Tuesday, July 16, 2013

താടിയും സ്വയം വിഡ്ഢിയും - ഭാഗം - 1

അസ്സലാമുഅലൈകും വ  റഹ്മതുല്ലാഹി 

മാനവ ലോകത്തിന്റെ വിമോചനത്തിനായി സർവലോകങ്ങളുടെയും രക്ഷിതാവായ ഉന്നതനായ  അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഗ്രന്ഥമായ ഖുർആനിൽ, അത് പ്രഥമമായി അഭിസംബോധന നടത്തുന്ന മനുഷ്യനെ കുറിച്ച് പല വിശേഷണങ്ങളും നടത്തിയതായി കാണുവാൻ സാധിക്കും.

"ഏറ്റവും നല്ല വാക്ക് പറഞ്ഞവൻ", "ഏറ്റവും വഴിപിഴച്ചവൻ", "സ്വയം വിഡ്ഢി" എന്നീ പ്രയോഗങ്ങൾ അതിൽ പെട്ട ചിലതാണ്. മനുഷ്യന്റെ നല്ലതും ചീത്തയും ആയ പ്രവര്ത്തനഫലമായികൊണ്ടാണ്  യഥാർത്തത്തിൽ ഈ വിശേഷണങ്ങൾ എല്ലാം തന്നെ കടന്നുവരുന്നത്.

ഒരു സത്യ വിശ്വാസിയെ സംബന്ധിച്ചിടത്തോളം,അവൻ,നല്ല വിശേഷണങ്ങൾക്ക് അർഹനാകുവാനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ദിക്കുകയും മോശം വിശേഷണങ്ങൾ ലഭിച്ചേക്കാവുന്നതിൽ നിന്നും തന്റെ കഴിവിന്റെ പരമാവധി വിട്ടു നിൽക്കുകയും ചെയ്യും. 

അല്ലാഹു പറയുന്നു -

"അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന്‌ പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക്‌ പറയുന്ന മറ്റാരുണ്ട്‌?" - ഖുർആൻ 41:33

ഏറ്റവും നല്ല വാക് പറഞ്ഞ ഒരാളെ കുറിച്ചാണ് അല്ലാഹു ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇനി, അല്ലാഹു പറയുന്നു

"അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക്‌ ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു." -  ഖുർആൻ 46:5

അല്ലാഹുവല്ലാത്ത ആളുകളോട് പ്രാർത്ഥന നടത്തുന്നവനെക്കാൾ വഴിപിഴചവൻ ആരും തന്നെ ഇല്ല. 

ഇനിയാണ് "സ്വയം വിഡ്ഢി" എന്ന വിശേഷണം കടന്നു വരുന്നത്. മറ്റു മനുഷ്യരുടെ പോരയ്മകളും അരുതായ്മകളും ചുഴിഞ്ഞന്വേഷിക്കുന്ന ഒരാൾ,  പലപ്പോഴും സ്വയം വിഡ്ഢി ആകുന്നത്‌  അറിയാതെ പോകും.

പരിശുദ്ധ ഖുർആനിന്റെ "സ്വയം വിഡ്ഢി" എന്ന പ്രയോഗം മുകളിൽ കൊടുത്ത മറ്റ് രണ്ടു പ്രയോഗങ്ങളിൽ നിന്നും സ്വൽപം വ്യതസ്ഥം ആണ്. അതായതു, "ഏറ്റവും നല്ല വാക്ക് പറഞ്ഞവൻ" ആരാണെന്നും, "ഏറ്റവും വഴിപിഴച്ചവൻആരാണെന്നും അതതു വചനങ്ങളിൽ നിന്നും തന്നെ പെട്ടെന്ന് മനസ്സിലാക്കുവാൻ സാധിക്കും. എന്നാൽ ആരാണ്  "സ്വയം വിഡ്ഢി" എന്ന് മനസ്സിലാകണമെങ്കിൽ ആ വചനത്തിന്റെ മുൻപ് വരുന്ന ചില വചനങ്ങൾകൂടി മനസ്സിലാക്കണം.

ഇബ്രാഹീം നബിയുടെ മാർഗത്തോട്  വിമുഖത കാണിച്ചവൻ  സ്വയം വിഡ്ഢി

"സ്വയം വിഡ്ഢി ആയവൻ അല്ലാതെ  മറ്റാരാണ്‌ ഇബ്രാഹീമിന്‍റെ മാര്‍ഗത്തോട്‌ വിമുഖത കാണിക്കുക? ഇഹലോകത്തില്‍ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത്‌ അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തില്‍ തന്നെയായിരിക്കും." -  ഖുർആൻ 2:130

തീർച്ചയായും ഇബ്രാഹീം നബിയുടെ മാർഗത്തോട് വിമുഖത കാണിച്ചവൻ ഒരു  സ്വയം വിഡ്ഢി ആകും എന്ന് അല്ലാഹു പറഞ്ഞാൽ ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം പിന്നെ  ഒരു സംശയവും ആ കാര്യത്തിൽ ഉണ്ടാകുകയില്ലതന്നെ.

എന്താണ് ഇബ്രാഹീം നബിയുടെ മാർഗം ?

പലപ്പോഴും ഇബ്രാഹീം നബിയുടെ ചരിത്രം നമ്മൾ ചർച്ച ചെയ്യാറുള്ളത് അദ്ദേഹം അല്ലാഹുവിന്റെ ഏകത്വത്തിന്ന് അഥവാ തൗഹീദിന്ന് വേണ്ടി ചെയ്ത ത്യാഗപരിശ്രമങ്ങൾ അനുസ്മരിച്ചുകൊണ്ടാണ്. എന്നാൽ തൗഹീദ് എന്ന ഒരൊറ്റ വിഷയത്തിൽ മാത്രമായിരുന്നോ അദ്ദേഹം ഒതുങ്ങി നിന്നത്? അല്ല എന്ന് തന്നെയാണ് പരിശുദ്ധ ഖുർആൻ നമ്മെ പഠിപ്പിക്കുന്നത്‌..

"ഇബ്രാഹീമിനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ ചില കല്‍പനകള്‍ കൊണ്ട്‌ പരീക്ഷിക്കുകയും, അദ്ദേഹമത്‌ നിറവേറ്റുകയും ചെയ്ത കാര്യവും ( നിങ്ങള്‍ അനുസ്മരിക്കുക. )- ഖുർആൻ 2:124.

എന്തായിരിന്നു ഇബ്രാഹീം (അ) തന്റെ രക്ഷിതാവിനാൽ പരീക്ഷിക്കപെട്ട കൽപനകൾ എന്നതിനെ കുറിച്ച് വ്യതസ്തങ്ങൾ ആയ കാര്യങ്ങൾ പ്രാമാണികരായ വിശുദ്ധ ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്. എന്നാൽ അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. അവിടെയാണ് യഥാർഥത്തിൽ താടിയും മീശയും കടന്നു വരുന്നത്.

മഹാനായ ഇബ്നു കസീർ(റ) ഈ വചനത്തെ വിശദീകരിച്ചു കൊണ്ട് പറയുന്നു -

" 'ചില കല്‍പനകള്‍' അതായത് (മതപരമായ) നിയമങ്ങൾ കൊണ്ട്, കൽപ്പനകളും നിരോധനങ്ങളും" - ഇബ്നു കസീർ 2:124.

വ്യതസ്തങ്ങൾ ആയ അഭിപ്രായങ്ങളെ നിരൂപിച്ചുകൊണ്ട് ഇമാം ഇബ്നു കസീർ(റ) പറയുന്നു -

"ഞാൻ പറഞ്ഞു, ഇതിൽ ഏറ്റവും അടുത്തു നിൽകുന്നത് സ്വഹീഹു മുസ്ലിമിൽ വന്നതാണ്, ആയിഷ(റ)വിൽനിന്നും, നബി(സ) പറഞ്ഞു, പത്തു കാര്യങ്ങൾ (മനുഷ്യ) പ്രകൃതിയുടെ ഭാഗം ആകുന്നു.

• മീശ വെട്ടൽ
• താടി വളർത്തൽ
• ദന്ത ശുദ്ധി വരുത്തൽ 
• മൂക്കിൽ വെള്ളം കയറ്റി ചീറ്റുക
• നഖം വെട്ടുക
• വിരലുകൾക്കിടയിൽ കഴുകുക (വുളു എടുക്കുമ്പോൾ)
• കക്ഷത്തിലെ രോമം കളയുക
• ഗുഹ്യ ഭാഗത്തെ രോമം കളയുക
• പ്രാഥമിക ആവശ്യം കഴിഞ്ഞാൽ വെള്ളം കൊണ്ട് കഴുകുക.
• പത്തമാത്തെത് ഞാൻ മറന്നു പോയി, അത് വുളു എടുക്കുമ്പോൾ വെള്ളം കൊണ്ട് കുപ്ളിക്കൽ  (കവിൾ കൊള്ളൽ)ആകും.- ഇബ്നു കസീർ 2:124.


വ്യതസ്തങ്ങൾ ആയ അഭിപ്രായങ്ങളെ നിരൂപിച്ചുകൊണ്ട് ഇമാം ഖുർത്വുബി(റ) ഈ വചനത്തിന്റെ വ്യാഖ്യാനത്തിൽ പറയുന്നു -

"ഇതിൽ ഏറ്റവും ശരിയായിട്ടുള്ളത്‌ അബ്ദു റസ്സാഖിൽ നിന്നും മഉമറിൽ നിന്നും ത്വാവൂസിൽ നിന്നും     ഇബ്നു അബ്ബാസ്‌ (റ) പറഞ്ഞതാണ്. 'ഇബ്രാഹീമിനെ അദ്ദേഹത്തിന്‍റെ രക്ഷിതാവ്‌ ചില കല്‍പനകള്‍ കൊണ്ട്‌ പരീക്ഷിക്കുകയും, അദ്ദേഹമത്‌ നിറവേറ്റുകയും ചെയ്തു.' അദ്ദേഹം (ഇബ്നു അബ്ബാസ് (റ) പറഞ്ഞു 'അദ്ധേഹം (ഇബ്രാഹീം(അ)) ശുചിത്വം കൊണ്ട്  പരീക്ഷിക്കപ്പെട്ടു. തലയിൽ അഞ്ചു എണ്ണവും ശരീരത്തിൽ അഞ്ചു എണ്ണവും. 

• മീശ വെട്ടൽ
• വെള്ളം കൊണ്ട് കുപ്ളിക്കൽ  (കവിൾ കൊള്ളൽ)
• മൂക്കിൽ വെള്ളം കയറ്റി ചീറ്റുക
• ദന്ത ശുദ്ധി വരുത്തൽ
മുടി ചീകൽ

ശരീരത്തിൽ,

• നഖം വെട്ടൽ 
• ഗുഹ്യ ഭാഗത്തെ രോമം കളയുക
• സുന്നത്ത് കർമ്മം
• കക്ഷത്തിലെ രോമം കളയുക
• വിസർജനം കഴിഞ്ഞാൽ വെള്ളം കൊണ്ട് കഴുകുക.
  ഇത്തരം കാര്യങ്ങളാണ് ഇബ്രാഹീം(അ) പൂർത്തീകരിച്ചത്, അതാണ് ഖുർആൻ വ്യക്തമാക്കുന്നത്" - ഖുർത്വുബി 2:124

താടിയും സ്വയം വിഡ്ഢിയും

പരിശുദ്ധ ഖുർആൻ  2:124 വചനത്തിൽ നിന്നും തുടങ്ങി 2:130 എത്തുമ്പോൾ  (അഥവാ ആറു വചനങ്ങൾ മാത്രം) കഴിഞ്ഞാൽ ആണ് സ്വയം വിഡ്ഢി ആരാണെന്നു അല്ലാഹു ചോദിക്കുന്നത്. മഹാനായ പ്രവാചകൻ, അല്ലാഹുവീന്റെ ചങ്ങാതി എന്നു തുടങ്ങിയ വിശേശണങ്ങൾ ലഭിച്ച പ്രവാചകൻ, അദ്ദേഹത്തെ പല വിധത്തിൽ ഉള്ള കൽപ്പനകൾകൊണ്ട് അല്ലാഹു പരീക്ഷിക്കുകയും അതിൽ എല്ലാം തന്നെ ഒന്നൊഴിയാതെ അദ്ദേഹം വിജയിച്ചതായി അല്ലാഹു തന്നെ പ്രഖ്യാപിക്കുകയും ചെയ്ത ഒരു ഉന്നതമായ സ്ഥിതിവിശേഷമാണ് ഈ വചനങ്ങളിലൂടെ കടന്നു പോകുമ്പോൾ നമുക്ക് ദർശിക്കുവാൻ സാധിക്കുന്നത്.

ഇബ്രാഹീം നബി(അ)നെ അല്ലാഹു ലോകർക്ക്  ഏതെല്ലാം പ്രവർത്തനങ്ങൾ  കൊണ്ടാണോ നേതാവായി (ഇമാമായി) നിശ്ചയിച്ചത് ആ പ്രവർത്തനങ്ങളിൽ നിന്നും ഒരാൾ അകന്നു നിൽകുമ്പോൾ ആണ്   'സ്വയം വിഡ്ഢി ' എന്ന വിശേഷണത്തിനു ഒരു വ്യക്തി അർഹനാകുന്നത്. അതുകൊണ്ടാണ് അല്ലാഹു ചോദിച്ചത് -  

"സ്വയം വിഡ്ഢി ആയവൻ അല്ലാതെ  മറ്റാരാണ്‌ ഇബ്രാഹീമിന്‍റെ മാര്‍ഗത്തോട്‌ വിമുഖത കാണിക്കുക?" -  ഖുർആൻ 2:130

ഇബ്രാഹീം നബി(അ)നെ അല്ലാഹു ലോകർക്ക് ഇമാമായി നിശ്ചയിക്കുവാൻ കാരണം ആയിത്തീർന്ന ഒരു പ്രവർത്തനം ആണ് മീശ വെട്ടലും താടി വളർത്തലും. അത് മനസ്സിലാക്കിയ ഒരാൾ ഈ പ്രവർത്തനങ്ങളിൽ നിന്നും മാറി നിൽക്കുമ്പോൾ ആണ്  'സ്വയം വിഡ്ഢി ' എന്ന വിശേഷണത്തിനു ആ വ്യക്തി അർഹനാകുന്നത്. 

ഒരു സംശയം 

ചിലപ്പോൾ ഒരു സംശയം വന്നേക്കാം. ഇതെല്ലാം അല്ലാഹു ഇബ്രാഹീം നബിയോട് അല്ലെ പറഞ്ഞത്, മുഹമ്മദ്‌ നബിയുടെ സമൂഹത്തിനു എങ്ങിനെയാണ് അത് ബാധകമാകുക?

ഈ സംശയത്തിനു അല്ലാഹു തന്നെ ഉത്തരം പറയുന്നുണ്ട്.

"പിന്നീട്‌, നേര്‍വഴിയില്‍ ( വ്യതിചലിക്കാതെ ) നിലകൊള്ളുന്നവനായിരുന്ന ഇബ്രാഹീമിന്‍റെ മാര്‍ഗത്തെ പിന്തുടരണം എന്ന്‌ നിനക്ക്‌ ഇതാ ബോധനം നല്‍കിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.ഖുർആൻ 16:123.

ഏതൊരു "മില്ലത്തിൽ" (അഥവാ മാർഗത്തിൽ) നിന്നും പിന്തിരിഞ്ഞവനെ ആണോ അല്ലാഹു ഖുർആൻ 2:130 വചനത്തിൽ  "സ്വയം വിഡ്ഢി" എന്ന് വിളിച്ചത് അതേ "മില്ലത്ത് " (അഥവാ മാർഗം) പിൻപറ്റുവാൻ മുഹമ്മദ്‌ നബിക്കും അദ്ദേഹത്തിന്റെ സമൂഹത്തിന്നും ഉള്ള കല്പനയാണ് ഖുർആൻ 16:123 വചനത്തിലൂടെ അല്ലാഹു നൽകുന്നത്.

"ഒഴിവാകുവാൻ പറഞ്ഞതൊഴികെ മറ്റ് എല്ലാ കാര്യത്തിലും അദ്ദേഹത്തെ (ഇബ്രാഹീം നബിയെ) പിൻപറ്റണം എന്ന് ഇമാം മാവർധി വിധിച്ചതിനെ തൊട്ട് ചില ഷാഫീ പണ്ഡിതന്മാർ പറഞ്ഞിടുണ്ട്. ശാഖാപരമായ കാര്യങ്ങൾ കൂടാതെ എല്ലാ മത നിയമങ്ങളും പിൻപറ്റണം എന്നതാണ് എറ്റവും ശരി. " ഖുർത്വുബി 16:123.

ഏതൊരു ഇബ്രാഹീം നബിയുടെ ത്യാഗസ്മരണ പുതിക്കിക്കൊണ്ടാണോ ഒരു മുസ്ലിം ബലി പെരുന്നാൾ ആഘോഷിക്കുന്നത്, ഏതൊരു ഇബ്രാഹീം നബിയുടെ ഹജ്ജാണോ ഒരു മുസ്ലിം നിർവഹിക്കുന്നത് അതേ ഇബ്രാഹീം നബിയുടെ മാര്ഗം തന്നെയാണ്  താടി വളർത്തലും മീശ വെട്ടലും.

ബലി പെരുന്നാളിന്റെ ത്യാഗസ്മരണയിൽ നിന്നും പിന്തിരിഞ്ഞാൽ ഒരാൾ  'സ്വയം വിഡ്ഢി ' ആകുമെങ്കിൽ, പരിശുദ്ധ ഹജ്ജ് കർമ്മത്തിൽനിന്നും പിന്തിരിഞ്ഞാൽ ഒരാൾ 'സ്വയം വിഡ്ഢി ' ആകുമെങ്കിൽ താടി വളർത്തുന്നതിൽ നിന്നും മീശ വെട്ടുന്നതിൽ നിന്നും ഒരാൾ പിന്തിരിഞ്ഞാൽ ആ വ്യക്തിയുംഒരു  'സ്വയം വിഡ്ഢി ' ആകും എന്ന് തന്നെയാണ്  പരിശുദ്ധ ഖുർആൻ വചനത്തിന്റെ  അടിസ്ഥാനത്തിൽ, സ്വഹീഹായ ഹദീസിന്റെ അടിസ്ഥാനത്തിൽ,  പ്രാമാണികരായ ഖുർആൻ വ്യാഖ്യാതാക്കൾ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ഉണർത്തുവാനുള്ളത്.

തുടരും, ഇന്ഷാ അല്ലാഹു

അബൂ അബ്ദുൽ മന്നാൻ.