Friday, September 26, 2014

തൗഹീദും ശിർക്കും - ഭാഗം - 9

അസ്സലാമുഅലൈക്കും വ റഹ്മതുല്ലാഹി

പ്രിയ സഹോദരങ്ങളെ

ഏതെങ്കിലും ഒരു സൃഷ്ടിയിൽ ഉണ്ടെന്നു വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ മാത്രം ശിർക്ക് സംഭവിക്കുന്ന ഏതെങ്കിലും കഴിവോ പ്രവർത്തനമോ ഉണ്ടെങ്കിൽ അത് ശിർക്കിന്റെ വിപരീധമായ തൗഹീദിന്റെ ഭാഗം ആണെന്നും അതിന്റെ ഉടയവൻ, കഴിവുകളിൽ സ്വയം നിലനിൽപ്പ്‌ ഉള്ള അല്ലാഹു മാത്രമാണ് എന്നുമാണ് കഴിഞ്ഞ ഭാഗത്ത് പറഞ്ഞത്.

'കാര്യ-കാരണ ബന്ധം', 'ഭൗതികം', 'അഭൌതികം', 'സൃഷ്ടി കഴിവിന്ന് അപ്പുറത്ത്', 'സൃഷ്ടി കഴിവിന്ന് അകത്ത് ', 'ദൃശ്യം', 'അദ്രിശ്യം' എന്ന് തുടങ്ങിയ മലയാളത്തിലെ ഒരൊറ്റ പദത്തിന്റെയും ആവശ്യം ഇല്ലാതെ തന്നെ എന്താണ് തൗഹീദ് എന്നും എന്താണ് ശിർക്ക്‌ എന്നും ഈ വിഷയത്തിന്റെ ഒന്നുമുതൽ ഏഴ് വരെയുള്ള ഭാഗങ്ങളിൽ പറഞ്ഞു കഴിഞ്ഞു.

തൗഹീദും ശിർക്കും പരിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിൽ വിശദീകരിച്ചതോടൊപ്പം തന്നെ, സമൂഹത്തിലെ ഏതൊരു കോണിൽ ജീവിക്കുന്നവർക്കും തൗഹീദിന്റെ വെള്ളിവെളിച്ചം കിട്ടണം എന്ന പാവനമായ ഉദ്ദേശ്യത്തിൽ, മലയാളക്കരയിലെ സ്വാത്തികന്മാരായ പണ്ഡിതന്മാർ ഇത്തരം മലയാള പദങ്ങൾ, കാര്യങ്ങൾ വ്യക്തമാക്കുന്നതിന്നു വേണ്ടി ഉപയോഗിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കാൻ പാടില്ല തന്നെ.

അതേസമയം, ആമുഖത്തിൽ സൂചിപിച്ച, പരിശുദ്ധ ഖുർആൻ വചനം 98:4ൽ പറഞ്ഞ "വ്യക്തമായ തെളിവ്‌" വന്നെത്തിയതിന്ന് ശേഷവും തർക്കങ്ങളും ഭിന്നിപ്പുകളും ഉണ്ടാക്കുന്നവരുടെ ലക്‌ഷ്യമായിക്കൊണ്ട്   പരിശുദ്ധ ഖുർആൻ വചനം 2:213ൽ സാക്ഷാൽ അല്ലാഹു തന്നെ  പറഞ്ഞത്  "മാത്സര്യം" എന്നാണ്‌. 

ആ മാത്സര്യത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ത്വബരി(റഹി) ചൂണ്ടിക്കാണിച്ച, ഇഹലോകത്തെ അധികാരത്തിന്നും സ്ഥാനമാനങ്ങൾക്കും വേണ്ടി മാത്രം മത്സരിക്കുന്നവർ, തൗഹീദെന്ന അച്ഛന്ജലാമായ ആദർശത്തിൽ മായം കലർത്തിക്കൊണ്ട്, തങ്ങളുടെ പിഴച്ച വാദങ്ങൾക്ക് മറപിടിക്കുവാൻ മുകളിൽ സൂചിപിച്ച മലയാള പദങ്ങളെ മാത്രം ആശ്രയിക്കേണ്ട ഒരു ദുരവസ്ഥയാണ് ഈ വിഷയം എഴുതുമ്പോൾ ഇന്ന് മലയാളക്കരയിൽ നിലവിൽ ഉള്ളത്.

സൃഷ്ടാവായ അല്ലാഹുവിനെ സൂചിപ്പിക്കുവാൻ വേണ്ടി മാത്രം ഉപയോഗിക്കപ്പെട്ട 'അഭൗതികം', 'അദ്രിശ്യം', 'കാര്യ-കാരണ ബന്ധത്തിന്നു അതീതം' എന്നതിലേക്ക്, മനുഷ്യന്ന് കാണുവാൻ സാധിക്കാത്ത ജിന്നിനേയും, കൂട്ടത്തിൽ മലക്കിനേയും തിരികിക്കയറ്റിക്കൊണ്ട്, തങ്ങളുടെ പിഴച്ച വാദങ്ങൾക്ക് മറപിടിക്കുവനാണ് തൽപരകക്ഷികൾ ശ്രമിച്ചത്.

ഇത്തരം പിഴച്ച വാദക്കാർ, അവർ അറിഞ്ഞോ, അറിയാതെയോ എത്തിപെട്ട കുഫ്റിന്റെയും, അല്ലാഹുവിന്നു സമൻമാരെ ഉണ്ടാക്കിത്തീർക്കുന്ന ശിർക്കിന്റെയും ആഴമാണ് ഇനി പറയുന്നത്.

കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്.

A. തൗഹീദിന്റെ നിർവചനം ആദിയിൽ പരിപൂർണ്ണം

B. ശിർക്കാകുന്ന ഒരു കഴിവുണ്ടെങ്കിൽ അത് അല്ലാഹുവിന്നു മാത്രം അവകാശപ്പെട്ടത്

C. ശിർക്കാകുന്ന ഒരു കഴിവ് ജിന്നിന്ന് ഉണ്ടെന്ന് പറഞ്ഞവർ തീർച്ചയായും കാഫിറുകൾ 

ആദിയിലും അവസാനത്തിലും സർവ്വ-ഗുണ സമ്പൂർണ്ണമായ, അല്ലാഹുവിന്റെ അസ്ഥിത്വവുമായി മാത്രം ബന്ധമുള്ള, സൃഷ്ടികളുമായി ഒരിക്കലും പങ്കുവെക്കാത്ത, സൃഷ്ടി കഴിവുകളുമായി എന്തെങ്കിലും സാദ്രിശ്യമോ, സമത്വമോ ഇല്ലാത്ത, തൗഹീദിന്റെ നേരെ വിപരീദമായ ശിർക്ക് സംഭവിക്കുന്ന ഒരു കഴിവോ, ഒരു പ്രവർത്തനമോ - മനുഷ്യൻ, മലക്ക്, ജിന്ന് എന്ന് തുടങ്ങിയ കോടാനുകോടി സ്രിഷ്ടിജാലങ്ങളിൽ ഏതെങ്കിലും ഒരു സൃഷ്ടിക്ക് ഉണ്ടെന്ന് പറഞ്ഞവൻ കാഫിർ അഥവാ സത്യനിഷേധി/അവിശ്വാസി ആയിത്തീർന്നു.

ഏതെങ്കിലും ആളുകളോടോ, വിഭാഗത്തോടോ ഉള്ള എന്തെങ്കിലും അമർഷത്തിന്റെ ഭാഗമായിട്ട് അല്ല ഈയുള്ളവൻ ഇത് പറയുന്നത്. മറിച്ച്, ഈ വിഷയത്തിന്റെ ഭാഗം നാലിന്റെ അവസാനത്തിൽ ഉദാഹരണ സഹിതം വ്യക്തമാക്കിയത് പോലെ, "സത്യവും അസത്ത്യവും വേർതിരിക്കുന്നത്" അഥവാ "അൽ ഫുർഖാൻ" എന്ന് മറ്റൊരു പേരുള്ള പരിശുദ്ധ ഖുർആനിലും അതിന്റെ വിശദീകരണമായ തിരുസുന്നത്തിലും, സത്യവാദികളെയും അസത്യവാദികളെയും അർത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം അല്ലാഹുവും അവന്റെ തിരുനബിയും വകതിരിച്ച് കാണിച്ചിട്ടുണ്ട്. ആ പരിശുദ്ധ ഖുർആനിനെയും തിരുസുന്നത്തിനെയും പ്രാമാണികമായി  വിശദീകരിച്ച അഹ്ലു സുന്നത്തിന്റെ പണ്ഡിതന്മാർ അത് വളരെ കൃത്യമായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതാ ഇവിടെ അല്ലാഹുവിന്റെ ഒരു മാതൃക. അല്ലാഹുവിന്റെ അസ്ഥിത്വത്തിന്ന് നേരെ വികലമായ വാദങ്ങൾ ഉന്നയിച്ച ഒരു വിഭാഗത്തെ പറ്റി അല്ലാഹു പറയുന്നു -

"അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും കാഫിറുകൾ (അവിശ്വാസികൾ) ആണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന്‌ വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന്‌ അവിശ്വസിച്ചവര്‍ക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും." - ഖുർആൻ 5:73.

അപ്പോൾ അല്ലാഹുവിന്റെ മാതൃകയാണ്, വികല വാദക്കാരെ വ്യക്തമായി മാറ്റിനിറുത്തുക എന്നത്.

ആ അല്ലാഹുവിന്റെ മാതൃക പിൻപറ്റിക്കൊണ്ട് തന്നെയാണ്, ഏതൊരു കഴിവുകളിൽ സ്വയം നിലനിൽപ്പ് ഉള്ളവന്‍ ആയി അല്ലാഹു മാത്രം ഉണ്ടോ, ആ കഴിവുകള്‍ ഏതെങ്കിലും സൃഷ്ടിയില്‍ ഉണ്ടെന്ന് സങ്കല്‍പ്പിച്ചാലോ, ഉണ്ടെന്ന് കരുതി ചോദിച്ചാലോ മാത്രം ശിര്‍ക്ക് സംഭവിക്കുന്ന കഴിവുകള്‍ ജിന്നിന്നും മലക്കിന്നും ഉണ്ട് എന്ന് പറയുന്നവര്‍ കാഫിറുകള്‍ ആണ് എന്ന് പറയുന്നത്.

അല്ലാഹുവിന്റെ അസ്ഥിത്വവുമായി ബന്ധപ്പെട്ടുകൊണ്ട് സലഫുകള്‍ അഥവാ മുന്‍ഗാമികളായ ആളുകള്‍  സ്വീകരിച്ച നിലപാട് എന്താണെന്നു ഈ വിഷയത്തിന്റെ ആറാം ഭാഗത്ത് മാഹാനായ ഇമാം ഇബ്നു കസീര്‍(റഹി) വളരെ കൃത്യമായി പറഞ്ഞത് ഇവിടെ ആവര്‍ത്തിക്കുന്നു.

وَأَنَّ الْمَسْلَكَ الْأَسْلَمَ فِي ذَلِكَ طَرِيقَةُ السَّلَفِ إِمْرَارُ مَا جَاءَ فِي ذَلِكَ مِنَ الْكِتَابِ وَالسُّنَّةِ مِنْ غَيْرِ تَكْيِيفٍ وَلَا تَحْرِيفٍ وَلَا تَشْبِيهٍ وَلَا تَعْطِيلٍ وَلَا تَمْثِيلٍ

"സലഫുകളുടെ (മുൻഗാമികളുടെ) പാതയാണ് ഇത്തരം കാര്യങ്ങൾ സൂക്ഷ്മതയോടുകൂടി മനസ്സിലാക്കുന്നതിനുള്ള വഴി. അവരുടെ വഴി എന്നാൽ, ഖുർആനിലും നബിചര്യയിലും എന്തെലാം വന്നോ, അത്  'എങ്ങിനെ' എന്ന് പറയാതെ, (സ്വന്തം വക) 'വിശദീകരണം' പറയാതെ, (സൃഷ്ടികളോട്) 'സാദ്രിശ്യം' പറയാതെ, 'നിഷേധം' പറയാതെ, 'ഉപമകൾ' പറയാതെ സ്വീകരിക്കൽ ആകുന്നു " - ഇമാം ഇബ്നു കസീർ(റഹി), ഖുർആൻ 20:5-8.

ആദിയിലും അവസാനത്തിലും സർവ്വ-ഗുണ സമ്പൂർണ്ണമായ അല്ലാഹുവിന്റെ ഏതെങ്കിലും കഴിവോ പ്രവർത്തനമോ, അവന്റെ  കോടാനുകോടി സ്രിഷ്ടിജാലങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ കഴിവുമായോ പ്രവർത്തനവുമായോ എന്തെങ്കിലും വിധത്തിൽ ഏതെങ്കിലും സാദ്രിശ്യം ഉണ്ട് എന്ന് പറയൽ ഒരു മുസ്ലിമിന്ന് യോജിച്ചതല്ല. ആരെങ്കിലും അങ്ങിനെ വാദിച്ചാൽ, അവരുടെ സ്ഥാനം ഇസ്ലാമെന്ന വ്രിത്തത്തിന്ന് പുറത്താണ് എന്ന് വളരെ ഗൌരവമായി ഉണർത്തുകയാണ്.

I. ശിർക്കാകുന്ന കഴിവ് ജിന്നിന്ന് ഉണ്ടെന്ന വാദം അല്ലാഹുവിന്ന്  സാദ്രിശ്യം ഉണ്ടാക്കൽ 

ശിർക്കാകുന്ന ഒരു കഴിവുണ്ടെങ്കിൽ അത് അല്ലാഹുവിന്നു മാത്രം അവകാശപ്പെട്ടതാണ് എന്ന യാഥാർത്ഥ്യം കഴിഞ്ഞ ഭാഗത്ത് വളരെ കൃത്ത്യമായി വിശദീകരിച്ചിട്ടുണ്ട്.

എന്നാൽ, ഉണ്ടെന്ന് വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കഴിവാണ് ജിന്നിന്ന് ഉള്ളത് എന്ന് വാദിക്കുമ്പോൾ - അങ്ങിനെ ഒരു കഴിവിന്റെ യഥാർത്ഥ ഉടമയായ അല്ലാഹുവിന്റെ കഴിവിനോട് എന്തെങ്കിലും സാദ്രിശ്യം ഉള്ള കഴിവാണ് ജിന്നിനുള്ളത് എന്ന തിരിച്ചറിവ് ഇല്ലാത്ത, പിഴച്ച വാദമാണ് ഉണ്ടാകുക.

കഴിഞ്ഞ ഭാഗത്ത് പറഞ്ഞ, അല്ലാഹുവിന്റെയും അവന്റെ സൃഷ്ടികളുടെയും കഴിവിനെപറ്റി ഒരേ സമയം പ്രതിപാദിച്ച, പരിശുദ്ധ ഖുര്‍ആന്‍ വചനം 2:20നെ  വിശദീകരിച്ചുകൊണ്ട്  ഇമാം ഖുർത്വുബി (റഹി) വളരെ കൃത്യമായി പറഞ്ഞത് ഇവിടെ ആവർത്തിക്കുന്നു.

"അവന്റെ അടിമക്ക് കഴിവ് ഉണ്ടെന്നും, അല്ലാഹു അവന്ന് നൽകിയ ആ കഴിവ് കൊണ്ട് അവന്റെ പ്രകൃതിപരമായ കാര്യങ്ങൾ അവൻ നേടിയെടുക്കുന്നു എന്നും, അവൻ (അടിമ) അവന്റെ കഴിവിൽ സ്വയം നിലനിൽപ്പുള്ളവൻ അല്ല എന്നും മനസ്സിലാക്കൽ ഓരോ ആളുകൾക്കും നിർബന്ധം ആകുന്നു." - ഇമാം ഖുർത്വുബി (റഹി), ഖുർആൻ 2:20.

ഉണ്ടെന്ന് വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കഴിവാണ് ജിന്നിന്ന് അതിന്റെ പ്രകൃതിപരമായ കാര്യങ്ങൾ നേടിയെടുക്കുവാൻ അല്ലാഹു നൽകിയ കഴിവുകൾ എന്ന് വാദിക്കുമ്പോൾ  - കഴിവിൽ സ്വയം നിലനിൽപ്പുള്ളവൻ അല്ലാത്ത ജിന്നിന്റെ കഴിവും, കഴിവിൽ സ്വയം നിലനിൽപ്പുള്ളവൻ ആയ അല്ലാഹുവിന്റെ കഴിവും തമ്മിൽ സാദ്രിശ്യം ഉണ്ട് എന്ന തിരിച്ചറിവ് ഇല്ലാത്ത, പിഴച്ച വാദമാണ് ഉണ്ടാകുക.


فَمَنْ قَالَ: إنَّ عِلْمَ اللَّهِ كَعِلْمِيِّ أَوْ قُدْرَتَهُ كَقُدْرَتِي أَوْ كَلَامَهُ مِثْلُ كَلَامِي أَوْ إرَادَتَهُ وَمَحَبَّتَهُ وَرِضَاهُ وَغَضَبَهُ مِثْلُ إرَادَتِي وَمَحَبَّتِي وَرِضَائِي وَغَضَبِي أَوْ اسْتِوَاءَهُ عَلَى الْعَرْشِ كَاسْتِوَائِي أَوْ نُزُولَهُ كَنُزُولِي أَوْ إتْيَانَهُ كَإِتْيَانِي وَنَحْوَ ذَلِكَ فَهَذَا قَدْ شَبَّهَ اللَّهَ وَمَثَّلَهُ بِخَلْقِهِ تَعَالَى اللَّه عَمَّا يَقُولُونَ وَهُوَ ضَالٌّ خَبِيثٌ مُبْطِلٌ بَلْ كَافِرٌ.

"തീർച്ചയായും അല്ലാഹുവിന്റെ അറിവ് എന്റെ അറിവുപോലെ ആണെന്നോ, അവന്റെ കഴിവ് എന്റെ കഴിവിനെപോലെ ആണെന്നോ, അവന്റെ സംസാരം എന്റെ സംസാരം പോലെ ആണെന്നോ, 

അവന്റെ ഉദ്ദേശ്യമോ, അവന്റെ സ്നേഹമോ, അവന്റെ തൃപ്തിയോ, അവന്റെ കോപമോ, എന്റെ ഉദ്ധേശ്യത്തെപോലെയോ, എന്റെ സ്നേഹത്തെപോലെയോ, എന്റെ തൃപ്തിപോലെയോ, എന്റെ കോപത്തെപോലെയോ ആണെന്നോ,

അവന്റെ സിംഹാസനത്തിൽ ഉള്ള ആരോഹണം എന്റെ ആരോഹണത്തെപോലെ ആണെന്നോ, അവന്റെ ഇറക്കം എന്റെ ഇറക്കത്തെപോലെ ആണെന്നോ, അവന്റെ വരവ് എന്റെ വരവിനെപോലെ ആണെന്നോ അല്ലെങ്കിൽ അതുപോലെ ഉള്ളതോ ആരെങ്കിലും പറഞ്ഞാൽ -

തീർച്ചയായും അവൻ അല്ലാഹുവിനെ അവന്റെ സൃഷ്ടിയോട് സാദ്രിശ്യപ്പെടുത്തുകയും ഉപമിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു ആകട്ടെ അവർ പറയുന്നതിനെതൊട്ട് ഉന്നതനാകുന്നു. 

അവൻ (അങ്ങിനെ വാദിച്ചവൻ) പിഴച്ചവൻ ആണ്, നീചൻ ആണ്, ബഹിഷ്കരിക്കപ്പെട്ടവൻ ആണ്, കാഫിർ ആണ്." - അല്ലാഹുവിന്റെ നാമ-വിശേഷണങ്ങളിൽ അഹ്ലുസ്സുന്നത്തിന്റെ നിലപാട്, മജ്‌മൂഉ ഫതാവ, ഇബ്നു ത്വയ് മിയ്യ(റഹി).

* ഉണ്ടെന്ന് വിശ്വസിച്ചാലോ ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കാഴ്ച ആണ് ജിന്നിന്ന്  ഉള്ളത് എന്ന് ജൽപ്പിക്കുന്നവർ, അല്ലാഹുവിന്റെ കാഴ്ചയെ ജിന്നിന്റെ കാഴ്ചയുമായി സാദ്രിശ്യപ്പെടുത്തി.

* ഉണ്ടെന്ന് വിശ്വസിച്ചാലോ ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കേൾവി ആണ് ജിന്നിന്ന്  ഉള്ളത് എന്ന് ജൽപ്പിക്കുന്നവർ, അല്ലാഹുവിന്റെ കേൾവിയെ  ജിന്നിന്റെ കേൾവിയുമായി  സാദ്രിശ്യപ്പെടുത്തി.

* ഉണ്ടെന്ന് വിശ്വസിച്ചാലോ ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കഴിവുകൾ ആണ് ജിന്നിന്ന്  ഉള്ളത് എന്ന് ജൽപ്പിക്കുന്നവർ, അല്ലാഹുവിന്റെ കഴിവുകളെ ജിന്നിന്റെ കഴിവുകളുമായി സാദ്രിശ്യപ്പെടുത്തി.

ഉണ്ടെന്ന് വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കഴിവാണ് ജിന്നിന്ന് ഉള്ളത് എന്ന കള്ള-വാദം - ശിർക്കാകുന്ന കഴിവ് അല്ലാഹുവിന്നും ഉണ്ട്, കൂടാതെ ജിന്നിന്നും ഉണ്ട് എന്ന സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും കഴിവുകളെ സാദ്രിശ്യപ്പെടുത്തുന്ന പിഴച്ച വാദത്തിലേക്കാണ് കൂപ്പുകുത്തിയത്, അല്ലാഹുവിൽ ശരണം.

ഈവിധത്തിൽ, അല്ലാഹുവിന്റെ അനന്തകോടി സ്രിഷ്ടിജാലങ്ങളിൽ ഒന്ന് മാത്രമായ ജിന്നിന്റെ കഴിവിനെയും, സാക്ഷാൽ സൃഷ്ടാവായ അല്ലാഹുവിന്റെ കഴിവിനെയും ഒരേ നിലവാരത്തിലേക്ക്, അതെ, ഒരേ നിലവാരത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ സാദ്രിശ്യം സൃഷ്ടിക്കുന്ന ആളുകളെപറ്റിയാണ് പിഴച്ചവർ എന്നും, നീചന്മാർ എന്നും, ബഹിഷ്കരിക്കപ്പെട്ടവർ എന്നും കാഫിർ എന്നും വിളിക്കുന്നത്‌ എന്ന ആഹ്ലുസുന്നത്തിന്റെ പണ്ഡിതന്മാരുടെ നിലപാടായിക്കൊണ്ട് ഇമാം ഇബ്നു ത്വയ് മിയ്യ(റഹി) മുകളിൽ വിശദീകരിച്ചത്.

II. ശിർക്കാകുന്ന കഴിവ് ജിന്നിനും മലക്കിന്നും ഉണ്ടെന്നത്  മറ്റൊരു മൂവർ-സംഘ വാദം 

അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും കാഫിറുകൾ ആണ് എന്ന് സാക്ഷാൽ അല്ലാഹു തന്നെ പരിശുദ്ധ ഖുർആൻ വചനം 5:73ൽ സത്യപ്പെടുത്തിയ കാര്യമാണ്. ഈ പിഴച്ച വാദത്തോട് സാമ്യതയുള്ള മറ്റൊരു മൂവർ-സംഘ വാദമാണ് അല്ലാഹുവിന്നു പുറമെ, ജിന്നിനും, മലക്കിനും ചോദിച്ചാൽ ശിർക്ക് സംഭവിക്കുന്ന കഴിവുണ്ട് എന്ന വാദം.

ഉണ്ടെന്നു വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ മാത്രം ശിർക്ക് സംഭവിക്കുന്ന, ആരുമായും പങ്കുവെക്കാത്ത, സാദ്രിശ്യമില്ലാത്ത, ഉപമകൾ ഇല്ലാത്ത എല്ലാ കഴിവുകളുടെയും ഉടമസ്ഥൻ അല്ലാഹു ആയിരിക്കെ, അതിലേക്കു ജിന്നിനെയും കൂട്ടത്തിൽ മലക്കിനെയും തിരികിക്കൊണ്ട് - മലക്കിന്നും ജിന്നിന്നും, ചോദിച്ചാൽ ശിർക്ക്‌ സംഭവിക്കുന്ന കഴിവാണുള്ളത് എന്ന് പറയുന്നതിലൂടെ അല്ലാഹുവിന്റെ കഴിവും, ജിന്നിന്റെ കഴിവും, മലക്കിന്റെ കഴിവും  ശിർക്ക്‌ സംഭവിക്കുന്ന കഴിവുകൾ ആണെന്ന മറ്റൊരു മൂവർ-സംഘ വാദത്തിലാണ് തിരിച്ചറിവ് നഷ്ടപ്പെട്ട ഈ പിഴച്ച വാദക്കാർ എത്തിയത്.

"വേറൊരു കൂട്ടർ (പിതാവു, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ) മൂന്നു ആളുകൾ  - അഥവാ ത്രിഭൂതങ്ങൾ - ചേർന്നതാണ് സാക്ഷാൽ ദൈവമെന്നും അവയിൽ ഒന്നാണ് (പിതാവായ) അല്ലാഹു എന്നും പറഞ്ഞുണ്ടാക്കി" - അമാനി മൗലവി (റഹി), ഖുർആൻ 5:73.

ഇക്കൂട്ടർ (അല്ലാഹു, മലക്ക്, ജിന്ന് എന്നിങ്ങനെ) മൂന്ന് തരം കഴിവുകൾ ഉള്ള ആളുകളിൽ  -ഏതെങ്കിലും ഒരു സൃഷ്ടിയിൽ ഉണ്ടെന്നു വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക്‌ സംഭവിക്കുന്ന കഴിവ് അല്ലാഹുവിന്ന് ഉണ്ടെന്നും, അതേപോലെതന്നെ ജിന്നിന്നും, മലക്കിന്നും അവരോടു ചോദിച്ചാൽ ശിർക്ക്‌ സംഭവിക്കുന്ന കഴിവാണുള്ളത് എന്നും കൂട്ടത്തിൽ പറഞ്ഞുണ്ടാക്കി.

അല്ലാഹുവിന്റെ എണ്ണിയാൽ ഒടുങ്ങാത്ത അനന്തകോടി സ്രിഷ്ടിജാലങ്ങളിൽ കേവലം രണ്ടെണ്ണം മാത്രമായ ജിന്നിനും, മലക്കിന്നും ശിർക്ക് സംഭവിക്കുന്ന കഴിവുകൾ ആണുള്ളത് എന്ന് വാദിക്കുന്നതിലൂടെ - ശിർക്ക് സംഭവിക്കുന്ന കഴിവുകളുടെ ഉടമകൾ ആയിക്കൊണ്ട്‌ അല്ലാഹു, മലക്ക്, ജിന്ന് എന്ന മറ്റൊരു മൂവർ-സംഘ വാദത്തിലേക്കാണ് തൽപര-കക്ഷികൾ കൂപ്പുകുത്തിയത്.

അങ്ങിനെ അല്ലാഹുവിന്ന് മാത്രം അവകാശപ്പെട്ട, സൃഷ്ടികളുമായി ഒരു സാദ്രിശ്യവും ഇല്ലാത്ത, ശിർക്ക് സംഭവിക്കുന്ന കഴിവുകൾ, ജിന്നിനും മലക്കിന്നും ഉണ്ട് എന്ന് ജൽപ്പിക്കുക വഴി -കഴിവുകളിൽ സ്വയം നിലനിൽപ്പ്‌ ഇല്ലാത്ത ജിന്നിന്റെയും മലക്കിന്റെയും കഴിവുകളെ കഴിവുകളിൽ സ്വയം നിലനിൽപ്പ്‌ ഉള്ള അല്ലാഹുവിന്റെ കഴിവുകളുമായി സാദ്രിശ്യപ്പെടുത്തി.

ഇത്തരം വികല വാദക്കരെയാണ് ആഹ്ലുസുന്നത്തിന്റെ പണ്ഡിതന്മാർ വളരെ വ്യക്തമായി ഇസ്ലാമിക വൃത്തത്തിൽ നിന്നും മാറ്റിനിറുത്തിയത്.  ഇമാം ബുഖാരി(റഹി)യുടെ ഉസ്താതായ നുഐമ് ഇബ്നു ഹമ്മാദ്(റഹി) പറഞ്ഞത് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു -

بَلِ الْأَمْرُ كَمَا قَالَ الْأَئِمَّةُ -مِنْهُمْ نُعَيْم بْنُ حَمَّادٍ الْخُزَاعِيُّ شَيْخُ الْبُخَارِيِّ -: "مَنْ شَبَّهَ اللَّهَ بِخَلْقِهِ فَقَدْ كَفَرَ، وَمَنْ جَحَدَ مَا وَصَفَ اللَّهُ بِهِ نَفْسَهُ فَقَدْ كَفَرَ". وَلَيْسَ فِيمَا وَصَفَ اللَّهُ بِهِ نَفْسَهُ وَلَا رَسُولَهُ تَشْبِيهٌ، فَمَنْ أَثْبَتَ لِلَّهِ تَعَالَى مَا وَرَدَتْ بِهِ الْآيَاتُ الصَّرِيحَةُ وَالْأَخْبَارُ الصَّحِيحَةُ، عَلَى الْوَجْهِ الَّذِي يَلِيقُ بِجَلَالِ اللَّهِ تَعَالَى، وَنَفَى عَنِ اللَّهِ تَعَالَى النَّقَائِصَ، فَقَدْ سَلَكَ سَبِيلَ الْهُدَى.

"എന്നാൽ കാര്യം ഇമാം ബുഖാരിയുടെ ഉസ്താതായ നുഐമ്  ഇബ്നു ഹമ്മാദിനെ പോലുള്ള നേതാക്കൾ പറഞ്ഞത് പോലെയാണ്: - 'ആരെങ്കിലും അല്ലാഹുവിനെ, അവന്റെ സൃഷ്ടിയോട്‌ സാദ്രിശ്യപ്പെടുത്തിയാൽ അവൻ കാഫിറായി. ആരെങ്കിലും അല്ലാഹു അവനെ വിശേഷിപ്പിച്ചതിനെ നിഷേധിച്ചാൽ അവൻ കാഫിറായി.' അല്ലാഹുവും അവന്റെ ദൂദനും അവനെ (അല്ലാഹുവിനെ) വിശേഷിപ്പിച്ചതിൽ സദ്രിശ്യപ്പെടുത്തൽ ഇല്ല.

ഉന്നതനായ അല്ലാഹുവിന്റെ മഹത്വത്തിന്നു യോജിച്ച രീതിയിൽ, (ഖുർആൻ) വചനങ്ങളിലും സ്വഹീഹായ (നബി) വചനങ്ങളിലും  വന്നതിനെ ആരെങ്കിലും സത്യപ്പെടുത്തുകയും അല്ലാഹുവിന്നു എന്തെങ്കിലും കുറവുണ്ട് എന്നതിനെ നിഷേധിക്കുകയും ചെയ്‌താൽ, തീർച്ചയായും അവൻ സന്മാർഗത്തിൽ പ്രവേശിച്ചു. " - ഇമാം ഇബ്നു കസീർ(റഹി), ഖുർആൻ 7:54.

ഒരു സാങ്കൽപ്പിക വാദം പടച്ചുണ്ടാക്കുകയും അങ്ങിനെ ആ സാങ്കൽപ്പിക വാദത്തിനു ഒരു മതവിധി പുറപ്പെടുവിക്കുന്ന ഒരു പ്രവർത്തനം അല്ല, അഹ്ലു സുന്നത്തിന്റെ പണ്ഡിതന്മാരിൽപെട്ട ഇമാം ബുഖാരി (റഹി)യുടെ  ഉസ്താതതിനെ പോലെയുള്ള, അത് ഉദ്ധരിച്ച മഹാനായ ഇമാം ഇബ്നു കസീർ(റഹി) പോലുള്ള പണ്ഡിതർ ചെയ്തത്. മറിച്ച്, അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് ജല്‍പ്പിച്ചുകൊണ്ട്  അല്ലാഹുവിന്ന്റെ അസ്ഥിത്വത്തിന്നു നേരെ വികല വാദങ്ങള്‍ ഉന്നയിച്ചവര്‍ കാഫിറുകള്‍ ആണ് എന്ന അല്ലാഹുവിന്റെ മാതൃക പിന്‍പറ്റിക്കൊണ്ട് തന്നെയാണ് ആഹ്ലുസുന്നത്തിന്റെ പണ്ഡിതന്മാര്‍ 'ആരെങ്കിലും അല്ലാഹുവിനെ, അവന്റെ സൃഷ്ടിയോട്‌ സാദ്രിശ്യപ്പെടുത്തിയാൽ അവൻ കാഫിറായി.' എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഭാഗത്ത് പറഞ്ഞ, അല്ലാഹുവിന്റെ കഴിവും അവന്റെ സൃഷ്ടിയുടെ കഴിവും ഒരേ സമയം പരാമർഷിക്കപെട്ട പരിശുദ്ധ ഖുർആൻ വചനം 2:20:നെ വിശദീകരിച്ചുകൊണ്ട് ഇമാം ഖുർത്വുബി (റഹി) വളരെ കൃത്യമായി പറഞ്ഞ കാര്യമാണ് - "അവന്റെ അടിമക്ക് കഴിവ് ഉണ്ടെന്നും, അല്ലാഹു അവന്ന് നൽകിയ ആ കഴിവ് കൊണ്ട്  അവന്റെ പ്രകൃതിപരമായ കാര്യങ്ങൾ അവൻ നേടിയെടുക്കുന്നു എന്നും".

അതുകൊണ്ട് തന്നെ, മനുഷ്യനാകട്ടെ, ജിന്നാകട്ടെ, മലക്കാകട്ടെ, ഏതൊരു സ്രിഷ്ടിയാകട്ടെ,  ഓരോ സൃഷ്ടിക്കും അതിന്റേതായ പ്രകൃതിപരമായ കാര്യങ്ങൾ നിർവഹിക്കുന്നതിന്നു വേണ്ടി അല്ലാഹു പലതരം കഴിവുകള്‍ നല്‍കിയിട്ടുണ്ട്.

എന്നാല്‍ അത്തരം സൃഷ്ടി കഴിവുകള്‍ - ഉണ്ടെന്ന് വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കഴിവാണ് എന്ന് വാദിക്കുമ്പോള്‍, ആ വാദം ആദ്യമായി എത്തിച്ചേരുന്നത് ഇസ്ലാമിൽ നിന്നും പുറത്തുപോകുന്ന തനിച്ച കുഫ്ർ അഥവാ സത്യനിഷേധം ആണ് എന്നാണു പരിശുദ്ധ ഖുർആനിന്റെ അടിസ്ഥാനത്തിലും, അതിനെ തിരുവചനങ്ങൾ കൊണ്ട് വിശദീകരിച്ച അഹ്ലുസുന്നത്തിന്റെ അനിഷേദ്ധ്യരായ പണ്ഡിതന്മാർ വിധിച്ചതിന്റെ അടിസ്ഥാനത്തിലും വളരെ ഗൌരവമായി ഉണർത്തുവാനുള്ളത്.

ഉണ്ടെന്ന് വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കഴിവ് അല്ലാഹുവിനെ കൂടാതെ ജിന്നിനും ഉണ്ട് മലക്കിന്നും ഉണ്ട് എന്ന മറ്റൊരു മൂവർ-സംഘ വാദികൾക്ക് ആത്യന്തികമായി നൽകുവാൻ ഉള്ള താക്കീത്, അല്ലാഹു മൂവരിൽ ഒരാളാണ് എന്ന് ജൽപ്പിച്ച മൂവർ-സംഘ വാദികൾക്ക്  അല്ലാഹു നൽകിയ അതേ താക്കീത് ആണ് -

"അവര്‍ ആ പറയുന്നതില്‍ നിന്ന്‌ വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന്‌ കാഫിറുകൾ ആയവർക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും." - ഖുർആൻ 5:73.

അല്ലാഹുവിന്റെ അനന്തകോടി സ്രിഷ്ടിജാലങ്ങളില്‍ കേവലം രണ്ടെണ്ണം മാത്രമായ, സൃഷ്ടിക്കപ്പെടുകയും, നശിപ്പിക്കപ്പെടുകയും ചെയ്യുന്ന, തങ്ങളുടെ കഴിവുകളില്‍ പരിധിയും പരിമിധിയും ഉള്ള ജിന്നിന്നും മലക്കിന്നും അവരോടു ചോദിച്ചാല്‍ ശിര്‍ക്ക്‌ സംഭവിക്കുന്ന കഴിവാണ് അല്ലാഹു നല്‍കിയിരിക്കുന്നത് എന്ന് ജൽപ്പിക്കുക വഴി, അല്ലാഹുവിനെ കൂടാതെ ജിന്നിനും മലക്കിന്നും ശിർക്ക് സംഭവിക്കുന്ന കഴിവുകളാണുള്ളത്  എന്ന മറ്റൊരു മൂവര്‍-സംഘ വാദത്തില്‍ നിന്നും വിരമിച്ചില്ലെങ്കില്‍, നിങ്ങളില്‍ നിന്ന്  "കാഫിറുകൾ ആയവർക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും." - ഖുർആൻ 5:73.

തുടരും, ഇന്ഷാ അല്ലാാഹു.


سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
 ابو عبد المنان محمد نزامدين  ابن عبداللطيف

 തൗഹീദും ശിർക്കും - ആമുഖം
 തൗഹീദും ശിർക്കും - ഭാഗം - 1
 തൗഹീദും ശിർക്കും - ഭാഗം - 2
 തൗഹീദും ശിർക്കും - ഭാഗം - 3
• തൗഹീദും ശിർക്കും - ഭാഗം - 4
 തൗഹീദും ശിർക്കും - ഭാഗം - 5
 തൗഹീദും ശിർക്കും - ഭാഗം - 6
 തൗഹീദും ശിർക്കും - ഭാഗം - 7
 തൗഹീദും ശിർക്കും - ഭാഗം - 8