Sunday, June 14, 2020

കറുപ്പിന്റെ അഴക്

കറുപ്പിന്റെ അഴക് 

അമേരിക്കയിലെ മിനിയപോളീസ്‌ നഗരത്തിലെ  കനൽ അടങ്ങിയിട്ടില്ല.

ഏതാനും വർഷങ്ങൾക്ക് മുൻപ് ജോലി ആവശ്യാർത്ഥം മിനിയപോളീസിൽ  പോയപ്പോൾ താമസിച്ച ഈഡൻ പ്രാരിയിലെ ഹോട്ടലിൽ നിന്നും പത്ത് മിനുട്ട് സഞ്ചരിച്ചാൽ എത്തുന്ന ഒരു സ്ഥലത്ത് വെച്ചാണ്  ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടത്. 

ഈഡൻ പ്രാരിയിൽ തീർത്തും അപ്രതീക്ഷിതമായി എനിക്ക് വീണുകിട്ടിയ ഒരു നിധിയായിരുന്നു ഡിഗ്രിക്ക് കൂടെപഠിച്ചിരുന്ന ബിനീഷ് മാത്യു. അങ്ങിനെ അവന്റെ കൂടെ ആഴ്ച്ച തോറും നടത്താറുള്ള കറക്കത്തിൽ കണ്ട പല സ്ഥലങ്ങളിലും ഇന്ന് അശാന്തി പടർന്നിരിക്കുന്നത് കാണുമ്പോൾ വല്ലാത്ത ഒരു വിഷമം ഉണ്ട്.

കറുത്തവനും വെളുത്തവനും തമ്മിൽ നിലനിൽക്കുന്ന ഈ കുടിപ്പകയുടെ കാരണം എന്താണ് എന്നത് അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രം സ്വൽപമെങ്കിലും വായിച്ചവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാം.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അടിമകളായി പിടിച്ചുകൊണ്ടുവന്ന് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ യഥാർത്ഥ അടിമ വേല ചെയ്തവരുടെയും, അത് ചെയ്യിച്ച വെള്ളക്കാരന്റെയും പിൻതലമുറക്കാർ തമ്മിൽ നിലനിൽക്കുന്ന അവിശ്വാസത്തിന്റെ ശീതയുദ്ധമാണ് ലോകം അമേരിക്കയിൽ നാളിതുവരെ കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ പുതിയ ഒരു ഇര മാത്രമാണ് ജോർജ് ഫ്ലോയിഡ്.

വർഷം 2008ൽ ആഫ്രിക്കൻ-അമേരിക്കൻ വംശജൻ എന്നറിയപ്പെടുന്ന ബറാക്  ഒബാമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത് വളരെ ആവേശത്തോടെ ആയിരുന്നു കണ്ടിരുന്നത്. അങ്ങിനെയെങ്കിലും ഈ  ശീതയുദ്ധത്തിന്ന്  അറുതിവരും എന്ന് കരുതിയെങ്കിലും അത് അസ്ഥാനത്തായിരുന്നു എന്നതാണ് പിന്നീട് കണ്ടത്.

"ദൈവം അമേരിക്കയെ ശപിക്കട്ടെ" എന്ന് പൊതുജന മദ്ധ്യത്തിൽ അന്ന് പ്രസംഗിച്ചത് ചില്ലറക്കാരനായിരുന്നില്ല. അന്നത്തെ അമേരിക്കൻ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ബറാക്  ഒബാമയുടെ പാസ്റ്റർ ആയിരുന്ന  ഫാദർ ജെറമിയ റൈറ്റ് ആയിരുന്നു ആ സന്ദർഭത്തിൽ അങ്ങിനെ ഒരു വിവാദമായ പ്രസ്താവന നടത്തിയത്.

ആ പ്രസ്താവനയോട് ബറാക്  ഒബാമ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും, എന്തുകൊണ്ട് അദ്ദേഹത്തിന്റെ പാസ്റ്ററിന്ന് അങ്ങിനെ പറയേണ്ടി വന്നു എന്നത് ബറാക്  ഒബാമ വിശദീകരിക്കുകയുണ്ടായി. 

നൂറ്റാണ്ട് കാലമായി അവർ പേറിക്കൊണ്ടിരുന്ന അടിമത്വത്തിന്റെ ബാക്കി പത്രമായ നീതിനിഷേധത്തിനെതിരെയും അസമത്വത്തിനെതിരെയുമുള്ള ഒരു പ്രകടനമായിട്ടാണ് ബറാക്  ഒബാമ അതിനെ കുറിച്ച് അന്ന് പറഞ്ഞത്.

അമേരിക്കയിലെ കറുത്തവർ അനുഭവിക്കുന്ന അസമത്വത്തെ കുറിച്ച് സംസാരിക്കുമ്പോൾ കണ്ണീർ ഒലിപ്പിച്ചുകൊണ്ടാണ് ബറാക് ഒബാമ സംസാരിച്ചത്.

നീണ്ട എട്ടു വർഷം അമേരിക്കൻ പ്രസിഡണ്ട് പദത്തിൽ ഇരുന്നിട്ട് പോലും അമേരിക്കയിലെ കറുത്ത വർഗക്കാർ ദിനേനയെന്നോണം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കടുത്ത വിവേചനത്തിന്ന് ഒരു അറുതിവരുത്താൻ സാധിച്ചില്ല എന്നത് ഒരു യാഥാർഥ്യമാണ്. 

ഈ ഒരു സന്ദർഭത്തിലാണ് ആഫ്രിക്കൻ ഉപഭൂഖണ്ഡത്തിൽ നിന്നും വേട്ടയാടപ്പെട്ട്, അടിമയാക്കപ്പെട്ട്, തീചൂടുള്ള അറേബ്യൻ  മണലാരിണ്യത്തിൽ നരകയാതന അനുഭവിച്ച, തൊലി കറുത്തവനായ ബിലാലിനെ പോലുള്ള ഒരാളെ, അറേബ്യൻ ഉപഭൂഖണ്ഡത്തന്റെ തലസ്ഥാനത്ത് സ്ഥിചെയ്തിരുന്ന, പ്രമാണിമാർ മാത്രം കൈകാര്യം ചെയ്തിരുന്ന , അതിപ്രധാനമായ വിശുദ്ധ കഅബാലയത്തിന്റെ ഉച്ചിയിൽ  കയറി ബാങ്ക് വിളിക്കുവാൻ വേണ്ടി തന്റെ വെളുത്ത തിരു ശരീരം വരെ വെച്ചുകൊടുത്ത,  അത്രയും ഉയരത്തിലേക്ക് ഉയർത്തിയ തിരുദൂദർ മുഹമ്മദ് നബി(സ) യുടെ ഐതിഹാസികമായ ചരിത്രം കടന്നുവരുന്നത്.

ഈ ഒരു സന്ദർഭത്തിലാണ് ബിലാൽ കടന്നുപോയ അതേ യാതനകളുടെ വഴിതാണ്ടിയ, കറുത്തവനിൽ കറുത്തവനായ  അടിമയായിരുന്ന ഉബാദത്ത് ബിൻ സ്വാമിത്തിനെ പോലുള്ള ഒരാളെ അടിമത്വത്തിന്റെ ചങ്ങലയിൽ നിന്നും മോചിപ്പിച്ചുകൊണ്ട്  ഈജിപ്ഷ്യൻ ചക്രവർത്തിയായിരുന്ന മുഖൗഖിസിന്റെ കൊട്ടാരത്തിലേക്ക് അയക്കപ്പെട്ട മിലിട്ടറി കമാണ്ടറുടെ സ്ഥാനത്തോളം ഉയർത്തിയ, തിരുദൂദർ മുഹമ്മദ് നബി(സ) യുടെ  വിപ്ലവകരമായ  ചരിത്രം കടന്നുവരുന്നത്.

അനാഥത്വത്തിന്റെ ബാല്യം പേറിയും, ബഹിഷ്കരണത്തിന്റെയും നിഷ്കാസനത്തിന്റെയുമൊക്കെ ഭീഷണികളെ തികഞ്ഞ ഏകദൈവ വിശാസത്തിന്റെ വെള്ളി വെളിച്ചത്തിൽ നേരിട്ടുകൊണ്ടും,   അക്ഷരജ്ഞാനമില്ലാത്ത തിരുദൂതർ മുഹമ്മദ് നബി(സ)  തന്റെ അനുയായികളെ ചരിത്രത്തിൽ തുല്യതയില്ലാത്ത ഈ ഒരു  ഉന്നതിയിലേക്ക്  കൈപിടിച്ചുയർത്തിയത് എന്തെങ്കിലും മാജിക്ക് കാണിച്ചുകൊണ്ടായിരുന്നില്ല.

നിങ്ങളുടെ ദൈവം ഏകനാണെന്നും, മനുഷ്യകുലം ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളാണെന്നും, അവരിൽ ഓരോരുത്തരും ആത്യന്തികമായി ദൈവത്തിന്റെ അടിമകൾ ആണെന്നും, തൊലിയുടെ കറുപ്പും വെളുപ്പുമൊക്കെ പരസ്പരം തിരിച്ചറിയാനുള്ള പല അടയാളങ്ങളിൽ പെട്ട ഒന്ന് മാത്രമാണെന്നും, നിങ്ങളിൽ ഉന്നതർ ദൈവ ഭക്തിയിൽ മുന്നേറുന്നവർ മാത്രമാണെന്നും, നിങ്ങളുടെ ഓരോ ചെയ്തികൾക്കും നാളെ ദൈവത്തിന്റെ കോടതിയിൽ മറുപടി പറയേണ്ടിവരും എന്നൊക്കെയുള്ള സമത്വത്തിന്റെയും നീതിയുടെയും ആശയങ്ങൾ ആ ജനതയുടെ ഹൃദയാന്തരങ്ങളിൽ സന്നിവേശിപ്പിച്ചുകൊണ്ടായിരുന്നു തിരുദൂദർ മുഹമ്മദ് നബി(സ) തന്റെ തന്റെ ദൗത്യം നിർവഹിച്ചത്.

ലോകത്തെ മുച്ചൂടും ഗ്രസിച്ചിരുന്ന അടിമത്വ സമ്പ്രദായത്തെ വളരെ വ്യവസ്ഥാപിതമായി നിർമാർജനം ചെയ്യുവാനും, മോചിപ്പിക്കപ്പെട്ട അടിമകളെ ഔന്നിത്യ ബോധത്തോടുകൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുകൊണ്ടുവരാനും വേണ്ടി പരിശുദ്ധ ഖുർആനും അതിന്റെ വ്യാഖ്യാനമായ തിരുനബിയും ഒരുപാട് ഒരുപാട് സംസാരിക്കുന്നുണ്ട്.

"എന്നിട്ട്‌ ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന്‌ നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുക. അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക. കുടുംബബന്ധമുള്ള അനാഥയ്ക്ക്‌ അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്‌." ഖുർആൻ 90:11-16.

അടിമകളെ മോചിപ്പിക്കലും, പട്ടിണി കിടക്കുന്നവന്ന് ഭക്ഷണം എത്തിച്ചികൊടുക്കലുമൊക്കെ ഏതൊരു മനുഷ്യനും നിർവഹിക്കേണ്ട അതേസമയം താണ്ടിക്കടക്കുവാൻ പ്രയാസവുമുള്ള നന്മ നിറഞ്ഞ ഒരു പാതയായിട്ടാണ് പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് .

"അടിമ മോചനം" എന്ന തലക്കെട്ടിൽ മാത്രം തിരുചര്യകൾ ചർച്ചചെയ്യുന്ന തങ്ങളുടെ വിഖ്യാതമായ ഗ്രന്ഥങ്ങളിൽ ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം മാലിക് എന്ന് തുടങ്ങിയ പണ്ഡിത ശിരോമണികൾ എത്രയെത്ര ചർച്ചകളാണ് നടത്തിയിട്ടുള്ളത്.

"മൂന്ന് വിഭാഗം ആളുകൾക്ക് എതിരെ അന്ത്യനാളിൽ ഞാൻ സാക്ഷിപറയും. സ്വതന്ത്രനായ ഒരു മനുഷ്യനെ പിടികൂടി അടിമയാക്കുകയും, അവനെ വിൽക്കുകയും, അതിന്റെ പണം തിന്നുന്നവനുമാണ് ഈ മൂന്നു പേരിൽ ഒരാൾ ". ബുഖാരി.

തിരുദൂതർ മുഹമ്മദ് നബി(സ), നാളെ വരാൻ പോകുന്ന ദൈവത്തിന്റെ കോടതിയിൽ ഒരാൾക്ക് എതിരായിക്കൊണ്ട് സാക്ഷി നിൽക്കും എന്ന് പറഞ്ഞാൽ അതിന്റെ ഗൗരവം എത്രത്തോളമായിരുക്കും എന്നത് ആ ചര്യകളെ അനുധാവനം ചെയ്യുന്ന ഒരാളോട് പ്രത്യേകം പറയേണ്ടതില്ല.

നരകയാതന അനുഭവിച്ചുകൊണ്ടിരുന്ന അടിമകളെ മോചിപ്പിക്കുവാനും, അവരെ സമൂഹത്തിൽ അന്തസുള്ളവരായി മാറ്റുവാനും, മികവുറ്റ ഒരു ജീവിതം നയിക്കുവാനുമൊക്കെ പല സുപ്രധാന രീതികളും പരിശുദ്ധ ഖുർആനും തിരു നബിയും കൊണ്ടുവരികയുണ്ടായി.

1. അടിമ സ്‌ത്രീകളെ യജമാന്മാരെ ഏൽപ്പിച്ചു.

2. അടിമകളല്ലാത്ത  വിശ്വാസികളോട് അടിമകളെ വിവാഹം ചെയ്യുവാൻ പ്രോത്സാഹനം നൽകി.

3. പല തെറ്റുകൾക്കുള്ള പ്രായശ്ചിത്തമായി അടിമമോചനം പ്രഖ്യാപിച്ചു. 

4. ദൈവിക പ്രീതി മാത്രം ലക്ഷ്യമാക്കി അടിമ മോചനത്തിന്ന് പ്രോത്സാഹനം നൽകി.

5. മോചനം ആഗ്രഹിക്കുന്ന അടിമകൾക്ക് യജമാനനുമായി മോചനത്തിനുള്ള കരാറിൽ ഏർപ്പെടുവാനുള്ള അവസരം ഒരുക്കി. 

6. സക്കാത്തിലൂടെ ലഭിക്കുന്ന സമ്പത്തിന്റെ ഒരു ഭാഗം അടിമ മോചനത്തിന്ന് വേണ്ടി മാറ്റി വെച്ചു. 

ഇതിൽ പറഞ്ഞ ഒന്നാമത്തെ കാര്യം മാത്രമാണ് ചെറിയ രൂപത്തിൽ ഇവിടെ പറയുവാൻ ശ്രമിക്കുന്നത്.

അടിമസ്ത്രീകളെ ഒരു ലൈംഗിക ഉപഭോഗ വസ്തുവായി കാണുകയും, അവരെ വേശ്യാ വൃത്തിക്ക് അയച്ചുകൊണ്ട് പണം ഉണ്ടാക്കുകയും, അതിൽ ജനിക്കുന്ന കുട്ടികളെ അടിമ-സ്വത്തിന്റെ വർദ്ധനവായി വരെ കണ്ടിരുന്ന ഒരുസാമൂഹിക വ്യവസ്ഥിതിയായിരുന്നു തിരുദൂദർ മുഹമ്മദ് നബി(സ) ഭൂജാതനായ കാലഘട്ടത്തിന്റെ അവസ്ഥ.

ഇത്തരം അടിമകളോടുള്ള സമീപനം അടിമകളുടെ വംശ വർദ്ധനവിന്ന് കാരണമാകുകയും, ഏറ്റവും പ്രധാനമായി പ്രിതൃത്വം ഏറ്റെടുക്കുവാൻ ആളില്ലാത്ത  കുറേ അടിമ-ജന്മങ്ങൾ പെരുകുവാനും കാരണമായി. 

ഇതൊക്കെ കണക്കിലെടുത്തുകൊണ്ടാണ് അടിമകളെ വേശ്യാ വൃത്തിക്ക് അയക്കുന്ന നീചമായ പ്രവർത്തനത്തെ പരിശുദ്ധ ഖുർആൻ വചനം 24:33 ലൂടെ  വിരോധിക്കുന്നത്. 

ഇത്തരമൊരു പശ്ചാത്തലത്തിലാണ് അടിമസ്ത്രീകളെ യജമാനനെ മാത്രം ഏൽപ്പിച്ച ആ തീരുമാനത്തിന്റെ പ്രസക്തി കടന്നു വരുന്നത്.

"തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല." - ഖുർആൻ 23:6.  

അങ്ങിനെ തന്റെ യജമാനനിൽ മാത്രം പരിമിതമാക്കപ്പെട്ട ഒരു അടിമസ്ത്രീ തന്റെ യജമാനനിലൂടെ ഒരു കുട്ടിക്ക് ജന്മം നൽകിയാൽ ആ കുട്ടി പിന്നീട് അറിയപ്പെടുന്നത് ആ യജമാനന്റെ സന്തതി ആയിട്ടാണ്, ഒരു അടിമയുടെ സന്തതി ആയിട്ടല്ല.

അടിമത്വത്തിന്റെ അടയാളം ഒട്ടും തീണ്ടാതെയാണ് പിന്നീട് സമൂഹത്തിൽ ആ കുട്ടി പിന്നീട് വളരുകയും ഇടപഴകുകയും, അറിയപ്പെടുകയും ചെയ്യുന്നത്.  

ആ കുട്ടി വളർന്നു വലുതായി വിഹാഹം ചെയ്യുന്നതോട് കൂടി അടിമത്വത്തിന്റെ അടയാളം ആ കുടുംബത്തിൽ നിന്നും എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെട്ടു.

അതായത്, ഒരു തലമുറ കഴിയുന്നതോട് കൂടി അടിമത്വത്തിന്റെ എല്ലാം അംശവും പരിശുദ്ധ ഖുർആനും തിരുദൂതരും വിഭാവന ചെയ്ത ആ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്യപ്പെട്ടു.  

ബുദ്ധിയുള്ളവർക്ക് കാര്യങ്ങൾ മനസ്സിലാക്കുവാൻ ഇതു മതി എന്നാണ് കരുതുന്നത്.

അടിമ സ്ത്രീകൾ പ്രസവിക്കുന്ന കുട്ടികളെ വിൽപ്പനചരക്കായി മാത്രം കണ്ടിരുന്ന, തന്ത ആരെന്ന് അറിയാത്ത അടിമ ജന്മങ്ങളെ തന്തയുള്ള ജന്മങ്ങളാക്കി മാറ്റിയ, മേൽവിലാസമുള്ള ആളുകളാക്കി മാറ്റിയ,  പണ്ഡിത ലോകം പ്രവിശാലമായി ചർച്ച ചെയ്തിട്ടുള്ള  പരിശുദ്ധ ഖുർആനിന്റെ ഈ ഒരു തീരുമാനത്തിന്റെ കാതൽ എന്തായിരുന്നു എന്നതാണ് ഇവിടെ പറയുവാൻ ശ്രമിക്കുന്നത്.

ദൗർഭാഗ്യവശാൽ ഇത്തരം ഒരു തീരുമാനത്തിന്റെ ചരിത്രപരമായ അടിസ്ഥാനവും അത് പ്രവാചക സമൂഹം തൊട്ട് നാളിതുവരെ ഉണ്ടാക്കിയ ഐതിഹാസികമായ പരിവർത്തനങ്ങളെ കുറിച്ചുമൊക്കെ അറിയാത്തവരോ, അറിയില്ല എന്നോ, അറിയണ്ടാ എന്നോ ഒക്കെ നടിക്കുന്നവർ  വളരെ മോശമായിട്ടാണ് ഈ ഒരു തീരുമാനത്തെ പലപ്പോഴും മനസ്സിലാകാറുള്ളതും, അവതരിപ്പിക്കാറുള്ളതും.

പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് അടിമ സ്‌ത്രീകളെ യജമാന്മാരെ ഏൽപ്പിച്ച  പരിശുദ്ധ ഖുർആനിന്റെയും തിരുദൂതർ മുഹമ്മദ് നബി(സ)യുടെയും ഈ ഒരു തീരുമാനത്തിന്റെ അകംപൊരുൾ മനസ്സിലാക്കുവാൻ വിഷമമുള്ളവർ അടിമത്വത്തിന്റെ അടയാളങ്ങൾ പേറിയും, അതിന്റെ പേരിൽ ഇന്നും വിവേചനങ്ങൾ അനുഭവിച്ചുകൊണ്ടും അമേരിക്കയിൽ ജീവിക്കുന്ന  ആഫ്രിക്കൻ-അമേരിക്കക്കാർ എന്ന് വിളിക്കപ്പെടുന്ന ജനവിഭാഗത്തിന്റെ ചരിത്രത്തിലേക്ക് ചെറുതായി ഒരു നോട്ടം നോക്കട്ടെ എന്നാണ് ഈയുള്ളവന്ന് സൂചിപ്പിക്കുവാനുള്ളത്.

കഴിഞ്ഞ പല നൂറ്റാണ്ടുകളിലായി ആഫ്രിക്കയിൽ നിന്നും അടിമകളായി പിടിക്കപ്പെട്ട് അമേരിക്കയിൽ അടിമവേലക്ക് കൊണ്ടുവരപ്പെട്ട ജനവിഭാഗത്തിന്റെ പുതിയ തലമുറയെ വിളിക്കുന്ന ഒരു പേരാണ് ആഫ്രിക്കൻ-അമേരിക്കൻ എന്നത്.

ഇതിൽ പ്രധാനപ്പെട്ട ഒരു വ്യക്തിയാണ് മുൻ അമേരിക്കൻ പ്രസിഡണ്ട് ബറാക്ക് ഒബാമയും, വിശിഷ്യാ അദ്ദേഹത്തിന്റെ പത്‌നി മിഷേൽ ഒബാമയും.

വർഷം 2009. അമേരിക്കൻ പ്രസിഡണ്ട്   ബറാക്ക് ഒബാമയും ഭാര്യയും കൂടി ഘാന എന്ന രാജ്യത്തിലെ കേപ് കോസ്റ്റ് കാസിൽ (Cape Coast Castle) എന്ന ഒരു കോട്ട സന്ദർശിക്കുന്നു.

പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ആഫ്രിക്കയിൽ നിന്നും പിടിച്ചു കൊണ്ടുവരുന്ന അടിമകളെ അമേരിക്കയിലേക്ക് കപ്പലിൽ കയറ്റി അയക്കുന്നതിന്ന് മുൻപ് പാർപ്പിച്ചിരുന്ന ഒരു കോട്ടയായിരുന്നു കേപ് കോസ്റ്റ് കാസിൽ. ഇന്ന് അതൊരു ടൂറിസ്റ്റ് കേന്ദ്രമാണ്

ഈ ഒരു സന്ദർഭത്തിലാണ് മിഷേൽ ഒബാമയുടെ മാതാവിന്റെ അഞ്ചു തലമുറ അപ്പുറമുള്ള മെൽവിനിയ ഷീൽഡ്‌സ് (Melvinia Shields) എന്ന സ്‌ത്രീ ഒരു അടിമയായിരുന്നു എന്നകാര്യം ലോകം ചർച്ചചെയ്തത്. 

പേരറിയാത്ത, ആരെന്നറിയാത്ത, വെള്ളക്കാരനായ ഒരു അടിമ മുതലാളിയിലൂടെ മെൽവിനിയ ഗർഭം ധരിച്ച മിഷേൽ ഒബാമയുടെ മാതൃ പരമ്പരയെ കുറിച്ച് ലോകം ചർച്ച നടത്തിയ ഒരു വേളയായിരുന്നു ഈ കോട്ട സന്ദർശനം.

ഈ ചരിത്ര യാഥാർഥ്യമാണ്  കഴിഞ്ഞ നൂറ്റാണ്ടുകളിലെ അടിമത്വത്തിന്റെ അടയാളം  രക്തത്തിൽ വഹിക്കുന്ന ഒരാളാണ് തന്റെ ഭാര്യ എന്ന് സാക്ഷാൽ ബറാക്ക് ഒബാമ തന്നെ  തന്റെ വിഖ്യാത സംസാരമായ "എ മോർ പെർഫെക്റ്റ് യൂണിയൻ" എന്ന 2008 ലെ സംസാരത്തിൽ ലോകത്തിന്ന് മുൻപിൽ പ്രസംഗിച്ചത്. നമുക്ക് അതിങ്ങനെ വായിക്കാം.

"I am married to a black American who carries within her the blood of slaves and slave owners – an inheritance we pass on to our two precious daughters." - A More Perfect Union, a speech by Senator Barrack Obama.

ആറാം നൂറ്റാണ്ടിൽ അടിമ മോചനത്തിന്ന് വേണ്ടി കൊണ്ടുവന്ന പല നിയമങ്ങളിൽ ഒന്നായ അടിമ സ്‌ത്രീകളെ യജമാനനെ ഏൽപ്പിക്കുന്നതിലൂടെ, പ്രിതൃത്വമുള്ള, ഉടമയുടെ സന്തതികളായി അറിയപ്പെട്ട, അടിമത്വത്തിന്റെ അടയാളമില്ലാത്ത, അതിന്റെ പേരിൽ വിവേചനങ്ങൾ ഏൽക്കാത്ത ഐതിഹാസികമായ ഒരു തലമുറയെ വാർത്തെടുത്ത തിരുദൂതർ മുഹമ്മദ് നബി(സ)യുടെയും അനുചരന്മാരാരുടെയും ചരിത്രം ഒരു ഭാഗത്ത് നിലകൊള്ളുമ്പോൾ മറുഭാഗത്ത്, ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ  സൂപ്പർ പവറായ അമേരിക്കയുടെ മുൻ പ്രഥമ വനിത അടക്കമുള്ള ആളുകളുടെ ഏതാനും തലമുറ മാത്രം അപ്പുറമുള്ള, അടിമത്വം മൂലം തങ്ങളുടെ മക്കളുടെ പിതൃത്വം വരെ നഷ്ട്ടപ്പെട്ട മെൽവിനിയ പോലുള്ള ആളുകളുടെ ചരിത്രമാണ് കാണുവാൻ സാധിക്കുന്നത്.

പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് അവതീർണമായ പരിശുദ്ധ ഖുർആനിന്റെ അജയ്യമായ നടപടികളിൽ ഒന്നായിരുന്നു അടിമ മോചനത്തിന്റെ ഭാഗമായ ഈ നടപടി എന്നതും, തൊലിവെളുത്ത പ്രമാണിമാർ മാത്രം വാണിരുന്ന   അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ അഭിമാനസ്തംഭമായ കഅബാലയത്തിന്റെ ഉയരങ്ങളിലേക്ക് കറുത്തവനായ ബിലാലിനെ ഉയർത്തിയതും, റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈജിപ്തിന്റെ രാജകൊട്ടാരത്തിലേക്ക് കറുത്തവനായ ഉബാദത്ത് ബിൻ സാമിത്തിനെ മിലിട്ടറി കമാണ്ടറായി ഉയർത്തുകയും ചെയ്ത മാനവരിൽ മഹോന്നതനായ തിരുദൂതർ മുഹമ്മദ് നബി(സ)യുടെ നടപടിക്രമങ്ങൾ സാംസ്‌കാരികമായി ഉന്നതി പ്രാപിച്ചു എന്ന് കരുതുന്ന ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ വൻ ശക്തികൾക്ക് മുൻപിലും പ്രൗഢഗംഭീരമായി നിലകൊള്ളുന്നു എന്നതാണ്  ഈ ഒരവസരത്തിൽ സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നത്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ


ബറാക്ക് ഒബാമയും കുടുംബവും ഘാനയിലെ കോട്ട സന്ദർശിക്കുന്നു.
http://news.bbc.co.uk/2/hi/8145762.stm

മിഷേൽ ഒബാമയുടെ മാതൃ പരമ്പരയെ കുറിച്ച് ന്യൂയോർക് ടൈസിൽ വന്ന ലേഖനം.
https://www.nytimes.com/2009/10/08/us/politics/08genealogy.html

അമേരിക്കയിലെ വർണ്ണ, വർഗ്ഗ വിവേചനത്തെ കുറിച്ച് സംസാരിക്കുന്ന ബറാക് ഒബാമ 
https://www.youtube.com/watch?v=FOZ7x1MJA-A

Wednesday, June 3, 2020

ഒരു മൃഗ സ്നേഹം

ഒരു മൃഗ സ്നേഹം 

സ്‌ഫോടകവസ്തു നിറച്ച കൈതച്ചക്ക തിന്ന് ആന ചരിഞ്ഞപ്പോൾ തുടങ്ങിയ  മൃഗ സ്നേഹം വല്ലാതെ അണപൊട്ടുന്നത് കണ്ടപ്പോൾ ചില വസ്തുതകൾ ആലോചിച്ചുപോയി.

വളരെയധികം സമയവും അദ്ധ്വാനവും ഒക്കെ ചിലവഴിച്ചുകൊണ്ട് ഒരു കർഷകൻ ഉണ്ടാക്കിയ കൃഷി നിമിഷങ്ങൾ കൊണ്ട് നശിപ്പിക്കപ്പെടുമ്പോൾ അതിൽ ഈ ആളുകൾക്ക് ഒരു സന്ദേഹവും ഇല്ലേ?

കർഷകന്റെ ഭാഗത്ത് നിന്നുകൊണ്ട് ചിന്തിച്ചിട്ടുണ്ടോ? സ്വന്തം കുടുംബത്തിലെ ഒരാൾ ദാരുണമായി നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന അതേ വേദന തന്നെയാണ് ആറ്റുനോറ്റുകൊണ്ട് താൻ ഉണ്ടാക്കിയ കൃഷി നഷ്ടപ്പെടുമ്പോൾ  ഒരു കർഷകൻ അനുഭവിക്കുന്നത്.

തന്നെ ഒട്ടും ബാധിക്കാത്ത ഒരു ആന ചരിയുമ്പോൾ സ്നേഹം ഉരുണ്ടുകൂട്ടാൻ വലിയ പ്രയാസമൊന്നുമില്ല. ഇവരുടെയൊക്കെ വീടിന്റെ മതിലിലോ ഗെയ്റ്റിലോ ഒക്കെ ആന വന്ന് ഒരു ഇടി കൊടുത്താൽ ഇക്കണ്ട സ്നേഹമൊക്കെ മാളത്തിലൊളിക്കും. ആന കളി തുടർന്നാൽ വനപാലകരെ വിളിച്ച് "വെക്കേടാ വെടി" എന്ന് പറയുവാൻ ഒരു സന്ദഹവും കാണില്ല.

ആനക്ക് വേണ്ടി ഇറക്കിയ പോസ്റ്ററിൽ അതിന്റെ വയറ്റിലുള്ള കുട്ടിയെ വരെ കാണിച്ചിട്ടുണ്ട്. ജാതിവെറിയുടെയും, ഒരു മത വെറിയുടെയും പേരിൽ ഗർഭിണികൾ അടക്കമുള്ള നിരപരാധികൾ കൊല്ലപ്പെട്ടപ്പോൾ നിങ്ങളുടെയൊക്കെ മനുഷ്യസ്നേഹം എവിടെയായിരുന്നു? എത്ര പോസ്റ്റർ നിങ്ങൾ ഇറക്കി? അതല്ല, മൃഗത്തോട് മാത്രമേ നിങ്ങൾക്ക് ഒരു സ്നേഹമുള്ളൂ എന്നാണോ?  

മനുഷ്യന്റെ ജീവന്നും, അവന്റെ അഭിമാനത്തിനും, അവന്റെ സ്വത്തിനുമൊക്കെ വിലയും നിലയും കൊടുത്തിട്ട് മതി ഒരു മൃഗത്തെ സ്നേഹിക്കുവാൻ എന്നതാണ് എന്റെ നിലപാട്. 

ഇപ്പറഞ്ഞതിന്റെ അർഥം കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ ഇങ്ങിനെ കൈകാര്യം ചെയ്യണം എന്നല്ല. അവിടെയാണ് ഉത്തരവാദിത്വ ബോധം ഉണ്ടായേക്കാവുന്ന വനം വകുപ്പ് ഉണർന്ന് പ്രവൃത്തിക്കേണ്ടത്, കർഷകന്റെ വിള സംരക്ഷിക്കുവാൻ സഹായിക്കേണ്ടത്.

അതിനെങ്ങിനെയാണ്, വന വകുപ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഓർമയിൽ വരുന്നത് വർഷങ്ങൾക്ക് മുൻപ് വയനാട് ജില്ലയിൽ നടന്ന പേര്യ മരം മുറിപോലുള്ള കള്ളക്കടത്തിനെ കുറിച്ചാണ്. 

കാട്ടിലെ ആനകളെ കൊന്നുകൊണ്ട് അതിന്റെ കൊമ്പും, പുലികളെ കൊന്ന് പുലിത്തോലും, അതിന്റെ നഖവും, മരം വെട്ടിക്കൊണ്ട് തേക്കും, ചന്ദനവുമൊക്കെ കടത്തിക്കൊണ്ടു പോകുവാൻ ഒത്താശ ചെയ്യുന്ന ഒരു കൊള്ളസംഘത്തെ ഓർത്തുപോകുകയാണ്. വനഭൂമി കയ്യേറി റിസോർട്ടുകളും, പാർട്ടിക്ക് വേണ്ടി മാളികകൾ വരെ പണിത ആളുകളെയുമൊക്കെ ഓർത്തുപോകുകയാണ് ഈ അവസരത്തിൽ.

"കാട്ടിലെ തടി തേവരുടെ ആന" എന്ന ചൊല്ലുപോലും ഈ ഒഫീഷ്യൽ കൊള്ള സംഘത്തിന്റെ ചെയ്തികൾ മൂലം ഉണ്ടായതല്ലേ?

ഇത്രയും കാലമായി ഇതൊക്കെ കാണുമ്പോൾ ഇല്ലാത്ത ഒരു മൃഗസ്നേഹം ഇപ്പൊ കാണുമ്പോൾ ചല സംഗതികൾ ഓർത്തു പോയതാണ്. ഈ ഓർമിക്കൽ ഒരു തെറ്റാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല, അത് കൊണ്ട്, ഓർത്ത ചില കാര്യങ്ങൾ പങ്കുവെച്ചു എന്ന് മാത്രം.