Saturday, April 25, 2020

റമളാൻ വേദഗ്രന്ഥങ്ങളുടെ പൂക്കാലം

റമളാൻ വേദഗ്രന്ഥങ്ങളുടെ പൂക്കാലം

വിശുദ്ധ ഖുർആൻ അവതരിക്കപ്പെട്ട മാസം എന്നതാണ് റമളാൻ മാസത്തിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത.

പൂർവ്വ വേദങ്ങളെ മുഴുവൻ സത്യപ്പെടുത്തുന്ന പരിശുദ്ധ ഖുർആനിനെയും അത് വിശദീകരിച്ചുതന്ന തിരു നബിയുടെ അധ്യാപനങ്ങളെയും  സംബന്ധിച്ചിടത്തോളം, ഖുർആൻ മാത്രമല്ല, മറിച്ച്‌ എല്ലാ വേദഗ്രന്ഥങ്ങളും അവതരിപ്പിക്കപ്പെട്ട ഒരു മാസമായിട്ടാണ് റമളാൻ എന്ന മാസത്തെ പരിചയപ്പെടുത്തുന്നത്.

അബ്രഹാം പ്രവാചകന്ന് നൽകപ്പെട്ട ഏടുകൾ അവതരിച്ചത്  റമളാൻ മാസത്തിലെ ആദ്യത്തെ രാത്രിയിൽ ആണെന്നും, മോസസ് പ്രവാചകന്ന് നൽകപ്പെട്ട തൗറാത്ത് റമളാൻ മാസത്തിലെ ആറാമത്തെ രാതിയിൽ ആണെന്നും, ചാരിത്രവതിയായ മറിയമിന്റെ പുത്രൻ ജീസസിന്ന് നൽകപ്പെട്ട ഇൻജീൽ റമളാൻ മാസത്തിലെ പതിമൂന്നാമത്തെ രാത്രിയിൽ ആണെന്നുമൊക്കെയുള്ള തിരുവചനങ്ങൾ വിരൽ ചൂണ്ടുന്നത് ഈ യാഥാർഥ്യത്തിലേക്കാണ്.

ഭാരതീയ പശ്ചാത്തലത്തിൽ കടന്നുവന്ന ഋഗ്വേദം, യജുർവേദം എന്ന് തുടങ്ങിയ വേദങ്ങളിൽ മാത്രം വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയുടെ  വിശ്വാസം ആ  വേദങ്ങളിൽ തുടങ്ങുകയും, ആ വേദങ്ങളിൽ തന്നെ അവസാനിക്കുകയും ചെയ്യുന്നു.

പഴയ നിയമ പുസ്തകത്തിൽ മാത്രം വിശ്വസിക്കുന്ന ഒരു ജൂത മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയുടെ വിശ്വാസം പഴയ നിയമ പുസ്തകത്തിൽ തുടങ്ങുകയും അതിൽ തന്നെ അവസാനിക്കുകയും ചെയ്യുന്നു.

പുതിയ നിയമ പുസ്തകത്തിൽ മാത്രം വിശ്വസിക്കുന്ന ഒരു ക്രിസ്ത്യാനിയെ  സംബന്ധിച്ചിടത്തോളം ആ വ്യക്തിയുടെ വിശ്വാസം പുതിയ നിയമ പുസ്തകത്തിൽ തുടങ്ങുകയും അതിൽ തന്നെ അവസാനിക്കുകയും ചെയ്യുന്നു.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി, പരിശുദ്ധ ഖുർആനിൽ വിശ്വസിക്കുന്ന ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസം തുടങ്ങുന്നത് ഖുർആനിൽ നിന്നും അല്ല എന്നതാണ് യാദാർഥ്യം! 

പരിശുദ്ധ ഖുർആനിൽ വിശ്വസിക്കുന്ന ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസം തുടങ്ങുന്നത് ഈ ഭൂലോകത്തേക്ക് അവതരിപ്പിക്കപ്പെട്ട ആദ്യ വേദം മുതൽക്കാണ്.

അങ്ങിനെ ആദ്യ വേദത്തിൽ നിന്നും തുടങ്ങി, മറ്റ് ഏതെല്ലാം വേദങ്ങൾ ഈ ലോകത്ത് അവതരിപ്പിക്കപ്പെട്ടിട്ടുണ്ടോ, അതിൽ എല്ലാം തന്നെ ഒന്നൊഴിയാതെ വിശ്വസിച്ചുകൊണ്ടും, സത്യപ്പെടുത്തിക്കൊണ്ടുമാണ്, അവസാനത്തെ വേദഗ്രന്ഥം എന്നവകാശപ്പെടുന്ന പരിശുദ്ധ ഖുർആനിൽ ഒരു മുസ്ലിം വിശ്വസിക്കുന്നത്. 

"പറയുക: അല്ലാഹു അവതരിപ്പിച്ച ഏത്‌ ഗ്രന്ഥത്തിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നു"  (ഖുർആൻ 42:15)  എന്ന് ലോകത്തിന്ന് മുൻപിൽ പ്രഖ്യാപിക്കുവാനുള്ള കൽപ്പനയും,  "അവന്‍റെ വേദഗ്രന്ഥങ്ങളിലും, അവന്‍റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്‍റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല" (ഖുർആൻ 2:285) എന്നതുമൊക്കെ സ്വന്തം വിശ്വാസത്തോട് ചേർത്ത് നിറുത്തുവാനുമാണ് പരിശുദ്ധ ഖുർആൻ അതിന്റെ അനുയായികളോട് ആഹ്വാനം ചെയ്യുന്നത്.

ഇത്തരുണത്തിൽ മുഴുവൻ വേദങ്ങളെ സത്യപ്പെടുത്തിക്കൊണ്ടും, ആ മുഴുവൻ വേദങ്ങളും റമളാൻ മാസത്തിലാണ് അവതരിച്ചത് എന്നുമൊക്കെയുള്ള പ്രവാചക വചനങ്ങൾ  ഉൾകൊള്ളുമ്പോൾ ആണ് റമളാൻ മാസം വേദഗ്രന്ഥങ്ങളുടെ പൂക്കാലമായിത്തീരുന്നത്.

ഇത്തരത്തിലുള്ള സാർവ്വജനീനമായ ഒരു നിലപാട് തന്നെയാണ്  വിശ്വാസികളെ വിളിച്ചുകൊണ്ട് നിങ്ങൾക്ക് നോമ്പ് നിർബന്ധമാക്കിയിരിക്കുന്നു എന്ന് പറഞ്ഞതിന്റെ കൂടെ വിശുദ്ധ ഖുർആൻ ഓർമിപ്പിച്ച "നിങ്ങളുടെ മുമ്പുള്ളവരോട്‌ കല്‍പിച്ചിരുന്നത്‌ പോലെത്തന്നെ" (2:183) എന്ന കാര്യം.

അതായത്, പതിനാല് നൂറ്റാണ്ടുകൾക്കു മുമ്പ് തിരുദൂതർ മുഹമ്മദ്  നബി (സ) പുതുതായി കൊണ്ടുവന്ന ഒരു അനുഷ്ഠാനം അല്ല നോമ്പ് എന്നാണ് പറഞ്ഞു വരുന്നത്. നോമ്പുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത്  ദാവൂദ് നബിയുടെ കാലത്തുണ്ടായിരുന്ന നോമ്പായിരുന്നു എന്നതുപോലുള്ള പ്രവാചക വചനങ്ങൾ സൂചിപ്പിക്കുന്നതും ഇത്തരമൊരു കാര്യമാണ്.

റമളാൻ മാസത്തിലെ നോമ്പുമായി ബന്ധപ്പെട്ടുകൊണ്ട് കടന്നു വരുന്ന മറ്റൊരു കാര്യമാണ് ഒരു നോമ്പുകാരൻ പകൽ സമയത്ത് ഭക്ഷണത്തെ എങ്ങിനെ കാണുന്നു എന്നത്.

ഭക്ഷണത്തെ എന്തോ ഒരു തൊട്ടുകൂടാൻ പറ്റാത്ത ഭീകര സാധനമായിട്ടാണ് നോമ്പുകാരൻ കാണുന്നത് എന്നാണ്   ചില സുഹൃത്തുക്കളെങ്കിലും ധരിച്ചു വെച്ചിട്ടുള്ളത്.

ഒരു വീടിനെ സംബന്ധിച്ചിടത്തോളം അവിടെ നോമ്പ് പിടിക്കുവാൻ സാധിക്കാത്ത രോഗികളും, ചെറിയ കുട്ടികളും ഒക്കെ ഉണ്ടാകും. ഒരു നോമ്പുകാരിക്കോ, ഒരു നോമ്പുകാരനോ അവരെ സേവിക്കുവാൻ ഭക്ഷണം പാചകം ചെയ്യാം, കയ്യിൽ എടുത്തുകൊണ്ട് കുട്ടികളുടെ വായിൽ വെച്ചുകൊടുക്കാം.

ഉണ്ടാക്കിയ ഭക്ഷണത്തിന്റെ ഉപ്പോ, മധുരമോ മറ്റോ അറിയുവാൻ, ആ ഭക്ഷണത്തെ നാവിൽ വെച്ചുകൊണ്ട് രുചിച്ചു നോക്കാൻ വരെ നോമ്പുകാരനായ ഒരാൾക്ക് അനുവാദം നൽികിയിട്ടാണ് തിരുദൂതർ (സ) ഈ ലോകത്ത് നിന്നും കടന്നു പോയത് എന്നതുമൊക്കെ ഈ അവസരത്തിൽ ഓർക്കുന്നത് ഉചിതമായിരിക്കും എന്ന് കരുതുന്നു.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.