Friday, June 27, 2014

തൗഹീദും ശിർക്കും - ഭാഗം - 1

അസ്സലാമുഅലൈക്കും വ രഹ്മതുല്ലാഹി 

പ്രിയപ്പെട്ട സഹോദരങ്ങളെ,

ആമുഖത്തിൽ സൂചിപ്പിച്ച കാര്യങ്ങളിൽ നിന്നും എന്തുകൊണ്ടാണ് ഭിന്നിപ്പുകൾ ഉണ്ടാകുന്നതെന്നും അതിന്നു അല്ലാഹു നിശ്ചയിച്ച രണ്ടു പര്യാവസാനങ്ങളെ കുറിച്ചും ചുരുക്കത്തിൽ നമ്മൾ മനസ്സിലാക്കി. അതിൽ ഏതു പര്യാവസാനം വേണം എന്നത് ഓരോ ആളുകളും തീരുമാനിക്കുക.

"വ്യക്തമായ തെളിവ്" ലഭിച്ചിട്ടും നമുക്ക് മുൻപ് വേദം നൽകപെട്ട സമുദായങ്ങളിൽ സംഭവിച്ച അപചയത്തിന്നു കാരണം ഇഹലോകത്തിന്നു വേണ്ടിയുള്ള "മത്സരം" ആയിരുന്നു എന്നാണ് ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറയുന്നത് എന്ന് ഈ വിഷയത്തിന്റെ ആമുഖത്തിൽ പറഞ്ഞു കഴിഞ്ഞു.  അതുകൊണ്ട് തന്നെ അത്തരമൊരു മത്സര ബുദ്ധി ഒഴിവാക്കണം എന്നാണു ഇത് വായിക്കുന്ന ഓരോ ആളുകളോടും സ്വന്തത്തെ പോലെത്തന്നെ ഉണർത്തുവാൻ ഉള്ളത്.

ഇനി അതല്ല സത്യം മനസ്സിലാക്കുന്നതിൽ ഉപരി, വല്ല മത്സരത്തിന്നും ആണ് ആരെങ്കിലും ശ്രമിക്കുന്നത് എങ്കിൽ തീർച്ചയായും അത്തരം ആളുകൾ  "ദുർമാർഗ"ത്തിലേക്കുള്ള വഴി വെട്ടുകയാണ് എന്നാണ് വളരെ ഗൌരവമായി, ശക്തമായ ഭാഷയിൽ ഉണർത്തുവാൻ ഉള്ളത്.

"വിശ്വാസികള്‍ക്ക്‌ അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക്‌ മുമ്പ്‌ വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക്‌ കാലം ദീര്‍ഘിച്ച്‌ പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു." - ഖുർആൻ 57:16. 

فَعَلَيْنَا -أَيُّهَا الْمُسْلِمُونَ-أَنْ نَنْتَهِيَ عَمَّا ذمَّهم اللَّهُ تَعَالَى بِهِ، وَأَنْ نَأْتَمِرَ بِمَا أُمِرْنَا بِهِ، مِنْ تَعَلُّم كِتَابِ اللَّهِ الْمُنَزَّلِ إِلَيْنَا وَتَعْلِيمِهِ، وَتَفَهُّمِهِ وَتَفْهِيمِهِ، 

"അപ്പോൾ നമ്മുടെ മേൽ (ബാധ്യതയായിട്ടുള്ളത്) - ഓ മുസ്ലിമീങ്ങളേ - യാതൊന്നുകൊണ്ട് അല്ലാഹു അവരെ അധിക്ഷേപിച്ചോ അതിൽ നിന്നും വിട്ടുനിൽക്കലും, നമ്മിലേക്ക്‌ ഇറക്കിയ അല്ലാഹുവിന്റെ ഗ്രന്ഥം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും മനസ്സിലാക്കുന്നതിലും മനസ്സിലാക്കിക്കൊടുക്കുന്നതിലും യാതൊന്നുകൊണ്ട് നമ്മൾ കൽപ്പിക്കപെട്ടോ ആ കൽപ്പന സ്വീകരിക്കലും" - ഹാഫിള് ഇബ്നു കസീർ (റഹി), ആമുഖം, തഫ്സീറുൽ ഖുർആനിൽ അളീം.

പരിശുദ്ധ ഖുർആനിന്റെയും തിരുവചനങ്ങളുടെയും അധ്യാപനങ്ങളെ പഠിക്കുവാനും ജീവിതത്തിൽ പകർത്തുവാനും ശ്രമിക്കുന്ന ഏതൊരു വിദ്യാർഥിക്കും   ഉള്ള ഒരു ഉണർത്തൽ ആണ് മഹാനായ ഇമാം ഇബ്നു കസീർ (റഹി) പരിശുദ്ധ ഖുർആൻ വചനം 57:16 ഉദ്ധരിച്ചുകൊണ്ട് തന്റെ തഫസീറിന്റെ ആമുഖത്തിൽ മുസ്ലിം സമുദായത്തെ വിളിച്ചുകൊണ്ടു ഉണർത്തുന്നത്. 

ഇത്തരുണത്തിൽ ഉള്ള ഒരു ഉണർവ്  ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരിക്കണം എന്നും, ഒന്നും പറയാനില്ലെങ്കിൽ മിണ്ടാതിരിക്കുക എന്ന സൂക്ഷ്മതയുടെ ഒരംശമെങ്കിലും ഉണ്ടായിരിക്കണം എന്ന് സ്വന്തത്തോടും, ഇത് വായിക്കുന്ന ഓരോ ആളുകളോടും ഉണർത്തുകയാണ്. ഇനി, വിഷയത്തിലേക്ക് കടക്കുകയാണ്.

ആദ്യമായി മനസിലാകേണ്ടത് തൗഹീദ് എന്താകുന്നു എന്നാണ്. അല്ലാഹുവിനെ ഏകനാക്കുക്ക എന്നതാണല്ലോ അതുകൊണ്ടുള്ള വിവക്ഷ.   ഒരു സത്യവിശ്വാസി, അവൻ പ്രത്യക്ഷമായ ശിർക്ക് ചെയ്യുന്നില്ലെങ്കിലും തൗഹീദിനെ കുറിച്ച് വളരെ വ്യക്തമായ ഒരു ധാരണയില്ലെങ്കിൽ അവന്റെ വിശ്വാസം കുഴപ്പത്തിൽ ആകുവാൻ ഒരു സാധ്യത ഉണ്ട്. അതിനെ കുറിച്ചുള്ള ഒരു ചെറിയ വിശദീകരണത്തോട് കൂടി തുടങ്ങുകയാണ് . 

നമുക്ക് എല്ലാവര്ക്കും അറിയാവുന്നതുപോലെ  'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്നതാണല്ലോ തൗഹീദിന്റെ ഏറ്റവും ഉന്നതമായ വചനം.

 'ഒരു ആരാധ്യനും ഇല്ല, അല്ലാഹു അല്ലാതെ' എന്ന് ഒരാൾ പറയുമ്പോൾ, പഠിക്കുമ്പോൾ, ആ ആൾ വളരെ അടിസ്ഥാനപരമായി, വളരെ തുടക്കത്തിൽ മനസിലാക്കേണ്ടത് ഏതൊരു അല്ലാഹുവിനെയാണ്, അവനല്ലാതെ ആരാധ്യൻ ഇല്ല എന്ന് താൻ സാക്ഷ്യപ്പെടുത്തുന്നത് എന്നാണ്. 

ഇതറിയാതെ ഒരാൾ  'ലാ ഇലാഹ ഇല്ലാ അല്ലാഹു' മായി മുന്നോട്ട് പോയാൽ അയാളുടെ വിശ്വാസം ഒരിക്കലും പൂർണ്ണമായിടില്ല, പൂർണ്ണമാകുകയും ഇല്ല. 

ഒരു കാര്യത്തിൽ ഒരു പ്രത്യേക വ്യക്തി മാത്രമേ ഉള്ളൂ എന്ന് പറയുമ്പോൾ തീർച്ചയായും ഉയർന്നുവരുന്ന, ഉയർന്നുവരേണ്ട ഒരു ചോദ്യമാണ്  - 'ആരാണ് ആ ആൾ?'. 

ഒരു സ്കൂളിൽ, ഒരു പ്രത്യേക വിഷയം എറ്റവും  നന്നായി അറിയുന്നത് ഇന്ന അധ്യാപകനല്ലാതെ മറ്റാർക്കുമല്ല എന്ന് ഒരു വിദ്യാർത്ഥി പറയുമ്പോൾ, ആ അദ്ധ്യാപകന്റെ അറിവിനെ  കുറിച്ചും കഴിവിനെ കുറിച്ചും നല്ലവണ്ണം അറിയുന്നവനായിരിക്കും, ആയിരിക്കണം അവൻ. അതോടൊപ്പം തന്നെ മറ്റുള്ള അദ്ധ്യാപകന്മാർക്കക്ക്  ആദ്യം പറഞ്ഞ അദ്ധ്യാപകന്റെ അത്ര കഴിവില്ല എന്നും, ഈ പറയുന്ന വിദ്യാർഥിക്ക് നല്ല പോലെ അറിയണം.  ഇത് വളരെ നിർബന്ധമാണ്. 

എന്നാൽ, ആ ഏറ്റവും കഴിവുള്ള അദ്ധ്യാപകന്റെ കഴിവിനെകുറിച്ചും മറ്റു അദ്ധ്യാപകരുടെ കഴിവ്-കുറവിനെ കുറിച്ചും ബോദ്ധ്യമില്ലാത്ത മറ്റൊരു വിദ്യാർത്ഥി ഈ വാദം ഉന്നയിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്‌ ?

1. അവൻ പറഞ്ഞത് സത്യമാണ്.

2. അവൻ പറഞ്ഞിരിക്കുന്നത്  (സത്യമെങ്കിലും) അവന്നു ബോദ്ധ്യപ്പെടാത്ത ഒരു കാര്യമാണ് അഥവാ അവൻ മറ്റോരാൾ കേട്ടത്  ഏറ്റു പറഞ്ഞതാണ്. 

3. ഭാവിയിൽ ആ ഏറ്റവും കഴിവുള്ള  അദ്ധ്യാപകന്റെ അറിവും കഴിവുമായോ മറ്റു അദ്ധ്യാപകന്മാരുടെ കഴിവ്-കുറവിനെ പറ്റിയൊ എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോൾ, കേട്ടത് ഏറ്റു പറഞ്ഞ വ്യക്തിക്ക് ഒന്നും പറയുവാൻ സാധിക്കില്ല. കാരണം, അവന്നു ബോദ്ധ്യപ്പെടാത്ത ഒരു സംഗതിയായിരുന്നു അവൻ സത്യപ്പെടുത്തിയത്.

പറഞ്ഞുവരുന്നത്, 'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്ന് ഒരാൾ പ്രഖ്യാപിക്കുന്നതിന്നു മുൻപ്, ഏതൊരു അല്ലാഹുവിനെ കുറിച്ചാണ്  'അവനല്ലാതെ ഒരു ആരാധ്യനും ഇല്ല' എന്ന് താൻ പറയുന്നതെന്ന് വളരെ കൃത്ത്യമായി അവൻ മനസിലാക്കണം. അതൊന്നും അറിയാതെയാണ് ഒരാൾ 'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്ന് പറഞ്ഞതെങ്കിൽ, അവൻ പറഞ്ഞത് സത്യമാണ് പക്ഷെ അവന്നു കൃത്യമായി ബോദ്ധ്യപ്പെടാത്ത ഒന്നിനെ കുറിച്ചാണ് അവൻ സത്യപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ,  'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്ന വിഷയത്തിൽ എന്തെങ്കിലും ഒരു വിഷയം ഉണ്ടായാൽ അവൻ കുഴപ്പത്തിൽ അകപ്പെടുവാൻ ഉള്ള സാദ്യത വളരെ വളരെ കൂടുതൽ ആണ് .

ഇനി പറയുവാൻ പോകുന്നത്, ആരാണ് ആ അല്ലാഹു എന്നതിനെ കുറിച്ചാണ്.

ആദിയിലും അവസാനത്തിലും ഉള്ളവൻ അല്ലാഹു 

അല്ലാഹുവിനെ കുറിച്ചു വളരെ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒന്നാണ് അല്ലാഹുവാണ് ആദിയിൽ ഉള്ളവൻ, അവനാണ് അവസാനത്തിലും ഉള്ളവൻ. 

"അവന്‍ ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്‌. അവന്‍ സര്‍വ്വകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനുമാണ്‌." - ഖുർആൻ 57:3.

ഈ വചനത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നു കസീർ(റഹി) പറയുന്ന, ഇമാം അഹ്മദ് (റഹി) റിപ്പോര്ട്ട് ചെയ്ത ഒരു ഹദീസിൽ, മുഹമ്മദ്‌ നബി (സ) പറയുന്നു  -

أَنْتَ الْأَوَّلُ لَيْسَ  قَبْلَكَ شَيْءٌ وَأَنْتَ الْآخِرُ لَيْسَ  بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ لَيْسَ فَوْقَكَ شَيْءٌ وَأَنْتَ الْبَاطِنُ لَيْسَ دُونَكَ شَيْءٌ

"നീയാണ് ആദിയിൽ ഉള്ളവൻ, നിനക്ക് മുൻപ് ഒന്നും ഇല്ല. നീയാണ് അവസാനത്തിൽ ഉള്ളവൻ, നിനക്ക് ശേഷം ഒന്നും ഇല്ല, നീയാണ് പ്രത്യക്ഷത്തിൽ ഉള്ളവൻ, നിനക്ക് മുകളിൽ ഒന്നുമില്ല, നീയാണ് പരോക്ഷമായുള്ളവൻ, നിന്നെ കൂടാതെ ഒന്നുമില്ല. " - ഇബ്നു കസീർ(റഹി), ഖുർആൻ 57:3.

അല്ലാഹുവാണ് ആദിയിൽ ഉള്ളവൻ എന്ന് പറഞ്ഞാൽ, സൃഷ്ടികൾ ഒന്നുംതന്നെ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു. അന്ന് അല്ലാഹു മാത്രമാണ് ഉണ്ടായിരുന്നത്. അല്ലാഹുവാണ് അവസാനത്തിൽ ഉള്ളത് എന്ന് പറഞ്ഞാൽ, സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥ ഇനി വരുമെന്നും, അന്ന് അല്ലാഹു മാത്രമേ ബാകിയാവുകയുള്ളൂ എന്നാണ് , വളരെ പ്രധാനമായി, വിഷയസംബന്ധിയായി നമ്മൾ മനസ്സിലാക്കേണ്ടത്.

A. ആദിയിൽ, സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥ

സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു.

أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "إِنَّ اللَّهَ قَدَّرَ مَقَادِيرَ الْخَلْقِ قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالْأَرْضَ بِخَمْسِينَ أَلْفَ سَنَةٍ، وَكَانَ عَرْشُهُ عَلَى الْمَاءِ

നബി (സ) പറഞ്ഞു  - "ആകാശങ്ങളെയും  ഭൂമിയേയും സൃഷ്ടിക്കുന്നതിനു  അമ്പതിനായിരം വർഷങ്ങൾക്കു മുൻപ്‌  അല്ലാഹു അവന്റെ സൃഷ്ടികളുടെ കാര്യങ്ങൾ  തീർച്ചയായും തിട്ടപ്പെടുത്തിയിരുന്നു, അവന്റെ അർഷ് വെള്ളത്തിന്നു മുകളിൽ ആയിരുന്നു" - സ്വഹീഹ് മുസ്ലിം.

മുകളിൽ പറഞ്ഞ നബി വചനം വായിക്കുമ്പോൾ, ചിലപ്പോൾ വെള്ളവും അല്ലാഹുവിന്റെ സിംഹാസനമായ അർഷും ആദ്യമേ ഉണ്ടായിരുന്നോ എന്നു തോന്നിയക്കാം. അത് രണ്ടും അവന്റെ സൃഷ്ടികൾ തന്നെയാണ്. ആകാശങ്ങളും ഭൂമിയും സ്രിഷ്ടിക്കുന്നതിന്നു മുൻപ് ഇതു രണ്ടും സൃഷ്ടിക്കപ്പെട്ടു എന്ന് മാത്രം.

ഇമാം ത്വബരി(റഹി) പരിശുദ്ധ ഖുർആൻ 57:3 വചനത്തിൻറെ വിശദീകരണത്തിൽ പറയുന്നു -

هُوَ الأوَّلُ) قبل كل شيء بغير حدّ)

" 'അവൻ ആദിയിൽ ഉള്ളവൻ'. (അതായത്) യാതൊരു പരിധിയും ഇല്ലാതെ, എല്ലാത്തിന്റെയും മുൻപ് " - ഇമാം ത്വബരി(റഹി), ഖുർആൻ - 57:3 .

ഇവിടെ, എല്ലാറ്റിന്റെയും എന്ന് പറഞ്ഞാലൽ, അതിൽ എല്ലാ സൃഷ്ടികളും പെട്ടും. ഒന്നും തന്നെ അതിൽനിന്നും ഒഴിവല്ല.

അപ്പോൾ ഒന്നുറപ്പാണ്. അല്ലാഹുവിന്റെ സകല പഠപ്പുകൾ ഒക്കെയും, അതായത് അർഷ്, വെള്ളം, സ്വർഗം, നരഗം, മലക്കുകൾ, ആകാശങ്ങൾ, ഭൂമി, നമുക്ക്‌ അറിയുന്നതും അറിയാത്തതും ആയ മറ്റു ജീവികൾ, ജിന്ന്, മനുഷ്യൻ, ആദം നബി(അ) തൊട്ടു മുഹമ്മദ്‌ നബി (സ) വരെയുള്ള സകല പ്രവാചകന്മാർ അടക്കം,   സർവ്വ സൃഷ്ടികളെയും പടക്കുന്നതിന്നു മുൻപ് ഒരു അവസ്ഥ ഉണ്ടായിരുന്നു. 

ഇമാം അഹ്മദ് (റഹി) റിപ്പോർട്ട്‌ ചെയ്ത ഹദീസിൽ നബി(സ) പറയുന്നു -

كَانَ اللَّهُ قَبْلَ كُلِّ شَيْءٍ وَكَانَ عَرْشُهُ عَلَى الْمَاءِ وَكَتَبَ فِي اللَّوْحِ ذِكْرَ كُلِّ شَيْءٍ

"അല്ലാഹു എല്ലാറ്റിന്നും മുൻപ് ഉണ്ടായിരുന്നു. അവന്റെ സിംഹാസനം വെള്ളത്തിനു മുകളിൽ ആയിരുന്നു. ലൗഹുൽ മഹ്ഫൂളിൽ എല്ലാറ്റിന്റെയും കാര്യം അവൻ (അല്ലാഹു) എഴുതി" - ഇമാം അഹ്മദ്(റഹി).

എല്ലാറ്റിന്റെയും മുൻപ് അല്ലാഹു മാത്രം ഉണ്ടായിരുന്ന ആ അവസ്ഥ എന്താണെന്നും ഏതാണെന്നും അതിൻറെ കാല ദൈർഖ്യം എത്രയാണെന്നും ആ കാലത്തിൻറെ അളവ്കോൽ എന്താണെന്നുമൊക്കെ വിശുദ്ധ ഖുർആനും തിരുവച്ചനങ്ങളും എന്തൊക്കെയാണോ പറഞ്ഞത് ആ അറിവ് മാത്രമേ നമ്മുടെ അടുത്തുള്ളൂ, അതിന്റെ അപ്പുറത്ത് നമുക്ക് ഒന്നും അറിയില്ല.

അല്ലാഹു ആദിയിൽ ഉണ്ടായിരുന്ന അവസ്ഥയും, ഇനി അവസാനത്തിൽ അല്ലാഹു മാത്രം ബാകിയാകുന്ന അവസ്ഥയും  മനുഷ്യന്റെ നിസ്സാരമായ ബുദ്ധിക്കോ ചിന്തക്കോ കണ്ടുപിടുത്തങ്ങൾക്കോ ഒരിക്കലും കണ്ടെത്തുവാൻ സാധിക്കാത്ത ഒന്നാണ് . അല്ലാഹും അവന്റെ ദൂതനും എന്തൊന്നു പറഞ്ഞുവോ അത് ഒരു സത്യവിശ്വാസി സത്യപ്പെടുത്തും.

B. അവസാനത്തിൽ, സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥ

സൃഷ്ടികൾ ഒന്നും ഇല്ലാത്ത, അവരെല്ലാം നശിച്ച ഒരു അവസ്ഥ വരും. അന്നും ബാക്കിയാകുന്നവൻ അല്ലാഹു മാത്രമായിരിക്കും. അല്ലാഹു, അവൻ സൃഷ്ടിച്ചതിനെ മുഴുവൻ നശിപ്പിക്കും, എന്നിട്ട് അവൻ മാത്രം ബാക്കിയാകും.

"അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. അവന്നുള്ളതാണ്‌ വിധികര്‍ത്തൃത്വം. അവങ്കലേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. " - ഖുർആൻ 28:88. 

അല്ലാഹുവല്ലാത്ത സകലതും നശിക്കും. അവൻ മാത്രം ബാകിയാകും.

وَقَوْلُهُ: {كُلُّ شَيْءٍ هَالِكٌ إِلا وَجْهَهُ} : إِخْبَارٌ بِأَنَّهُ الدَّائِمُ الْبَاقِي الْحَيُّ الْقَيُّومُ، الَّذِي تَمُوتُ الْخَلَائِقُ وَلَا يَمُوتُ

"'അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. ', അതറിയിക്കുന്നത് - തീർച്ചയായും അവനാകുന്നു എന്നും ബാകിയാകുന്നത്, എന്നെന്നും ജീവിച്ചിരിക്കുന്നവനും, സർവത്തിനെയും നിയന്ത്രിക്കുന്നവനും. അവൻ സൃഷ്ടികളെ മരിപ്പിക്കുന്നു, അവൻ മരിക്കുകയും ഇല്ല. " - ഇബ്നു കസീർ(റഹി), ഖുർആൻ  28:88.

അപ്പോൾ സർവ്വ സൃഷ്ടികളും നശിച്ചതിന്നു ശേഷവും അല്ലാഹു മാത്രമേ ബാക്കി ആവുകയുള്ളൂ.

സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥ 

നമ്മളിപ്പോൾ സംസാരിക്കുന്നത് ആദിയിൽ അല്ലാഹു മാത്രം ഉണ്ടായിരുന്ന അവസ്ഥയെ കുറിച്ചാണ്. സൃഷ്ടികളെ കുറിച്ചു നമ്മൾ ഒന്നും പറഞ്ഞിട്ടില്ല.

ഇമാം ത്വബരി(റ)  പരിശുദ്ധ ഖുർആൻ 57:3 വചനത്തിൻറെ വിശദീകരണത്തിൽ വീണ്ടും പറയുന്നു -

وَالآخِرُ يقول: والآخر بعد كل شيء بغير نهاية. وإنما قيل ذلك كذلك، لأنه كان ولا شيء موجود سواه

" 'അവൻ അവസാനത്തിൽ ഉള്ളവൻ'. (അതായത്) എല്ലാറിന്റെയും ശേഷം, യാതൊരു അറ്റവും ഇല്ലാതെ. അത് അപ്രകാരം പറയപെട്ടിടുണ്ട് . കാരണം, തീർച്ചയായും ഒന്നും തന്നെ ഉണ്ടായിരുന്നില്ല, അവനെ കൂടാതെ." - ത്വബരി - 57:3 

"അവനെ കൂടാതെ."  എന്നുള്ള ഇമാം ത്വബരിയെപോലുള്ളവരുടെ പ്രയോഗം പ്രത്യേകം ശ്രദ്ദിക്കണം. അറബിയിൽ അതിനു 'സിവാഹു'  അതായത്  'അവനെ (അല്ലാഹുവിനെ) കൂടാതെ' എന്ന് പറയും. ഈ പ്രയോഗം നമ്മൾ വീണ്ടും ചർച്ച ചെയ്യും, ഇന്ഷാ അല്ലാഹു.

അപ്പോൾ, 'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്ന് ഒരാൾ പ്രഖ്യാപിക്കുന്നതിന്നു മുൻപ് ഒരാൾ ചോദിക്കേണ്ട, ആരാണ് അല്ലാഹു എന്ന ചോദ്യത്തിന് ഉത്തരം വളരെ വ്യക്തം.

• ആദിയിൽ സകല സൃഷ്ടികൾക്കും മുൻപ് ഉള്ളവൻ അല്ലാഹു.
• അവസാനത്തിൽ സകല സൃഷ്ടികളും നശിച്ചതിന്നു ശേഷശവും ബാക്കിയാകുന്നവൻ  അല്ലാഹു.

ഇവിടെ പറഞ്ഞ കാര്യങ്ങൾ നല്ലവണ്ണം വിലയിരുത്തി, പറഞ്ഞ ഖുർആനിക വചനങ്ങളുടെ അർത്ഥങ്ങളും തഫ്സീറുകളും കഴിവിന്റെ പരമാവധി വായിക്കുക പഠിക്കുക. നമ്മെ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.

തുടരും, ഇന്ഷാ അല്ലാാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
 ابو عبد المنان محمد نزامدين  ابن عبداللطيف

Saturday, June 21, 2014

തൗഹീദും ശിർക്കും - ആമുഖം

അസ്സലാമുഅലൈക്കും വ രഹ്മതുല്ലാഹി

പരമ കാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും അവന്റെ തിരുദൂദരിൽ എന്നും വർഷിക്കുമാറാകട്ടെ.

അറിവിന്‍റെ ലോകത്തേക്ക് പിച്ച വെച്ച് തുടങ്ങുന്ന ഒരഞ്ചു വയസ്സുകാരന്‍, കണക്കിന്‍റെ ബാലപാഠങ്ങള്‍ അദ്ധ്യാപകനില്‍ നിന്ന് കേട്ടു തുടങ്ങുന്ന ആദ്യ ദിനങ്ങള്‍...., ഒരു ദിവസം പൊടുന്നനെ അവന്‍ അദ്ധ്യാപകനോട് ചോദിച്ചു "തൊള്ളായിരത്തി എണ്‍പത്തി മൂന്ന്  ഹരിക്കണം നാൽപത്തിഅഞ്ചു എത്രയാണ്?"

ചോദ്യം കേട്ട അദ്ധ്യാപകൻ, സ്വൽപ്പം ആശ്ച്ചര്യത്തോടുകൂടി  അവനോടു പറഞ്ഞു - 'മോൻ, അഞ്ചു വരെ മാത്രമേ പഠിച്ചിട്ടുള്ളു. ഒൻപതു വരെ എണ്ണിയും എഴുതിയും പഠിക്കണം. അതിന്നു ശേഷം, രണ്ടു സംഖ്യകൾ കൂട്ടുവാൻ പഠിക്കണം. അതിന്നു ശേഷം കിഴിക്കുവാനും, ഗുണിക്കുവാനും ഒക്കെ പഠിക്കാനുണ്ട്. അതിന്നു ശേഷം മാത്രമേ ഹരണം പഠിക്കുവാൻ സാധിക്കുകയുള്ളൂ.'

എന്നാൽ അതൊന്നും വകവെക്കാതെ ആ കുട്ടി തന്റെ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു. അങ്ങിനെ ആ അദ്ധ്യാപകൻ പാടുപെട്ടുകൊണ്ട്‌, ഉത്തരം വിശദീകരിക്കുവാൻ തുടങ്ങി... പക്ഷെ ആ കുട്ടിയുടെ ആകെ ഉണ്ടായിരുന്ന ഒരു സംശയം പല മടങ്ങായി വർധിച്ചു. അങ്ങിനെ തീരാത്ത  സംശയത്തിന്റെ ആഴക്കടലിൽ അവൻ അകപെട്ടു.....

അടിസ്ഥാന അക്കങ്ങൾ മുഴുവൻ പഠിക്കാതെ, രണ്ടക്കങ്ങൾ കൂട്ടുന്നത്‌ എങ്ങിനെ എന്നും, കിഴിക്കുന്നതും ഗുണിക്കുന്നതും എല്ലാം എങ്ങിനെ എന്ന് കൃത്യമായി പഠിക്കുന്നതിനു മുൻപ്, രണ്ടു വലിയ സംഖ്യകൾ എങ്ങിനെ ഹരിക്കാം എന്ന് മനസ്സിലാകുവാൻ ശ്രമിച്ചതാണ് ആ കുട്ടിയുടെ ദാരുണാമായ സ്ഥിതിവിശേഷത്തിന്നു കാരണമായത്‌.

പ്രിയപ്പെട്ട സഹോദരങ്ങളെ,

കേരളത്തിൽ ഇന്ന് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയ ഒരു ചർച്ചയാണ് തൗഹീദുമായും ഷിർക്കുമായും ബന്ധപെട്ട് നടത്തിക്കൊണ്ടിരികുന്ന  ജിന്നിനോടുള്ള സഹായത്തേട്ടം എന്നത്. പിതാവിനേയും മകനെയും തമ്മിൽ തെറ്റിച്ച, കുടുംബത്തിൽ വഴക്കും വക്കാണവും വരുത്തിവെച്ച ഒരു വലിയ പ്രഷ്നമായിത്തീർന്നിരിക്കുകയാണ് ഈ വിഷയം. നമ്മുടെ ഒരു സഹോദരനുമായി ഈ വിഷയത്തിൽ നേരിട്ടും ഇ-മെയിൽ വഴിയും നടന്ന ഒരു സംസാരത്തിന്റെ പ്രസക്തമായ പത്തോളം ഭാഗങ്ങൾ ആണ് വായനക്കാരുടെ പഠനത്തിന്നും ചിന്തക്കും വേണ്ടി സമർപ്പിക്കുന്നത്. വിവാദങ്ങളുടെ മുഖവുര ഒന്നും കൂടാതെ പറഞ്ഞാൽ, ചർച്ചയിൽ നിലനില്ക്കുന്ന വാദങ്ങൾ താഴെ പറയുന്നവയാണ്.

വാദം - 1

അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ട ഒരു കാര്യം അവന്റെ ഏതെങ്കിലും സൃഷ്ടികളോട് ഏത് അവസ്ഥയിൽ എപ്പോൾ ചോദിച്ചാലും അത് ശിർക്ക് ആകുന്നു. ഇതിൽ ആർക്കും അഭിപ്രായ വ്യത്യാസം ഇല്ല.

വാദം - 2

ഒരു ജിന്നിന്നോട് അതിന്റെ കഴിവിൽ പെട്ടത് ചോദിക്കാമോ? അതിന്റെ ഉത്തരം പാടില്ല എന്ന് തന്നെയാണ്. ഇതിലും ആർക്കും അഭിപ്രായ വ്യത്യാസം ഇല്ല.

വാദം - 3

ഇനിയാണ് വിഷയത്തിന്റെ മർമ്മം വരുന്നത് . ജിന്നിനോട് അതിന്റെ കഴിവിൽപെട്ട ഒരു സഹായം ചോദിച്ചാൽ അത് ശിർക്ക് ആകുമോ?

ഒന്നാമത്തെ വിഭാഗം ആളുകൾ പറയുന്നു - ജിന്നിനോട് അതിന്റെ കഴിവിൽപെട്ട ഒരു സഹായം ചോദിക്കുന്നതിനെ  ശിർക്ക് എന്ന് പറയുവാൻ പാടില്ല എന്നും അത് നിഷിദ്ധമാണ് എന്നും, ശിർക്കിലേക്ക് ഉളള ഒരു വഴി ആണെന്നും  പറയുന്നു. 

രണ്ടാമത്തെ വിഭാഗം ആളുകൾ പറയുന്നു - അല്ലാഹുവോട് ചോദിക്കേണ്ട ഒരു കാര്യം ശിർക്ക് ആകുന്നതു പോലെതന്നെ, ജിന്നിന്റെ കഴിവിൽ പെട്ടത് ചോദിച്ചാൽ പോലും അത് ശിർക്ക് തെന്നെയാണ്. അതിന്നു ഒരു കാരണമായി പറയുന്നത് ജിന്ന് ഒരു അഭൗതിക സൃഷ്ടി ആകുന്നു എന്നാണ്.

ഇവിടം മുതൽ  ഈയുള്ളവന്റെ സംസാരം തുടങ്ങുകയാണ്. സത്യം ഉൾകൊള്ളണം എന്നും അസത്യത്തിന്റെ പാതയിൽ അറിഞ്ഞുകൊണ്ട് നിൽക്കുവാൻ ഒരു നിലക്കും ഇടവരരുത് എന്നുള്ള ഒരു പ്രാര്ത്ഥനയോട് കൂടിയും ഒരു ദ്രിഡനിശ്ചയത്തോട് കൂടിയും ആണ്ഇങ്ങിനെ ഒരു ചർച്ചക്ക് തുടക്കം കുറിക്കുന്നത്.

ലോകത്തെ എഴുനൂറിൽപരം  കോടി ജനങ്ങൾ എതിരുനിന്നാലും, ജിന്ന് സമൂഹം ഒന്നടങ്കം എതിരുനിന്നാലും, മലക്കുകൾ ഒന്നടങ്കം (അവര്ക്ക് അതിനു സാധിക്കുകയില്ലെങ്കിലും) എതിരുനിന്നാലും, സർവ്വ ലോകങ്ങളിലേയും സർവ്വ സൃഷ്ടികളും എതിരുനിന്നാൽ പോലും അല്ലാഹുവിന്റെ വിശുദ്ധ ഖുർആൻ കൊണ്ടും അന്തിമ ദൂദനായ മുഹമ്മദ്‌ നബി (സ) തിരുചര്യകൊണ്ടും അതുൾകൊണ്ട് ജീവിച്ച സ്വഹാബത്തിന്റെ പാത കൊണ്ടും ഇവരെയൊക്കെ തകർത്ത് തരിപ്പണമാകുവാനും നിഷ്പ്രഭമാകുവാനും അല്ലാഹുവിന്റെ അനുമതിയോടുകൂടി സാധിക്കും എന്നുള്ള ഉറച്ച ബോധ്യത്തോട് കൂടിതന്നെയാണ് ഇതെഴുതുന്നത്.

പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും അബദ്ധങ്ങൾ ഉണ്ടെങ്കിൽ അത് ബോധ്യപെട്ടാൽ ആ നിമിഷം അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും ഒരു മടിയും കൂടാതെ ആ തെറ്റ് തിരുത്തുകയും ചെയ്യും, ഇന്ഷാ അല്ലാഹ്.

തൗഹീദും ശിർക്കും എന്നാൽ അത് ഒരു വ്യക്തിയുടെ സ്വർഗ്ഗ നരഗങ്ങൾ എന്നെന്നേക്കുമായി തീരുമാനിക്കുന്ന വളരെ ഗൌരവമേറിയ ഒരു കാര്യമാണ്. വിശുദ്ധ ഖുർആനിന്റെയും തിരുവചനങ്ങളുടേയും  ഏറ്റവും മുഖ്യമായ ഒരു പ്രമേയമാണ് തൗഹീദിൽ ജീവിക്കുകയും അതിൽ തന്നെ മരിക്കുകയും ചെയ്യുക എന്നുള്ളത്. അതോടൊപ്പം തന്നെ ഒരിക്കൽ പോലും ശിർക്കിൽ അകപ്പെടുവാൻ പാടില്ല എന്നുള്ളതും.

ഭിന്നിപ്പിന്റെയും തർക്കങ്ങളുടെയും തുടക്കം

മതപരമായ വിഷയത്തിൽ ഉള്ള ഭിന്നിപ്പിന്റെ തുടക്കത്തിനു യഥാർഥത്തിൽ നബിമാരുടെ കാലത്തോളം പഴക്കമുണ്ട്. നമുക്ക് മുൻപ് ഈ ഭൂമിയിൽ ജീവിച്ച വേദക്കാർക്ക് പറ്റിയ ഏറ്റവും വലിയ അപകടം തന്നെ ഈ ഒരു ഭിന്നിപ്പാണ് . അത് എന്താണെന്നും, അത് എങ്ങിനെ നമ്മിലേക്ക്‌ വന്നെത്തുമെന്നും, അതിന്റെയെല്ലാം പര്യാവസാനം എന്തായിരിക്കുമെന്നും എന്നുള്ളതിനെ കുറിച്ച് വളരെ വ്യക്തമായ ഒരു ധാരണ ഉണ്ടാകണം. അതുണ്ടായില്ലെങ്കിൽ ആ ധാരണ നഷ്ടപെട്ട ആളുകൾ അവർ അറിയാതെ ഭിന്നിപ്പിന്റെ ചുഴിയിൽ പെട്ടുപോകുകയും സർവ്വ നാശത്തിൽ എത്തിച്ചേരുകയും ചെയ്യും, അല്ലാഹു കാത്തുരക്ഷിക്കട്ടെ.

എന്താണ് അവർക്ക് പറ്റിയ ഏറ്റവും വലിയ അപകടം ? അല്ലാഹു പറയുന്നു

"വേദം നല്‍കപ്പെട്ടവര്‍ അവര്‍ക്ക്‌ വ്യക്തമായ തെളിവ്‌ വന്നുകിട്ടിയതിന്‌ ശേഷമല്ലാതെ ഭിന്നിക്കുകയുണ്ടായിട്ടില്ല." ഖുർആൻ 98:4.

'വ്യക്തമായ തെളിവ്'. അതെ, വ്യക്തമായ തെളിവ് അല്ലാഹുവിന്റെ പക്കൽനിന്നും അവർക്ക് ലഭിച്ചതിനു ശേഷമാണ് അവർ ഭിന്നിച്ചത്‌.. സന്മാർഗം ഏതെന്നും ദുർമാർഗം ഏതെന്നും അർത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം അല്ലാഹു ജനങ്ങൾക്ക്‌ അവന്റെ ദൂദന്മാർ മുഖേന വിശദീകരിച്ചതിന്നു ശേഷമല്ലാതെ അവർ ഭിന്നിച്ചിട്ടില്ല.

മുഹമ്മദ്‌ നബി (സ)യുടെ ഉമ്മത്തിൽ സംഭവിച്ചതും ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നതും ആയ ഭിന്നിപ്പുകൾ ഉണ്ടായത് ഈ പറഞ്ഞ വളരെ വ്യക്തമായ തെളിവ് വന്നു കിട്ടിയതിന്നു ശേഷം മാത്രമാണ്. 

• തൗഹീദ് എന്താണെന്നും ശിർക്ക് എന്താണെന്നും വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും  ഈ സമുദായത്തെ പഠിപ്പിച്ചു. 

• ഇമാൻ  എന്താണെന്നും കുഫ്ർ എന്താണെന്നും വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും ഈ സമുദായത്തെ പഠിപ്പിച്ചു. 

• ഹലാലുകൾ എന്താണെന്നും ഹറാമുകൾ എന്താണെന്നും വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും ഈ സമുദായത്തെ പഠിപ്പിച്ചു.  

• സുന്നത്ത് എന്താണെന്നും ബിദ്അത്ത്  എന്താണെന്നും വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും ഈ സമുദായത്തെ പഠിപ്പിച്ചു.

അങ്ങിനെ തുടങ്ങി, സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന എന്തെല്ലാം ഉണ്ടോ അതെല്ലാം, നരഗത്തിൽനിന്നും അകറ്റുന്നത് എന്തെല്ലാം ഉണ്ടോ അതെല്ലാം തന്നെ വളരെ കൃത്യമായി പരിശുദ്ധ ഖുർആനും തിരു നബി (സ)യും ഈ സമുദായത്തെ പഠിപ്പിച്ചു.

വിശുദ്ധ ഖുർആനിലൂടെയും തിരു ഹദീസിലൂടേയും അന്നും ഇന്നും എന്നും നിലനിൽക്കുന്ന വ്യക്തമായി തെളിവ് വന്നതിന്നു ശേഷം മാത്രമേ ഏതൊരു വിഷയത്തിലും  തർക്കങ്ങളും ഭിന്നിപ്പുകളും ഉണ്ടായിട്ടുള്ളൂ.

അത്തരം ഒരു സന്ദർഭത്തിൽ  ഉണ്ടാകുന്ന ചോദ്യമാണ് എന്താണ് ഈ ഭിന്നിപ്പിന്റെ കാരണം?

ഭിന്നിപ്പിന്റെയും തര്ക്കങ്ങളുടെയും കാരണം

ഏതു തർക്ക വിഷയങ്ങളിലും ഉണ്ടാകാറുള്ളപോലെതന്നെ, ജിന്ന് വിഷയത്തിലും ജനങ്ങളിൽ നല്ലൊരു വിഭാഘത്തിന്റെയും ഒരു അന്വേഷണമാണ് എന്തുകൊണ്ട് ഈ രൂപത്തിലുള്ള ഭിന്നതയും തര്ക്കങ്ങളും ഉണ്ടാക്കുന്നു, എന്താണ് ഇതിന്റെയൊക്കെ കാരണം? തങ്ങൾ ഇതുവരെ സത്യത്തിൻറെ ദ്വജവാഹകർ എന്നു കരുതിയ പണ്ഡിതൻമാർ തന്നെ  തികച്ചും വിഭിന്നങ്ങളായ നിലപാടിൽ എന്തൊരു കാരണത്താൽ വന്നുപെട്ടു എന്നതിനെ കുറിച്ചു അല്ലാഹു നമുക്ക് പറഞ്ഞുതരുമ്പോൾ, അത് നമ്മൾ അറിയേണ്ട ഒരു കാര്യം തന്നെയാണ്.

എന്താണ് ഈ ഭിന്നിപ്പിന്റെ കാരണം എന്ന ചോദ്യത്തിന്നു വളരെ കൃത്യമായി തന്നെ ഒരു ഉത്തരം അല്ലാഹു പറയുന്നുണ്ട്.

"എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ ( വേദവിഷയത്തില്‍ ) ഭിന്നിച്ചിട്ടുള്ളത്‌ അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല." - ഖുർആൻ 2:213

അപ്പോൾ മത്സരം ആണ് ഭിന്നിപ്പിന്നും തര്ക്കത്തിന്നും ഒക്കെ കാരണം.  ഈ വചനത്തിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു ജരീർ അത്വബരി (റഹി) പറയുന്നു -

يقول: بغيًا على الدنيا وطلبَ ملكها وزخرفها وزينتها، أيُّهم يكون له الملك والمهابة في الناس، فبغى بعضُهم على بعض، وضرب بعضُهم رقاب بعض

"ഇഹലൊകത്തിന്നു വേണ്ടിയുള്ള മാത്സര്യം. അതിന്റെ (ഇഹലൊകത്തിന്റെ) ആധിപത്യവും അതിന്റെ പളപളപ്പും അതിന്റെ സൌന്ദര്യവും ഒക്കെ അന്വേഷിക്കലും, ജനങ്ങളിൽ വെച്ചു ആർക്കാണ് അധികാരവും അന്തസും കിട്ടുക എന്നതിന്നും ഒക്കെ വേണ്ടി. അങ്ങിനെ ചിലർ ചിലരോട് മത്സരിക്കുകയും ചിലർ ചിലരുടെ  തല എടുക്കുകയും ചെയ്തു." - ഇമാം ത്വബരി(റഹി), ഖുർആൻ  2:213.

ഒരു കാര്യം ഉറപ്പായി. അതായത് ഈ മത്സരങ്ങൾ ഒന്നും തന്നെ അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയല്ലായിരുന്നു. മറിച്ചു, അത് ഇഹപരമായ, താൽകാലിക അധികാര-സ്ഥാനമാനങ്ങൾ എന്ന് തുടങ്ങിയ കാര്യങ്ങൾ നേടുന്നതിനു വേണ്ടിയാകുന്നു.

ഭിന്നിപ്പിന്റെയും തർങ്ങളുടെയും പര്യാവസാനം - 1

സാധാരണയായി ഭിന്നിപ്പുകളും തർക്കങ്ങളും ഉണ്ടാകുമ്പോൾ രണ്ടു കൂട്ടരും തെറ്റിപ്പോയി എന്നാണു ജനങ്ങൾ വിധിയെഴുതാറുള്ളത്. എന്നാൽ അല്ലഹുവീന്റെ വിധി മറ്റൊന്നാണ്. സ്വർഗ്ഗവും നരഗവും എന്ന രണ്ടു ആത്യന്തികമായ പ്രതിഫലങ്ങൾ പോലെതന്നെ ഭിന്നിപ്പിന്റെയും തർക്കങ്ങളുടെയും പര്യാവസാനം ഒന്നുകിൽ അത് സ്വർഗത്തിൽ എത്തിക്കും അല്ലെങ്കിൽ അത് നരഗത്തിൽ എത്തിക്കും. രണ്ടിൽ ഒന്ന് ഉറപ്പാണ്.

"എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന്‌ അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക്‌ അല്ലാഹു തന്‍റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക്‌ വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക്‌ നയിക്കുന്നു."- ഖുർആൻ 2:213

രണ്ടു വിഭാഗവും വഴിപിഴക്കും എന്നല്ല. മറിച്ചു, അല്ലാഹു, അവന്റെ താല്‍പര്യപ്രകാരം, സത്യവിശ്വാസികളെ നേരായ പാതയിൽ അഥവാ സ്വർഗത്തിന്റെ പാതയിൽ ഉറപ്പിച്ചു നിറുത്തും.

فوفق [الله] الذي آمنوا وهم أهل الإيمان بالله وبرسوله محمد صلى الله عليه وسلم المصدّقين به وبما جاء به أنه من عند الله لما اختلف الذين أوتوا الكتاب فيه.

"സത്യവിശ്വാസികളെ അവൻ (അല്ലാഹു) ഒരുമിപിച്ചു നിറുത്തും. അവർ (സത്യവിശ്വാസികൾ) അല്ലാഹുവിലും അവന്റെ ദൂദരിലും ഈമാൻ ഉള്ളവരും, വേദക്കാർ ഭിന്നിച്ച വിഷയത്തിൽ അല്ലാഹുവിനെയും റസൂലിനെയും, അവർ എന്തൊന്നു കൊണ്ടുവന്നുവോ അതിനെയും സത്യപ്പെടുത്തുന്നവരും ആയിരിക്കും" - ഇമാം ത്വബരി(റഹി), ഖുർആൻ  2:213.

കക്ഷി താൽപര്യങ്ങൾക്ക്‌ അധീധമായി അല്ലാഹുവും അവന്റെ നബിയും എന്ത് പറഞ്ഞുവോ അവിടെ നിൽക്കുകയും അത് സ്വീകരിക്കുകയും ചെയ്യുവാൻ മനസ്സുള്ള, തയ്യാറുള്ള ഒരു കൂട്ടം ആളുകളെ അല്ലാഹു നേരായ പാതയിൽ ഒരുമിപിച്ച്ചു നിറുത്തും.

താൻ ഇതുവരെ നിലകൊണ്ടിരുന്ന ഒരു നിലപാടിന്നോ ഒരു പ്രവൃത്തിക്കോ എതിരായിക്കൊണ്ട് അല്ലാഹു ഇങ്ങിനെ പറഞ്ഞിരിക്കുന്നു അവന്റെ തിരുദൂദർ ഇങ്ങിനെ പറഞ്ഞിരിക്കുന്നു എന്ന് വ്യക്തമായിക്കഴിഞ്ഞാൽ കക്ഷിത്വം വെടിയുകയും അല്ലാഹുവും അവന്റെ ദൂദരും എതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അത് സ്വീകരിക്കുക എന്നുള്ളതാണ് ഒരു സത്യവിശ്വാസിയുടെ അടിസ്ഥാന ഗുണം. ഈ ഒരു ഗുണം നഷ്ടപ്പെട്ടാൽ അവന്റെ കാര്യം മഹാ കഷ്ടം തന്നെയായിരിക്കും.

എന്നാൽ ഇത്തരം വിഷയങ്ങളിൽ നിന്ന് മാറിനിൽക്കുകയും ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ നിൽകുന്ന ഒരു മൂന്നാം കക്ഷിയെയും നമുക്ക് കാണുവാൻ സാധിക്കും. അവരുടെ സ്ഥാനം എവിടെയായിരിക്കും എന്ന് അവർ തന്നെ ചിന്തിക്കുന്നത് അവരുടെ പരലോകത്തിന് നന്നായിരിക്കും എന്നാണു സൂചിപ്പിക്കുവാനുള്ളത്.

ഭിന്നിപ്പിന്റെയും തർങ്ങളുടെയും പര്യാവസാനം - 2

ഇനിയാണ് രണ്ടാമത്തെ കൂട്ടം ആളുകളുടെ അവസ്ഥ മനസിലാക്കേണ്ടത് .

"എന്നാല്‍ അവര്‍ ( ജനങ്ങള്‍ ) കക്ഷികളായിപിരിഞ്ഞു കൊണ്ട്‌ തങ്ങളുടെ കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയാണുണ്ടായത്‌. ഓരോ ക്ഷിയും തങ്ങളുടെ പക്കലുള്ളതു കൊണ്ട്‌ സംതൃപ്തി അടയുന്നവരാകുന്നു." - ഖുർആൻ 23:53.

അതെ, തങ്ങളുടെ കക്ഷി, സംഘടന, നേതാവ് ഇവരൊക്കെ എന്ത് നിലപാടെടുത്തു അതുത്തന്നെയാണ് ശരി എന്ന മൌഡ്യമായ ധാരണയിൽ അവർ കഴിഞ്ഞുകൂടും. തീര്ന്നില്ല -

"( നബിയേ, ) അതിനാല്‍ ഒരു സമയം വരെ അവരെ അവരുടെ വഴികേടിലായിക്കൊണ്ട്‌ വിട്ടേക്കുക." - ഖുർആൻ 23:54.

അങ്ങ് വിട്ടേക്കുക, അതല്ലാതെ അവരെ വിശ്വാസികളാക്കുവാൻ വേണ്ടി ഒന്ന് ചെയ്യേണ്ടതില്ല, അതിന്നു സാധിക്കുകയും ഇല്ല. ഇനിയും അല്ലാഹു പറയുന്നു -

"അവര്‍ വിചാരിക്കുന്നുണ്ടോ; സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത്‌ നാം അവര്‍ക്ക്‌ നന്‍മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണെന്ന്‌ ? അവര്‍ ( യാഥാര്‍ത്ഥ്യം ) ഗ്രഹിക്കുന്നില്ല." - ഖുർആൻ 23:55-56.

സന്താനങ്ങളും സ്വത്തും അധികാരവും ആൾബലവും മറ്റും ഒക്കെ കാണുമ്പോൾ, അതെല്ലാം സത്യം അവരുടെ കൂടെയാണെന്ന ഒരു വിചാരമൊന്നും സത്യവിശ്വാസിക്ക്‌ ഉണ്ടാകില്ല. ലോകത്തെ സർവ്വ സൃഷ്ടികൾ എതിരായാൽ പോലും അല്ലാഹു കൂടെയുണ്ടെങ്കിൽ, ഇവകൾകൊന്നും ഒരു പുൽകൊടിയുടെ വിലപോലും ഉണ്ടാകില്ല എന്ന വ്യക്തമായ ഒരു തിരിച്ചറിവിൽ ആയിരിക്കും ഒരു സത്യവിശ്വാസി. ഈ ഒരു നിലപാടിലേക്കാണ് നമ്മൾ വരേണ്ടത്.

പറയുന്ന കാര്യങ്ങൾ, അത് പ്രമാണബദ്ധമാണെങ്കിൽ, സ്വീകരിക്കുക എന്നുള്ളതാണ് ഭിന്നിപ്പുകൾ അവസാനിപ്പിക്കുവാനും, ആത്യന്തികമായി ഓരോ ആളുകളും നരഗക്കുഴിയിൽ ചെന്ന് പതിക്കുവാതിരിക്കുവാനും നല്ലത്എന്ന് തുടക്കത്തിൽ, സ്വന്തത്തോടും ഇത് വായിക്കുന്നവരോടും  സൂചിപ്പിക്കുവാനുള്ളത്.

അറബിയിൽനിന്നും ഉദ്ധരണികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ കഴിവിന്റെ പരമാവധി ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. വല്ല തെറ്റും കാണുകയാണെങ്കിൽ ഉപദേശബുദ്ധ്യാ അത് ചൂണ്ടിക്കാണിക്കണം എന്ന് അഭ്യർത്തിക്കുന്നു.

തുടരും, ഇൻഷാ അല്ലാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബു ആബ്ദുൽ മന്നാൻ
 ابو عبد المنان محمد نزامدين  ابن عبداللطيف