Friday, February 14, 2014

ആവർത്തിക്കപ്പെടുന്ന കൊലപാതകങ്ങളും പരിശുദ്ധ ഖുർആനിന്റെ അജയ്യമായ പരിഹാരവും

അസ്സലാമുഅലൈക്കും വ രഹ്മതുല്ലാഹി
പരമ കാരുണ്യകന്റെ രക്ഷയും കരുണയും നിങ്ങളിൽ വർഷിക്കുമാറാകട്ടെ

കൊലപാതകം എന്ന മഹാ പാപത്തിന്നു ശിക്ഷ ആയിക്കൊണ്ട്‌  ജീവപര്യന്തം തടവ്‌  എന്നാൽ അതിനർത്ഥം - ആഴ്ചയിൽ കോഴിബിരിയാണി, ചപ്പാത്തി കച്ചവടം, അതിന്റെ വരുമാനം, ഫേസ് ബുക്ക് ഉപയോഗിക്കൽ, മറ്റു പലതും,  സുഭിക്ഷ ജീവിതം.... പരോൾ, വീണ്ടും കൊലചെയ്യൽ.... കൊലക്കു ശേഷം പോലീസ് സംരക്ഷണം.... നല്ലനടപ്പ്‌, ജയിൽ മോചിതൻ.... വേണ്ടിവന്നാൽ വീണ്ടും കൊലപാതകം.....

ഇത് വർത്തമാന കേരളത്തിന്റെ അവസ്ഥയാണ്. ചിലപ്പോൾ ലോകത്തുള്ള നല്ലൊരു ശതമാനം രാജ്യങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്.

ജീവപര്യന്തം ശിക്ഷക്ക് വിധേയനായ കുറ്റവാളിക്ക് ജയിലിൽ ആയ്ഴ്ചയിൽ ലഭിക്കുന്ന കോഴി ബിരിയാണിയും മറ്റും കൊടുക്കുന്നത്  നാട് ഭരിക്കുന്നവരുടെ തറവാട് സ്വത്തിൽനിന്ന് അല്ല  എന്നും മറിച്ച്  ശ്വസിക്കുന്ന വായു മാറ്റി നിറുത്തിയാൽ എന്തിന്നും ഏതിന്നും ടാക്സ് (കരം) കൊടുക്കുന്ന രാജ്യത്തെ പൌരന്മാരുടെ പണം കൊണ്ടാണ് എന്നും  പ്രത്യേകം പറയേണ്ടതില്ല.

• സ്വന്തം പിതാവിനെ/ഭർത്താവിനെ/മക്കളെ/ഭാര്യയെ/അമ്മയെ അരും കൊല ചെയ്ത  കൊലയാളിക്ക്  സ്വന്തം പണം (ടാക്സ്) കൊണ്ട് ബിരിയാണി വിളമ്പികൊടുക്കേണ്ടി വരുന്ന എറ്റവും വലിയ വിരോധാഭാസത്തിൽ ആണ് നമ്മൾ ജീവിക്കുന്നത് .

• സ്വന്തം പിതാവിനെ/ഭർത്താവിനെ/മക്കളെ/ഭാര്യയെ/അമ്മയെ അരും കൊല ചെയ്ത  കൊലയാളി ഉണ്ടാക്കിയ ചപ്പാത്തിയും കോഴിക്കറിയും പണം കൊടുത്ത് വാങ്ങിക്കഴിക്കുന്ന എറ്റവും വലിയ വിരോധാഭാസത്തിൽ ആണ് നമ്മൾ ജീവിക്കുന്നത് .

എന്തുണ്ട് പരിഹാരം ?

ഇരുണ്ട യുഗമെന്ന് വിശേഷിപ്പിക്കപ്പെട്ട ആറാം നൂറ്റാണ്ടിൽ, ആരും തിരിഞ്ഞു നോക്കാത്ത, ഗ്രീസിന്റെ ചിന്താ പാര്യമ്പര്യമോ, റോമിന്റെയോ പേർഷ്യയുടെയോ പുരോഗതിയോ ഇല്ലാത്ത അറേബ്യൻ ഉപഭൂഗണ്ടത്തിന്റെ ഒരു കോണിൽ ജീവിച്ച നിരക്ഷരനായ, അതായതു എഴുതുവാൻ അറിയാത്ത വായിക്കുവാൻ അറിയാത്ത, എന്നാൽ സമൂഹം "സത്യസന്ധൻ" എന്ന് വിളിച്ച മുഹമ്മദ്‌ (സ) എന്ന മനുഷ്യനിലൂടെ ലോകത്തെ സർവ്വ മനുഷ്യർക്കും വേണ്ടി ലോകങ്ങൾ സൃഷ്ടിച്ച സൃഷ്ടാവ്  അവതരിപ്പിച്ചത് എന്ന് അവകാശപ്പെടുന്ന, കഴിഞ്ഞു പോയ മുൻ വേദഗ്രന്ഥങ്ങളെ എല്ലാം തന്നെ ഒന്നൊഴിയാതെ സത്യപ്പെടുത്തുന്ന പരിശുദ്ധ ഖുർആൻ, മനുഷ്യൻ തന്റെ സഹജീവിയോടു കാണിക്കുന്ന വളരെ ഗൌരവകരമായ പാപമായ കൊലപാതകത്തിന്നു എറ്റവും യുക്തിഭദ്രമായ, എറ്റവും ജനാതിപത്ത്യപരമായ ഒരു പരിഹാരം മുന്നോട്ടുവേക്കുന്നുണ്ട്.

കേരളത്തിൽ ഇന്ന് നിലവിൽ ഉള്ള രണ്ടു പ്രമാദമായ കൊലക്കേസുകളും അവയുടെ പരിണിത ഫലങ്ങളും പരിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്ന അജയ്യമായ പരിഹാരവും ആണ്  വളരെ  സംക്ഷിതമായി  ഇവിടെ സൂചിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത് .

1. ഇറ്റാലിയൻ നാവികർ മത്സ്യബന്ധന തൊഴിലാളികളെ വധിച്ചത് .

2. TP ചന്ദ്രശേഖരൻ വധം.

പരിശുദ്ധ ഖുർആൻ മുന്നോട്ടു വെക്കുന്ന പ്രശ്നപരിഹാരമാണ് യഥാർഥത്തിൽ ഈ പറഞ്ഞ രണ്ടു കൊലക്കെസിലേയും കൊല്ലപ്പെട്ടവരുടെ ആശ്രിതർ ആഗ്രഹിച്ചത്‌. എന്നാൽ ദൌർഭാഗ്യവശാൽ മനുഷ്യ നിർമ്മിതമായ നിയമങ്ങൾ അവർക്ക് മുൻപിൽ വലിയ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്.

ഈ ഒരു സന്ദർഭത്തിലാണ് പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് പരിശുദ്ധ ഖുർആൻ ലോകജനതക്കു മുൻപിൽ സമർപിച്ച കൊപലാതകവുമായി ബന്ധപ്പെട്ട ശിക്ഷാവിധി പ്രസക്തമാകുന്നത്.

പരിശുദ്ധ ഖുർആൻ നിർദേശിക്കുന്ന കൊലപാതകത്തിന്റെ നിയമപരമായ വിവിധ വശങ്ങളിലേക്ക് പോകാതെ, വളരെ പ്രസക്തമായ ഭാഗത്തേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുക എന്നതാണ് ഈ എഴുത്ത് കൊണ്ട് ഉദ്ദേശിക്കുന്നത്.

കൊലപാതകം എന്ന മഹാപാപത്തിന്നു ശിക്ഷയായിക്കൊണ്ട് ഖുർആൻ പറയുന്നു -

"• സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത്‌ നിങ്ങള്‍ക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു. 

• സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും ( കൊല്ലപ്പെടേണ്ടതാണ്‌. ) 

• ഇനി അവന്ന്‌ ( കൊലയാളിക്ക്‌ ) തന്‍റെസഹോദരന്‍റെ പക്ഷത്ത്‌ നിന്ന്‌ വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ ( നഷ്ടപരിഹാരം ) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. 

• നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്‌. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കും." ഖുർആൻ 2:178.

സുപ്രധാനമായ രണ്ടേ രണ്ടു തീരിമാനങ്ങൾ ആണ് കൊലപാതകത്തിന്റെ വിഷയത്തിൽ പരിഹാരമായി പരിശുദ്ധ ഖുർആൻ മൊന്നൊട്ടു വെക്കുന്നത്.

1. തുല്യ ശിക്ഷ നടപ്പാക്കുക

കൊന്നവനെ കൊല്ലുക. കൊലപാതക കുറ്റം അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ  തെളിഞ്ഞു കഴിഞ്ഞാൽ  കൊലകുറ്റത്തിൽ പങ്കെടുത്ത ആളെ, അവനുള്ള ശിക്ഷയായിക്കൊണ്ട് പകരം കൊല്ലുക. ഇതാണ് ഒന്നമാതായിക്കൊണ്ട് പരിശുദ്ധ ഖുർആൻ പറയുന്നത്.

A . സ്വതന്ത്രന്നു പകരം സ്വതന്ത്രൻ, അടിമക്ക് പകരം അടിമ, സ്ത്രീക്ക് പകരം സ്ത്രീ

ഇരുണ്ടയുഗം എന്ന് വിശേഷിപ്പിക്കപെട്ട ആറാം നൂറ്റാണ്ടിൽ ദൈവ ദൂതൻ മുഹമ്മദ്‌ (സ) വരുമ്പോൾ പല അസമത്വങ്ങളും സമൂഹത്തിൽ നിലനിന്നിരുന്നു.

1. ഉന്നത ജാതിയിൽ പെട്ട ഒരാൾ താഴ്ന്ന ജാതിക്കാരനെ കൊന്നാൽ, കുറ്റത്തിൽ നിന്നും രക്ഷപ്പെടാൻ പിഴ മാത്രം കൊടുത്താൽ മതിയായിരുന്നു.

2. താഴ്ന്ന ജാതിയിൽ പെട്ട ഒരാൾ ഉന്നത ജാതിക്കാരനെ കൊന്നാൽ, താഴ്ന്ന ജാതിയിൽ പെട്ട ആ കൊലയാളിയെ പകരം കൊന്നിരുന്നു.

3. താഴ്ന്ന ജാതിയിൽ പെട്ട ഒരാൾ ഉന്നത ജാതിക്കാരനെ കൊന്നാൽ ഒന്നിൽ കൂടുതൽ ആളുകളെ കൊന്നിരുന്നു.

4. ഉന്നത ജാതിയിൽ പെട്ട ഒരാൾ താഴ്ന്ന ജാതിക്കാരനെ കൊന്നാൽ, കൊന്നവനെ കൊല്ലുന്നതിനു പകരം അവന്റെ അടിമയെ കൊലക്കു കൊടുത്തിരുന്നു.

5. ഒരു സ്ത്രീ കൊലപാതകം നടത്തിയാൽ പകരം പുരുഷനെ അവർ കൊന്നിരുന്നു.

6....

ഇത്തരം ഉച്ചനീചത്തങ്ങൾ ഇല്ലായ്മ ചെയ്തുകൊണ്ട് ഖുർആൻ പറഞ്ഞു -

"സ്വതന്ത്രനു പകരം സ്വതന്ത്രനും" അഥവാ സ്വതന്ത്രനായ ഒരു വ്യക്തി ഒരു കൊല ചെയ്‌താൽ ശിക്ഷയായിക്കൊണ്ട് അവനെ തന്നെ കൊല്ലണം, അവന്റെ അടിമയെ അല്ല.

"അടിമയ്ക്കു പകരം അടിമയും" - ഒരു അടിമയാണ് കൊല ചെയ്തതെങ്കിൽ ശിക്ഷയായിക്കൊണ്ട് ആ അടിമയെ തന്നെ കൊല്ലണം.

"സ്ത്രീക്കു പകരം സ്ത്രീയും" - ഒരു സ്ത്രീ ആണ് കൊലപാതകം നടത്തിയത് എങ്കിൽ ശിക്ഷയായിക്കൊണ്ട് അവളെ കൊല്ലുക. 

കൊന്നവനെ കൊല്ലുക, കൊന്നവനെ മാത്രം കൊല്ലുക, കൊന്നത് ആണാകട്ടെ, പെണ്ണാകട്ടെ, അടിമയാകട്ടെ.

B. കൊലപാതകത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ശിക്ഷ ബാധകം 

ഒരു വ്യക്തിയെ കൊന്നത് ഒരു സംഘം ആളുകൾ ആണെങ്കിൽ പോലും, ആ കൊലപാതകത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ശിക്ഷ ബാധകമാണ് എന്നാണു പ്രഭലമായ അഭിപ്രായമായിക്കൊണ്ട് ഇമാം ഇബ്നു കസീർ (റഹി) ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ വിശദീകരിക്കുന്നത്.

2. വിട്ടു വിട്ടുവീഴ്ച ചെയ്യുക

രണ്ടാമ്മതായിക്കൊണ്ട് വിട്ടുവീഴ്ച്ചയുടെയും, ക്ഷമയുടെയും മാർഗമാണ്  പരിശുദ്ധ ഖുർആൻ കൊലപാതകത്തിന്റെ വിഷയത്തിൽ മുന്നോട്ട് വെക്കുന്നത്.

കൊല്ലപെട്ടയാളുടെ ആശ്രിതർ വിട്ടുവീഴ്ചക്ക് തയ്യാർ ആണെങ്കിൽ (മാത്രം), നഷ്ടപരിഹാരം നൽകിക്കൊണ്ട് കൊലയാളിക്ക് ശിക്ഷയിൽ നിന്നും ഒഴിവാകാം.

അങ്ങിനെ രണ്ടാൽ ഒരു മാർഗം സ്വീകരിക്കുവാൻ കൊല്ലപെട്ടവന്റെ ആശ്രിതർക്ക് അവസരം നൽകിക്കൊണ്ട്  ആ കേസ് അവിടംകൊണ്ട് അവസാനിപ്പിക്കുവാൻ ആണ് പരിശുദ്ധ ഖുർആൻ പറയുന്നത്.

കൊലപാതകക്കേസ് അന്വേഷിക്കേണ്ടതും വിധി നടപ്പാക്കെണ്ടതും  അതതു രാജ്യത്തെ കോടതികൾ ആണ്, ജനങ്ങൾ അല്ല.

എറ്റവും യുക്തി പരം 

കൊലപാതകത്തിന്നു ശിക്ഷയായിക്കൊണ്ട് ജീവപര്യന്തം ശിക്ഷ വിധിച്ചാൽ, കൊലയാളിയെ തീറ്റിപോറ്റെണ്ട ഉത്തരവാദിത്തം ഗവർന്മെന്റിനായിരിക്കും അഥവാ ടാക്സ് നൽകുന്ന രാജ്യത്തെ ഓരോ പൌരന്റെയും ചുമതലയായിത്തീരും അതിന്റെ ഉത്തരവാദിത്വം. അങ്ങിനെ പിതാവിനെ  നിഷ്കരുണം വെട്ടികൊന്ന കൊലയാളിക്ക്  രാജ്യത്തെ പൌരൻ കൂടിയായ മകന്റെ ചിലവിൽ ആഴ്ചയിൽ കോഴിബിരിയാണി കഴിക്കാം!

എന്നാൽ ഖുർആൻ നിയമപ്രകാരം ഒരു കൊലപാതകിയുടെ അവസാനം - ഒന്നുകിൽ അവൻ കൊന്നതിനു പകരമായി അവന്നു വധ ശിക്ഷ ലഭിക്കും അതോടു കൂടി അവന്റെ തിന്മയിൽ നിന്നും സമൂഹം എന്നെന്നേക്കുമായി രക്ഷപ്പെടും. അല്ലെങ്കിൽ നല്ല മോചന ദ്രവ്യം നൽകികൊണ്ട് പുറത്തു പോകാം, ബിരിയാണി സ്വന്തം ചിലവിൽ കഴിക്കേണ്ടിവരും, സർക്കാരിന്നു ഒരു ബാധ്യതയും അവൻ മൂലം ഇല്ല. പിതാവിനെ  കൊന്ന കൊലയാളിക്ക് ആഴ്ചയിൽ കോഴിബിരിയാണി വാങ്ങിക്കൊടുക്കേണ്ട ഏറവും വലിയ അപമാനത്തിൽനിന്നും മകന്നും കുടുംബത്തിന്നും രക്ഷപ്പെടാം. 

ഇവിടെയാണ്‌ പരിശുദ്ധ ഖുർആനിന്റെ നിയമം ഏറവും യുക്തിപരമാകുന്നത് .

ഏറ്റവും ജനാതിപത്ത്യപരം

ജനാതിപത്ത്യ രാജ്യമായ ഇന്ത്യയെപോലുള്ള രാജ്യങ്ങളിൽ കോടതിയിലെ ജഡ്ജി ആണ് കൊലപാതകിക്കു നൽകേണ്ട ശിക്ഷയെ കുറിച്ചു അന്തിമ തീരുമാനം എടുക്കുന്നത്. എന്നാൽ ഒരു ഖുർആനിക നിയമം അനുസരിച്ചു കൊല്ലപെട്ടവന്റെ അനന്തരാവകാശികൾ ആണ് അന്തിമ തീരുമാനം എടുക്കുന്നത്, ജഡ്ജി അത് നടപ്പാകുന്നു. 

• കൊല്ലപെട്ട ആളുടെ അനന്തരാവകാശികൾ കൊലയാളി കൊല്ലപ്പെടണം എന്ന് പറഞ്ഞാൽ, ഇസ്ലാമിക കോടതി ആ കൊലയാളിക്ക് വധ ശിക്ഷ വിധിക്കും.

• കൊല്ലപെട്ട ആളുടെ അനന്തരാവകാശികൾ കൊലയാളിയിൽ നിന്നും നഷ്ടപരിഹാരം സ്വീകരിക്കുവാൻ തയാർ ആണെങ്കിൽ മാത്രം നഷ്ടപരിഹാരം നൽകിക്കൊണ്ട് കൊലയാളിക്ക് ശിക്ഷയിൽ നിന്നും ഒഴിവാകാം.

കൊല്ലപെട്ട ആളുടെ അനന്തരാവകാശികൾ ആകുന്നു ശിക്ഷയുടെ  അന്തിമ വിധി തീരുമാനിക്കുന്നത്. അത് കൊണ്ടാണ് പരിശുദ്ധ ഖുർആനിന്റെ ഈ നിയമത്തെ എറ്റവും ജനാതിപത്ത്യം എന്ന് വിശേഷിപ്പിച്ചത്‌.

കേരളത്തിൽ ഇന്ന് നിലവിൽ ഉള്ള രണ്ടു പ്രമാദമായ കൊലക്കേസുകളും അവയുടെ പരിണിത ഫലങ്ങളും ആണ് ഇനി സൂചിപ്പിക്കുന്നത്.

ഇറ്റാലിയൻ നാവികരുടെ കൊലപാതകം


ഇറ്റാലിയൻ നാവികർ മത്സ്യതൊഴിലാളികളെ കൊല്ലുവാൻ വേണ്ടി കടലിൽ ഇറങ്ങിയവർ അല്ല എന്ന് ആ കേസിനെ പറ്റി പഠിച്ചവർക്കും കൊല്ലപെട്ടവരുടെ ബന്ധുക്കൾക്കും  ബോധ്യമായതാണ്‌. മത്സ്യതൊഴിലാളികളെ നാവികർ കൊന്നുവെങ്കിലും അതൊരു മുൻകൂട്ടി നിശ്ചയിക്കുകയോ, ഗൂഡാലോചന നടക്കുകയോ ചെയ്‌തിട്ടില്ല എന്നത് വ്യക്തമാണ്. അതുകൊണ്ട് തന്നെയാണ് കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ അനന്തരാവകാശികളായ ഭാര്യമാർ മോചനദ്രവ്യം സ്വീകരിക്കുവാൻ തയ്യാർ ആയതും നാവികർക്ക് എതിരെയുള്ള കേസ് പിൻവലിക്കുവാൻ തയ്യാർ ആയതും. http://www.bbc.co.uk/news/world-asia-india-17825300 .

ഖുർആനിക നിയമം ആണ് ഇവിടെ നടപ്പാക്കുന്നത് എങ്കിൽ, ഇറ്റാലിയൻ നാവികർക്ക് മോചന ദ്രവ്യം നൽകികൊണ്ട് കേസ് അവസാനിപ്പികാം. കാരണം കൊല്ലപെട്ട മത്സ്യതൊഴിലാളികളുടെ ഭാര്യമാർ മോചന ദ്രവ്യം സ്വീകരിച്ചുകൊണ്ട് നാവികർക്ക് എതിരെ ചുമത്തിയ കേസ് പിൻവലിക്കുവാൻ തയാർ ആണ്. അതോടുകൂടി കേസ് അവസാനിക്കുകയും, കേസ് നീളുമ്പോൾ ഉണ്ടാകുന്ന ഭാരിച്ച സാമ്പത്തിക ബാധ്യതയിൽ നിന്നും രാജ്യത്തിന്ന്  ഒഴിവാക്കുകയും ചെയ്യാം.

ദൌർഭാഗ്യവശാൽ, ഈ കേസ് ഇന്നും ടാക്സ് അടക്കുന്ന രാജ്യത്തെ പൌരന്റെ ചിലവിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്.

TP ചന്ദ്രശേഖരൻ വധം.

വളരെ കൃത്യമായ പദ്ധതിയിട്ടുകൊണ്ട് നടത്തിയ കൊലപാതകത്തിൽ, ജീവപര്യന്തം ശിക്ഷക്ക് വിധേയരായവർക്ക് ഭക്ഷണവും വസ്ത്രവും പാർപിടവും എല്ലാം ഇനി ടാക്സ് അടക്കുന്ന പൌരന്റെ ചിലവിൽ ആയിരിക്കും.ആ ചിലവിലേക്ക്‌ ഭാവിയിൽ ടാക്സ് അടക്കുവാൻ പോകുന്ന അദ്ദേഹത്തിന്റെ മകന്റെ വിയർപ്പിന്റെ ഒരു ഭാഗവും ഉണ്ടായിരിക്കും. അങ്ങിനെ അച്ചനെ നിഷ്കരുണം വെട്ടികൊന്ന കൊലയാളികൾക്ക് ആഴ്ചയിൽ കോഴിബിരിയാണി വാങ്ങിക്കൊടുക്കേണ്ട എറ്റവും വലിയ അപമാനത്തിൽ ആ മകൻ, ആ ഭാര്യ, ആ അമ്മ എന്നിവർ എത്തിച്ചേരും.

എന്നാൽ പരിശുദ്ധ ഖുർആനിന്റെ നിയമം അനുസരിച്ച്  കൊലയാളികൾക്ക് വധശിക്ഷയാണ് നൽകുക.  അത് തീരുമാനിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയാണ്, മകനാണ് . കൊലയാളികൾ മോചന ദ്രവ്യം നൽകുവാൻ തയ്യാർ ആയാൽ പോലും അന്തിമ തീരുമാനം എടുക്കേണ്ട TPയുടെ അനന്തരാവകാശികൾ ഏതു തിരഞ്ഞെടുക്കും എന്നത് സാമാന്യ ബുദ്ധി പറഞ്ഞു തരും.

ഈയുള്ളവന്റെ അഭിപ്രായത്തിൽ, പരിശുദ്ധ ഖുർആൻ കൊലപാതകത്തിന്റെ വിഷയത്തിൽ പറഞ്ഞ പരിഹാരം ഒരു തവണയെങ്കിലും നടപ്പാക്കിക്കൊണ്ട് കൊന്നവരെ കൊന്നാൽ, അത് തുടർകഥയാകുന്ന കൊലപാതക പരമ്പരകൾക്ക് ഒരു അന്ത്യം കുറിക്കും എന്നത് തീർച്ച.

പരിശുദ്ധ ഖുർആൻ മുന്നോട്ട് വെച്ച അഥവാ മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവ് മുന്നോട്ട് വെച്ചപരിഹാരമാണ് ഇവിടെ സൂചിപിച്ച രണ്ടു കേസുകളിലും കൊല്ലപ്പെട്ടവരുടെ ആശ്രിതർ ആശിച്ചത്. നിർഭാഗ്യവശാൽ മനുഷ്യ നിർമ്മിത നിയമങ്ങൾ  കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണതയിലേക്കും കൂടുതൽ സാമ്പത്തിക ബാധ്യധയിലേക്കും ആണ് നയിക്കുന്നത്.

യഥാർഥത്തിൽ മനുഷ്യന്റെ ഹൃദയത്തിന്റെ തേട്ടമാണ്‌ പരിശുദ്ധ ഖുർആൻ പരിഹാരമായി പറയുന്നത്. ആ തേട്ടം കാണുവാൻ സാധിക്കുന്നത് അവനെ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സൃഷ്ടാവിനാകുന്നു. അതുകൊണ്ട് തന്നെയാണ് ആ സൃഷ്ടാവ് മനുഷ്യ കുലത്തോട് ഒരു ചോദ്യം ചോദിക്കുന്നതും -

"നമ്മുടെ ദാസന്‌ നാം അവതരിപ്പിച്ചുകൊടുത്തതിനെ ( വിശുദ്ധ ഖുര്‍ആനെ ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍റെത് പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന്‌ (സ്രിഷ്റ്റാവിന്നു) പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യസന്ധന്മാർ ആണെകിൽ ." - ഖുർആൻ 2:23.

അബൂ അബ്ദുൽ മന്നാൻ