Friday, November 6, 2026

ഒരു നല്ല ഹൃദയം


ഒരു നല്ല ഹൃദയത്തിന്റെ ഏറ്റവും വലിയ അടയാളം ഏതാണെന്ന് ചോദിച്ചാൽ, എന്റെ ഉത്തരം ഇതായിരിക്കും: മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് തെളിഞ്ഞോ ഒളിഞ്ഞോ എത്തിനോക്കാത്ത ഒരു ഹൃദയം.

ഒരാൾ വീടുവെക്കാൻ ഒരു സ്ഥലമോ സഞ്ചരിക്കാൻ ഒരു വാഹനമോ വാങ്ങിയെന്ന് അറിഞ്ഞാൽ, “എത്രയായി?” എന്നതാണ് പലപ്പോഴും ആദ്യം ഉയരുന്ന ചോദ്യം. പിന്നാലെ “ലോണാണോ?”, “എത്രയാണ് അടവ്?”, “എത്ര വർഷത്തേക്കാണ്?” എന്നിങ്ങനെ ചോദ്യങ്ങൾ നീളും. അയാൾ ഒരു സന്തോഷം പങ്കുവെച്ചതാണ്. എന്നാൽ സംഭാഷണം പതുക്കെ അയാളുടെ സാമ്പത്തികസ്ഥിതിയുടെ കണക്കെടുപ്പായി മാറുന്നു.

വിദേശത്ത് ജീവിക്കുന്ന ഒരാളാണെങ്കിൽ വിസയുടെ തരം, കാലാവധി, ഇനി എത്രകാലം അവിടെ തുടരാനാകും എന്നിങ്ങനെയും ചോദ്യങ്ങൾ നീളും. സാധാരണ വിശേഷാന്വേഷണമായി തുടങ്ങുന്ന സംഭാഷണം, അയാൾ പങ്കുവെക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളിലേക്കും കടന്നുചെല്ലാം.

ഇത്തരം ചോദ്യങ്ങളെല്ലാം ദുഷ്ടലാക്കോടെ ചോദിക്കുന്നവയാകണമെന്നില്ല. പലതും നമ്മൾ ശീലിച്ചുപോയ സംഭാഷണരീതിയുടെ ഭാഗമാണ്. സമാനമായൊരു ആവശ്യത്തിന് വിവരങ്ങൾ തേടുന്നതുമാകാം. എങ്കിലും, ചോദിക്കുന്നയാളുടെ ഉദ്ദേശ്യം പോലെതന്നെ പ്രധാനമാണ് മറുപടി പറയേണ്ടിവരുന്നയാളുടെ മനസ്സും. നമുക്ക് വെറുമൊരു കൗതുകമായിരിക്കുന്ന കാര്യം മറ്റൊരാൾക്ക് തുറന്നുപറയാൻ താൽപര്യമില്ലാത്ത ഒരു സ്വകാര്യവിഷയമായിരിക്കാം.

പുതിയൊരു ജോലി കിട്ടിയെന്ന് പറയുമ്പോൾ ശമ്പളം എത്രയെന്ന് അറിയണം. ജോലിയിൽ നിന്നും അവധി എടുക്കുമ്പോൾ അതെന്തിനെന്ന് അറിയണം, വിവാഹം കഴിഞ്ഞാൽ കുട്ടികളായില്ലേ എന്ന് ചോദിക്കണം. ഒരു കുട്ടിയായാൽ അടുത്തത് എപ്പോഴാണെന്ന് അന്വേഷിക്കണം. ഒരാൾ ക്ഷീണിച്ചുകണ്ടാൽ എന്താണ് അസുഖമെന്ന് വിശദമായി അറിയണം. ഒരാളുടെ ജീവിതത്തെക്കുറിച്ച് നമുക്ക് എത്രമാത്രം അറിയാനുള്ള അവകാശമുണ്ടെന്ന് പലപ്പോഴും നമ്മൾ ആലോചിക്കാറില്ല.

“എന്തിനാണെടോ വേറൊരാളുടെ വായിലെ പല്ലിന്റെ എണ്ണമെടുക്കാൻ നോക്കുന്നത്?” എന്ന് ഞാൻ എന്നോടുതന്നെ പലപ്പോഴും ചോദിച്ചിട്ടുണ്ട്. മറ്റൊരാളുടെ കാര്യങ്ങൾ അറിയാനുള്ള കൗതുകം തോന്നുമ്പോൾ, അത് ഞാൻ അറിയേണ്ട കാര്യമാണോ എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. നമുക്ക് നിസ്സാരമെന്ന് തോന്നുന്ന ഒരു വിവരംപോലും മറ്റൊരാൾക്ക് സ്വകാര്യമായിരിക്കാം. അത് പങ്കുവെക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അവർക്കുതന്നെ കഴിയണം.

ചില ചോദ്യങ്ങൾക്ക് പിന്നിൽ സ്നേഹമുണ്ടാകാം. എന്നാൽ സ്നേഹത്തോടെ ചോദിച്ചതുകൊണ്ടുമാത്രം എല്ലാ ചോദ്യങ്ങളും ഒരാൾക്ക് ആശ്വാസമാകണമെന്നില്ല. കുട്ടികളില്ലാത്തതിനെക്കുറിച്ചുള്ള ഒരു ചോദ്യം, വർഷങ്ങളായി ചികിത്സയിലൂടെ കടന്നുപോകുന്ന ഒരാളുടെ വേദനയെ തൊട്ടുണർത്തിയേക്കാം. ജോലിയെക്കുറിച്ചുള്ള അന്വേഷണം, ജോലി നഷ്ടപ്പെട്ട കാര്യം ആരോടും പറയാനാകാതെ നിൽക്കുന്ന ഒരാളെ വിഷമിപ്പിച്ചേക്കാം. നമ്മൾ ചോദിച്ചിട്ട് മറന്നുപോകുന്ന ഒരു ചോദ്യം, മറ്റൊരാൾ ഏറെനേരം മനസ്സിൽ കൊണ്ടുനടന്നേക്കാം.

ശാരീരികവും ബൗദ്ധികവുമായ വെല്ലുവിളികൾ നേരിടുന്ന എന്റെ മകൾ വീൽചെയറാണ് ഉപയോഗിക്കുന്നത്. ഒരിക്കൽ കോഴിക്കോട് വിമാനത്താവളത്തിൽ ലഗേജ് എടുക്കാൻ കാത്തുനിൽക്കുമ്പോൾ, യാതൊരു പരിചയവുമില്ലാത്ത ഒരാൾ മോളുടെ അടുത്തുവന്ന് അവളുടെ അവസ്ഥയെക്കുറിച്ച് തുടർച്ചയായി ചോദ്യങ്ങൾ ചോദിച്ചു. ഒടുവിൽ ആ സംഭാഷണത്തിൽനിന്ന് ഒഴിഞ്ഞുമാറേണ്ടിവന്നു. മറ്റൊരിക്കൽ മോളുമായി ഒരു പൊതുസ്ഥലത്ത് പോയപ്പോൾ, ഒരാൾ വാഹനം നിർത്തി എത്തിവലിഞ്ഞ് നോക്കിയതും ഞങ്ങളുടെ അനുഭവമാണ്. വീൽചെയറിൽ ഇരിക്കുന്ന ഒരു കുട്ടിക്കും വേണ്ടത് സ്വകാര്യതയും മാന്യമായ പരിഗണനയുമാണ്, തുറിച്ചുനോട്ടമല്ല.

അതുകൊണ്ട് സംസാരിക്കുന്നതിന് മുമ്പ് ചെറിയൊരു ആലോചന നല്ലതാണ്. ഇതിന് മറുപടി പറയാൻ അയാൾക്ക് താൽപര്യമുണ്ടാകുമോ? ഈ ചോദ്യം അയാളെ ബുദ്ധിമുട്ടിക്കുമോ? എല്ലാറ്റിനും ഉത്തരം കിട്ടണമെന്ന നിർബന്ധമില്ലാതെ സംസാരിക്കാൻ കഴിയുമ്പോൾ നമ്മുടെ ബന്ധങ്ങൾക്ക് കൂടുതൽ സൗകര്യവും അടുപ്പവുമുണ്ടാകും.

ഒരു നല്ല ഹൃദയത്തിന് മറ്റൊരാളുടെ സന്തോഷത്തിൽ പങ്കുചേരാൻ അതിന്റെ വില അറിയണമെന്നില്ല. "ദൈവം അനുഗ്രഹിക്കട്ടെ", “നന്നായിട്ടുണ്ട്”, “ഒത്തിരി സന്തോഷം”, “സമാധാനത്തോടെ കഴിയാൻ സാധിക്കട്ടെ” എന്നൊക്കെ പറയാം. ഒരു പുതിയ വീടിന്റെ സന്തോഷം പങ്കിടാൻ അതിന്റെ വായ്പയുടെ വിവരങ്ങൾ ആവശ്യമില്ല. ഒരു യാത്രയുടെ വിശേഷങ്ങൾ കേൾക്കാൻ അതിന് ചെലവായ തുക അറിയേണ്ടതില്ല.

സ്വകാര്യതയോടുള്ള ബഹുമാനം നേരിട്ടുള്ള സംഭാഷണത്തിൽ മാത്രം ഒതുങ്ങുന്നതുമല്ല. ഒരാൾ പറയാൻ മടിച്ച കാര്യം മറ്റൊരാളോട് അന്വേഷിക്കുന്നതിലും, നമ്മളോട് വിശ്വസിച്ചുപറഞ്ഞ ഒരു വിവരം മറ്റൊരു സദസ്സിലെ സംസാരവിഷയമാക്കുന്നതിലും അതേ അതിർത്തി ലംഘിക്കപ്പെടുന്നുണ്ട്. നമ്മൾ അറിഞ്ഞതെല്ലാം മറ്റുള്ളവരോട് പറയാനുള്ളതല്ല. ചില അറിവുകൾ നമ്മളിൽത്തന്നെ അവസാനിക്കേണ്ടവയാണ്.

അതേസമയം, സ്വകാര്യതയെ മാനിക്കുക എന്നത് ഒരാളുടെ പ്രയാസങ്ങൾ കണ്ടില്ലെന്ന് നടിക്കലുമല്ല. വിഷമിച്ചിരിക്കുന്ന ഒരാളോട് “എന്തെങ്കിലും സഹായം വേണമെങ്കിൽ പറയണേ” എന്ന് പറയാം. സംസാരിക്കാൻ താൽപര്യമുണ്ടെങ്കിൽ കേൾക്കാൻ തയ്യാറാണെന്ന് അറിയിക്കാം. എന്താണ് സംഭവിച്ചതെന്ന് മുഴുവൻ വിശദീകരിച്ചാലേ സഹായിക്കൂ എന്ന നിലപാട് വേണ്ട. ചിലപ്പോൾ ഒരാൾക്ക് വേണ്ടത് ചോദ്യങ്ങളില്ലാതെ കുറച്ചുനേരം കൂടെയിരിക്കുന്ന ഒരാളെയായിരിക്കും.

അടുത്ത ബന്ധങ്ങളിലും ഈ കരുതൽ ആവശ്യമാണ്. ബന്ധത്തിന്റെ അടുപ്പംകൊണ്ട് ഒരാളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും അറിയാൻ അവകാശമുണ്ടാകുന്നില്ല. അവർ പങ്കുവെക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളും സ്വന്തം മനസ്സിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളും ഉണ്ടാകും. അതിന് ഇടം കൊടുക്കുമ്പോഴാണ് നമ്മളോട് സംസാരിക്കാൻ അവർക്ക് കൂടുതൽ വിശ്വാസം തോന്നുന്നത്.

ഒരാൾ ഒരു ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറുമ്പോൾ അത് തിരിച്ചറിയാനും നമുക്ക് കഴിയണം. ചിരിച്ചുകൊണ്ട് വിഷയം മാറ്റുമ്പോഴോ ചെറിയൊരു മറുപടിയിൽ നിർത്തുമ്പോഴോ വീണ്ടും വീണ്ടും ചോദിക്കാതിരിക്കാം. “നമ്മളോടൊക്കെ പറയാമല്ലോ” എന്ന് നിർബന്ധിക്കുന്നതിനു പകരം, പറയാതിരിക്കാനുള്ള അവരുടെ സ്വാതന്ത്ര്യം അംഗീകരിക്കാം.

നമ്മളോട് സംസാരിച്ചുകഴിഞ്ഞാൽ ഒരാൾക്ക് സ്വന്തം ജീവിതം മുഴുവൻ വിശദീകരിക്കേണ്ടിവന്ന ക്ഷീണം തോന്നരുത്. പറയാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയാതെതന്നെ നമ്മുടെ അടുത്തിരിക്കാമെന്ന ആശ്വാസം തോന്നണം.

ഒരു നല്ല ഹൃദയത്തെ തിരിച്ചറിയാൻ അതിന്റെ വലിയ വാക്കുകളോ പ്രകടമായ സഹായങ്ങളോ മാത്രം നോക്കേണ്ടതില്ല. ചോദിക്കാമായിരുന്നിട്ടും ചോദിക്കാതെ വിട്ട ചില ചോദ്യങ്ങളിലും, അറിയാമായിരുന്നിട്ടും പുറത്തുപറയാതെ സൂക്ഷിച്ച ചില കാര്യങ്ങളിലും ആ നന്മ കാണാം. മറ്റൊരാളുടെ സ്വകാര്യതയെ മാനിക്കുന്നതും സ്നേഹത്തിന്റെ ഭാഗമാണ്.

അബൂ അബ്ദുൽ മന്നാൻ