Sunday, August 22, 2021

അഫ്‌ഗാനിസ്ഥാൻ

ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ പത്രങ്ങളിലെ മുൻപേജുകളിൽ വന്നുകൊണ്ടിരുന്ന വാർത്തകളിൽ നിന്നായിരുന്നു അഫ്‌ഗാനിസ്ഥാൻ എന്ന രാജ്യത്തെ കുറിച്ച് അറിഞ്ഞു തുടങ്ങിയത്. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഇന്ത്യയുടെ അയൽരാജ്യങ്ങൾ എണ്ണുന്ന കൂട്ടത്തിലും ഈ രാജ്യം ഉണ്ടായിരുന്നു.


നിത്യജീവിതത്തിലെ പല അഭിരുചികൾക്കും ഈ രാജ്യത്തിന്റെ പേര് മറക്കാനാവാത്തതാണ്. ഡ്രൈ ഫ്രൂട്ട്കൾ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലക്ക്, വാങ്ങുന്ന ആപ്രികോട്ടുകളിലും അത്തിപ്പഴങ്ങളിലും ഒക്കെ അധികവും വരുന്നത് അഫ്‌ഗാനിസ്ഥാനിൽ നിന്നുമാണ് എന്നാണ് മനസിലായത്.

"Produce Of Afghanistan" അഥവാ അഫ്‌ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ചത് എന്നതാണ് രണ്ടാഴ്ച്ച മുൻപ് വാങ്ങിയ ആപ്രികോട്ടിന്റെ കവറിൽ കണ്ടത്. നല്ലയിനം Pomegranate അഥവാ അനാർ എന്ന ഫ്രൂട്ട് ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് എത്തുന്നതും അഫ്‌ഗാനിസ്ഥാൻ എന്ന രാജ്യത്തുനിന്നുമാണ്.

ലോക വൻശക്തികളായ റഷ്യയുടെയും അമേരിക്കയുടെയും നേതൃത്വത്തിൽ കഴിഞ്ഞ പതിറ്റാണ്ടുകളായി നിരന്തരം മാനഭംഗം ചെയ്യപ്പെട്ട ഒരു രാജ്യം എന്നതാണ് അഫ്‌ഗാനിസ്ഥാൻ എന്ന രാജ്യത്തിന്ന് ഇതുവരെ എന്ത് സംഭവിച്ചു എന്നതിന്റെ രത്‌നച്ചുരുക്കം.

ഹെലികോപ്റ്ററുകളും, ഡ്രോണുകളും, ബോംബർ വിമാനങ്ങളുമൊക്ക ഉപയോഗിച്ച് ആകാശത്തുനിന്നും തീമഴ വര്ഷിപ്പിച്ചുകൊണ്ട്, നിരപരാധികൾ അടക്കമുക്കുള്ള ജനങ്ങളെ കൊന്നൊടുക്കുകയായിരുന്നു നാളിതുവരേക്കും.

കാർപെറ്റ് ബോംബിങ്ങ്, ടാർഗെറ്റഡ് കില്ലിംഗ്, കൊളാറ്ററൽ ഡാമേജ് എന്ന ഓമനപ്പേരുകൾ നൽകിയായിരുന്നു ഈ പൈശാചികതയെ അധിനിവേശ ശക്തികൾ താലോലിച്ചു നടന്നത്.

ഇത്തരം പൈശാചികതയെ അവരുടെ മണ്ണിൽ നിന്നും തുരത്തുവാനാണ് പല സംഘങ്ങളും അഫ്‌ഗാനിസ്ഥാനിൽ രൂപം കൊണ്ടത്.

ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യം എന്ന കാരണത്താൽ ഇത്തരം സംഘങ്ങളുടെ എല്ലാ ചെയ്തികളും ആ മതത്തിന്റെ പേരിൽ അറിഞ്ഞോ അറിയാതെയോ പുറം ലോകക്കാർ വരവ് വെച്ചുതുടങ്ങി.

ഈ ഒരു വരവ് വെക്കലിന്റെ ഭാഗമായാണ്, ഇന്നവിടെ ഭരണം പിടിച്ച താലിബാൻ, അഫ്‌ഗാനിസ്ഥാൻ എന്ന രാജ്യത്തെ ആയിരത്തി നാനൂറ് കൊല്ലം പഴക്കമുള്ള ഗോത്ര വർഗ സംസ്കാരത്തിലേക്ക് കൊണ്ടുപോകും എന്ന് ചിലർ പറയുന്നത്. ഇസ്‌ലാമിന്റെ പേരിൽ നിലകൊള്ളുന്ന താലിബാൻ പ്രവൃത്തിച്ചു കൂട്ടുന്ന എല്ലാ ചെയ്തികളും ആ മതത്തിന്റെ പേരിൽ വകവെക്കുമ്പോഴാണ് ഇത്തരം വാദഗതികൾ കടന്നുവരുന്നത്.

ശരിയാണ്, ആയിരത്തി നാനൂറ് കൊല്ലം മുൻപും അതിന്റെ മുൻപും ഒക്കെ ലോകത്ത് പലതരം ഉച്ചനീചത്വങ്ങളും അരാചകത്വങ്ങളും ഒക്കെ നടമാടിയിട്ടുണ്ട്.

ആയിരത്തി നാനൂറ് കൊല്ലം മുൻപ് സകല ഉച്ചനീചത്വങ്ങളെയും അരാചകത്വങ്ങളേയുമൊക്കെ ജനഹൃദയങ്ങളിൽ നിന്നും മായ്ച്ചുകളഞ്ഞുകൊണ്ട് ലോക സമൂഹങ്ങൾക്ക് മാതൃകയെന്നോണം ഒരു വലിയ ചരിത്രം അറേബ്യൻ ഉപഭൂഖണ്ഡത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ആയാലും വേറെ ആരൊക്കെ ആയാലും ശരി, ഈ ഒരു ചരിത്രത്തിലേക്കാണ് അവരെയൊക്കെ നമുക്ക് തിരിച്ചു വിളിക്കാനുള്ളത്.

ലോകത്ത് കടന്നുവന്ന സകല വേദങ്ങളും ഉൽഘോഷിച്ച കറകളഞ്ഞ ഏകദൈവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ തിരു ദൂദർ മുഹമ്മദ് നബി(സ)യും അനുചരന്മാരും കൊടിയ പീഡനങ്ങളും ബഹിഷ്കരണങ്ങളുമൊക്കെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമയമായിരുന്നു അത്.

ബഹുദൈവ വിശ്വാസം കൈവെടിഞ്ഞുകൊണ്ട് ഏകദൈവ വിശ്വാസം സ്വീകരിച്ച അടിമയായിരുന്നു ഖബ്ബാബ് ബിൻ അൽ അറത്ത്(റ).

മക്കക്കാരുടെ അടിമയായിരുന്ന അദ്ദേഹം പീഡനം സഹിക്കവയ്യാതെ തിരുദൂദരുടെ അടുത്തുവന്നുകൊണ്ട് മർദ്ദനം അനുഭവിക്കുന്ന ഞങ്ങൾക്ക് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കുന്നില്ലേ എന്ന് ഒരു പരാതി പറയുകയുണ്ടായി.

ഇമാം ബുഖാരി(റഹി) തന്റെ ഹദീസ് ഗ്രന്ഥത്തിലും, ഇമാം നവവി(റഹി) തന്റെ റിയാളു സ്വാലിഹീൻ എന്ന ഗ്രന്ഥത്തിലുമൊക്കെ കൊടുത്ത ഹദീസിൽ ഈ സംഭവം കാണാവുന്നതാണ്.

തന്റെ അനുചരന്റെ വളരെ പ്രയാസമേറിയ ആ പരാതിക്ക് മറുപടിയായി, വരാനിരിക്കുന്ന നിർഭയത്വമുള്ള നാളുകളുടെ പ്രതീക്ഷകളാണ് തിരുദൂതർ മുഹമ്മദ് നബി(സ) ആ സന്ദർഭത്തിൽ പകർന്നു നൽകിയത്. ആ മറുപടിയുടെ ഭാഗമായി അവിടുന്ന് പറഞ്ഞു -

"അല്ലാഹു തന്നെയാണ് സത്യം, ഒരാൾക്ക് സ്വൻആയിൽ നിന്നും ഹളറമൗത്തിലേക്ക് നിർഭയമായി യാത്ര ചെയ്യാൻ കഴിയുന്ന രൂപത്തിൽ അല്ലാഹു ഈ മതത്തെ പരിപൂർണ്ണമാക്കുക തന്നെചെയ്യും. അയാൾക്ക് അല്ലാഹുവിനെ പിടിക്കുന്നതിന് പുറമെ, തന്റെ ആടുകളെ ചെന്നായ പിടിക്കുന്നതല്ലാതെ മറ്റൊന്നും ഭയപ്പെടേണ്ടി വരില്ല. എന്നാൽ നിങ്ങൾ ധൃതി കൂട്ടുന്നവരാകുന്നു." - ഇമാം ബുഖാരി(റഹി).

അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെക്കും യാതൊരു ഭയപ്പാടും കൂടാതെ എല്ലാ വിഭാഗം ആളുകൾക്കും നിർഭയം ജീവിക്കുവാനുള്ള അവസ്ഥയാണ് തിരുദൂതർ മുഹമ്മദ് നബി(സ) അന്ന് വിഭാവന ചെയ്തത്.

ആയുദ്ധമെടുക്കാനുള്ള കൽപ്പന അല്ല അവിടുന്ന് മർദ്ദിദരായ തന്റെ അനുചരന്മാർക്ക് അന്ന് പകർന്ന് നൽകിയത് എന്നത് ശ്രദ്ധേയമാണ്.

പകരം, ദൈവത്തിൽ ഭരമേൽപ്പിച്ചുകൊണ്ട് ആ നിർഭയത്വമുള്ള നാളുകൾക്കായി ക്ഷമയോടുകൂടി കാത്തുനിൽക്കുവാനാണ് തിരുദൂതർ മുഹമ്മദ് നബി(സ) ആ സന്ദർഭത്തിൽ തന്റെ അനുചരർക്ക് പകർന്നു നൽകിയ മഹത്തായ സന്ദേശം.

ഈ ഒരു നിർഭയത്വമാണ് ജൂതായിസവും, ക്രിസ്ത്യാനിറ്റിയും, മാഗിയാനിസവും, സാബിയാനിസവും, മറ്റ് ബഹുദൈവ വിശ്വാസങ്ങളുമൊക്കെ പിൻപറ്റിയിരുന്ന വിവിധങ്ങളായ ജനസമൂഹങ്ങൾക്ക് അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം വകവെച്ചു കൊടുത്തുകൊണ്ട്, മദീനയുടെ ഭരണാധികാരിയായി ചുമതലയേറ്റപ്പോൾ തിരുദൂതർ മുഹമ്മദ് നബി(സ) പകർന്നു നൽകിയത്.

ഈ ഒരു നിർഭയത്വമാണ് ഒരു മോഷണക്കേസിൽ സത്യസന്ധനായ ജൂതന്റെ പക്ഷം പിടിച്ചുകൊണ്ട് വിധി പറയവെ തിരുദൂതർ മുഹമ്മദ് നബി(സ) പകർന്നു നൽകിയത്.

ഈ ഒരു നിർഭയത്വമാണ് തന്റെ അനുചരന്മാർക്ക് നൽകിയ താക്കീതിലൂടെ, ഇസ്‌ലാമിക ഭരണത്തിന്ന് കീഴിൽ ജീവിക്കുന്ന അമുസ്‌ലിംകളായ ജനവിഭാഗങ്ങൾക്ക് തിരുദൂതർ മുഹമ്മദ് നബി(സ) പകർന്നു നൽകിയത്. അവിടുന്ന് പറഞ്ഞു -

"ആരെങ്കിലും ഒരു മുആഹിദിനെ (ഇസ്ലാമിക രാജ്യത്ത് ജീവിക്കുന്ന ഒരു അമുസ്ലിമിനെ) കൊലപ്പെടുത്തുകയാണെങ്കിൽ, സ്വർഗ്ഗത്തിന്റെ പരിമളം അവൻ അനുഭവിക്കുകയില്ല, നാൽപ്പത് വര്ഷം വഴിദൂരത്ത് നിന്നും അതിന്റെ പരിമളം ലഭ്യമാണെങ്കിൽ പോലും" - ഇമാം ബുഖാരി(റഹി).

ഈ ഒരു നിർഭയത്വമാണ്, യൂഫ്രട്ടീസ് നദിയുടെ തീരത്ത് തന്റെ അധീനതയിലുള്ള ഒരു ആട്ടിൻ കുട്ടി വിശന്നു മരിച്ചാൽ അതിന്ന് താൻ ദൈവിക കോടതിയിൽ മറുപടി പറയേണ്ടിവരും എന്ന് ചിന്തിച്ച ഒരു ഖലീഫയെ വളർത്തിയെടുത്തതിലൂടെ തിരുദൂതർ മുഹമ്മദ് നബി(സ) പകർന്നു നൽകിയത്.

ഈ ഒരു നിർഭയത്വമാണ് മദീനയിലെ ഒരു പള്ളിയുടെ അടുത്ത് താമസിച്ചിരുന്ന ക്രിസ്ത്യാനിയായിരുന്ന ഒരു സ്ത്രീയുടെ വീടിന്റെ ഒരു ഭാഗം പള്ളി വിപുലീകരണാർത്ഥം പൊളിച്ചുനീക്കിയപ്പോൾ അത് തിരിച്ചു നിർമിച്ചു നൽകിയ ഒരു ഖലീഫയെ വളർത്തിയെടുത്തതിലൂടെ തിരുദൂതർ മുഹമ്മദ് നബി(സ) പകർന്നു നൽകിയത്.

ഈ ഒരു നിർഭയത്വമാണ് അയൽവാസിയായ ജൂതന്റെ വീട്ടിൽ പടയങ്കി പണയം വെച്ചിരിക്കെ ഈ ലോകത്തുനിന്നും വിടപറഞ്ഞ തിരുദൂതർ മുഹമ്മദ് നബി(സ) പകർന്നു നൽകിയത്.

ഈ ഒരു നിർഭയത്വത്തിന്റെ മഹാ സന്ദേശമാണ് പരിശുദ്ധ ഖുർആനിലൂടെ സാക്ഷാൽ അല്ലാഹു തന്നെ സത്യം ചെയ്തു പ്രഖ്യാപിക്കുന്നത്.

"നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ് സത്യം." - ഖുർആൻ 95:3.

നിർഭയത്വമുള്ള സമൂഹങ്ങൾ, നിർഭയത്വമുള്ള രാജ്യം - ഇതാണ് വാക്കും പ്രവൃത്തിയും ഒന്നാണെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന തിരുദൂതർ മുഹമ്മദ് നബി(സ) ലോകത്തിന്ന് പകർന്നു നൽകിയ ഉദാത്തമായ മാതൃക.

പരിശുദ്ധ ഖുർആനിലും, സ്ഥിരപ്പെട്ട തിരു ഹദീസുകളിലും, രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലുമെല്ലാം ഇതുപോലെ നൂറുക്കണക്കിന് സംഭവങ്ങളാണ് ഇന്നും ഒരു തുറന്ന പുസ്തകം പോലെ ലഭ്യമായിട്ടുള്ളത്.

പ്രഗൽഭനായ ഇമാം ഇബ്നു കസീർ രചിച്ച "അൽ ബിദായ വ നിഹായ", ഈജിപ്തുകാരനായ ഹൈക്കൽ രചിച്ച "മുഹമ്മദ്", ഇന്ത്യക്കാരനായ സൈഫു റഹ്‌മാൻ മുബാറക് പുരി രചിച്ച "അൽ റഹീഖ് അൽ മഖ്‌തൂം" എന്ന് തുടങ്ങിയ പൗരാണികരും, ആധുനികരുമായ പണ്ഡിതന്മാർ രചിച്ച എത്രയെത്ര ഗ്രന്ഥങ്ങൾ ഇന്ന് ലഭ്യമാണ്.

ഇപ്പറഞ്ഞ പ്രമാണങ്ങളിലേക്കും, ചരിത്ര സത്യങ്ങളിലേക്കും ശ്രദ്ധ ചെലുത്താതെ, ശബ്ദ മലിനീകരണത്തിൽ മുങ്ങിക്കുളിച്ച ആധുനിക മീഡിയകൾ വിളമ്പുന്ന മസാല പുരട്ടിയ വെണ്ടയ്ക്കകൾ വിഴുങ്ങി വെപ്രാളപ്പെടാതെ, ഒരൽപം അവധാനതയും, കാര്യങ്ങൾ യഥാവിധി അറിയുവാനുള്ള മനസന്നദ്ധതയുമൊക്കെ വ്യത്യസ്ത ആദർശങ്ങളിൽ വിശ്വസിക്കുന്ന എന്റെ പ്രിയ സഹോദരങ്ങൾ കാണിക്കും എന്ന് ഈ ഒരു അവസരത്തിൽ അതിയായി പ്രതീക്ഷിക്കുകയാണ്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.