Tuesday, July 21, 2020

​കൊഞ്ഞനം കുത്തികൾ

കൊഞ്ഞനം കുത്തികൾ

എട്ടും പൊട്ടും തിരിയാത്ത, നാലാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി തന്റെ പാർട്ടിക്കാരൻ ആയപ്പോൾ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായ  ​​ശ്രീ കെ സുരേന്ദ്രന്ന് ഉണ്ടായ വെപ്രാളം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയല്ല.

ഇരയുടെ മൊഴിയുടെയും, മെഡിക്കൽ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തലശേരിയിലെ പോക്‌സോ കോടതിയുടെ പ്രഥമ കണ്ടെത്തലുകളാകും പീഡനക്കേസിലെ ഇരക്ക് വേണ്ടിയുള്ള നീതിതേടലിനെ തീവ്രവാദവുമായി ബന്ധപ്പെടുത്താൻ ഇദ്ദേഹത്തിന്ന് പ്രേരണയായാത്.

ഉത്തരവാദിത്വ ബോധം ഉണ്ട് എന്ന് കരുതപ്പെടുന്ന ഒരു പാർട്ടിയുടെ നേതൃത്വത്തിൽ ഇരിക്കുന്ന ഒരാളിൽ നിന്നും ചുരുങ്ങിയ പക്ഷം ഉണ്ടാകേണ്ട "പാർട്ടി അന്വേഷിക്കാം" എന്ന രാഷ്ട്രീയക്കാരുടെ പതിവ് പല്ലവിയുടെ ഒരു താഴ്ന്ന നിലവാരം പോലും ഇല്ലാതെ പോയല്ലോ താങ്കൾക്ക്.

വാദി ഒരു മുസ്ലിം ആണെങ്കിൽ അതിനെ എങ്ങിനെയെങ്കിലും തീവ്രവാദവുമായി കൂട്ടികെട്ടുന്നതും, പ്രതിസ്ഥാനത്ത്  ഒരു സംഘപരിവാറുകാരൻ ആണെങ്കിൽ അയാളെ ഉടൻ മാനസികരോഗി ആകുന്നതും ഒക്കെ വംശീയപരിവാർ മെന്റാലിറ്റിയുടെ ഒരു ഒന്നാന്തരം കൊഞ്ഞനം കുത്തൽ ആയിട്ടാണ് അനുഭവപ്പെടുന്നത്.

എന്തായാലും ആ നാലാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ "അവൾ തീവ്രവാദിയാണ്" എന്ന് പറയാതിരിക്കുവാൻ നിങ്ങൾ കാണിച്ച ആ കരുതലുണ്ടല്ലോ, അത് വല്ലാത്ത ഒരു കരുതൽ തന്നെ.
അല്ലെങ്കിലും കേരള ജനതക്ക് കപടതയുടെ പുതിയ മാനങ്ങൾ കാട്ടിത്തന്ന ശ്രീ കെ സുരേന്ദ്രനിൽ നിന്നും ഇതല്ലാതെ മറ്റൊന്ന് പ്രതീക്ഷിക്കുന്നവർ വിഡ്ഢികൾ മാത്രമായിരിക്കും എന്നാണ് എന്റെ നിരീക്ഷണം.

ഹൈന്ദവ സമൂഹം വളരെ പവിത്രമായി കരുതുന്ന ഇരുമുടിക്കെട്ടിനെ കരുതിക്കൂട്ടി നിലത്തിട്ട ശേഷം, അത് പോലീസ് നിലത്തിട്ട് ചവിട്ടി എന്ന് പറയുകയും, അത് വഴി ബഹുജനത്തെ പോലീസിനെതിരെയും, കേരള സർക്കാരിനെതിരെയും തിരിച്ചുവിടുവാൻ ഇദ്ദേഹം നടത്തിയ കുടില നീക്കം CCTV യിൽ റെക്കോർഡ് ചെയ്യപ്പെട്ട വീഡിയോയിലൂടെ കേരള ജനത  കണ്ടതും, അക്കാര്യം ദേവസ്വം മന്ത്രി പത്രസമ്മേളനം നടത്തി തുറന്നു കാട്ടിയതുമാണ്.

അകത്ത് ധരിച്ച വെള്ള ബനിയനിന്ന് ഒരു പൊടി പോറൽ പോലും ഏൽക്കാതെ, പുറത്ത്  ധരിച്ച നീല വസ്ത്രത്തിന്ന് കാര്യമായ  ചുളിവുകളൊന്നും വീഴാതെ, ബ്ലേഡ് കൊണ്ട് കീറിയ ആ കാപട്യത്തിന്റെ കരുതലും കേമമായിട്ടുണ്ട് ശ്രീ സുരേന്ദ്രൻ.

"എന്നെ വെടിവച്ചോളൂ, പക്ഷേ, ആ വെടിയുണ്ട എന്റെ നെഞ്ചില്‍ തന്നെ കൊള്ളണം" എന്ന് അവിടെവെച്ച് ശ്രീ കെ സുരേന്ദ്രൻ പറഞ്ഞതെങ്ങാനും അദ്ദഹത്തിന്റെ രാഷ്രീയ മുൻഗാമികൾ ബ്രിട്ടീഷുകാരോട് ഒരു വട്ടമെങ്കിലും പറഞ്ഞിരുന്നെങ്കിൽ, അടിച്ചുമാറ്റപെട്ട കോഹിനൂർ രത്‌നങ്ങളുടെ അൽപ്പമെങ്കിലും ബ്രിട്ടീഷുകാർ ഇവിടെ വെച്ചിട്ട് പോയേനേ എന്നാണ് എന്റെ ഒരിത് പറയുന്നത്.  പക്ഷെ അങ്ങിനെ അല്ലാലോ കാര്യങ്ങൾ.

ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ, ബ്രിട്ടീഷുകാരന്റെ തോക്കിൻ കുഴലിലേക്ക് കുതിച്ചുകയറിയ പല മുസ്ലിം ധീര പോരാളികളെയും വളരെ മോശമായി ചിത്രീകരിക്കുന്ന പരിപാടി ആണല്ലോ ശ്രീ കെ സുരേന്ദ്രന്റെ പാർട്ടി ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ചരിത്ര യാഥാർഥ്യങ്ങൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലല്ലാതെ മറ്റെന്തായാണ് ഇതിനെ വിശേഷിപ്പിക്കുക?

ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിലെ കോൺഗ്രസ്സ് പാർട്ടിയുടെ പല കഴിവുകേടുകളെയും, കേരളം രാഷ്ട്രീയത്തിലെ  ഇടത് വലത് മുന്നണികളുടെ പല അഴിമതികളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് സംഘപരിവാരത്തിന്റെ അനുഭാവികളായ പല സുഹൃത്തുക്കളും, പരിചയക്കാരും എനിക്കുണ്ട്. അവരുടെ ഒന്നും ആത്മാർത്ഥതയിൽ എനിക്ക് ഒട്ടും സംശയമില്ല. എന്നാൽ അവർ അതിന്നു തിരെഞ്ഞെടുത്ത, വംശീയത മൂലധനമായി സ്വീകരിച്ച ഈ സംഘത്തെകുറിച്ച് ഒരു പുനർ വിചിന്തനം നടത്തണം എന്നാണ് അഭിപ്രായം.

രാമ രാജ്യത്തിന്റെ പുനർ നിർമ്മിതിയാണ് നിങ്ങൾ സംഘപരിവാറിലൂടെ ഉദ്ദേശിക്കുന്നത് എങ്കിൽ, രാമരാജ്യം പോയിട്ട് ഒരു രാവണ രാജ്യം പോലും ഉണ്ടാക്കാൻ ഇവരെക്കൊണ്ട് പറ്റില്ല എന്നാണ് വിലയിരുത്തൽ. സീതാദേവിയെ തട്ടിക്കൊണ്ടുപോയ രാവണൻ പോലും അവരുടെ ചാരിത്ര്യം കവരാൻ ശ്രമിച്ചില്ല എന്നത് അദ്ദേഹത്തിൻറെ ഒരു മാന്യതയായിട്ടാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. ആ രാവണൻറ്റെ മാന്യത പോലുമില്ലാതെ, നാലാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ ചാരിത്രം കവർന്ന പീഡന വീരനെ ഏതു വിധേനയും സംരക്ഷിക്കുവാൻ വെമ്പൽ കൊള്ളുന്ന ആളുകളാണ് രാമ രാജ്യം ഉണ്ടാക്കുവാൻ നടക്കുന്നത് എന്ന് അണികൾ തിരിച്ചറിയേണ്ടതുണ്ട്.

മുഹമ്മദ് നിസാമുദ്ധീൻ.

Saturday, July 18, 2020

സ്ത്രീകൾക്ക് കയ്യെഴുത്ത് പഠിക്കാമോ?

സ്ത്രീകൾക്ക് കയ്യെഴുത്ത് പഠിക്കാമോ?

കണ്ണൂർ ജില്ലയിലെ പുതിയങ്ങാടി കടപ്പുറത്ത് കടലോര മക്കളുടെ സമൃദ്ധിക്കായി കടലിലേക്ക് പഴം എറിയുന്ന വാർത്ത കണ്ടപ്പോൾ ഓർത്തുപോയ ചില കാര്യങ്ങൾ  കുറിക്കുകയാണ് ഇവിടെ.

ലോകത്ത് കടന്നു വന്നിട്ടുള്ള എല്ലാ മത, രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും കാലക്ക്രമേണ, പിൽ കാലഘട്ടങ്ങളിൽ   പല ദുരാചാരങ്ങളും, അന്ധവിശ്വാസങ്ങളും എല്ലാം തന്നെ കടന്നു കൂടിയിട്ടുണ്ട് എന്നത് ഒരു ചരിത്ര യാഥാർഥ്യമാണ്.

എന്നാൽ ഇത്തരം അപചയങ്ങളെ തിരുത്തുവാനും, പ്രത്യയശാസ്ത്രം മുന്നോട്ട് വെക്കുന്ന യഥാർത്ഥ വിശ്വാസത്തിലേക്കും, പ്രവർത്തനങ്ങളിലേക്കും ജനങ്ങളെ നയിക്കുവാനുമായി പല തിരുത്തൽ ശക്തികളും കടന്നുവന്നതായി കാണുവാൻ സാധിക്കും.

ഭാരതത്തിലെ ഹൈന്ദവ സമൂഹത്തിൽ ഉടലെടുത്ത ശുദ്ധി പ്രസ്ഥാനങ്ങൾ ഇത്തരം തിരുത്തൽ ശക്തികൾക്ക് ഒരു ഉദാഹരണമാണ്.

സതി എന്ന ദുരാചാരത്തിനെതിരെ പ്രവർത്തിക്കുകയും, 1820കളിൽ ബ്രഹ്മസമാജം സ്ഥാപിക്കുകയും ചെയ്ത  രാജാറാം മോഹൻ റോയിയും, വിഗ്രഹാരാധന തെറ്റാണെന്നും, അത് വേദങ്ങൾ പഠിപ്പിച്ചിട്ടില്ല എന്നുമൊക്കെ പ്രാമാണികമായി സ്ഥാപിച്ചുകൊണ്ട് 1870 കളിൽ ആര്യ സമാജം സ്ഥാപിച്ച സ്വാമി ദയാനന്ദ സരസ്വതിയുമൊക്കെ ഇത്തരത്തിൽ തിരുത്തൽ ശക്തികളായി കടന്നുവന്നവരാണ്.

ഇന്ത്യയിലെ വിശിഷ്യാ കേരളത്തിലെ മുസ്ലിം സമൂഹവും ഇത്തരമൊരു അപചയത്തിൽ നിന്നും മുക്തമായിരുന്നിട്ടില്ല എന്നതും ഒരു ചരിത്ര യാഥാർഥ്യമാണ്. അത് നിഷേധിച്ചിട്ട് ഒരു കാര്യവും ഇല്ല.

1920കളിലെ കേരള മുസ്ലിം സമൂഹത്തിൽ നിലനിന്നിരുന്ന ഒരു തർക്കമായിരുന്നു മുസ്ലിം സ്ത്രീകൾക്ക് കയ്യെഴുത്ത് പഠിക്കുന്നത് മതപരമായി അനുവദനീയ്യം ആണോ അല്ലേ എന്നത്!

ഇത്തരമൊരു സാഹചര്യത്തിലാണ്, ഒരു കാലഘട്ടത്തിന്റെ ചരിത്ര പുരുഷനും, അഗാധ പണ്ഡിതനും, നവോത്ഥാന നായകനും, ഇന്ത്യൻ സ്വാത്രത്ര സമരത്തിൽ തന്റെതായ ഭാഗദേയം നിർവഹിക്കുകയും ചെയ്ത മഹാനായ കെ എം മൗലവി(റഹി) കടന്നുവരുന്നത്.

മുസ്ലിം സമൂഹം അക്കാലഘട്ടത്തിൽ ആപതിച്ചിരുന്ന അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ തന്റെ തൂലികകൊണ്ട് പടപൊരുതിയ കെ എം മൗലവി നടത്തിയിരുന്ന പല പ്രസിദ്ധീകരണങ്ങളിൽ ഒന്നായ അൽ ഇസ്‌ലാഹിലേക്ക് വന്ന ഒരു ചോദ്യമായിരുന്നു ഇസ്‌ലാമിൽ ബാലികമാർക്ക് കയ്യെഴുത്ത് പഠിക്കാമോ ഇല്ലേ എന്നത്.

ഇമാം ബുഖാരിയുടെ അദബുൽ മുഫ്രദിലെ ഹദീസും മറ്റുമൊക്കെ ഉദ്ധരിച്ചുകൊണ്ട് അൽപം സുധീർഘവും, പ്രാമാണികവുമായി 1928 ഡിസംബർ മാസത്തിൽ കെ എം മൗലവി നൽകിയ മറുപടി, ആ പഴയ ഭാഷാ ശൈലിയിൽ ഇന്നും ലഭ്യമാണ്.

മദീനയിൽ വെച്ച് ഈ ലോകത്ത് നിന്നും വിടവാങ്ങിയ തിരുദൂതർ മുഹമ്മദ് നബി(സ) യുടെ കാലശേഷം നീണ്ട നാൽപ്പത് വർഷത്തോളം ഒരു പണ്ഡിതയായി വർത്തിച്ച തിരുദൂതരുടെ പ്രിയ പത്നി മഹതി ആയിഷ ബീവിയുടെ ചരിത്രത്തിന്റെ അല്പഭാഗമെങ്കിലും മനസ്സിലാക്കിയവർ ഇസ്‌ലാമിൽ ഒരു സ്ത്രീക്ക് കയ്യെഴുത്ത് പഠിക്കാമോ എന്ന ചോദ്യം ചോദിക്കുമായിരുന്നില്ല. പക്ഷെ സമൂഹത്തെ സമുദ്ധരിക്കേണ്ടവർ അത് ജനങ്ങൾക്ക് പറഞ്ഞു കൊടുത്തില്ല.

കടലിലേക്ക് പഴം എറിയുന്നത് കണ്ടപ്പോൾ ഓർമ്മവരുന്നത് മുകളിൽ സൂചിപ്പിച്ച ഒരു നൂറ്റാണ്ടു മുൻപത്തെ വസ്തുതകളാണ്.

കേരളമുസ്ലീം ജനതയിലെ ഒരു വലിയ വിഭാഗത്തെ നയിക്കുന്ന പാണക്കാട് കുടുംബത്തോടുള്ള ബഹുമാനം നിലനിറുത്തിക്കൊണ്ട് തന്നെ പറയട്ടെ, കടലിലേക്ക് പഴം എറിയുന്ന ചര്യ തിരു ദൂതർ പഠിപ്പിച്ച ചര്യകൾക്ക് വിരുദ്ധമാണ്. ഒരു നൂറ്റാണ്ട് മുൻപ് സമുദായ അകപ്പെട്ടിരുന്ന അന്ധകാരത്തിന്റെ ബാക്കി പത്രമായിട്ടാണ് ഈ  പ്രവർത്തനത്തെ കാണുവാൻ സാധിക്കുന്നത്.

ഒരു ഈത്തപ്പഴത്തിന്റെ ചീളെങ്കിലും പാവപ്പെട്ടവന്ന് ധർമം ചെയ്തുകൊണ്ട് നരക ശിക്ഷയിൽ നിന്നും സ്വന്തത്തെ കാത്തുകൊള്ളുവാൻ പഠിപ്പിച്ച, ഭക്ഷണം കഴിക്കുന്ന വേളയിൽ താഴെ വീണ ഭക്ഷണാംശങ്ങൾ എടുക്കുകയും അതിലെ പൊടി നീക്കി ഭക്ഷിക്കുകയും ചെയ്യുക എന്നൊക്കെ പഠിപ്പിച്ച തിരുദൂദരുടെ ചര്യ പിൻപറ്റുന്ന ഒരാൾക്ക് അന്യായമായി ഭക്ഷണത്തിന്റെ ഒരു കണികപോലും വലിച്ചെറിയുവാൻ സാധിക്കുകയില്ല എന്ന് സ്വന്തത്തെ മറക്കാതെ  ഉണർത്തട്ടെ.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.