ പഠിക്കുവാൻ ശ്രമിച്ചാൽ "നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു" എന്ന ഖുർആൻ 1:5 വചനം സകല വേദങ്ങളുടെയും അന്തസത്ത ആണെന്നുള്ള യഥാർഥ്യം കാണുവാൻ സാധിക്കും.

"അല്ലയോ മനുഷ്യ! സൂര്യൻ മുതലായ തേജോമയവസ്തുക്കൾക്ക് ആധാരവും ഇതുവരെ ഉണ്ടായതും ഉണ്ടാകുന്നതും ആയ ലോകത്തിന്റെ ഏകനും അദ്വിതീയനും അധിപനുമായ പരമാത്മാവ് ഈ ജഗത്തിന്റെ ഉത്ഭവത്തിന്നും മുൻപ് ഉണ്ടായിരുന്നു. ഭൂമി മുതൽ സൂര്യൻവരെയുള്ള ജഗത്തിനെ സൃഷ്ടിച്ച ആ പരമാത്മ  ദേവനെ സ്‌നേഹപൂർവ്വം ഭജിക്കുവിൻ" - ഋഗ്വേദം 10. 121.1

"അടിമവീടായ മിസ്രയീം ദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത്. ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുത്. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്”. പുറപ്പാട് 20:2,3,4.

എന്നാൽ ഇന്ന് നാട്ടിൽ നടക്കുന്ന പല ആഘോഷങ്ങളുടെയും അടിസ്ഥാനം ഭൂമി ലോകത്ത് ജീവിച്ചുപോയ പല മനുഷ്യരെയും ആരാധനാ മൂർത്തികളായി കണ്ടുകൊണ്ട് അവർക്കുവേണ്ടി ആരാധനകളും മറ്റും  അർപ്പിക്കുന്ന ഒരു രീതിയാണ്.

കറകളഞ്ഞ ഒരു ഏകദൈവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ആ ആഘോഷങ്ങളും അതിന്റെ ഭാഗമായി വിളമ്പുന്ന രുചികരമായ ഭക്ഷണത്തിൽ നിന്നുമൊക്കെ, അൽപം പ്രയാസത്തോടുകൂടിത്തന്നെ ഒഴിവാക്കേണ്ടിവരുന്നതിന്റെവി വളരെ സുപ്രധാനമായ കാരണമാണ് ഇവിടെ പറയുവാൻ ശ്രമിക്കുന്നത്.

തീർച്ചയായും ഒരാൾ ഇഷ്ട്ടപ്പെടുന്ന വിശ്വാസവും, അതിനനുസരിച്ചുള്ള  ആരാധനയുമൊക്കെ ആചരിക്കുവാനും മറ്റുമുള്ള സ്വാതന്ത്ര്യം അവർക്ക് ലഭിക്കുന്നു എന്ന അർത്ഥത്തിൽ സന്തോഷം മാത്രമേ ഉള്ളൂ. അതല്ലാതെ ആഘോഷത്തോടോ, അത് നടത്തുന്ന ആളുകളോടോ തന്നെ മറ്റൊന്നും ഇല്ല.

ആദർശ വിഷയത്തിലുള്ള വിയോജിപ്പ് നിലനിൽക്കേ തന്നെ മറ്റെല്ലാ സ്നേഹ ബന്ധങ്ങളും, സഹവർത്തിത്തവും ഒക്കെ നിലനിറുത്തേണ്ടതുണ്ട് അതിനായി പരിശ്രമിക്കേണ്ടതുണ്ട് എന്നതാണ് ഈയുള്ളവന്റെ നിലപാട്. അതുകൊണ്ടു തന്നെയാണ്, ഏറ്റവും അവസാനമായി,  വളരെ ചെറുപ്പം മുതൽ ഞാൻ കാണുന്ന എന്റെ വല്യമ്മയുടെ അയൽവാസിയായിരുന്ന ടീച്ചറുടെ പേരമകന്റെ കല്യാണത്തിന്ന് കോഴിക്കോട്ടെ അരിയടത്ത് പാലത്തുള്ള ഹാളിൽ കഴിഞ്ഞ മാസം പോയതും, ബന്ധങ്ങൾ പുതിക്കിയതും, ഗംഭീര സദ്യ കഴിച്ചതുമൊക്കെ. അത് കൊണ്ട് തന്നെയാണ് ആഴ്ചകൾക്ക് മുൻപ് അളിയന്റെ കല്യാണത്തിന്ന് വെജിറ്റേറിയൻ ഭക്ഷണം ഉണ്ട് എന്ന് ഉറപ്പ് വരുത്തിയതും, എന്റെ പ്രിയ സഹപാഠി അനൂപും കുടുംബവും വന്നപ്പോൾ, ഭക്ഷണ സമയത്ത്, നോൺ വെജ്ജ് വേണോ, അതോ വെജ്ജ് വേണോ എന്ന് പ്രത്യകം ചോദിച്ചതും പരിഗണന നൽകിയതും.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.

Tuesday, January 22, 2019

അവർ നിന്നോട് ആർത്തവത്തെ കുറിച്ചും ചോദിക്കുന്നു!

അവർ നിന്നോട് ആർത്തവത്തെ കുറിച്ചും ചോദിക്കുന്നു!

സമകാലീന കേരളത്തിലെ സുപ്രധാനമായ ഒരു വിഷയമാണല്ലോ സ്‌ത്രീകളിൽ സംഭവിക്കുന്ന ആർത്തവം. എറണാകുളത്ത് വെച്ച് നടന്ന ആർപ്പോ ആർത്തവം പോലുള്ള പൊതു പരിപാടികളെ കുറിച്ച് അറിഞ്ഞപ്പോഴാണ് ചില കാര്യങ്ങൾ പങ്കുവെക്കാം എന്ന് കരുതിയത്. 

ഈ ലോകത്ത് നിലനിന്നിരുന്ന വ്യത്യസ്തങ്ങളായ സമൂഹങ്ങളിൽ അവരവരുടെ വിശ്വാസ-ആചാരങ്ങൾക്ക് അനുസരിച്ച് ആർത്തവത്തോടും വിശിഷ്യാ അതുണ്ടാകുന്ന സ്‌ത്രീയോടും പലതരം സമീപനങ്ങൾ   കാണാവുന്നതാണ്.

ആർത്തവത്തെ അശുദ്ധമായി കാണുന്നതിന്റെ കൂടെത്തന്നെ, അത് സംഭവിക്കുന്ന സ്‌ത്രീയെക്കൂടി അശുദ്ധിയായി കാണുകയും, അങ്ങിനെ അവളെ ജീവിതത്തിന്റെ പല മേഖലകളിൽ നിന്നും മാത്രമല്ല  സ്വന്തം വീട്ടിൽ നിന്നുപോലും അകറ്റി നിറുത്തുകയും ചെയ്യുന്ന സമ്പ്രദായം പലയിടങ്ങളിലും ഉണ്ടായിട്ടുണ്ട്.

മനുഷ്യകുലം കടന്നുപോകുന്ന സർവ്വ മേഖലകളിലേക്കും കൃത്യമായ നിർദ്ദേശങ്ങൾ  സമർപ്പിക്കുന്ന പരിശുദ്ധ ഖുർആനിന്റെയും, അതിന്റെ ജീവിത മാതൃകയായ മുഹമ്മദ് നബി(സ)യുടെയും  ഈ വിഷയത്തിലുള്ള നിലപാടുകൾ വളരെ പ്രസ്‌കതമാണ് എന്നാണ് ഈ അവസരത്തിൽ മനസ്സിലാക്കുന്നത്.

"അവര്‍ നിന്നോട് ആര്‍ത്തവത്തെക്കുറിച്ചും ചോദിക്കുന്നു. നീ പറയുക: 'അത് ഒരു (തരം) ഉപദ്രവമാകുന്നു; അതിനാല്‍ ആര്‍ത്തവ (കാല) ത്തില്‍ നിങ്ങള്‍ സ്ത്രീകളെ വിട്ടു നില്‍ക്കുവിന്‍. 

അവര്‍ ശുദ്ധിയാകുന്നതുവരേക്കും നിങ്ങള്‍ അവരെ സമീപിക്കുകയും അരുത് അങ്ങനെ, അവര്‍ ശുദ്ധിയായിത്തീര്‍ന്നാല്‍, അല്ലാഹു നിങ്ങളോട് കല്‍പിച്ച വിധത്തിലൂടെ നിങ്ങള്‍ അവരുടെ അടുക്കല്‍ ചെന്നുകൊള്ളുവിന്‍. 

നിശ്ചയമായും, പശ്ചാത്തപിച്ചു മടങ്ങുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു; ശുദ്ധി പ്രാപിക്കുന്നവരെയും അവന്‍ ഇഷ്ടപ്പെടുന്നു" - ഖുർആൻ 2:222 

ജൂതന്മാരായ ആളുകൾ, ആർത്തവകാരിയായ ഒരു സ്‌ത്രീയെ പാടെ അവഗണിക്കുന്ന ഒരു അവസ്ഥയാണ് അന്നുണ്ടായിരുന്നത്. അവളുടെ കൂടെ ഭക്ഷണം കഴിക്കാതെയും, ഒരേ വീട്ടിലായിരിക്കെത്തന്നെ അവളുമായി ഒരു ഇടപഴകലുകളും ഇല്ലാതെ മാറ്റി നിറുത്തുകയും ചെയ്യുന്ന സ്ഥിതി വിശേഷം ഉണ്ടായിരുന്നു.

ഈ ഒരു അവസരത്തിലാണ് പ്രവാചക അനുചരന്മാർ ചോദ്യവുമായി അദ്ദേഹത്തിന്റെ അടുത്ത് വരികയും, ഇപ്പറഞ്ഞ ഖുർആനിക വചനം അവതീർണ്ണമാകുകയും ചെയ്യുന്നത്.

മേൽ സൂചിപ്പിച്ച ഖുർആനിക വചനത്തിന്റെ വിശദീകരണത്തിലും മറ്റും, ആർത്തവവുമായി ബന്ധപ്പെട്ടുകൊണ്ട് ഒരുപാട് നിർദേശങ്ങൾ കാണാവുന്നതാണ്. അതിന്റെ ചെറിയ ഒരു ഭാഗമാണ് ഇവിടെ സൂചിപ്പിക്കുന്നത്.

കൂടെ കിടക്കാം, കൂടെ ഭക്ഷിക്കാം

ആർത്തവകാരിയായ തന്റെ ഭാര്യയുടെ കൂടെ ഒരു ഭർത്താവിന്ന്  കിടക്കുകയും, ഭക്ഷണം കഴിക്കുകയും ആകാം. ചില സമൂഹങ്ങൾ മാറ്റി നിറുത്തിയ പോലെ മാറ്റി നിറുത്തേണ്ട കാര്യമില്ല.

പ്രവാചക പത്‌നി, മഹതി ആയിഷ(റ) പറയുന്നത് കാണുക: "ഞാൻ ആർത്തവകാരി ആയിരിക്കെ, അവിടുത്തെ തലമുടി കഴുകിക്കൊടുക്കുവാൻ അല്ലാഹുവിന്റെ ദൂദർ എന്നോട് പറയുമായിരുന്നു. ഞാൻ ആർത്തവകാരി ആയിരിക്കെത്തന്നെ അദ്ദേഹം എന്റെ മടിയിൽ കിടക്കുകയും, ഖുർആൻ പാരായണം ചെയ്യുകയും ചെയ്തിരുന്നു." - ഇമാം ബുഖാരി(റ).

എത്രമാത്രം അടുപ്പം ആർത്തവകാരിയായ ഭാര്യയുമായി ഒരാൾക്ക്  പുലർത്താം  എന്നാണ് ഇത്തരം സംഭവങ്ങൾ നൽകുന്ന പാഠം.

വീണ്ടും പ്രവാചക പത്‌നി ആയിഷ(റ) പറയുന്നത് കാണുക: "ഞാൻ ആർത്തവകാരിയാകുമ്പോൾ കഴിച്ച  ഒരു മാംസം  പ്രവാചകന്ന് നൽകുകയും അങ്ങിനെ അദ്ദേഹം ഞാൻ കഴിച്ച അതേ ഭാഗത്ത് നിന്നും കഴിക്കുകയും ചെയ്യുമായിരുന്നു. ഞാൻ അൽപ്പം പാനീയം കുടിച്ച ശേഷം ആ കപ്പ് പ്രവാചകന്ന് നൽകുകയും അങ്ങിനെ ഞാൻ വായ വെച്ച അതേ ഭാഗത്ത് നിന്നും അദ്ദേഹം പാനീയം കുടിക്കുകയും ചെയ്യുമായിരുന്നു" - ഇമാം മുസ്ലിം(റ).

ഭാര്യാ-ഭർതൃ ബന്ധത്തിലെ പറഞ്ഞറിയിക്കുവാനാകാത്ത അനുഭൂതിയുടെ അനശ്വരമായ ഭൂമികയാണ് ലോകാവസാനം വരെ തന്നെ പിൻപറ്റുന്ന അനുചരന്മാർക്ക് വേണ്ടി തിരു ദൂദർ കാഴ്ചവെച്ച മാതൃക. ആ അനുഭൂതി നുകരാൻ ആർത്തവം ഒരു തടസമല്ല തന്നെ!

അതൊഴികെ, എന്തും ആവാം

ആർത്തവകാരിയായ തന്റെ ഭാര്യയുമായി ഒരു ഭർത്താവിന്ന് എന്തെല്ലാം ആകാം എന്ന് പ്രവാചക പത്‌നി ആയിഷ(റ)യോട് ചോദിച്ചപ്പോൾ, അവർ പറഞ്ഞത് - "എന്തും ആകാം, ലൈംഗിക അവയവം ഒഴികെ" (ഇമാം മുസ്ലിം)  എന്നാണ്.

അതായത് സുറുമ കുപ്പിയിലേക്ക് കോൽ ഇടുന്നത് ഒഴികെ, എന്തും ആകാം  എന്നതാണ് "ആര്‍ത്തവ കാലത്തില്‍ നിങ്ങള്‍ സ്ത്രീകളെ വിട്ടു നില്‍ക്കുവിന്‍" എന്ന ഖുർആനിക വചനത്തിന്റെ വിവക്ഷ. അങ്ങിനെയാണ് പണ്ഡിതന്മാർ നബി വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് അതിനെ വിശദീകരിക്കുന്നത്.

ആർത്തവകാരിയായ ഭാര്യയെ ചില സമൂഹങ്ങൾ, അതിന്റെ പേരിൽ  വീട്ടിൽ നിന്നും പോലും അപ്പാടെ മാറ്റി നിറുത്തിയപോലെ മാറ്റി നിറുത്തേണ്ട ഒരാവശ്യവും ഇല്ല. ഭാര്യ ആർത്തവകാരി ആയതിന്റെ പേരിൽ, നിർവൃതിക്ക് വേണ്ടി മറ്റു മേച്ചിൽ പുറങ്ങൾ തേടി പോകേണ്ടതില്ല!

ആർത്തവം നിന്റെ കയ്യിൽ അല്ലല്ലോ!

പ്രാവാചക പത്‌നി ആയിഷ(റ) പറയുന്നു: "ഞാൻ ഋതുമതിയായിരിക്കെ, 'പള്ളിയിൽ നിന്നും ഒരു പായ എടുത്തുകൊണ്ടുവരൂ' എന്ന് തിരുദൂദർ(സ) എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു 'ഞാൻ ഋതുമതിയാണ് എന്ന്'. അപ്പോൾ അദ്ദേഹം പറഞ്ഞു 'നീന്റെ ആർത്തവം നിന്റ കയ്യിൽ അല്ലല്ലോ'" - ഇമാം മുസ്ലിം(റ).

നിസ്‌കാരം, നോമ്പ് പോലുള്ള നിർബന്ധമായ ആരാധനാ കർമ്മങ്ങൾ നിർവഹിക്കുന്നതിൽ നിന്നും ഇളവ് നൽകപ്പെട്ടവളാണ് ആർത്തവകാരിയായ ഒരു സ്‌ത്രീ. അതേ സമയം ആർത്തവത്തിന്റെ പേരുംപറഞ്ഞു കൊണ്ട്  അവൾക്കെതിരെ എന്തെങ്കിലും അയിത്തം കൽപ്പിക്കേണ്ട ഒരു കാര്യവും ഇല്ല എന്നതാണ് ഇത്തരം തിരുവചനങ്ങൾ വ്യക്തമാക്കുന്നത്.

ഒരു ഭർത്താവിന്ന് വീട്ടിൽ വെച്ച്   നിസ്‌കരിക്കേണ്ട സന്ദർഭം ഉണ്ടാകുമ്പോൾ, ഭാര്യയോട് ആ നിസ്‌കാരപ്പായ ഒന്ന് എടുത്തു തരുമോ, ആ ഖുർആൻ ഒന്ന് എടുത്തുതരുമോ എന്നൊക്കെ ചോദിക്കുമ്പോൾ, ഞാൻ ഒരു ആർത്തവകാരിയാണെന്ന ചിന്ത ഒരു സ്‌ത്രീയെയോ, താൻ പറയുന്നത് ആർത്തവകാരിയായ തന്റെ ഭാര്യയോട് ആണ് എന്ന ചിന്ത ഒരു പുരുഷനെയോ അലട്ടേണ്ടതില്ല, കാരണം അന്ത്യ ദൂദനായ മുഹമ്മദ് നബി(സ) പറഞ്ഞത് "നീന്റെ ആർത്തവം നിന്റ കയ്യിൽ അല്ലല്ലോ" എന്നതാണ്.

ചില സഹോദരങ്ങൾ ശരിയല്ലാത്ത രൂപത്തിൽ മനസ്സിലാക്കിയതു പോലെ, എന്തെങ്കിലും ഭൗതികപരമായ ഇച്ഛകൾക്ക് വേണ്ടിയാണ് വളരെ ചെറു പ്രായക്കാരിയായ ആയിഷ(റ)യെ മുഹമ്മദ് നബി(സ) വിവാഹം കഴിച്ചത് എങ്കിൽ, അതുമൂലം ഉണ്ടായേക്കാവുന്ന ദുരന്തവും കൂടി ചരിത്രം രേഖപ്പെടുത്തുമായിരുന്നു. എന്നാൽ അത്തരമൊരു ദുരന്ത ചരിത്രം ഇല്ല എന്ന് മാത്രമല്ല, തന്റെ ജീവിതത്തിന്റെ അകവും, പുറവും എക്കാലത്തേയും ജനങ്ങൾക്ക് വേണ്ടി ഏറ്റവും ഉത്തമ മാതൃകയായി സമർപ്പിച്ചിട്ടാണ് തിരുദൂദർ(സ) ഈ ലോകത്തോട് വിടപറഞ്ഞത് എന്നത് സാന്ദർഭികമായി സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.

മദീനയെ ദുഃഖത്തിലാഴ്ത്തികൊണ്ട്, പതിനെട്ട് വയസുകാരിയായ ആയിഷ(റ)യുടെ മാറിന്നും കഴുത്തിന്നും ഇടയിൽ തലവെച്ചുകൊണ്ട്, വാർദ്ധക്യത്തിന്റെ ലക്ഷണമോ, ദുർബലതയോ, സൗന്ദര്യകുറവോ ഒന്നും തന്നെ ബാധിക്കാതെ മുഹമ്മദ് നബി(സ) ഈ ലോകത്തോട് വിടപറയുമ്പോൾ, അവിടുന്ന് ജീവിച്ചിരിക്കുമ്പോൾ ഉണ്ടായിരുന്ന സുഗന്ധം മരണവേളയിലും ഉണ്ടായിരുന്നു എന്നും, പല്ലുതേക്കുവാൻ ഉപയോഗിക്കുന്ന മിസ്‌വാക്ക് കടിച്ചു ലോലമാക്കിയതുമൂലം തന്റെയും, തിരുദൂദരുടെയും ഉമിനീരുകൾ കൂടിക്കലർന്നിരുന്നു എന്ന് ആ മഹതി സാക്ഷ്യപ്പെടുത്തിയതും, അവിടുത്തെ മരണശേഷം, നാൽപ്പത് വർഷത്തോളം ഇസ്‌ലാമിക സമൂഹത്തിലെ ഒരു വലിയ പണ്ഡിതയുടെ കടമ നിർവഹിക്കുവാൻ ആ മഹതിക്ക് സാധിച്ചതുമൊക്കെ ഈ ഒരു വിവാഹ ബന്ധത്തിന്റെ ഔനിത്ത്യത്തെയും, ദൃഢഗാത്രതയേയും, ഈ വിഹാഹ ബന്ധത്തിന്ന് പിന്നിലുള്ള മഹിതമായ ധൗത്യത്തെയുമാണ് വരച്ചുകാണിക്കുന്നത് എന്നും സാന്ദർഭികമായി സൂചിപ്പിക്കട്ടെ.

തീർത്ഥാടനത്തിലും വിലക്കെപ്പെടാത്ത ആർത്തവകാരി

ആർത്തവകാരിയായ ഭാര്യയുടെ കൈപിടിച്ചുകൊണ്ട് തീർത്ഥാടനത്തിന്ന് പോകാം, അതിന്ന് ഒരു വിലക്കും ഇല്ല.

ആയിശ(റ) നിവേദനം: "ഞാന്‍ മക്കയില്‍ വന്നത് ആര്‍ത്തവക്കാരിയായിട്ടാണ്. കഅ്ബയെ ഞാന്‍ ത്വവാഫ് ചെയ്യുകയോ സ്വഫാ-മര്‍വക്കിടയില്‍ നടക്കുകയോ ചെയ്തിരുന്നില്ല. ആയിശ(റ) പറയുന്നു: ഇതിനെ സംബന്ധിച്ച് ഞാന്‍ നബി(സ) യോടു ആവലാതിപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: ഹാജിമാര്‍ ചെയ്യുന്നതുപോലെ നീയും ചെയ്യുക. എന്നാല്‍ നീ ശുദ്ധിയാകുന്നതുവരെ കഅ്ബയെ ത്വവാഫ് ചെയ്യരുത്." - ഇമാം ബുഖാരി(റ). 

ആർത്തവകാരിയായ തന്റെ ഭാര്യയുമായി അതൊഴികെ എന്തും ആകാം എന്ന് പറഞ്ഞ പോലെ, ഹജ്ജോ, ഉംറയോ ചെയ്യുന്ന ആർത്തവകാരിയായ   ഒരു തീർത്ഥാടകക്ക് സൂചിപ്പിക്കപ്പെട്ട കർമ്മങ്ങൾ ഒഴികെ, തീർത്ഥാടനത്തിന്റെ മറ്റെല്ലാ കർമ്മങ്ങളും ചെയ്യാം എന്നാണ് തിരുദൂദർ(സ) പഠിപ്പിച്ചത്. ആർത്തവവിരാമത്തിന്ന് ശേഷം മാറ്റിവെച്ച കർമ്മങ്ങൾ ചെയ്യാവുന്നതേയുള്ളൂ.

രക്തം വീഴാതെ സൂക്ഷിച്ചാൽ മതി

ആർത്തവം കാരണമോ, മറ്റു അവസ്ഥകൾകൊണ്ടോ, രോഗങ്ങൾകൊണ്ടോ ഉണ്ടാകുന്ന രക്തസ്രാവമാകട്ടെ, തീർത്ഥാടകയായ ഒരു  സ്‌ത്രീക്ക് വേണ്ടിയുള്ള നിർദേശം ഏതുവരെ പോയി എന്ന് ചോദിച്ചാൽ, തീർത്ഥാടന സമയത്ത് ആ രക്തം താഴെ വീഴാതിരിക്കുവാൻ വേണ്ടി ഒരു കഷ്ണം തുണി (അല്ലെങ്കിൽ അതാത് കാലങ്ങളിൽ അതിന്നുപയോഗിക്കുന്നത്) കൊണ്ട് ആ ഭാഗം മറച്ച ശേഷം അവൾക്ക് പ്രദക്ഷിണം പോലുള്ള കർമ്മങ്ങൾ  ഒഴികെ തീർത്ഥാടന കർമ്മങ്ങൾ നിർവഹിക്കാം എന്നുള്ളതാണ്.

പ്രസവം കഴിഞ്ഞ ഒരു സ്ത്രീ, ഒരാൾ മുഖേന തന്റെ തീത്ഥാടന ഉദ്ദേശ്യം നബി(സ)യെ അറിയിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: "കുളിച്ചതിന്ന് ശേഷം, നിനക്ക് ചുറ്റും ഒരു തുണി കെട്ടിക്കൊണ്ട്, ഇഹ്‌റാമിൽ (തീത്ഥാടനത്തിൽ) പ്രവേശിക്കുക." - ഇമാം മുസ്ലിം(റ).

ഇനിയും ഉന്നതങ്ങളായ ഒരുപാട് നിർദേശങ്ങൾ ആർത്തവവുമായി ബന്ധപ്പെട്ടുകൊണ്ട് കാണാവുന്നതാണ്. ആർത്തവകാരി എന്നാൽ അവൾ അകറ്റേണ്ടവൾ അല്ല, അയിത്തം കൽപ്പിക്കേണ്ടവൾ അല്ല. മറിച്ച്, അവൾ അടുപ്പിച്ച് നിറുത്തേണ്ടവളും, തീർത്ഥാടനത്തിന്റെ വേളയിൽ പോലും കൂടെ കൊണ്ടുപോകാൻ പറ്റുന്നവളുമാണ് എന്നൊക്കെയുള്ള മഹത് സന്ദേശങ്ങളാണ് തിരുദൂദർ മുഹമ്മദ് നബി(സ) എക്കാലത്തെയും ജനങ്ങൾക്ക് വേണ്ടി കാണിച്ചുതന്ന ഉത്തമ മാതൃക.

"നീന്റെ ആർത്തവം നിന്റ കയ്യിൽ അല്ലല്ലോ" എന്ന തുല്യതയില്ലാത്ത നിർദേശം പകർന്നു നൽകിയ, ആർത്തവകാരിയായ തന്റെ ഭാര്യയുമായി "എന്തും ആകാം, ലൈംഗിക അവയവം ഒഴികെ" എന്നുമൊക്കെയുള്ള നിർദേശങ്ങൾ പകർന്നുതന്ന ആ തിരുദൂദരുടെ ഒരനുയായി ആകുവാൻ സാധിച്ചു എന്നതിന്ന് സർവ്വ ലോകങ്ങളുടെയും രക്ഷിതാവായ, ഏകനായ അല്ലാഹുവിനെ സ്‌തുതിക്കുന്നു - അൽഹംദുലില്ലാഹ്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

Tuesday, January 8, 2019

നമ്മുടെ നാട് വയനാട് ചുരം പോലെ ആയിരുന്നെങ്കിൽ!

 നമ്മുടെ നാട് വയനാട് ചുരം പോലെ ആയിരുന്നെങ്കിൽ!

കഴിഞ്ഞ ചില ആഴ്ചകളിലായി വയനാട് ചുരം വഴി യാത്ര ചെയ്തപ്പോഴാണ് ചില നല്ല കാര്യങ്ങൾ ചിന്താമണ്ഡലത്തിലേക്ക് ഓടിക്കയറിയത്.

വയനാട് ചുരം വഴി ഒരുതവണയെങ്കിലും ഡ്രൈവ് ചെയ്‌തവർക്കറിയാം  -താമരശ്ശേരിയിലൂടെ കടന്നുപോകുമ്പോൾ ഉള്ള മാനസികാവസ്ഥ അല്ല അടിവാരത്ത് എത്തുമ്പോൾ. ഒരു വലിയ ചുരം കയറുമ്പോൾ ഉണ്ടായേക്കാവുന്ന പ്രതിസന്ധികൾ ഓർത്തുകൊണ്ടായിരിക്കും അടിവാരത്തുനിന്ന് കയറ്റം ആരംഭിക്കുക.  

അതീവ ജാഗ്രത പാലിച്ചുകൊണ്ടാണ് ഓരോ വളവുകളിലൂടെയും കടന്നുപോകുക. തന്റെ പിന്നിലും, മുന്നിലുമുള്ള  വാഹനത്തിന്റെ ഓരോ നീക്കവും സശ്രദ്ധം വീക്ഷിച്ചുകൊണ്ടായിരുക്കും ഡ്രൈവ് ചെയ്യുന്നത്.

അനാവശ്യമായ ഹോണടികൾ ഇല്ല. അതേസമയം ഹെയർ പിൻ വളവുകളിൽ എത്തുമ്പോൾ അപ്പുറത്ത് ഉണ്ടായേക്കാവുന്ന വാഹനത്തിന്റെ ശ്രദ്ധക്ക് വേണ്ടി വളരെ ബോധപൂർവ്വം ഹോൺ അടിക്കുന്നു.

മുന്നിൽ പോകുന്ന വാഹനത്തെ ഇടങ്ങറാക്കിക്കൊണ്ടുള്ള ഓവർടേക്കുകൾ ഇല്ലേ ഇല്ല. അതേസമയം, മുന്നിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവർ  കടന്നുപോകുവാൻ വ്യക്തമായ സിഗ്നൽ തന്നാൽ, സൂക്ഷമതയോടെ ഓവർടേക്ക് ചെയ്യുന്നു.

കുത്തനെയുള്ള കയറ്റവും വളവും ഉണ്ടാകുന്ന സ്ഥലത്ത്, എതിരെ വരുന്ന വാഹനത്തിന്റെ സുരക്ഷ മാനിച്ച്, തന്റെ വണ്ടി ഒതുക്കിക്കൊടുക്കുന്ന ഡ്രൈവർമാരാണ് അധികവും.

എന്തെങ്കിലും റോഡ് ബ്ലോക്കുകൾ ഉണ്ടായാൽ വളരെ അച്ചടക്കത്തോട് കൂടി ക്യൂ പാലിക്കുന്ന വാഹനങ്ങൾ കാണുവാൻ തന്നെ ഒരു ചന്തമാണ്.

പരസ്പര ബഹുമാനത്തോടും, തന്റെ സുരക്ഷക്കൊപ്പം മറ്റുള്ളവന്റെ സുരക്ഷകൂടി പരിഗണിക്കുന്ന വളരെ നല്ല ഒരു സംസ്‌കാരമാണ് ചുരത്തിലൂടെ ഡ്രൈവ് ചെയ്യുന്ന ഏതൊരാൾക്കും അനുഭവിക്കുവാൻ സാധിക്കുക.

എന്നാൽ ചുരം കഴിയുന്നതോട് കൂടി ഈ നല്ല സംസ്‌കാരവും കഴിഞ്ഞിട്ടുണ്ടാകും. ചുരത്തിന്ന് ശേഷം പിന്നീട് കാണുന്നത് ആർപ്പ് വിളികളും, പോർ വിളികളും, അപകടകരമായ ഓവർടേക്കുകളും മറ്റുമൊക്കെയാണ്. മറ്റുള്ളവനെ പരിഗണിക്കാത്ത ഒരു ഡ്രൈവിങ്ങ് സംസ്‌കാരമാണ് പിന്നീടങ്ങോട്ട് കാണുന്നത്.

പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ മനുഷ്യൻ നല്ല സംസ്‌കാരം പുറത്തെടുക്കുന്നു എന്നാണ് ഇതിൽ നിന്നൊക്കെ മനസ്സിലാകുന്നത്.

ഈ അടുത്ത് കഴിഞ്ഞ പ്രളയത്തിൽ കേരള ജനത കാണിച്ച പരസ്‌പര സഹകരണം പ്രതിസന്ധിഘട്ടങ്ങളിൽ മനുഷ്യൻ കാണിക്കുന്ന അനുകമ്പയുടെയും, ദയാവായ്പ്പിന്റെയും മറ്റൊരു ഉദാഹരണമാണ്.

എന്നാൽ പ്രളയത്തിന്ന് ശേഷം വന്ന വിഷയത്തിലാകട്ടെ, മട്ടുമാറി, ആകെ മാറി. അടിയും, ഇടിയും, തമ്മിലടിപ്പിക്കലും, മറ്റുനശീകരണ പ്രവർത്തനങ്ങളുമൊക്കെ നിർബാധം തുടരുന്നു.

ഈ ഒരു സന്ദർഭത്തിലാണ് നമ്മുടെ നാട് വയനാട് ചുരം പോലെ ആയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നത്.

അബൂ അബ്ദുൽ മന്നാൻ.

Wednesday, January 2, 2019

പുണ്യങ്ങൾ വാരിക്കൂട്ടാം

പുണ്യങ്ങൾ വാരിക്കൂട്ടാം

​കൊച്ചി ഇൻഫോപാർക്കിൽ നിന്നും പതിവുപോലെ വൈകീട്ടുള്ള ഒരു  മടക്കം.

​​ഇടക്കിടെ അഭിമുഖീകരിക്കാറുള്ളത് പോലെ ഒരാൾ ഒരു ലിഫ്റ്റിന്ന് വേണ്ടി ബൈക്കിന്ന് കൈ കാണിക്കുന്നു.

ഇത്തരം ചില അവസരങ്ങളിൽ, പിറകിൽ കയറ്റിയ ആൾ അടിച്ചു ഫിറ്റാണെന്ന് മനസ്സിലാകുകയും, തന്ത്രപൂർവ്വം വഴിയിൽ ഇറക്കിവിടുകയും ചെയ്ത അനുഭവം ഉള്ളതുകൊണ്ടു തന്നെ, കൈ കാണിക്കുന്ന പല ആളുകൾക്കും ലിഫ്റ്റ് കൊടുക്കാറില്ല.

സംഗതി ഇങ്ങിനെയാണെങ്കിലും കൈ കാണിച്ച ആളെ ഒരു നോട്ടം നോക്കി സ്‌കാൻ ചെയ്ത ശേഷമാണ് നിറുത്തണോ, വേണ്ടേ എന്ന് തീരുമാനിക്കുന്നത്.

എന്നാൽ ഇന്നലെ കൈ കാണിച്ച ആളെ നോക്കിയപ്പോൾ എന്നെ പെട്ടെന്ന് ആകർഷിച്ചത് അദ്ദേഹത്തിന്റെ നെറ്റിയിലെ മനോഹരമായ ചുവന്ന നിറത്തിലുള്ള പൊട്ടാണ്. ഒരു സെക്കന്റിനുള്ളിൽ തലച്ചോറിൽ സ്കാനിംഗ് റിസൾട്ട് വന്നു; ഏതാനും മീറ്റർ അകലെ വണ്ടി നിറുത്തി, തലതിരിച്ചു ആംഗ്യം കാണിച്ചുകൊണ്ട് കയറാൻ പറഞ്ഞു. അങ്ങിനെ അദ്ദേഹത്തിന്ന് ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കിക്കൊടുക്കുകയും ചെയ്തു.

ശരിയല്ലാത്ത ആളുകളെ, അതറിയാതെ കയറ്റിയ ദുരനുഭവമുണ്ടായിട്ടും, വീണ്ടും കൈ കാണിക്കുന്ന ആളുകളെ കയറ്റുവാനുള്ള പ്രചോദനം എന്തെന്ന് ചോദിച്ചാൽ അത് തിരുദൂതരുടെ നിർദ്ദേശം  മാത്രമാണ്.

"നബി(സ) പറഞ്ഞു: സൂര്യൻ ഉദിച്ചു വരുന്ന എല്ലാ ദിനത്തിലും മനുഷ്യരുടെ ഓരോ സന്ധികൾക്കും പുണ്യം ചെയ്യുവാനുണ്ട്. നീ രണ്ടാളുകൾക്കിടയിൽ നീതി നടപ്പാക്കുന്നത് ധർമ്മമാകുന്നു. ഒരാളെ അദ്ദേഹത്തിന്റെ മൃഗത്തിന്റെ (വാഹനത്തിന്റെ) കാര്യത്തിൽ - അവനെ അതിന്മേൽ കയറുവാൻ സഹായിക്കുക, അതല്ലങ്കിൽ ഭാരം അതിന്റെ മേൽ വെക്കുവാൻ സഹായിക്കുക പോലെയുള്ളത് - സഹായിക്കുന്നതും ധർമ്മം തന്നെ. നല്ല വാക്കുകൾ ധർമ്മമാണ്, നിസ്‌കാരത്തിലേക്ക് പോകുന്ന ഓരോ കാലടികളിലും പുണ്യമുണ്ട്. അതുപോലെ വഴിയിൽ നിന്നും ഉപദ്രവം നീക്കൽ പോലും ധർമ്മത്തിൽ പെട്ടത് തന്നെ ". ബുഖാരി, മുസ്‌ലിം.

സൂര്യനുദിക്കുന്ന ഓരോ ദിവസവും പുണ്യങ്ങൾ വാരിക്കൂട്ടുവാനുള്ള അവസരങ്ങൾ ധാരാളം. അതിൽ പെട്ടതാണ് ഒരാളെ തന്റെ വാഹനത്തിൽ കയറ്റിയാൽ കിട്ടുന്ന പുണ്യം.

നെറ്റിയിൽ പൊട്ട് തൊട്ടവനിൽ നിന്നും, കഴുത്തിൽ കുരിശുമാല അണിഞ്ഞവനിൽ നിന്നും, മീശ ചെറുതാക്കി, താടി നീട്ടിവളർത്തിയ, ഒരു വേള തലയിൽ തൊപ്പി ഇട്ടവനിൽ നിന്നുമൊക്കെ ഈ സമൂഹത്തിന്ന് ഒരു പ്രതീക്ഷയുണ്ട്, ഒരു വിശ്വാസത്യയുണ്ട്. അത്തരത്തിലുള്ള ഒരാളെ ഈയുള്ളവനും വിശ്വസിക്കുന്നു, ആ വിശ്വാസത്തിന്റെ പുറത്താണ് വണ്ടിയിൽ കയറ്റുന്നത്.  അത് കളഞ്ഞു കുളിക്കാൻ പാടില്ല.

സെക്കണ്ടറി തലം മുതൽ, കോളേജ് പഠനത്തിലും, കൂടെ ജോലിചെയ്തവരിലുമൊക്കെ പൊട്ട് തൊടുന്ന, കുരിശണിയുന്ന, താടി വെച്ച  ഒരുപാട് സഹോദരങ്ങൾ ഉണ്ട്. ഇപ്പറഞ്ഞ വിശ്വാസവും, പ്രതീക്ഷയും തെറ്റിക്കരുതേ  എന്ന്  അപേക്ഷിക്കുന്നു. ഈ പുതുവർഷപ്പുലരിയിൽ ഇതാകട്ടെ ഒരു ഉറച്ച തീരുമാനം.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.