Sunday, April 14, 2013

നൌഷാദ് ആഹ്സനിയുടെ പിതൃത്വം കാന്തപുരത്തിനോ?

അസ്സലാമുഅലൈക്കും വ രഹ്മതുല്ലാഹി

"വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്‌. അത്‌ വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന്‌ നിങ്ങള്‍ ധരിക്കുവാന്‍ വേണ്ടിയാണത്‌.അത്‌ വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും; അത്‌ അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണെന്ന്‌. എന്നാല്‍ അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌  അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറയുകയാണ്‌." "" - ഖുർആൻ 3:78

ഈയ്യിടെ (12-April-2013നു) മസ്കത്തിൽ വെച്ചു നടന്ന മുജാഹിദ്-സുന്നി  സംവാദമാണ് ഇങ്ങിനെ ഒരു കുറിപ്പെഴുതുവാൻ പ്രജോതനമായത്‌ .

ലോക രക്ഷിതാവായ അല്ലാഹുവിനെ കൂടാതെ, വിളിച്ചു സഹായം തേടുവാൻ പരിശുദ്ധ ഖുർആൻ വചനങ്ങളെയും തിരുവചനങ്ങളെയും  അതിന്റെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുക്കുകയും സച്ചരിതരായ  സ്വഹാബത്തോ  അവരെ പിന്തുടന്നവരോ, അവരെ പിന്തുടന്നവരോ മനസ്സിലാക്കാത്ത അർത്ഥവും മാനവും തങ്ങളുടെ സ്വന്തം വകയായി എക്കാലത്തും നല്കിയ ഒരു പാരമ്പര്യവുമായിട്ടാണ് നൗഷാദ് ആഹ്സനിയും കൂട്ടരും സംവാദ വേദിയിൽ നിറഞ്ഞു നിന്നത്.

തങ്ങളുടെ നാവുകൾകൊണ്ട് അല്ലാഹുവിന്റെ വചനങ്ങളെ വളച്ചൊടിക്കുകയും, അതിനില്ലാത്ത അർഥം കല്പിച്ചുകൊണ്ട് അവർ ജല്പിച്ച അർത്ഥമാണ് അല്ലാഹു ഉദ്ധേശിച്ചത് എന്ന് വരുത്തിതീര്കുന്ന ആളുകളെപറ്റിയാണ് മുകളിൽ കൊടുത്ത വചനത്തിലൂടെ അല്ലാഹു പറയുന്നത്.

സത്യവിശാസിയായ ഒരു മുസ്ലിം ഓരോ ദിവസവും പതിനേഴിൽ കൂടുതൽ തവണ ഏതൊരു കക്ഷികളിലും അവരുടെ സ്വഭാവത്തിലും പ്രവർത്തനത്തിലും തന്നെ പെടുത്തരുതേ എന്ന് പ്രാർത്ഥിക്കുന്നോവോ അതെ കക്ഷികളിലെക്കും അവരുടെ പ്രവർത്തനത്തിലേക്കുമാണ് യഥാർഥത്തിൽ ഈ ആഹ്സനിമാർ ആളുകളെ കൂട്ടുന്നത്‌ .

വിശുദ്ധ ഖുർആനിലെ വചനങ്ങൾ വ്യാഖ്യാനിക്കുമ്പോൾ സ്വീകരിക്കേണ്ട നിലപാടും മാനദണ്ഡവും ഒക്കെ പറഞ്ഞാൽ ഇവർക്കും ഇവരെ അന്ധമായി പിൻപറ്റുന്നവർക്കും മിക്കവാറും ഒരു ഇളക്കവും തട്ടാറില്ല. ഈ ഒരു സന്ദര്ഭമാണ് അല്പം പ്രസക്തമായ ഒരു  ഉദാഹരണം നമ്മുടെ മുന്നിലേക്ക്‌ വരുന്നത് . 

നൌഷാദ് ആഹ്സനിയുടെ 'പിതൃത്വം' കാന്തപുരത്തിലേക്ക്
------------------------------------------------------------------------------

"ഞങ്ങൾ കാന്തപുരത്തിൻറെ മക്കളാണ്" - നൌഷാദ് അഹ്സനി, മസ്കത്ത് സംവാദം, 12-April-2013.

ഈ ഒരു ഉദ്ധരണി മുന്നിൽ വെച്ചുകൊണ്ട് ഒരാൾ പറയുന്നു  

1. നൗഷാദ് ആഹ്സനിയുടെ മാതാവിനെ കല്യാണം കഴിച്ചത്  സാക്ഷാൽ കാന്തപുരം മുസല്യാർ ആകുന്നു!

2. കാന്തപുരം മുസല്യാർ ആഹ്സനിയുടെ വീട്ടിൽ ചിലവിന്നു കൊടുക്കണമെന്ന്. 

3. നൗഷാദ് ആഹ്സനിക്ക് കാന്തപുരത്തിന്റെ സ്വത്തിൽ അനന്തരാവകാശം ഉണ്ട്. 

ഇതിനെല്ലാം തെളിവ് എന്തെന്ന് ചോദിച്ചാൽ, അതിനുള്ള ഉദ്ധരണി, "ഞങ്ങൾ കാന്തപുരത്തിൻറെ മക്കളാണ്" എന്ന സാക്ഷാൽ ആഹ്സനി തന്നെ പരസ്യമായി പറഞ്ഞത് , അതും ഒരു മത സംവാദ വേദിയിൽ !

ഉദാഹരണം ചിലപ്പോൾ കുറച്ചു കടുത്തതാകാം. പക്ഷെ സംവാദത്തിൽ വെച്ച് ഈ ആഹ്സനി പറഞ്ഞതിന്റെ കടുപ്പം ഒരു പടപ്പിന്നും അളക്കുവാൻ പറ്റില്ല. അല്ലാഹുവിന്റെ പേരിലാണ് പച്ചകള്ളം പറഞ്ഞിരിക്കുന്നത്, അതും അല്ലാഹുവിനു മാത്രം നല്കേണ്ടത് അവന്റെ ഒരു സൃഷ്ടിക്കു വക വെച്ച് കൊടുക്കുവാൻ. 

അല്ലാഹുവിൽ ശരണം.

അല്ലാഹുവും അവന്റെ ദൂതരും സത്യവിശ്വാസികളും ഉറ്റമിത്രങ്ങള്‍
-------------------------------------------------------------------------------------

"തീര്ച്ചയായും അല്ലാഹുവും അവന്‍റെ ദൂതനും, താഴ്മയുള്ളവരായിക്കൊണ്ട്‌ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ ഉറ്റമിത്രങ്ങള്‍ വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും, സത്യവിശ്വാസികളെയും മിത്രങ്ങളായി സ്വീകരിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷി തന്നെയാണ്‌ വിജയം നേടുന്നവർ" - ഖുർആൻ 5:55-56

മുകളി പറഞ്ഞ വചനമാണ് സംവാദത്തിൽ, അല്ലാഹുവിനെ കൂടാതെ മുഹമ്മദ്‌ നബി (സ) യും സ്വഹാബത്തിനെയും വിളിച്ചു സഹായം തേടുവാൻ ഒരു തെളിവായി പണ്ഡിത വേഷധാരിയായ നൗഷാദ് ആഹ്സനി പറഞ്ഞത് .

ഈ വചനത്തിന്റെ അവതരണ പശ്ചാത്തലം എന്താണെന്നോ അതിനെ സ്വഹാബത്ത് എങ്ങിനെ മനസ്സിലാക്കിയെന്നോ മഹാരാതന്മാരായ ഖുർആൻ വ്യാഖ്യാതാക്കൾ എന്ത് പറഞ്ഞെന്നോ എന്നൊന്നും  നോക്കാതെ തങ്ങളുടെ നിക്ഷിപ്ത്ത വാദഗതികൾ സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഈ വചനത്തെ അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത് .

"ഞങ്ങൾ കാന്തപുരത്തിൻറെ മക്കളാണ്" എന്ന് പറഞ്ഞ ആഹ്സനിയുടെ ഉദ്ധരണിയെ തെളിവായി സ്വീകരിച്ചുകൊണ്ട്, കാന്തപുരം അദ്ദേഹത്ത്ന്റെ പിതാവാണെന്ന്  ഒരാൾ വാദിച്ചാൽ, ഒരു സത്യവിശ്വാസി എന്തു പറയണം എന്ന് വിശുദ്ധ ഖുർആൻ നമ്മെ പഠിപ്പിക്കുന്നുണ്ട് .

( അല്ലാഹുവേ, ) നീ എത്ര പരിശുദ്ധന്‍! ഇത്‌ ഭയങ്കരമായ ഒരു അപവാദം തന്നെയാകുന്നു" - ഖുർആൻ 24:16

ഇനി, "തീര്ച്ചയായും അല്ലാഹുവും അവന്റെ ദൂതരും സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ  ഉറ്റമിത്രങ്ങള്‍" എന്ന് പറഞ്ഞാൽ അതിനർത്ഥം പ്രതിസന്ധി ഘട്ടങ്ങളിൽ മുഹമ്മദ്‌ നബി (സ)യേയും സഹാബത്തിനെയും വിളിച്ചുതേടാം എന്ന് അഹ്സനി പറയുമ്പോൾ ഒരു സത്യവിശ്വാസി എന്തു പറയണം എന്നും വിശുദ്ധ ഖുർആൻ നമ്മെ പഠിപ്പിക്കുന്നുണ്ട് .  

"അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌  അല്ലാഹുവിന്‍റെ പേരില്‍ കള്ളം പറയുകയാണ്‌. " - ഖുർആൻ 3:78

അതെ, തങ്ങളുടെ നാവുകൾകൊണ്ട്  വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിച്ചു കൊണ്ടാണ് "തീര്ച്ചയായും അല്ലാഹുവും അവന്റെ ദൂതരും സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ  ഉറ്റമിത്രങ്ങള്‍" എന്ന ഖുർആനിക ഉദ്ധരണിയെ തെളിവാക്കികൊണ്ട് അല്ലാഹുവിന്റെ സ്ഥാനത്ത് പ്രവാചകനെയും സ്വഹബത്തിനെയും ഈ ആഹ്സനി സ്ഥാപിച്ചത് . 

അവതരണ പശ്ചാത്തലം 
---------------------------------

മുഹമ്മദ്‌ നബി (സ) മദീനയിൽ എത്തുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന രണ്ടു പ്രബലഗോത്രങ്ങളായിരുന്ന ഔസിനും ഖസ്രജിനും മദീനയിലെ ജൂതന്മാരുമായി ഉണ്ടായിരുന്ന കൂട്ടുകെട്ട് വളരെ പ്രശസ്തമാണ് .  ഈ രണ്ടു ഗോത്രങ്ങളും ഇസ്ലാം സ്വീകരിക്കുക വഴി ഈ ഒരു ബന്ധത്തിൽ  ശക്തമായ ഉലച്ചിൽ ഉണ്ടായി. അത് സ്വാഭാവികം. 

ജൂതന്മാരുമായി നബി(സ)ക്ക്  ഉണ്ടയായ പല നിർണായ ഘട്ടങ്ങളിലും ഈ രണ്ടു ഗോത്രങ്ങളിലെ സത്യവിശ്വാസികളും അവരുടെ നേതാക്കളും പരിപൂർണ്ണമായ  കൂറ് നിലന്നിർത്തിയിരുന്നു. അതിൽ പ്രധാനിയാണ്‌  ഖസ്രജ് ഗോത്രത്തിന്റെ ഒരു നേതാവായ ഉബാദ ഇബ്നു സ്വാമിത്ത്  (റ). 

എന്നാൽ അതെ ഗോത്രത്തിൽപെട്ടതും  മുനഫിഖുകളുടെ നേതാവും ആയി അറിയപ്പെടുന്ന അബ്ദുള്ള ഇബ്നു ഉബയ്യ് ഇബ്നു സലൂൽ ഇതിന്നു ഒരു അപവാദമായിരുന്നു. അദ്ദേഹമാകട്ടെ ജൂതാൻ മാരുമായുള്ള ബന്ധം വിച്ചെദിക്കുവാൻ തയാരും ആയിരുന്നില്ല. 

ഈ ഒരു സന്ദര്ഭത്തിൽ ആണ് ഈ വചനം അവതരിക്കുന്നത് .  

മഹാനായ ഖുർആൻ വ്യാഖ്യാദാവും ചരിത്ര കാരനുമായിരുന്ന  ഇബ്നു ജരീർ അത്വബരി (റ) ഈ അയത്തിനെ വിശദീകരിച്ചു പറയുന്നു -

"ജൂത ഗോത്രമായ ബനൂ ഖൈനുഖാഇനോടും  അവരുടെ സഖ്യകക്ഷികളോടും ഉള്ള സുഹൃബന്ധം വിച്ച്ചേധിച്ചുകൊണ്ടു റസൂലിന്റെ അടുത്തേക്ക് (ഉറ്റ ബന്ധവുമായി) പോയ ഉബാദ ഇബ്നു സ്വാമിത്തിന്റെ കാര്യത്തിലാണ് ഈ വചനം അവതരിച്ചത് എന്ന് പറയപെട്ടിടുണ്ട് " - തഫ്സീർ ത്വബരി  5:55. 

ഇബ്നു ജരീർ അത്വബരി (റ) വീണ്ടും പറയുന്നു. 

"ഉബാദ ഇബ്നു സ്വമിത്തിന്റെ മകൻ വലീദ് പറഞ്ഞു - (ജൂത ഗോത്രമായ) ബനൂ ഖൈനുഖാഉമായി നബി (സ) ഒരു യുദ്ധത്തിന്റെ അവസരത്തിൽ ആയിരുന്നപ്പോൾ ഉബാദ ഇബ്നു സ്വാമിത്ത്  നബി (സ)യുടെ അടുത്തേക്ക്‌ വന്നു... " - തഫ്സീർ ത്വബരി  5:55.

"അങ്ങിനെ അദ്ദേഹം നബിയുടെ അടുക്കൽ വന്നുകൊണ്ട്‌ പറഞ്ഞു - 'ഞാൻ അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും സത്യവിശ്വാസികളിലേക്കും ഇതാ വന്നിരിക്കുന്നു. സത്യനിഷേധികളുമായുള്ള സഖ്യത്തിൽ  നിന്നും ചങ്ങാത്തത്തിൽ നിന്നും ഞാൻ പിന്തിരിയുകയും ചെയ്തിരിക്കുന്നു.' ഈ വിഷയത്തിലാണ്  'തീര്ച്ചയായും അല്ലാഹുവും അവന്റെ ദൂതരും സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ  ഉറ്റമിത്രങ്ങള്‍' എന്ന വചനം അവതരിച്ചത് "  - തഫ്സീർ ത്വബരി  5:55.

ഇമാം ഇബ്നു കസീർ (റ) ഈ വചനത്തെ കുറിച്ച് പറയുന്നു - 

"'തീര്ച്ചയായും അല്ലാഹുവും അവന്റെ ദൂതരും സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ  ഉറ്റമിത്രങ്ങള്‍ ' - അതായതു ജൂതന്മാർ നിങ്ങളുടെ ഉറ്റമിത്രങ്ങൾ അല്ല. പക്ഷെ നിങ്ങളുടെ ഉറ്റബന്ധം പോകുന്നത്   അല്ലാഹുവിലേക്കും അവന്റെ റസൂലിലേക്കും സത്യവിശ്വാസികളിലേക്കും ആകുന്നു " - തഫ്സീർ ഇബ്നു കസീർ  5:55.

അഹ്സനി പറഞ്ഞപോലെയാണ് ഈ വചനത്തിന്റെ അർത്ഥമെങ്കിൽ നബി (സ) ജീവിച്ചിരിക്കെ മദീനയിലെ ചില ആളുകൾ അല്ലാഹുവിനോട് ചോദിക്കേണ്ട സഹായം ജൂതന്മാരോട് ചോദിച്ചെന്നും അപ്പോൾ അല്ലാഹു പറഞ്ഞു നിങ്ങൾ എന്നെയും റസൂലിനെയും സ്വഹബത്തിനെയും വിളിച്ചു സഹായം തേടിയാൽ മതി എന്ന കടുത്ത ആരോപണം നടത്തേണ്ടിവരും. അല്ലാഹുവിൽ ശരണം. 

അപ്പോൾ ആഹ്സനി തെളിവായിക്കൊണ്ട് വന്ന ഖുർആനിക വചനത്തിന്റെ നിജസ്ഥിതി വ്യക്തം. അല്ലാഹു ഒരു കാര്യം നബി (സ)ക്ക് ഇറക്കുകയും അത് സ്വഹാബത്തു മനസ്സിലാകുകയും പ്രവൃത്തിക്കുകയും ചെയ്തു. എന്നാൽ അഹ്സനിമാർ ഇറക്കുന്നതും മനസിലാക്കിപ്പിക്കുകയും പ്രവൃത്തിപ്പിക്കുന്നതും വേറെഒന്നാണെന്നും വ്യക്തം. 

അല്ലാഹു പറയുന്നു -

"അല്ലാഹു ഒരു മനുഷ്യന്‌ വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുകയും, എന്നിട്ട്‌ അദ്ദേഹം ജനങ്ങളോട്‌ നിങ്ങള്‍ അല്ലാഹുവെ വിട്ട്‌ എന്‍റെ ദാസന്‍മാരായിരിക്കുവിന്‍ എന്ന്‌ പറയുകയും ചെയ്യുക എന്നത്‌ ഉണ്ടാകാവുന്നതല്ല.എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിലൂടെയും, പഠിച്ച്‌ കൊണ്ടിരിക്കുന്നതിലൂടെയും ദൈവത്തിന്‍റെ നിഷ്കളങ്ക ദാസന്‍മാരായിരിക്കണം ( എന്നായിരിക്കും അദ്ദേഹം പറയുന്നത്.)" - ഖുർആൻ 3:79

അല്ലാഹുവിനെ ഒരു അടിമ ഏതു അർത്ഥത്തിൽ ആണോ സമീപികുന്നതു അതുപോലെ എന്നെയും നിങ്ങള്ക്ക് സമീപിക്കാം, എന്നോട് ചോദിക്കാം, സഹായം അഭ്യർത്തിക്കാം  എന്ന് ഒരു പ്രവാചകനും പറയുകയും ഇല്ല, പറഞ്ഞിട്ടും ഇല്ല.

ആഹ്സനി കാന്തപുരത്തിന്റെ മകനല്ല 
-------------------------------------------------------

"ഞങ്ങൾ കാന്തപുരത്തിൻറെ മക്കളാണ്" എന്ന് ആഹ്സനി എന്ത് അർത്ഥത്തിലാണ് പറഞ്ഞതെന്ന് മൂക്ക് കീഴ്പ്പോട്ടായ സകല മനുഷ്യര്ക്കും മനസ്സിലാകും. അത് കൊണ്ട് അദ്ദേഹം കാന്തപുരത്തിന്റെ മകനല്ല. 

അതേപോലെ, അല്ലാഹു എന്ത് അർത്ഥത്തിലാണ്  അവനെയും പ്രവാചകനെയും സഹാബത്തിനെയും മറ്റ് സത്യവിശ്വാസികൾക്ക്  ഉറ്റമിത്രങ്ങൾ എന്ന് വിശേഷിപ്പിച്ചത്‌ എന്ന്  സാമാന്യ ബുദ്ധി പണയം വെക്കാത്തവര്ക്ക് മനസിലാകും.  

എന്നാൽ ഇനി തങ്ങളുടെ വഴിതെറ്റിയ വാദം സ്ഥാപിക്കുവാൻ വേണ്ടി ഇദ്ധേഹം ഇദ്ദേഹത്തിന്റെ പിതൃത്വം തന്നെ പണയം വച്ചേക്കാം. ഒരു ആശ്ചര്യവും തോന്നേണ്ട കാര്യമില്ല.

പക്ഷെ അല്ലാഹു അവന്റെ സകല സൃഷ്ടികളുടെ മേലുള്ള അവന്റെ മഹത്തായ രക്ഷാകർത്ത്ർത്വം ഒരിക്കലും ഒരാൾക്കും തന്നെ വകവെച്ചു കൊടുക്കില്ല. അല്ലാഹു പറയുന്നു-

"മലക്കുകളെയും പ്രവാചകന്‍മാരെയും നിങ്ങള്‍ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന്‌ അദ്ദേഹം നിങ്ങളോട്‌ കല്‍പക്കുകയുമില്ല. നിങ്ങള്‍ മുസ്ലിംകളായിക്കഴിഞ്ഞതിന്‌ ശേഷം അവിശ്വാസം സ്വീകരിക്കാന്‍ അദ്ദേഹം നിങ്ങളോട്‌ കല്‍പിക്കുമെന്നാണോ ( നിങ്ങള്‍ കരുതുന്നത്‌? )" - ഖുർആൻ 3:80

അബു അബ്ദുൽ മന്നാൻ