Sunday, January 17, 2021

ദൈവത്തെ ആര് സൃഷ്ടിച്ചു!

ദൈവത്തെ ആര് സൃഷ്ടിച്ചു!

ദൈവാസ്തിക്യത്തെ കുറിച്ചുള്ള ചർച്ചകൾ വരുമ്പോൾ കാലാ കാലങ്ങളായി ഉയർന്നു വരാറുള്ള ഒരു ചോദ്യമാണ് - ഈ സൃഷ്ടിച്ചതെല്ലാം ദൈവമാണെങ്കിൽ ആ ദൈവത്തെ ആരു സൃഷ്ടിച്ചു എന്നുള്ളത്.

തീർച്ചയായും, അന്വേഷണ കുതികിയായ, കാര്യങ്ങളെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് വിലയിരുത്തുന്ന മനുഷ്യന്റെ പ്രകൃതത്തിൽ നിന്നും ഉയർന്നുവരുന്ന നല്ല ഒരു ചോദ്യമാണിത്.

ഒറ്റ വാക്യത്തിൽ പറയുകയാണെങ്കിൽ, "സൃഷ്ടിക്കപ്പെട്ടവൻ" എന്ന ഒരു വിശേഷണം ദൈവത്തിന്ന് ഇല്ല എന്നതാണ് ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം.

ഒരു ഉദാഹരണം നോക്കാം.

നിത്യ ജീവിതത്തിൽ മനുഷ്യൻ ഉപയോഗിക്കുന്ന രണ്ടു അളവ് കോലുകളാണ് കിലോഗ്രാമും, കിലോമീറ്ററും.

ഒരു കിലോഗ്രാമിൽ ആയിരം ഗ്രാം ഉണ്ട് എന്ന് നമുക്കറിയാം. അതേ പോലെ ഒരു കിലോമീറ്ററിൽ ആയിരം മീറ്ററുകൾ ഉണ്ട് എന്നും നമുക്കറിയാം.

എന്നാൽ ഒരാൾ ചോദിക്കുകയാണ്, ഒരു കിലോഗ്രാമിൽ എത്ര മീറ്ററുകൾ ഉണ്ട് ?

അപ്പോൾ നമ്മൾ പറയും, കിലോഗ്രാം എന്ന അളവുകോലിന്ന് "മീറ്റർ" എന്ന വിശേഷണം ഇല്ല എന്ന്. 

ഈ ഉത്തരം പറയുവാൻ സാധിക്കുന്നത് എന്തുകൊണ്ടാണ്?

കാരണം വ്യക്തമാണ്. കിലോഗ്രാം എന്നത് ഭാരത്തെ സൂചിപ്പിക്കുവാനാണ് എന്നും അതിൽ ഭാരത്തെ സൂചിപ്പിക്കുന്ന ഗ്രാമുകൾ ആണുള്ളത് എന്നും അതിനെ "മീറ്റർ" എന്ന ദൂരത്തെ അളക്കുന്ന അളവുകോൽ വെച്ച് അളക്കുവാൻ സാധ്യമല്ല എന്നും മനുഷ്യന്ന് കൃത്യമായി അറിയാം.

അപ്പോൾ ഓരോ കാര്യത്തിന്നും  അതിന്റേതായ അളവുകോലുകൾ ഉണ്ട് എന്നും, ആ കാര്യത്തെ അതിന്നു യോജിച്ച അളവുകോൽ വെച്ച് അളക്കണം എന്നും മനസ്സിലായി.

ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ഈ  ചോദ്യത്തിന്ന് "സൃഷ്ടിക്കപ്പെട്ടവൻ" എന്ന ഒരു വിശേഷണം ദൈവത്തിന്ന് ഇല്ല എന്ന ഉത്തരം വരുന്നത് ഇത്തരമൊരു കൃത്യമായ ഒരു അളവുകോലിന്റെ അടിസ്ഥാനത്തിലാണ്.

ഇനി ഒരാളുടെ കാര്യമെടുക്കുക. അദ്ദേഹത്തിന്ന് കിലോമീറ്റർ എന്ന ഒരു അളവുകോൽ മാത്രമേ അറിയൂ എന്ന് കരുതുക.

ആ ആൾ തന്റെ വയസ്സിനെ കുറിച്ച് പറയുമ്പോൾ ഇരുപത്തിയഞ്ചു കിലോമീറ്റർ വയസ്സുണ്ട് എന്ന് പറയും!

ആ ആൾ അരി വാങ്ങുമ്പോൾ മൂന്ന് കിലോമീറ്റർ അരി എന്ന് പറയും!

നോക്കൂ നിങ്ങൾ, എന്തൊരു ദുരവസ്ഥയിലാണ് അദ്ദേഹം എത്തിപ്പെട്ടിരിക്കുന്നത്? 

അതി സങ്കീർണ്ണമായ ഈ ബ്രഹ്മാണ്ഡത്തെ സൃഷ്ടിച്ചതിന്ന് പിന്നിൽ ഒരു ദൈവം ഉണ്ട് എന്ന് പറയുമ്പോൾ, ആ ദൈവത്തിന്റെ സവിശേഷതകൾ എന്തെല്ലാം എന്ന് കൃത്യമായി അറിയാതെ വരുമ്പോഴാണ്, അങ്ങിനെയെങ്കിൽ ആ ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന ചോദ്യം ഉയർന്നു വരുന്നത്. 

ഒരു കിലോഗ്രാമിൽ എത്ര മീറ്ററുകൾ ഉണ്ട് എന്ന ചോദ്യം ഉന്നയിച്ച ഒരാളോട്, സഹോദരാ, ആദ്യം എന്താണ് കിലോമീറ്റർ എന്നും, എന്താണ് കിലോഗ്രാം എന്നും കൃത്യമായി മനസ്സിലാക്കണം എന്ന് നമ്മൾ പറയുമെങ്കിൽ,  ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന് ചോദിക്കുന്ന ഒരാളോട് ആരാണ് ദൈവം എന്ന് കൃത്യമായി മനസ്സിലാക്കണം എന്നാണ് പറയാനുള്ളത്.

ഈ ഒരു സന്ദർഭത്തിലാണ് പൂർവ്വ വേദങ്ങളെയും, ആ വേദങ്ങളുമായി ഈ ഭൂലോകത്തേക്ക് കടന്നുവന്ന മുഴുവൻ ദൈവിക ദൂതന്മാരെയും സത്യപ്പെടുത്തിക്കൊണ്ട് കടന്നുവന്ന തിരുദൂതർ മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിക്കപ്പെട്ട പരിശുദ്ധ ഖുർആനിന്റെ ദൈവത്തെ പരിചയപ്പെടുത്തുന്ന രീതിയുടെ പ്രസക്തി കടന്നു വരുന്നത്.

"അല്ലാഹുവിന്‌ ഏറ്റവും നല്ലതായ (അത്യുൽകൃഷ്ടമായ) നാമങ്ങളുണ്ട്. ആകയാൽ, അവ (ആ നാമങ്ങൾ) കൊണ്ട് നിങ്ങൾ അവനെ വിളിച്ചു (പ്രാർത്ഥിച്ചു) കൊള്ളുക" - ഖുർആൻ 7:180. 

ആരാണ് ദൈവം എന്ന് പരിചയപ്പെടുത്താൻ പരിശുദ്ധ ഖുർആനും അതിന്റെ വിശദീകരണമായ തിരുചര്യയും പ്രധാനമായും ഉപയോഗിക്കുന്നത് ദൈവത്തിന്ന് മാത്രം വകവെച്ചുകൊടുക്കേണ്ട വ്യത്യസ്തങ്ങളായ  നാമങ്ങളും വിശേഷണങ്ങളുമാണ് എന്ന് കാണുവാൻ സാധിക്കും.

ഗാംഭീര്യം മുഴുവനായി പ്രതിഫലിപ്പിക്കുവാൻ സാധ്യമല്ലെങ്കിലും മലയാളഭാഷയിൽ പറയുമ്പോൾ "ലോകങ്ങളുടെ രക്ഷിതാവ്", "പരമ കാരുണ്യവാൻ", "സൃഷ്ടാവ്", "എന്നെന്നും ജീവിച്ചിരുക്കുന്നവൻ", "എല്ലാം നിയന്ത്രിക്കുന്നവൻ", "ഏകൻ", "എല്ലാത്തിനും ആശ്രയമേകുന്നവൻ", "ഉറക്കമില്ലാത്തവൻ", "മയക്കമില്ലാത്തവൻ", "ജീവിപ്പിക്കുന്നവൻ", മരിപ്പിക്കുന്നവൻ", "പ്രാർത്ഥന കേൾക്കുന്നവൻ", "പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവൻ", "പ്രതിഫലനാളിന്റെ ഉടമസ്ഥൻ" എന്ന് തുടങ്ങിയ നൂറുക്കണക്കിന്ന് ദൈവിക നാമ-വിശേഷണങ്ങളിലൂടെയാണ് ആരാണ് ദൈവം എന്ന്   പരിശുദ്ധ ഖുർആനും തിരുചര്യയും പരിചയപ്പെടുത്തുന്നത്.

ഇപ്പറഞ്ഞ ഒരു നാമത്തിലും "സൃഷ്ടിക്കപ്പെട്ടവൻ" എന്ന ഒരു വിശേഷണം കാണുക സാധ്യമല്ല എന്ന് മാത്രമല്ല, "സൃഷ്ടാവ്" എന്ന അതി മഹത്തായ ഒരു നാമത്തിന്റെ ഉടയവനായിട്ടാണ് പരിശുദ്ധ ഖുർആൻ ദൈവത്തെ പരിചയപ്പെടുത്തുന്നത്.

അപ്പോൾ ദൈവത്തെ ആർ സൃഷ്ടിച്ചു എന്ന ചോദ്യത്തിനുള്ള വളരെ ലളിതമായ ഉത്തരമാണ് - ദൈവത്തിന്ന് സൃഷ്ടിക്കപ്പെട്ടവൻ എന്ന നാമമോ, വിശേഷണമോ ഇല്ല എന്നത്.

ഇനിയും, ദൈവത്തെ ആര് സൃഷ്ടിച്ചു എന്ന് ചോദിക്കുന്ന ഒരാളുടെ മുന്നിൽ പരിശുദ്ധ ഖുർആൻ മുന്നോട്ട് വെക്കുന്ന നാല് നാമങ്ങളെ കുറിച്ചുള്ള വചനം കാണുക. 

"അവന്‍ ആദ്യനായുള്ളവനും, അന്ത്യനായുള്ളവനും, പ്രത്യക്ഷനായുള്ളവനും, പരോക്ഷനായുള്ളവനുമത്രെ, അവൻ എല്ലാ വസ്തുവെ  (അഥവാ കാര്യത്തെ) കുറിച്ചും അറിവുള്ളവനാകുന്നു." - ഖുർആൻ 57:3.

ഇതിൽ ആദ്യത്തെ രണ്ടു നാമങ്ങൾ വിഷയവുമായി വളരെ ബന്ധമുണ്ട്. 

പരിശുദ്ധ ഖുർആനിന്ന് വിശദീകരണം നൽകിയ മഹാനായ പണ്ഡിതൻ ഇബ്നു ജരീർ ത്വബരി (റഹി)  ഈ രണ്ടു നാമങ്ങളെ കുറിച്ച് പറയുന്നത് കാണുക.

"അവൻ ആദ്യത്തിൽ ഉള്ളവനാണ്, എല്ലാറ്റിന്നും മുൻപ്, ഒരു പരിധിയും ഇല്ലാതെ. അവനാണ് അന്ത്യത്തിലും ഉള്ളവൻ, എല്ലാം നശിച്ചതിന്നു ശേഷം, ഒരു അവസാനവും ഇല്ലാതെ" - ത്വബരി(റഹി), ഖുർആൻ 57:3.

തുടക്കവും ഒടുക്കവുമില്ലാത്തവനാണ് ദൈവം എന്ന് ചുരുക്കം.

പിതാവുമല്ല, പുത്രനുമല്ല

"(നബിയെ) പറയുക: അതു [കാര്യം]: അല്ലാഹു ഏകനാകുന്നു. അല്ലാഹു സര്‍വ്വാശ്രയനായ യജമാനനത്രെ. അവന്‍ (സന്താനം) ജനിപ്പിച്ചിട്ടില്ല; അവന്‍  (സന്താനമായി) ജനിച്ചുണ്ടായിട്ടുമില്ല. അവനു തുല്യനായിട്ട് യാതൊരുവനും ഇല്ലതാനും." - ഖുർആൻ 112:1-4. 

മനുഷ്യനടക്കമുള്ള ജീവവർഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന ബന്ധങ്ങളായ പിതാവ്, പുത്രൻ എന്ന് തുടങ്ങിയ വിശേഷങ്ങൾ ദൈവത്തിന്ന് ഇല്ല എന്നതും, തുലനം ചെയ്യാൻ മറ്റൊന്നില്ലാത്തവനുമായ, ഏകനായ, എല്ലാവരും ആശ്രയിക്കുന്ന അതേ സമയം ഒന്നിനെയും ആശ്രയിക്കാത്ത, ജനിക്കാത്ത, ജനിപ്പിക്കാത്ത എന്നാൽ അതി മഹത്തായ സൃഷ്ടികൾ നടത്തുന്ന, തുല്യതയില്ലാത്ത  ഒരു ശക്തി വിശേഷമായാണ്  പരിശുദ്ധ ഖുർആൻ ദൈവത്തെ പരിചയപ്പെടുത്തുന്നത്.

ദൈവിക നാമങ്ങളെ പരിചയപ്പെടുത്താനും, അതി ഗംഭീരമായി അതിനെ  വിശദീകരിക്കുവാനുമൊക്കെ ബ്രിഹത്തായ ഗ്രന്ഥങ്ങൾ ഉള്ളത് കൊണ്ട് തന്നെ അന്വേഷണ കുതുകികളായ ആളുകൾക്ക് ആ വഴിക്ക് നീങ്ങാവുന്നതാണ്.

ദൈവത്തിന്ന് ഉയർത്താൻ പറ്റാത്ത ഒരു കല്ല് ഉണ്ടാക്കുവാൻ സാധിക്കുമോ?

ദൈവം എല്ലാറ്റിനും കഴിവുള്ളവൻ ആണെങ്കിൽ,  ഉയർത്താൻ പറ്റാത്ത ഒരു കല്ല് ഉണ്ടാക്കുവാൻ ദൈവത്തിന്ന് സാധിക്കുമോ  എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ കടന്നുവരാറുണ്ട്.

തുലനം ചെയ്യാൻ കഴിയാത്ത രണ്ട് സംഗതികളെ തുലനം ചെയ്യുകയാണ് യഥാർത്ഥത്തിൽ ഇവിടെ നടക്കുന്നത്.

"ഉയർത്തുവാൻ സാധിക്കാത്ത" എന്ന മനുഷ്യന്റെ ഒരുവിശേഷണത്തെ, "എല്ലാറ്റിനും കഴിവുള്ളവൻ" എന്ന ദൈവത്തിന്റെവിശേഷണവുമായി തുലനം ചെയ്യലാണ് ഈ ചോദ്യത്തിൽ സംഭവിക്കുന്നത്.

കിലോഗ്രാം എന്ന ഭാരത്തിന്റെ അളവുകോലിനെ മീറ്റർ എന്ന ദൂരത്തിന്റെ അളവുകോലിനെ വെച്ച് അളക്കുവാൻ സാധിക്കില്ല എങ്കിൽ, മനുഷ്യന്റെ ഒരു ഗുണത്തെ ദൈവത്തിന്റെ ഒരു ഗുണവുമായി ഒരിക്കലും തുലനം ചെയ്യാൻ സാധ്യമല്ല. അതുകൊണ്ടാണ് പരിശുദ്ധ ഖുർആൻ ദൈവത്തെ പരിചയപ്പെടുത്തുന്നിടത്ത് പറഞ്ഞത് -

"അവന്‌ തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു." - ഖുർആൻ 42:11.

ഒന്നുമായും തുലനം ചെയ്യാൻ സാധിക്കാത്ത ഒരുവനാണ് ദൈവം.

ഇനിയും ഇത്തരം ചോദ്യം ബാക്കിയാകുന്നു എങ്കിൽ, അഞ്ചു കിലോഗ്രാമിൽ നിന്നും രണ്ടു കിലോമീറ്റർ കുറച്ചാൽ എന്ത് കിട്ടും എന്ന് ഇപ്പറഞ്ഞ സംശയം നിലനിൽക്കുന്നവർ പറയട്ടെ!

മനുഷ്യന്ന് പരിധിയുണ്ട്

പൂജ്യത്തിന്റെയും ഒന്നിന്റെയും ഇടയിൽ എത്ര ഭിന്നകങ്ങൾ (rational numbers) ഉണ്ട് എന്ന് ചോദിച്ചാൽ, അത് തിട്ടപ്പെടുത്താൻ സാദ്ധ്യമല്ല എന്നാണ്  ഉത്തരം. അതുകൊണ്ടാണ് അത്തരം സന്ദര്ഭങ്ങൾക്ക് "ഇൻഫിനിറ്റി" അഥവാ അനന്തം എന്ന ഒരു പേര് മനുഷ്യൻ നൽകിയത്.

അത്ഭുതങ്ങളായ പല കഴിവുകളും, വിശേഷ ബുദ്ധിയും, ചിന്താ ശക്തിയുമൊക്കെ മനുഷ്യന്ന് ഉണ്ടെങ്കിൽ പോലും എല്ലാം പരിപൂർണ്ണമായി അറിഞ്ഞുകളയാം എന്ന ഒരു ഭാവം ഉണ്ടെങ്കിൽ അതിന്ന് സാധ്യമല്ല എന്ന ഒരു തിരിച്ചറിവിലേക്കാണ് യഥാർത്ഥത്തിൽ എത്തിച്ചേരേണ്ടത്.

അത്തരമൊരു പരിമിതിയെ സൂചിപ്പിക്കാൻ വേണ്ടിയാണ് പരിശുദ്ധ ഖുർആൻ പറഞ്ഞത് -

"അവന്‍റെ അറിവില്‍നിന്നും അവന്‍ ഉദ്ദേശിച്ചതിനെക്കുറിച്ചല്ലാതെ, യാതൊന്നിനെക്കുറിച്ചും അവര്‍ സൂക്ഷ്മമായി അറിയുകയില്ല." - ഖുർആൻ 2:255.

അറിവ് കൂടുന്തോറും അറിവില്ലായ്‌മയുടെ ആഴം മൻഷ്യന്ന് ബോധ്യപ്പെടും. അതുകൊണ്ടാണ് ഈ മഹാ പ്രപഞ്ചത്തിന്റെ വ്യാപ്തിയെക്കുറിച്ച് പറയുമ്പോൾ ഇതുവരെ കണ്ടെത്തിയ പ്രപഞ്ചം എന്ന അർത്ഥത്തിൽ Observable Universe എന്ന ഒരു പ്രയോഗം ശാസ്ത്രലോകം ഉപയോഗിക്കുന്നത്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.