Monday, July 14, 2014

തൗഹീദും ശിർക്കും - ഭാഗം - 4

അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി

പ്രിയപ്പെട്ട സഹോദരങ്ങളെ

ഒന്നാം ഭാഗത്ത് സൂചിപ്പിച്ച പോലെ, ഒരാൾ 'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്ന് പ്രഖ്യാപിക്കുന്നതിന്നു മുൻപ്,  ഏതൊരു അല്ലാഹുവിനെ കുറിച്ചാണ് 'അവനല്ലാതെ ഒരു ആരാധ്യനും ഇല്ല' എന്ന സത്യസാക്ഷ്യം താൻ വഹിക്കുന്നത് എന്ന് വളരെ കൃത്യമായി അറിയേണ്ടതുണ്ട്.

കഴിഞ്ഞ മൂന്ന് ഭാഗങ്ങളിലും ആരാണ് ആ അല്ലാഹു എന്നതിനെ കുറിച്ചാണ് സുപ്രധാനമായ, അറിഞ്ഞില്ലെങ്കിൽ വിശ്വാസം അപകടത്തിൽ പെട്ടുപോകുന്ന ചില കാര്യങ്ങൾ പരിശുദ്ധ ഖുർആനിന്റെ വെളിച്ചത്തിൽ നമ്മൾ പറഞ്ഞത്.

ഇനിയും വളരെ പ്രാധാന്യത്തോട്കൂടി മനസ്സിലാക്കേണ്ട മറ്റൊരു സംഗതി ആണ് അല്ലാഹുവിന്റെ ഏകത്വത്തിനോ, അവന്റെ സർവ്വഗുണ സമ്പൂർണ്ണതക്കോ, സൃഷ്ടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്ന കേവല സൃഷ്ടികളുമായി യാതൊരുവിധത്തിലും ഒരു  സാമ്യതയും ഒരിക്കലും ഇല്ല എന്നത്.

E. തന്റെ എകത്വത്തിന്നു സൃഷ്ടികളുമായി യാതൊരു സാമ്യതയും  ഇല്ലാത്തവൻ അല്ലാഹു

സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ആദിയിൽ പരിപൂര്‍ണ്ണമായ തന്റെ ഏകത്വവും ആ എകത്വത്തില്‍ പരിപൂർണ്ണമായ തന്റെ സര്‍വ്വഗുണ സമ്പൂര്‍ണ്ണതയും അല്ലാഹു  ഒരാളുമായും ഒരിക്കലും പങ്കുവെക്കില്ല എന്ന്‍ വളരെ വ്യക്തമായി.

അതേപോലെതന്നെ, മുഇജിസത്തുകൾ എന്നാൽ അത് അല്ലാഹുവിന്റെ അനുമതിയോടുകൂടി മാത്രം നടക്കുന്ന ഒന്നാണെന്നും, അതിൽ അല്ലാഹുവിന്റെ ഏകത്വത്തിന്റെ ഒരു അംശം പോലും പങ്കുവെക്കുന്ന പ്രശ്നം ഒരിക്കലും  ഇല്ല എന്നും പറഞ്ഞുകഴിഞ്ഞു.

ഇനി, തന്റെ ഏകത്വത്തിന്നും, സർവ്വഗുണ സമ്പൂർണ്ണതക്കും, ആരുമായും പങ്കുവെക്കാത്ത രാജാതിപത്യത്തിന്നും പിന്നീട് വന്ന സൃഷ്ടികളുമായി എന്തെങ്കിലും സാമ്യത ഉണ്ടോ?

രണ്ടാം ഭാഗത്ത്, 'തൗഹീദ്' എന്ന് മറ്റൊരു  പേരുള്ള പരിശുദ്ധ ഖുർആൻ അദ്ധ്യായം 112ലെ ഒന്നാം വചനമായ  "കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു" എന്നതിനെ വിശദീകരിച്ചുകൊണ്ട്  ഇമാം ഇബ്നു കസീർ(റഹി) പറഞ്ഞത് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.

 لِأَنَّهُ الْكَامِلُ فِي جَمِيعِ صِفَاتِهِ وَأَفْعَالِهِ

"അവൻ (അല്ലാഹു) അവന്റെ മുഴുവൻ വിശേഷണങ്ങളിലും പ്രവര്ത്തനങ്ങളിലും പരിപൂർണ്ണൻ ആകുന്നു. " - ഇബ്നു കസീർ(റഹി), ഖുർആൻ  112:1-2.

• യാതൊരു കഴിവില്‍ അല്ലാഹു ഏകാനായോ, ആ ഒരു കഴിവും പിന്നീട് വന്ന സൃഷ്ടിയുടെ ഒരു കഴിവും തമ്മില്‍ എന്തെങ്കിലും ഒരു സാമ്യം ഉണ്ടോ? ഒരിക്കലും ഇല്ല.

• യാതൊരു പ്രവൃത്തിയില്‍ അല്ലാഹു ഏകാനായോ, ആ ഒരു പ്രവൃത്തിയും സൃഷ്ടിയുടെ ഒരു പ്രവൃത്തിയും തമ്മില്‍ എന്തെങ്കിലും ഒരു സാമ്യം ഉണ്ടോ? ഒരിക്കലും ഇല്ല.

"ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു ( അവന്‍. ) നിങ്ങള്‍ക്ക്‌ വേണ്ടി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ അവന്‍ ഇണകളെ ( ഉണ്ടാക്കിത്തന്നിരിക്കുന്നു. ) അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച്‌ വര്‍ധിപ്പിക്കുന്നു. അവനെ പോലെ യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു." - ഖുർആൻ 42:11.

لَيْسَ كَمِثْلِهِ شَيْءٌ أَيْ: لَيْسَ كَخَالِقِ الْأَزْوَاجِ كُلِّهَا شَيْءٌ؛ لِأَنَّهُ الْفَرْدُ الصَّمَدُ الَّذِي لَا نَظِيرَ لَهُ

'അവനെ പോലെ യാതൊന്നും ഇല്ല' അതായതു, എല്ലാ ഇണകളെയും  സൃഷ്ടിച്ചവനെ പോലെ ഒന്നും ഇല്ല കാരണം, അവൻ അതുല്യനും, സർവ്വാശ്രയനായ യജമാനനുമായ തുണ ഇല്ലാത്തവനും ആകുന്നു." - ഇമാം ഇബ്നു കസീർ(റഹി), ഖുർആൻ 42:11.

അതെ, എല്ലാ ഇണകളെയും സ്രിഷ്ടിച്ച അല്ലാഹുവിന്നു, അവന്റെ സൃഷ്ടികളുമായി കഴിവിലോ പ്രവൃത്തിയിലോ യാതൊരു സാമ്യതയും ഒരിക്കലും  ഇല്ല.

അമാനി മൗലവി(റഹി), ഒന്ന് കൂടി വിശദമാക്കുന്നു -

"ഇസ്ലാമിക വീക്ഷണത്തിൽ മൌലികപ്രദാനമായ ഒരു തത്വമാണ് لَيْسَ كَمِثْلِهِ شَيْءٌ (അവനെ പോലെ ഒരു വസ്തുവും ഇല്ല) എന്ന വാക്യം. അല്ലാഹുവിന്റെ പരിശുദ്ധ സത്തയിലാകട്ടെ, ഉൽക്രിഷ്ട്ട ഗുണങ്ങളിലാകട്ടെ, പ്രവർത്തനങ്ങളിൽ ആകട്ടെ, അധികാരാവകാശങ്ങളിലാകട്ടെ, അവനെപോലെ  - അവന്നു തുല്യമായതോ, കിടയത്തതോ യാതൊന്നും തന്നെ ഇല്ല." - അമാനി മൗലവി(റഹി), ഖുർആൻ 42:11.

അപ്പോൾ, സൃഷ്ടികളുടെ എന്തെങ്കിലും കഴിവിവോ പ്രവർത്തനമോ അല്ലാഹുവിന്റെ എന്തെങ്കിലും കഴിവുമായോ പ്രവർത്തനവുമായോ യാതൊരു സദ്രിശ്യമോ തുലനം ചെയ്യലോ ഒരിക്കലും സാധ്യം അല്ല.

I. അല്ലാഹുവിന്റെ ഇറക്കം     

അല്ലാഹുവിന്റെ ഒന്നാം ആകാശത്തേക്കുള്ള ഇറക്കവുമായി ബന്ധപ്പെട്ടുകൊണ്ട്‌ നബി (സ) പറഞ്ഞു -

"രാത്രിയുടെ മൂന്നിൽ ഒന്ന് ബാകിയാകുമ്പോൾ അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരും. എന്നിട്ട് പറയും 'ആരെങ്കിലും എന്നെ വിളിച്ചാൽ, ഞാൻ അവന്ന് ഉത്തരം നൽകും, ആരെങ്കിലും എന്നോട് ചോദിച്ചാൽ, ഞാൻ അവന്നു നൽകും, ആരെങ്കിലും എന്നോട് പാപമോചനം തേടിയാൽ, ഞാൻ അവന്നു പൊറുത്തു കൊടുക്കും.' " - ബുഖാരി, മുസ്ലിം.

ലൈലത്തുൽ ഖദ്റിന്റെ രാത്രിയിൽ മലക്കുകൾ ഇറങ്ങുന്നതിനെപറ്റി  അല്ലാഹു പറയുന്നു -

"മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു." ഖുർആൻ 97:4.

അല്ലാഹുവിന്റെ ഉന്നതിക്കും, പ്രതാപത്തിന്നും യോജിച്ച അവന്റെ  ഇറക്കവും, അവന്റെ സൃഷ്ടികളിൽ ഒന്നായ മലക്കുകളുടെ ഇറക്കവും തമ്മിൽ ഒരു തരത്തിലും തുല്യതയോ, സാദ്രിശ്യമോ ഒരിക്കലും ഇല്ല.

II. അല്ലാഹുവിന്റെ കാഴ്ച   

നബി(സ)യെ ദ്രോഹിച്ച ഒരു മനുഷ്യന്റെ ചെയ്തിയെ അല്ലാഹു കാണുന്നുണ്ട് എന്നതിനെ കുറിച്ച് അല്ലാഹു പറയുന്നു - 

"അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന് ?" ഖുർആൻ 96 :14.

അതേ അല്ലാഹു തന്നെ പറയുന്നു ശൈത്വാനും കൂട്ടരും മനുഷ്യരായ നിങ്ങളെ കണ്ടുകൊണ്ടിരിക്കുന്നു എന്ന്.

"തീര്‍ച്ചയായും അവനും (ശൈത്വാനും) അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങള്‍ക്ക്‌ അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍. തീര്‍ച്ചയായും വിശ്വസിക്കാത്തവര്‍ക്ക്‌ പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു." - ഖുർആൻ 7:27.

അല്ലാഹുവിന്റെ ഉന്നതിക്കും, പ്രതാപത്തിന്നും യോജിച്ച അവന്റെ കാഴ്ചയും, അവന്റെ സൃഷ്ടികളിൽ ഒന്നായ ജിന്നിന്റെ കാഴ്ചയും തമ്മിൽ ഒരു തരത്തിലും തുല്യതയോ, സാദ്രിശ്യമോ ഒരിക്കലും ഇല്ല.

III. അല്ലാഹുവിന്റെ സംസാരം 

മൂസ നബിയുമായി അല്ലാഹു നേരിട്ട് നടത്തിയ സംസാരത്തെ കുറിച്ച് അല്ലാഹു പറയുന്നു -

"നിനക്ക്‌ നാം മുമ്പ്‌ വിവരിച്ചുതന്നിട്ടുള്ള ദൂതന്‍മാരെയും, നിനക്ക്‌ നാം വിവരിച്ചുതന്നിട്ടില്ലാത്ത ദൂതന്‍മാരെയും ( നാം നിയോഗിക്കുകയുണ്ടായി. ) മൂസായോട്‌ അല്ലാഹു നേരിട്ട്‌ സംസാരിക്കുകയും ചെയ്തു." - ഖുർആൻ 4:164.

ഇബ്രാഹീം നബിയുടെ അടുത്തേക്ക്‌ മനുഷ്യരൂപത്തിൽ വന്ന മലക്കുകളോട്, അദ്ദേഹം ചോദിച്ച ചോദ്യത്തെ കുറിച്ച്  അല്ലാഹു പറയുന്നു -

"അനന്തരം അദ്ദേഹം ധൃതിയില്‍ തന്‍റെ ഭാര്യയുടെ അടുത്തേക്ക്‌ ചെന്നു. എന്നിട്ട്‌ ഒരു തടിച്ച കാളക്കുട്ടിയെ ( വേവിച്ചു ) കൊണ്ടുവന്നു. എന്നിട്ട്‌ അത്‌ അവരുടെ അടുത്തേക്ക്‌ വെച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ തിന്നുന്നില്ലേ?" - ഖുർആൻ 51:26-27.

അല്ലാഹുവിന്റെ ഉന്നതിക്കും, പ്രതാപത്തിന്നും യോജിച്ച, അവന്റെ ഒരു സൃഷ്ടിയോടുള്ള അവന്റെ സംസാരവും, അവന്റെ സൃഷ്ടികളിൽ ഒന്നായ മനുഷ്യനും, അവന്റെ  മറ്റൊരു സൃഷ്ടിയായ മലക്കും തമ്മിലുള്ള സംസാരവും ഒരു തരത്തിലും തുല്യതയോ, സാദ്രിശ്യമോ ഒരിക്കലും ഇല്ല.

ഇനിയും ഒരുപാട് ഇത്തരത്തിൽ ഉള്ള, അല്ലാഹുവിന്റെ കഴിവും, പ്രവർത്തനവും, അവന്റെ വിവിധങ്ങൾ ആയ സൃഷ്ടികളുടെ കഴിവും പ്രവർത്തനത്തെ കുറിച്ചും ഒക്കെ ഉദാഹരണങ്ങൾ പരിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീസുകളിലും നമുക്ക് കാണാവുന്നതാണ്. അവിടങ്ങളിൽ എല്ലാം തന്നെ അല്ലാഹുവിന്റെ ഏതെങ്കിലും കഴിവിന്ന് അവന്റെ സൃഷ്ടികളുടെ കഴിവുമായോ,   അല്ലാഹുവിന്റെ ഏതെങ്കിലും പ്രവർത്തനത്തിന്ന് അവന്റെ സൃഷ്ടികളുടെ പ്രവർത്തനവുമായോ ഒരു തരത്തിലും തുല്യതയോ, സാദ്രിശ്യമോ ഒരിക്കലും ഇല്ല.

ഇത്തരുണത്തിൽ ഏതെങ്കിലും ഒരു സൃഷ്ടിയുടെ എന്തെങ്കിലും കഴിവിനോ പ്രവർത്തനത്തിനോ, ഏതൊരു കാര്യത്തിൽ അല്ലാഹു ആദിയിലും അവസാനത്തിലും സർവ്വഗുണ സംബൂർണ്ണൻ ആയോ, അതിന്നു യാതൊരു സാദ്രിശ്യവും ഇല്ല, "അല്ലാഹുവിനെ പോലെ" എന്ന് പറയുവാൻ വേറെ ആൾ ഇല്ല.

• അല്ലാഹുവിന്റെ ഉന്നതിക്കും പ്രതാപത്തിന്നും യോജിച്ച അവന്റെ ഏതെങ്കിലും ഒരു കഴിവോ, ഒരു പ്രവർത്തനമോ  അവന്റെ സൃഷ്ടിയായ മനുഷ്യന്റെ  ഏതെങ്കിലും കഴിവുമായോ / പ്രവർത്തനവുമായൊ  ഒരു തരത്തിലും തുല്യതയോ, സാദ്രിശ്യമോ ഒരിക്കലും ഇല്ല.   

• അല്ലാഹുവിന്റെ ഉന്നതിക്കും പ്രതാപത്തിന്നും യോജിച്ച അവന്റെ ഏതെങ്കിലും ഒരു കഴിവോ, ഒരു പ്രവർത്തനമോ  അവന്റെ സൃഷ്ടിയായ മലക്കിന്റെ   ഏതെങ്കിലും കഴിവുമായോ / പ്രവർത്തനവുമായൊ ഒരു തരത്തിലും തുല്യതയോ, സാദ്രിശ്യമോ ഒരിക്കലും ഇല്ല.   

• അല്ലാഹുവിന്റെ ഉന്നതിക്കും പ്രതാപത്തിന്നും യോജിച്ച അവന്റെ ഏതെങ്കിലും ഒരു കഴിവോ, ഒരു പ്രവർത്തനമോ  അവന്റെ സൃഷ്ടിയായ ജിന്നിന്റെ   ഏതെങ്കിലും കഴിവുമായോ / പ്രവർത്തനവുമായൊ ഒരു തരത്തിലും തുല്യതയോ, സാദ്രിശ്യമോ ഒരിക്കലും ഇല്ല. 

• അല്ലാഹുവിന്റെ ഉന്നതിക്കും പ്രതാപത്തിന്നും യോജിച്ച അവന്റെ ഏതെങ്കിലും ഒരു കഴിവോ, ഒരു പ്രവർത്തനമോ അവന്റെ ഏതെങ്കിലും സൃഷ്ടിയുടെ, ഏതെങ്കിലും കഴിവുമായോ / പ്രവർത്തനവുമായൊ ഒരു തരത്തിലും തുല്യതയോ, സാദ്രിശ്യമോ ഒരിക്കലും ഇല്ല.

بَلِ الْأَمْرُ كَمَا قَالَ الْأَئِمَّةُ -مِنْهُمْ نُعَيْم بْنُ حَمَّادٍ الْخُزَاعِيُّ شَيْخُ الْبُخَارِيِّ -: "مَنْ شَبَّهَ اللَّهَ بِخَلْقِهِ فَقَدْ كَفَرَ، وَمَنْ جَحَدَ مَا وَصَفَ اللَّهُ بِهِ نَفْسَهُ فَقَدْ كَفَرَ". وَلَيْسَ فِيمَا وَصَفَ اللَّهُ بِهِ نَفْسَهُ وَلَا رَسُولَهُ تَشْبِيهٌ، فَمَنْ أَثْبَتَ لِلَّهِ تَعَالَى مَا وَرَدَتْ بِهِ الْآيَاتُ الصَّرِيحَةُ وَالْأَخْبَارُ الصَّحِيحَةُ، عَلَى الْوَجْهِ الَّذِي يَلِيقُ بِجَلَالِ اللَّهِ تَعَالَى، وَنَفَى عَنِ اللَّهِ تَعَالَى النَّقَائِصَ، فَقَدْ سَلَكَ سَبِيلَ الْهُدَى.

"എന്നാൽ കാര്യം ഇമാം ബുഖാരിയുടെ ഉസ്താതായ നുഐമ്  ഇബ്നു ഹമ്മാദിനെ പോലുള്ള നേതാക്കൾ പറഞ്ഞത് പോലെയാണ്: - 'ആരെങ്കിലും അല്ലാഹുവിനെ, അവന്റെ സൃഷ്ടിയോട്‌ സാദ്രിശ്യപ്പെടുത്തിയാൽ അവൻ കാഫിറായി. ആരെങ്കിലും അല്ലാഹു അവനെ വിശേഷിപ്പിച്ചതിനെ നിഷേധിച്ചാൽ അവൻ കാഫിറായി.അല്ലാഹുവും അവന്റെ ദൂദനും അവനെ (അല്ലാഹുവിനെ) വിശേഷിപ്പിച്ചതിൽ സദ്രിശ്യപ്പെടുത്തൽ ഇല്ല. 

ഉന്നതനായ അല്ലാഹുവിന്റെ മഹത്വത്തിന്നു യോജിച്ച രീതിയിൽ, (ഖുർആൻ) വചനങ്ങളിലും  സ്വഹീഹായ (നബി) വചനങ്ങളിലും  വന്നതിനെ ആരെങ്കിലും സത്യപ്പെടുത്തുകയും അല്ലാഹുവിന്നു എന്തെങ്കിലും കുറവുണ്ട് എന്നതിനെ നിഷേധിക്കുകയും ചെയ്‌താൽ, തീർച്ചയായും അവൻ സന്മാർഗത്തിൽ പ്രവേശിച്ചു" - ഇമാം ഇബ്നു കസീർ(റഹി), ഖുർആൻ 7:54. 

അല്ലാഹുവിന്റെ ഒരു ന്യൂനതയും ഇല്ലാത്ത, ഒരു കുറവും ഇല്ലാത്ത കഴിവുകളെ പറ്റിയും, അല്ലാഹുവിന്റെ ഉന്നതിക്കും പ്രതാപത്തിന്നും യോജിച്ച അവന്റെ പ്രവൃത്തികളിൽപെട്ട സിംഹാസത്തിലുള്ള ആരോഹണവും ഒക്കെ പരാമർശിച്ചുകൊണ്ട് മഹാനായ ഇമാം ഇബ്നു കസീർ(റഹി) പറയുന്നതാണ് തൊട്ട് മുകളിൽ ഉള്ളത്.

കാര്യം അങ്ങിനെയാണെങ്കിൽ -

മനുഷ്യന്റെ ഏതെങ്കിലും കഴിവോ / പ്രവർത്തനമോ, അല്ലാഹുവിന്റെ ഏതെങ്കിലും കഴിവോ പ്രവർത്തനമോ ആയി എന്തെങ്കിലും ബന്ധമോ, സാദ്രിശ്യമോ ഉണ്ടെന്നു പറഞ്ഞവൻ കാഫിറായി.

മലക്കിന്റെ ഏതെങ്കിലും കഴിവോ / പ്രവർത്തനമോ, അല്ലാഹുവിന്റെ ഏതെങ്കിലും കഴിവോ പ്രവർത്തനമോ ആയി എന്തെങ്കിലും ബന്ധമോ, സാദ്രിശ്യമോ ഉണ്ടെന്നു പറഞ്ഞവൻ കാഫിറായി.

ജിന്നിന്റെ ഏതെങ്കിലും കഴിവോ / പ്രവർത്തനമോ, അല്ലാഹുവിന്റെ ഏതെങ്കിലും കഴിവോ പ്രവർത്തനമോ ആയി എന്തെങ്കിലും ബന്ധമോ, സാദ്രിശ്യമോ ഉണ്ടെന്നു പറഞ്ഞവൻ കാഫിറായി.

• ഏതെങ്കിലും ഒരു സൃഷ്ടിയുടെ ഏതെങ്കിലും കഴിവോ പ്രവർത്തനമോ, അല്ലാഹുവിന്റെ ഏതെങ്കിലും കഴിവോ പ്രവർത്തനമോ ആയി എന്തെങ്കിലും ബന്ധമോ, സാദ്രിശ്യമോ ഉണ്ടെന്നു പറഞ്ഞവൻ കാഫിറായി.

എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ, ഇതെഴുതുന്നത്, ആരെയെങ്കിലും 'കാഫിർ' എന്ന് വിളിക്കുവാൻ വേണ്ടി അല്ല. മറിച്ച്, സത്യവും അസത്യവും വേർതിരിക്കുന്ന "അൽ ഫുർഖാൻ" എന്ന് മറ്റൊരു പേർ ഉള്ള പരിശുദ്ധ ഖുർആനിൽ, അല്ലാഹുവും അവന്റെ തിരുനബി(സ)യും പറഞ്ഞുതന്ന പാതയിൽ നിന്നും വ്യതിചലിച്ച ആളുകളെ പറ്റി 'മുഷ്രിക്ക് ' എന്നും, 'കാഫിർ' എന്നും, 'വഴിപിഴച്ചവർ' എന്നും, 'തെമ്മാടികൾ' എന്നും, 'സ്വയം വിഡ്ഢി' എന്നും 'കഴുതകൾ' എന്നും 'നാൽകാലികളെക്കാൾ അധപതിച്ചവർ' എന്നും ഒക്കെയുള്ള പ്രയോഗങ്ങൾ നമുക്ക് കാണുവാൻ സാധിക്കും.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത്തരം മോശമായ വിശേഷണങ്ങളിൽ നിന്നെല്ലാം അവൻ വിട്ടു നിൽക്കുവാൻ പരമാവധി ശ്രമിക്കും, എന്തെങ്കിലും കക്ഷിത്വമോ വ്യക്തി വിരോധമോ അവനെ സത്യത്തിന്റെ മാർഗത്തിൽ നിന്നും വ്യതിചലിപ്പിക്കുക ഇല്ല തന്നെ.

അല്ലാഹുവിന്റെ ഏകത്വത്തിന്റെ ഭാഗമായ, അല്ലാഹു സർവ്വഗുണ സംബൂർണ്ണൻ ആയ അവന്റെ ഏതെങ്കിലും കഴിവോ പ്രവർത്തനമോ, അവന്റെ സൃഷ്ടികളിൽ ആരോപിക്കുന്നവർ അവസാനം ചെന്നെത്തുന്നത് അല്ലാഹുവിന്നു സമൻമാരെ ഉണ്ടാകുന്ന, ശാശ്വതമായയി നരഗത്തിലേക്ക് എത്തിക്കുന്ന ഷിർക്കിലേക്കാണ്. അല്ലാഹു അനുഗ്രഹിക്കുകയാണെകിൽ അത് എങ്ങിനെ എന്ന് പരിശുദ്ധ ഖുർആനിന്റെ വെളിച്ചത്തിൽ വഴിയെ നമുക്ക് മനസ്സിലാക്കാം.

പരിശുദ്ധ ഖുർആനും തിരുസുന്നത്തും മുന്നോട്ടു വെക്കുന്ന വിശ്വാസം എന്തെന്നാൽ  അത് അവിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും മധ്യത്തിൽ ഉള്ള വിശ്വാസമാണ്. ആ വിശ്വാസത്തിൽ എറ്റവും പ്രാധാന്യമേറിയ അല്ലാഹുവിനെ കുറിച്ചുള്ള വളരെ ഉന്നതമായ, മഹത്വമേറിയ, തുലത്യയില്ലാത്ത വിശ്വാസ-ഭാഗങ്ങലിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നാളെ ഖബറിലും, പിന്നീട് അല്ലാഹുവിന്റെ കോടതിയിലും ഒറ്റക്ക് നിന്നുകൊണ്ട് മറുപടി പറയേണ്ടിവരുന്ന ആ ദിനത്തെ ഓർത്തുകൊണ്ട്‌ വിശ്വാസം ക്രമപ്പെടുത്തുക, അല്ലാഹു അനുഗ്രഹിക്കട്ടെ.

തുടരും, ഇന്ഷാ അല്ലാാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
 ابو عبد المنان محمد نزامدين  ابن عبداللطيف

No comments:

Post a Comment