Saturday, July 23, 2022

​നാണമില്ലേ?

നാണം എന്ന വികാരത്തിന്നും, ആ നാണം മറക്കുന്നതിന്നുമൊക്കെ മനുഷ്യന്റെ ഉത്ഭവത്തോളം പഴക്കമുണ്ട്.

ഏതെങ്കിലും ആളുകൾ പിൽകാലത്ത് പുതുതായി കൊണ്ടുവന്ന ഒരു വികാരമല്ല നാണം. അത് ഓരോ മനുഷ്യന്റെയും ഉള്ളിൽ വ്യത്യസ്തങ്ങളായ അളവിൽ കുടികൊള്ളുന്നുണ്ട്.

മരത്തിന്റെ ഇലകൾകൊണ്ടും മൃഗങ്ങളുടെ തോലുകൾകൊണ്ടും നാണം മറച്ചിരുന്ന ആദിമ മനുഷ്യനിൽ നിന്നും തുടങ്ങി ഏക്കറുകളോളം വിശാലമായ ബില്യൺ ഡോളറുകൾ കണക്കെ വളർന്നു പന്തലിച്ച വസ്ത്ര നിർമ്മാണ, വിപണന, വിതരണ ശൃഖലകളിൽ എത്തി നിൽക്കുന്ന മനുഷ്യന്റെ വളർച്ച ഇപ്പറഞ്ഞതിന്റെ ഒരു സാദൂകരണമയി കാണുന്നു.

മനുഷ്യരാശി കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ അതിന്റെ അടിത്തട്ടിൽ വർത്തിച്ച സുപ്രധാന ഘടകം ഏതാണെന്നു ചോദിച്ചാൽ അത് കുടുംബം എന്ന സാമൂഹിക വ്യവസ്ഥിതിയാണ്.

മറ്റുള്ളവരുടെ മുന്നിൽപെടാതെ ഇണകൾ മറച്ചുപിടിക്കുന്നത് അവർ തമ്മിൽ മാത്രം പങ്കുവെക്കേണ്ട ആ നാണമാണ്. ആ നാണം വേറെ ഒരാൾക്ക് മുന്നിൽ കാണിക്കുകയില്ല എന്ന നിഷ്ടയാണ് ആ ബന്ധത്തിന്റെ അച്ചുതണ്ടായി വർത്തിക്കുന്നത്. ആ നിഷ്ടക്ക് ഉണ്ടാകുന്ന ഏതൊരു വ്യതിയാനവും ആ ബന്ധത്തിന് വലിയ വിഘാതങ്ങൾ സൃഷ്ടിക്കുവാൻ ഉതകുന്നതാണ്.

"പാറി നടക്കും പറവകളൊന്നും വേളി കഴിക്കാറില്ല" എന്ന കവിതാ ശകലമൊക്കെ യുവതയിലേക്ക് എറിഞ്ഞുകൊടുത്തുകൊണ്ട് എല്ലാ നാണക്കേടുകൾക്കും കയ്യടിക്കുന്നവർ കുടുംബം എന്ന മനുഷ്യ നാഗരികതയുടെ അടിത്തറ പൊളിക്കാനുള്ള ശ്രമമാണ് അറിഞ്ഞോ അറിയാതെയോ നടത്തുന്നത്.

അതേ സമയം സ്വന്തത്തിന്ന് നേരെയോ അല്ലെങ്കിൽ അവർക്ക് വേണ്ടപ്പെട്ടവർക്ക് നേരെയോ ഇത്തരം സമീപനങ്ങൾ ഉണ്ടായാൽ അയ്യോ നാണമില്ലേ "കൺസൻറ്" ചോദിക്കുന്നേ എന്നൊക്കെ പറഞ്ഞുകൊണ്ട് ബഹളം വെക്കുകയും ചെയ്യും.

തങ്ങളുടെ നാണം മറക്കുന്നതിന്റെ ഭാഗമായി ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളോട് ഹിജാബാണോ പരീക്ഷയാണോ വലുത്, അതൊന്നു അഴിച്ചുകൂടെ എന്നൊക്കെ ഒരു നാണവുമില്ലാതെ കുറച്ചു മുമ്പ് ചോദിച്ചവരോട്, നിങ്ങൾക്ക് അടിവസ്ത്രമാണോ അതോ പരീക്ഷയാണോ വലുത് എന്ന് ചോദിക്കുമ്പോൾ അതൊരു നാണക്കേടായി മാറിയത് ലിബറലിസം എന്ന പേരിൽ അവർ മുന്നോട്ട് വെക്കുന്ന ആശയത്തിന്റെ ദൗർബല്യമാണ് കാണിക്കുന്നത്.

മൃഗങ്ങളിൽ നിന്നെങ്കിലും ഇത്തരം ആളുകൾക്ക് കുറച്ചൊരു ബോധം ഉൾകൊള്ളാൻ കഴിയും എന്നാണ് അവരുടെ ജീവിതത്തെ കുറിച്ച് പഠിക്കുമ്പോൾ മനസ്സിലാക്കുവാൻ സാധിക്കുന്നത്.

കാട്ടിലെ രാജാവായ സിംഹങ്ങളുടെ ജീവിതം പരിശോധിച്ചാൽ അവർക്കിടയിൽ നിൽക്കുന്ന നിയന്ത്രണങ്ങളും നിയമങ്ങളുമൊക്കെ കാണാവുന്നതാണ്.

കാടിന്റെ വലിയ ഒരുചുറ്റളവ്‌ തങ്ങളുടെ കേന്ദ്രമാക്കി ഒരുമിച്ചു ജീവിക്കുന്ന കുറച്ച് ആൺ സിംഹങ്ങളും കുറച്ചു പെൺ സിംഹങ്ങളും അടങ്ങുന്നതാണ് ഒരു ലയൺ പ്രൈഡ് എന്ന് വിളിക്കുന്നത്. ആ ഗ്രൂപ്പിനകത്തേക്ക്, പുറത്തുള്ള ഒരു സിംഹത്തെയും പ്രേത്യേകിച്ച് ഒരു ആൺ സിംഹത്തെയും അവർ കയറ്റില്ല. പെൺ സിംഹത്തിന്റെ പ്രധാനപ്പെട്ട ജോലി ഇരപിടിക്കലാണെങ്കിൽ ആൺ സിംഹത്തിന്റെ പ്രധാന ജോലി പരിസര നിരീക്ഷണമാണ്. പുറത്തു നിന്നും ഏതെങ്കിലും സിംഹങ്ങൾ അകത്തോട്ട് കയറാൻ നോക്കുന്നുണ്ടോ എന്നതാണ് അതിൽ പ്രധാനമായും ഉള്ളത്. ആ ഗ്രൂപ്പിനകത്തുള്ള പെൺ സിംഹമോ, ആൺ സിംഹമോ പുറത്തുള്ള മറ്റൊരു സിംഹവുമായി നാണം പങ്കിടില്ല എന്നത് തെല്ലൊരു അത്ഭുതത്തോടു കൂടിയാണ് നോക്കിക്കണ്ടത്.

സിംഹത്തിന്റെ കുട്ടികൾ വലുതായി വന്നാൽ, ആൺ കുട്ടിയാണെങ്കിൽ അവനെ ഒരു ഭാവി ഭീഷണിയായിക്കണ്ടുകൊണ്ട് ആ ഗ്രൂപ്പിൽ നിന്നും പുറത്തേക്ക് ഓടിച്ചു വിടുന്നതും അവർക്കികയിൽ നടക്കുന്നുണ്ട്. ഇങ്ങിനെ തങ്ങളുടെ ഗ്രൂപ്പിൽപെട്ട പെൺ സിംഹങ്ങളുടെ നാണം സംരക്ഷിക്കുന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്വമായിട്ടാണ് ആൺ സിംഹങ്ങൾ കാണുന്നത് എന്നതൊക്കെയാണ് അതുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററികൾ കാണിക്കുന്നത്.

മൃഗങ്ങളിൽ പോലും പാറി നടന്ന്‌ വേളികഴിക്കാത്ത നാണം കൊണ്ടുനടക്കുന്ന ആളുകൾ ഉണ്ട് എന്നാണ് പറഞ്ഞുവരുന്നത്.

ചിത്രത്തിൽ കാണുന്നത് Hornbil എന്ന ഒരുതരം വേഴാമ്പൽ പക്ഷിയാണ്. ഈ ഇനത്തിൽപെട്ട ഒരു ആൺ പക്ഷിയുടെയും പെൺ പക്ഷിയുടെയും ഇടയിൽ ഒരു ബന്ധം സ്ഥാപിക്കപ്പെട്ടാൽ അത് ജീവിതാവസാനം വരേയ്ക്കും നിലനിൽക്കും എന്നാണ് BBC യുടെ Life On Earth എന്ന വിഖ്യാത ഡോക്യൂമെന്ററിയുടെ ഉപജ്ഞാതാവും, നാച്ചുറൽ ഹിസ്റ്റോറിയനുമായ ഡേവിഡ് അറ്റെൻബൊറോയുടെ നിരീക്ഷണത്തിൽ കണ്ടെത്തിയത്. ആ രണ്ട് പക്ഷികളാണ് ചിത്രത്തിൽ ഉള്ളത്.

അപ്പോൾ പക്ഷികളിലും പാറി നടന്ന് വേളികഴിക്കാത്തവർ ഉണ്ട് എന്നാണ് മനസ്സിലാകുന്നത്.

തിന്മകളിലേക്ക് ഉൾവലിയുവാൻ പ്രേരണ നൽകുന്ന മനുഷ്യ മനസ്സിന്റെ ഉടമയാണെങ്കിലും അതിൽ നിന്നും രക്ഷപ്പെടണം എന്ന ബോധ്യമാണ് മനസ്സിനെ മുന്നോട്ട് നയിക്കുനത്, ആ
ബോധ്യത്തിന്റെ ചിന്തകളും നിരീക്ഷണങ്ങളും ആണ് ഇവിടെ കോറിയിടുവാൻ ശ്രമിക്കുന്നത്.

മുഹമ്മദ് നിസാമുദ്ധീൻ

Sunday, March 6, 2022

ഭൂമിക്കടിയിൽ തിളച്ചു മറിയുന്ന ലാവയുടെ ഒരു ഉപരിതല കുമിള മാത്രമാണ് യുക്രൈൻ

സോവിയറ്റ് യൂണിയന്റെ പതനത്തിന്ന് ശേഷം ഒരു ഏക ലോക ക്രമത്തിന്ന് വേണ്ടി ശ്രമിക്കുകയും അതിൽ ഒരു പാട് വിജയിക്കുകയും ചെയ്‌ത രാജ്യമാണ് അമേരിക്ക.

യൂറോപ്പിലും (ജർമനി, ഇറ്റലി, പോളണ്ട് ...), ആഫ്രിക്കയിലും (ജിബൂട്ടി, നൈജർ, ഘാന..), മിഡിൽ ഈസ്റ്റിലും(ബഹ്‌റൈൻ, ഇറാക്ക്,  ഖത്തർ...), ഏഷ്യയിലും (ജപ്പാൻ, സൗത്ത് കൊറിയ...) എന്ന് തുടങ്ങിയ രാജ്യങ്ങളിൽ  എല്ലാം തന്നെ വിശാലമായ സൈനിക സാന്നിധ്യം ഉറപ്പിക്കുവാൻ അമേരിക്കക്ക് സാധിച്ചിട്ടുണ്ട്.

രാഷ്ട്രീയ നിരീക്ഷകരുടെ ഭാഷയിൽ പറഞ്ഞാൽ, എവിടെയെല്ലാം അമേരിക്കയുടെ സൈനിക സാന്നിധ്യം ഉണ്ടോ, ആ രാജ്യങ്ങൾ എല്ലാം അനൗദ്യോഗികമായി അമേരിക്കയുടെ സമ്പൂർണ്ണ കൈപ്പിടിയിലാണ്. ഇത്തരം രാജ്യങ്ങൾ  പുറമെ പരമാധികാര രാഷ്ട്രങ്ങൾ എന്ന് തോന്നുമ്പോഴും, ആരുടെ കൈപിടിയിലാണോ ആ രാജ്യം അവരുടെ ഇങ്ങിതങ്ങൾക്ക് അനുസരിച്ചേ തന്ത്രപ്രധാനമായ തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കുകയുള്ളൂ.

അതേസമയം മറുഭാഗത്ത്, രാജ്യത്തിന്റെ വമ്പിച്ച പൊതു സ്വത്തായ പ്രകൃതി വിഭവങ്ങൾ കോർപറേറ്റ് മാഫിയകൾ കാർന്നു തിന്നുകയും, ബഹുജനങ്ങൾ കടുത്ത പട്ടിണിയേലേക്കും സാമ്പത്തിക തകർച്ചയിലേക്കുമൊക്കെ കൂപ്പുകുത്തിയപ്പോൾ, ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ റഷ്യയെ  ഉയർത്തിക്കൊണ്ടുവന്ന വ്ളാഡിമിർ പുടിൻ എന്ന ഭരണാധികാരിയുടെ നിശ്ചയദാർഢ്യമാണ് കാണുന്നത്.

വ്ളാഡിമിർ പുടിന്റെ ആദ്യത്തെ എട്ടുവർഷത്തെ ഭരണം അടിസ്ഥാനമാക്കി ബിബിസി നിർമിച്ച ഡോക്യൂമെന്ററിയിൽ അദ്ദേഹത്തിന്റെ ഭരണ മികവിൽ  റഷ്യ എങ്ങിനെ ഉയിർത്തെഴുന്നേറ്റു എന്നത്  വരച്ചു കാണിക്കുന്നുണ്ട്.

1992ൽ നിറുത്തിവെച്ച, സോവിയറ്റ് കാലഘട്ടത്തിൽ മാത്രമുണ്ടായിരുന്ന ദീർഘദൂര ന്യൂക്ലിയർ ബോംബർ  വിമാനങ്ങളുടെ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ ആകാശ അതിർത്തികളിലൂടെ നടത്തിയിരുന്ന  നിരീക്ഷണപ്പറക്കൽ പുട്ടിന്റെ ഭരണത്തിൽ 2007ൽ വീണ്ടും ആരംഭിച്ചത് ഒരു ഭീഷണിയായി അമേരിക്ക കണ്ടു. 

അങ്ങിനെ പട്ടിണിയിലും പരിവട്ടത്തിലും കഴിഞ്ഞിരുന്ന റഷ്യ, വ്ളാദിമിർ പുട്ടിന്റെ കീഴിൽ ഉയിർത്തെഴുന്നേൽപ്പ് നടത്തുകയും, അമേരിക്കയുടെ ഏക ലോകക്രമത്തിന്ന് വഴങ്ങാതെ ഒരു  വിലങ്ങുതടിയുമായപ്പോൾ  മുതൽ തിരിച്ചുവന്ന ശീതയുദ്ധത്തിന്റെ പുതിയ ഒരു ഇര മാത്രമാണ് യുക്രൈൻ എന്ന രാജ്യം.

ആയുദ്ധം കൊണ്ടും, ടെക്‌നോളജി കൊണ്ടും, സമ്പത്ത്കൊണ്ടുമൊക്കെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്നുവന്ന റഷ്യയുമായി, ഒരു അയൽ രാജ്യം എന്ന നിലക്ക്, നല്ല ബന്ധം സ്ഥാപിച്ചെടുക്കുക എന്നതായിരുന്നു യുക്രൈനിനെ സംബന്ധിച്ചിടത്തോളം അഭികാമ്യമായിരുന്നത്.

പരസ്പരം അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ, കഴിവിന്റെ പരമാവധി നല്ല ഒരു ബന്ധങ്ങൾ നിലനിർത്തിയാൽ അത് അതാത് രാജ്യങ്ങൾക്ക് വലിയ മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല. ഒരുപാട് വിലപ്പെട്ട ജീവനുകളും, ആയുധങ്ങൾ വാങ്ങുവാൻ ഉപയോഗിക്കുന്ന പണവുമൊക്കെ നഷ്ടപ്പെടാതെ നോക്കാം.

എന്നാൽ, പരസ്പരം നല്ല നിലയിൽ കഴിയുന്ന, അല്ലെങ്കിൽ കഴിയുമായിരുന്ന രണ്ട് രാജ്യങ്ങളെ തമ്മിൽ തെറ്റിച്ചുകൊണ്ട് ആയുദ്ധക്കച്ചവടം നടത്താൻ മൂന്നാമതൊരു രാജ്യം ശ്രമിച്ചാൽ, ആ ശ്രമം രണ്ട് അയൽരാജ്യങ്ങളിൽ ഒരാൾക്കെങ്കിലും മനസ്സിലാവാതെ പോയാൽ, അവിടെ ആ രണ്ടു രാജ്യങ്ങളും വലിയ വില കൊടുക്കേണ്ടിവരും.

കുറേ കോഴികളെ കശാപ്പ് ചെയ്ത്, അതിന്റെ ചോര ഊറ്റിക്കുടിച്ച്, ഇറച്ചിയും എല്ലും ഒക്കെ തിന്നുകയും, വേറെ  കുറേ കോഴികളെ ഒരു കയ്യിൽ ചങ്ക് ഞെരിച്ചുകൊണ്ടിരിക്കെ, തന്റെ കൈപ്പിടിയിൽ ഇല്ലാത്ത ഒരു  കോഴിയെ പിടിക്കുവാൻ നോക്കുന്ന വേറെ ഒരാളോട് നീ ആ കോഴിയെ വെറുതെ വിടെടാ, ആ കോഴി ഒരു പാവമാണ് എന്ന് പറയുന്നതാണ് ദൗർഭാഗ്യവശാൽ ഇന്നിന്റെ ആഗോള രാഷ്ട്രീയത്തിലെ ശരി എന്ന് പറയുന്നത്.

ഈ ചങ്ക് ഞെരിക്കലൊക്കെ സൗകര്യപൂർവ്വം കണ്ടില്ല എന്ന് നടിച്ചുകൊണ്ട്, ഇപ്പോൾ  യുക്രൈനിൽ നടക്കുന്ന യുദ്ധം കണ്ടുകൊണ്ട് വലിയ നീതിബോധം പുറത്തുചാടിയവർ നട്ടെല്ലിന്ന് വളവുള്ളവർ ആണ് എന്നാണ് അഭിപ്രായം.

യുക്രൈനിലെ ജനങ്ങൾ ചെറുത്തു നിൽപ്പിന്ന് വേണ്ടി ആയുദ്ധമെടുത്തപ്പോൾ അതിനെ പലരും പ്രകീർത്തിക്കുന്നു, അതേ സമയം ചങ്ക് നെരിക്കപ്പെട്ട്, ചോരതുപ്പിയ മറ്റു ചില രാജ്യങ്ങളിലെ ജനങ്ങൾ ആയുദ്ധമെടുത്താൽ, അതിനെ തീവ്രവാദ മുദ്രചാർത്തുകയും ചെയ്യും!

സ്വന്തം രാജ്യത്തെ അധിനിവേശ ശക്തികളിൽ നിന്നും മോചിപ്പിക്കാൻ ആയുധമേന്തിയ ചില രാജ്യത്തിലെ  ജനങ്ങളെ   തീവ്രവാദ മുദ്ര ചാർത്തുവാൻ  കാരണമായി ഇത്തരക്കാർ പറയുന്നത് അവിടുത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ മതമാണത്രെ!  

സ്വന്തം പഠിച്ചു, മനസ്സിലാക്കി, സ്വന്തം ഇഷ്ട്ടപ്രകാരം ആ മതത്തെ സ്വന്തം ജീവിതത്തിലേക്ക് കൊണ്ടുവന്നാൽ, ഇപ്പറഞ്ഞ തീവ്രവാദ മുദ്ര അന്യായമായി ചാർത്തപ്പെട്ട രാജ്യങ്ങളിലേക്ക് ആട് മേയ്ക്കാൻ പോകുവാനാണ് എന്നതാണ് മറ്റൊരു വമ്പൻ കണ്ടുപിടുത്തം!

സർ ഐസക്ക് ന്യൂട്ടൻ പോലും മുകളിൽ നിന്നും താഴോട്ട് എങ്ങിനെ വീഴുന്നു എന്നാണ് ചിന്തിച്ചത്. ഇത് ഒരുമാതിരി എന്തുമാത്രം വളഞ്ഞു പുളഞ്ഞൊരു ചിന്തയും, കണ്ടുപിടിത്തവും!

അതിനിടക്ക് ഒരുകാര്യം പറയട്ടെ, ആടിനെ മേയ്ക്കൽ ഒരു മോശം ജോലി ഒന്നും അല്ല. സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ഉണ്ടാകുന്ന പണം കൊണ്ട് വാങ്ങിക്കഴിക്കുന്ന ഭക്ഷണത്തിന്ന് ഒരു പാട് രുചി ഉണ്ടാകും, മാനസിക സംതൃപ്തി എന്നിവയൊക്കെ ഉണ്ടാകും.

ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും അമേരിക്ക പോലുള്ള രാജ്യങ്ങൾ ആട് മേയ്ക്കുവാൻ മാത്രം പ്രത്യേകം വിസ തന്നെ മറ്റു രാജ്യക്കാർക്ക് നൽകുന്നുണ്ട്!  H-2A Sheep/Goat Herders എന്ന പേരിലാണ് ഈ വിസ അറിയപ്പെടുന്നത്. അപ്പോൾ ശരിക്കും ആട് മേയ്ക്കാൻ വേണ്ടി വിസ എടുത്ത് ഒരാൾ അമേരിക്കയിൽ പോയാൽ, മുകളിൽ സൂചിപ്പിച്ച അപവാദപ്രചാരണക്കാർ എന്ത് ചെയ്യും? 

"In God We Trust" എന്നത് ഔദ്യോഗികമായ  മുദ്രാവാക്യമായി സ്വീകരിച്ച അമേരിക്കയിലെ ഭൂരിപക്ഷ മതത്തിന്ന് ആട് മേയ്ക്കാൻ പ്രത്യക വിസ തന്നെ നൽകുന്നതിൽ ഈ അപവാദപ്രചാരണക്കാർ കുറ്റം കണ്ടെത്തുമോ?

എന്നാൽ കാര്യം ഇതൊന്നുമല്ല. തങ്ങളുടെ ഇച്ഛകൾക്കും, അജണ്ടകൾക്കുമൊക്കെ അനുസൃതമായുള്ള കാര്യങ്ങളെ മാത്രം വലിയ ശരികളായും, നീതിബോധമായുമൊക്കെ കൊണ്ടുനടക്കുകയും, ഒരു വേള എല്ലാം വെടക്കാക്കി തനിക്കാക്കുന്ന ആ മനോഭാവവുമാണ് യഥാർത്ഥ വില്ലന്മാർ, അതാണ് ആദ്യം മാറ്റേണ്ടത് എന്നാണ് അഭിപ്രായം.

നീതിയുടെ തുലാസിൽ എല്ലാരും സമന്മാരാണ്, അവിടെ മതമോ, രാജ്യമോ, അധികാരമോ, പണമോ, തൊലിയുടെ നിറമോ, ഭാഷയോ  മറ്റോ ഒന്നും തന്നെ സ്വാധീനം ചെലുത്തുകയില്ല. അധമന്മാരായ ഭരണ കൂടങ്ങളെയും, ജനപഥങ്ങളെയുമൊക്കെ കാലം ഒരുപാട് കടപുഴക്കി എറിഞ്ഞിട്ടുണ്ട്. അത്തരമൊരു ചരിത്രത്തിന്റെ ആവർത്തനത്തിന്ന് വേണ്ടി കാതോർക്കാം.

മുഹമ്മദ് നിസാമുദ്ധീൻ