Sunday, September 27, 2020

മഹാ ഭാഗ്യം ലഭിച്ചവൻ

മഹാ ഭാഗ്യം ലഭിച്ചവൻ 

മതത്തിൻറെയും വിഭാഗീയതയുടെയും പേരിൽ പരസ്‌പരം പോരടിച്ചും, വെട്ടിനുറുക്കിയും, പോർ വിളിച്ചും നടക്കുന്ന സംഭവങ്ങൾ കണ്ടപ്പോൾ  പരിശുദ്ധ ഖുർആനിലെ ചില വചനങ്ങളിലൂടെയാണ് മനസ്സിൻറെ ചന്തകൾ കടന്നുപോയത്. 

ആ വചനം സംസാരിക്കുന്നത് അല്ലാഹുവിൽ നിന്നും മഹാ ഭാഗ്യം ലഭിച്ച ഒരാളെ കുറിച്ചാണ്.

താൻ ജീവിതത്തിൽ സ്വീകരിച്ച വിശ്വാസത്തിന്റെയും, അതുപ്രകാരമുള്ള പ്രവർത്തനത്തിന്റെയും പേരിൽ,  തന്നെ ഭൂമിയിൽ നിന്നും നിഷ്‌കാസനം ചെയ്യുവാനും, അടിച്ചമർത്തുവാനുമൊക്കെ കോപ്പ് കൂട്ടുന്ന ശത്രുവിനെ നേരിടേണ്ടിവന്ന ഒരാളാണ് ആ ആൾ.

ആ ആൾ ജീവിതത്തിൽ സ്വീകരിച്ച വിശ്വാസത്തെയും, പ്രവർത്തനത്തെയും കുറിച്ച് പറയുന്നത് ഇങ്ങിനെയാണ്.

"അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന്‌ പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക്‌ പറയുന്ന മറ്റാരുണ്ട്‌?" - ഖുർആൻ 41:33.

പരിശുദ്ധ ഖുർആനിന്ന് മുൻപ് ലോകത്തേക്ക് കടന്നുവന്ന സർവ്വ വേദഗ്രന്ഥങ്ങളും അർത്ഥ ശങ്കക്ക് ഇടയില്ലാത്തവിധം ഉൽഘോഷിച്ച  കറകളഞ്ഞ ഏകദൈവ ആരാധനയിൽ വിശ്വസിക്കുകയും, അതനുസരിച്ചുള്ള സൽകർമങ്ങൾ എന്തെല്ലാം ഉണ്ടോ, അതെല്ലാം തന്നെ തന്റെ കഴിവിന്റെ പരമാവധി ചെയ്യുകയും, പൂർവ്വ വേദങ്ങളെയും, ദൈവിക ദൂതന്മാരെയും ഒന്നൊഴിയാതെ സത്ത്യപ്പെടുത്തുകയും ചെയ്യുന്ന ഒരു മുസ്ലിം ആണ് താനെന്ന് വിശ്വാസം കൊണ്ടും പ്രവർത്തനം കൊണ്ടും പ്രഖ്യാപിക്കുകയും, മറ്റുള്ള ആളുകളെ ആ വിശാലമായ  വിശ്വാസത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന ഒരാളാണ് ആ ആൾ.

അങ്ങിനെയുള്ള ഒരാളായി ജീവിക്കുമ്പോൾ ശത്രുക്കൾ ആ വ്യക്തിക്ക്  ഉണ്ടാകുക സ്വാഭാവികമാണ് എന്നതാണ് എക്കാലത്തേയുമുള്ള ചരിത്ര യാഥാർഥ്യം.

ഈ രൂപത്തിൽ ജീവിക്കുന്ന ആൾക്കെതിരെ തിരിയുന്ന ശത്രുവിനോട് ആ വ്യക്തി സ്വീകരിച്ച വളരെ പ്രത്യേകമായതും അതേസമയം ജീവിതത്തിൽ പകർത്തുവാൻ വളരെ പ്രായാസമേറിയതുമായ ഒരു നിലപാടുകൊണ്ടും, ആ നിലപാട് കൊണ്ടുണ്ടായ വമ്പിച്ച മാറ്റം കൊണ്ടുമാണ് മഹാ ഭാഗ്യം ലഭിച്ച ഒരാളായി ആ വ്യക്തി മാറുന്നത്.

ആ ഒരു നിലപാടും അതുകൊണ്ടുണ്ടാകുന്ന അത്യുൽകൃഷ്ടമായ ഒരു മാറ്റത്തെയും കുറിച്ചാണ് പരിശുദ്ധ ഖുർആൻ ഇവിടെ വ്യക്തമാക്കുന്നത്.

"നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത്‌ ഏതോ അത്‌ കൊണ്ട്‌ നീ ( തിന്‍മയെ ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ ( നിന്‍റെ ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു." - ഖുർആൻ 41:34. 

പലവിധത്തിലുള്ള നന്മകളും തിന്മകളും വിശദീകരിക്കുന്നുണ്ടെങ്കിലും, ഏറ്റവും വലിയ നന്മയായി പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് സകല സൃഷ്ടിപൂജകളിൽ നിന്നും മുക്തമായ കറകളഞ്ഞ ഏകദൈവ ആരാധനയാണ്. ഏറ്റവും വലിയ തിന്മയായി പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് ആ ഏക ദൈവ വിശ്വാസത്തിന്ന് കടക വിരുദ്ധമായ ബഹുദൈവ ആരാധനയുമാണ്.

നല്ലതും ചീത്തയും സമമാകുകയില്ല എന്ന് പറയുമ്പോൾ അതിൽ ഏറ്റവും പ്രധാനം ഏകദൈവ ആരാധനയും ബഹുദൈവ ആരാധനയും സമമാകുകയില്ല എന്നതാണ്. ഇത് ബഹുജന മധ്യത്തിൽ പറയുമ്പോൾ ശത്രുക്കൾ ഉണ്ടാകുക എന്നത് സ്വാഭാവികമാണ്.

കുടുംബക്കാരെയും, നാട്ടുകാരെയുമൊക്കെ സഫാ കുന്നിൻറെ താഴ്വരയിൽ വിളിച്ചുകൂട്ടിക്കൊണ്ട് ആരാധനക്ക് അർഹൻ ഏകനായ അല്ലാഹു മാത്രമാണ് എന്ന് പറഞ്ഞത് കാരണത്താലാണ് തിരുദൂതർ മുഹമ്മദ് നബി(സ)ക്ക് സ്വന്തം പിതാവിന്റെ സഹോദരനിൽ നിന്നും തുടങ്ങി, ജീവിതത്തിൽ ഉടനീളം പ്രയാസങ്ങളെയും, ബഹിഷ്കരണങ്ങളെയും, നിഷ്കാസന ശ്രമങ്ങളെയുമെല്ലാം അഭിമുഖീകരിക്കേണ്ടി വന്നത്.

ഈ രൂപത്തിൽ ശത്രുവിൽ നിന്നും ഉണ്ടാകുന്ന തിന്മകളെ, മറ്റൊരു തിന്മ കൊണ്ട് നേരിടാതെ, നന്മകൊണ്ട് പ്രതിരോധിക്കുവാനാണ് പരിശുദ്ധ ഖുർആനും അതിന്റെ വ്യാഖ്യാനമായ തിരുദൂതരും ആഹ്വാനം ചെയ്യുന്നത്. അതിന്റെ ഫലമായി വെട്ടാനും കൊല്ലാനും നടന്നിരുന്ന ശത്രുവതാ ഉറ്റ മിത്രമായിത്തീരുന്നു!

കനലെരിയുന്ന വഴികളിൽ ഊരിപ്പിടിച്ച വാളുമായി തിരുദൂതർ മുഹമ്മദ് നബി(സ)യെയും അനുചരന്മാരെയും ഏതു വിധേനയും വകവരുത്തുവാൻ തുനിഞ്ഞവർ ധാരാളമുണ്ടായിരുന്നു. 

മക്കയിലെ പ്രധാനികളായിരുന്ന ഉമർ ബിൻ ഖത്താബും, അബൂ സുഫ്‌യാനും, ഖാലിദ് ബിൻ വലീദുമൊക്കെ ഇത്തരുണത്തിൽ തിരുദൂതരുടെ ശത്രുക്കളായിരുന്ന പല പേരുകളിൽ ചിലത് മാത്രമാണ്.

കാലത്തിന്റെ മഹാ പ്രയാണത്തിൽ ഏതൊരു വ്യക്തിയുടെ ജീവൻ കവരുവാൻ വേണ്ടി ഇപ്പറഞ്ഞവർ വാളെടുത്തോ, പിൽകാലത്ത് അതേ വ്യക്തിയുടെ ജീവന്ന്  സംരക്ഷണം നൽകുവാൻ  വേണ്ടി ഇപ്പറഞ്ഞവർ തന്നെ വാളെടുത്ത  പരിവർത്തനത്തിന്റെ ഉജ്ജ്വലമായ ചരിത്രമാണ് തിരുദൂതർ മുഹമ്മദ് നബി(സ) ലോകർക്ക് മുൻപിൽ  കാഴ്ചവെച്ചത്.

കഠിന ശത്രുക്കളെ തന്റെ ഉറ്റ മിത്രങ്ങളാക്കി മാറ്റിയ ആ പരിവർത്തനത്തിന്റെ പിന്നിലുള്ള ഏറ്റവും വലിയ ചാലക ശക്തിയെകുറിച്ച് പരിശുദ്ധ ഖുർആൻ പറയുന്നത് ഇങ്ങിനെയാണ്.

"ക്ഷമ കൈക്കൊണ്ടവര്‍ക്കല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നല്‍കപ്പെടുകയില്ല." - ഖുർആൻ  41:35. 
   
ഒരു വിശ്വാസം ഉൾക്കൊള്ളുകയും അതിലേക്ക് ജനങ്ങളെ ക്ഷണിച്ചു എന്നതിന്റെ പേരിൽ മാത്രം നിഷ്കാസിതരാക്കുവാൻ നടക്കുന്ന ആളുകളോട് ക്ഷമ കാണിക്കുകയോ? അവരോട് നന്മ ചെയ്യുകയോ?  എങ്ങിനെ സാധിക്കും അത്? 

എങ്ങിനെ ഈ വചനം ഉൾക്കൊള്ളും എന്ന് പലപ്പോഴും ആലോചിട്ടുണ്ട്. ഇത്തരമൊരു ചിന്തയും അതിനുള്ള ഉത്തരവുമാണ് ആധുനിക ഖുർആൻ വ്യാഖ്യാതാക്കളിൽ പ്രമുഖനായ ഷെയ്ഖ്  അബ്ദുറഹ്മാൻ ഇബ്നു  നാസ്വിർ അസ്സഅദി(റഹി) ഈ വചനത്തെ വിശദീകരിച്ചുകൊണ്ട് പറയുന്നത്.

"തങ്ങളുടെ മനസ്സ് കൽപ്പിക്കുന്നതിന്ന് വിരുദ്ധമായി അതിനെ പിടിച്ചുവെക്കുകയും  അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യത്തിന്ന് വേണ്ടി മനസ്സിനെ  നിർബന്ധിക്കുകയും ചെയ്യുന്ന ഒരാൾക്കല്ലാതെ ഈ നല്ല സ്വഭാവത്തിനുള്ള അർഹത ലഭിക്കുകയില്ല

തന്നോട് തിന്മ ചെയ്യുന്നവനെ തിന്മ കൊണ്ട് നേരിടുവാനും, മാപ്പ് കൊടുക്കാതിരിക്കുവാനുമാണ് തീർച്ചയായും ഒരാളുടെ മനസ്സ് അവനോട് കൽപ്പിക്കുന്നത് എന്നിരിക്കെ എങ്ങിനെയാണ് നന്മ ചെയ്യുവാൻ സാധിക്കുക?

എന്നാൽ ഒരാൾ തൻറെ ദേഹത്തെ ക്ഷമിച്ചുകൊണ്ട് പിടിച്ചുവെക്കുകയും, തന്റെ രക്ഷിതാവിന്റെ കൽപ്പന നിറവേറ്റുകയും, അതുമൂലം അല്ലാഹു നൽകുന്ന വിശാലമായ പ്രതിഫലത്തെ മനസ്സിലാക്കുകയും, തിന്മയെ തിന്മകൊണ്ട് നേരിടുന്നതുകൊണ്ട് യാതൊരു ഫലവും ഇല്ല എന്നും, പകരം ശത്രുത വര്ദ്ധിക്കുവാനേ അത് കാരണമാകൂ എന്നും മനസ്സിലാക്കി, അവനിലേക്ക് നന്മ പ്രവൃത്തിക്കുകയും ചെയ്‌താൽ അത് അവൻറെ സ്ഥാനത്തെ ഒരിക്കലും താഴ്ത്തിക്കളയുകയില്ല,  മറിച്ച്  അല്ലാഹുവിനുവേണ്ടി ഒരാൾ താഴ്ന്നുകൊടുത്താൽ അല്ലാഹു അവന്റെ പദവി ഉയർത്തുകയും അങ്ങിനെ അവന്റെ കാര്യങ്ങൾ എളുപ്പമാകുകയും, ആ കാര്യങ്ങൾ ഒരു ആസ്വാധനാ മനോഭാവത്തോടുകൂടി ചെയ്യുവാനും സാധിക്കും." -  തഫ്സീർ അസ്സഅദി, ഖുർആൻ  41:35.

"തല്ലു കൊള്ളികൾ" എന്ന വിശേഷണം ചിലപ്പോൾ ഈ നിലപാട് സ്വീകരിക്കാൻ ശ്രമിക്കുന്ന ആളുകൾക്ക് മേൽ ചാർത്തപ്പെട്ടെക്കാം! എന്നാൽ  പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തിയ പല ദൈവദൂതന്മാരും ഇത്തരുണത്തിൽ തല്ലുകൊണ്ടവരായിരുന്നു എന്ന യാഥാർഥ്യമാണ് ഖുർആനിക  വചനങ്ങൾ  11:91, 26:116, 36:18 എന്നിവ വ്യക്തമാക്കുന്നത്.

മക്കയിലെ പീഡനങ്ങൾ സഹിക്കവയ്യാതെ, ത്വായിഫിലേക്ക് പലായനം ചെയ്യുകയും, രക്ഷ ലഭിക്കുന്നതിന്ന് പകരം, കുട്ടികളാൽ കല്ലേറ് ലഭിക്കുകയും,  തന്റെ പാദരക്ഷക്കുള്ളിൽ രക്തം തളം കെട്ടിനിൽക്കുമാര്  ശരീരത്തിൽ നിന്നും രക്തം വാർന്നൊലിച്ചുകൊണ്ട് അവിടം വിടേണ്ടിവന്നിട്ടുപോലും ആ ജനതക്ക് മാപ്പ് കൊടുക്കണം എന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ച തിരുദൂതർ മുഹമ്മദ് നബി(സ)യുടെ മാതൃകയിൽനിന്നും ഊർജം നേടുവാൻ അവിടുത്തെ ചര്യകൾ പിൻപറ്റുന്ന ആളുകൾക്ക് സാധിക്കേണ്ടതുണ്ട്. 

ഒരു രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയിൽ തിരു ദൂതർ മുഹമ്മദ് നബി(സ) തൻറെ പ്രജകൾക്ക് നേരെ വന്ന സൈനികമായ ആക്രമണങ്ങളെ സൈനികമായിട്ട് തന്നെ നേരിട്ടിരുന്നു എന്നത് ഐതിഹാസികമായ ആ ജീവിതത്തിന്റെ മറ്റൊരുതലമായിരുന്നു എന്നത് സാന്ദർഭികമായി സൂചിപ്പിക്കുകയാണ്.

ഭരണാധികാരി ആയിരിക്കെ തന്നെ, ജൂത മത വിശ്വാസിയായ ഒരു സ്ത്രീയാൽ ഭക്ഷണത്തിലൂടെ വിഷം നൽകപ്പെട്ട്,  മരണത്തിന്റെ വക്കിൽ നിന്നും ദൈവ സഹായം ഒന്നുകൊണ്ട് മാത്രം രക്ഷപ്പെടുകയും, വിഷം ചേർത്ത ആ സ്ത്രീയോട് പോലും വിട്ട് വീഴ്ച്ച കാണിച്ച, ക്ഷമയുടെ നെല്ലിപ്പടി മുതൽ വിട്ടുവീഴ്ചയുടെ മഹാ പർവ്വം  വരെ താണ്ടിയ തിരുദൂതർ മുഹമ്മദ് നബി(സ) നിലപാടുകളും, തീരുമാനങ്ങളും, ആ ചര്യകൾ അനുധാവനം ചെയ്യുന്ന ആളുകൾക്ക് പ്രചോദനം നൽകേണ്ടതുണ്ട്, ഉദാത്തമായ മാതൃകകൾ സൃഷ്ടിക്കുവാൻ സഹായമാകേണ്ടതുണ്ട്, അല്ലാഹു അതിന്ന് എല്ലാവിധ അനുഗ്രഹങ്ങളും വർഷിക്കുമാറാകട്ടെ.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.