Saturday, July 23, 2022

​നാണമില്ലേ?

നാണം എന്ന വികാരത്തിന്നും, ആ നാണം മറക്കുന്നതിന്നുമൊക്കെ മനുഷ്യന്റെ ഉത്ഭവത്തോളം പഴക്കമുണ്ട്.

ഏതെങ്കിലും ആളുകൾ പിൽകാലത്ത് പുതുതായി കൊണ്ടുവന്ന ഒരു വികാരമല്ല നാണം. അത് ഓരോ മനുഷ്യന്റെയും ഉള്ളിൽ വ്യത്യസ്തങ്ങളായ അളവിൽ കുടികൊള്ളുന്നുണ്ട്.

മരത്തിന്റെ ഇലകൾകൊണ്ടും മൃഗങ്ങളുടെ തോലുകൾകൊണ്ടും നാണം മറച്ചിരുന്ന ആദിമ മനുഷ്യനിൽ നിന്നും തുടങ്ങി ഏക്കറുകളോളം വിശാലമായ ബില്യൺ ഡോളറുകൾ കണക്കെ വളർന്നു പന്തലിച്ച വസ്ത്ര നിർമ്മാണ, വിപണന, വിതരണ ശൃഖലകളിൽ എത്തി നിൽക്കുന്ന മനുഷ്യന്റെ വളർച്ച ഇപ്പറഞ്ഞതിന്റെ ഒരു സാദൂകരണമയി കാണുന്നു.

മനുഷ്യരാശി കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ അതിന്റെ അടിത്തട്ടിൽ വർത്തിച്ച സുപ്രധാന ഘടകം ഏതാണെന്നു ചോദിച്ചാൽ അത് കുടുംബം എന്ന സാമൂഹിക വ്യവസ്ഥിതിയാണ്.

മറ്റുള്ളവരുടെ മുന്നിൽപെടാതെ ഇണകൾ മറച്ചുപിടിക്കുന്നത് അവർ തമ്മിൽ മാത്രം പങ്കുവെക്കേണ്ട ആ നാണമാണ്. ആ നാണം വേറെ ഒരാൾക്ക് മുന്നിൽ കാണിക്കുകയില്ല എന്ന നിഷ്ടയാണ് ആ ബന്ധത്തിന്റെ അച്ചുതണ്ടായി വർത്തിക്കുന്നത്. ആ നിഷ്ടക്ക് ഉണ്ടാകുന്ന ഏതൊരു വ്യതിയാനവും ആ ബന്ധത്തിന് വലിയ വിഘാതങ്ങൾ സൃഷ്ടിക്കുവാൻ ഉതകുന്നതാണ്.

"പാറി നടക്കും പറവകളൊന്നും വേളി കഴിക്കാറില്ല" എന്ന കവിതാ ശകലമൊക്കെ യുവതയിലേക്ക് എറിഞ്ഞുകൊടുത്തുകൊണ്ട് എല്ലാ നാണക്കേടുകൾക്കും കയ്യടിക്കുന്നവർ കുടുംബം എന്ന മനുഷ്യ നാഗരികതയുടെ അടിത്തറ പൊളിക്കാനുള്ള ശ്രമമാണ് അറിഞ്ഞോ അറിയാതെയോ നടത്തുന്നത്.

അതേ സമയം സ്വന്തത്തിന്ന് നേരെയോ അല്ലെങ്കിൽ അവർക്ക് വേണ്ടപ്പെട്ടവർക്ക് നേരെയോ ഇത്തരം സമീപനങ്ങൾ ഉണ്ടായാൽ അയ്യോ നാണമില്ലേ "കൺസൻറ്" ചോദിക്കുന്നേ എന്നൊക്കെ പറഞ്ഞുകൊണ്ട് ബഹളം വെക്കുകയും ചെയ്യും.

തങ്ങളുടെ നാണം മറക്കുന്നതിന്റെ ഭാഗമായി ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളോട് ഹിജാബാണോ പരീക്ഷയാണോ വലുത്, അതൊന്നു അഴിച്ചുകൂടെ എന്നൊക്കെ ഒരു നാണവുമില്ലാതെ കുറച്ചു മുമ്പ് ചോദിച്ചവരോട്, നിങ്ങൾക്ക് അടിവസ്ത്രമാണോ അതോ പരീക്ഷയാണോ വലുത് എന്ന് ചോദിക്കുമ്പോൾ അതൊരു നാണക്കേടായി മാറിയത് ലിബറലിസം എന്ന പേരിൽ അവർ മുന്നോട്ട് വെക്കുന്ന ആശയത്തിന്റെ ദൗർബല്യമാണ് കാണിക്കുന്നത്.

മൃഗങ്ങളിൽ നിന്നെങ്കിലും ഇത്തരം ആളുകൾക്ക് കുറച്ചൊരു ബോധം ഉൾകൊള്ളാൻ കഴിയും എന്നാണ് അവരുടെ ജീവിതത്തെ കുറിച്ച് പഠിക്കുമ്പോൾ മനസ്സിലാക്കുവാൻ സാധിക്കുന്നത്.

കാട്ടിലെ രാജാവായ സിംഹങ്ങളുടെ ജീവിതം പരിശോധിച്ചാൽ അവർക്കിടയിൽ നിൽക്കുന്ന നിയന്ത്രണങ്ങളും നിയമങ്ങളുമൊക്കെ കാണാവുന്നതാണ്.

കാടിന്റെ വലിയ ഒരുചുറ്റളവ്‌ തങ്ങളുടെ കേന്ദ്രമാക്കി ഒരുമിച്ചു ജീവിക്കുന്ന കുറച്ച് ആൺ സിംഹങ്ങളും കുറച്ചു പെൺ സിംഹങ്ങളും അടങ്ങുന്നതാണ് ഒരു ലയൺ പ്രൈഡ് എന്ന് വിളിക്കുന്നത്. ആ ഗ്രൂപ്പിനകത്തേക്ക്, പുറത്തുള്ള ഒരു സിംഹത്തെയും പ്രേത്യേകിച്ച് ഒരു ആൺ സിംഹത്തെയും അവർ കയറ്റില്ല. പെൺ സിംഹത്തിന്റെ പ്രധാനപ്പെട്ട ജോലി ഇരപിടിക്കലാണെങ്കിൽ ആൺ സിംഹത്തിന്റെ പ്രധാന ജോലി പരിസര നിരീക്ഷണമാണ്. പുറത്തു നിന്നും ഏതെങ്കിലും സിംഹങ്ങൾ അകത്തോട്ട് കയറാൻ നോക്കുന്നുണ്ടോ എന്നതാണ് അതിൽ പ്രധാനമായും ഉള്ളത്. ആ ഗ്രൂപ്പിനകത്തുള്ള പെൺ സിംഹമോ, ആൺ സിംഹമോ പുറത്തുള്ള മറ്റൊരു സിംഹവുമായി നാണം പങ്കിടില്ല എന്നത് തെല്ലൊരു അത്ഭുതത്തോടു കൂടിയാണ് നോക്കിക്കണ്ടത്.

സിംഹത്തിന്റെ കുട്ടികൾ വലുതായി വന്നാൽ, ആൺ കുട്ടിയാണെങ്കിൽ അവനെ ഒരു ഭാവി ഭീഷണിയായിക്കണ്ടുകൊണ്ട് ആ ഗ്രൂപ്പിൽ നിന്നും പുറത്തേക്ക് ഓടിച്ചു വിടുന്നതും അവർക്കികയിൽ നടക്കുന്നുണ്ട്. ഇങ്ങിനെ തങ്ങളുടെ ഗ്രൂപ്പിൽപെട്ട പെൺ സിംഹങ്ങളുടെ നാണം സംരക്ഷിക്കുന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്വമായിട്ടാണ് ആൺ സിംഹങ്ങൾ കാണുന്നത് എന്നതൊക്കെയാണ് അതുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററികൾ കാണിക്കുന്നത്.

മൃഗങ്ങളിൽ പോലും പാറി നടന്ന്‌ വേളികഴിക്കാത്ത നാണം കൊണ്ടുനടക്കുന്ന ആളുകൾ ഉണ്ട് എന്നാണ് പറഞ്ഞുവരുന്നത്.

ചിത്രത്തിൽ കാണുന്നത് Hornbil എന്ന ഒരുതരം വേഴാമ്പൽ പക്ഷിയാണ്. ഈ ഇനത്തിൽപെട്ട ഒരു ആൺ പക്ഷിയുടെയും പെൺ പക്ഷിയുടെയും ഇടയിൽ ഒരു ബന്ധം സ്ഥാപിക്കപ്പെട്ടാൽ അത് ജീവിതാവസാനം വരേയ്ക്കും നിലനിൽക്കും എന്നാണ് BBC യുടെ Life On Earth എന്ന വിഖ്യാത ഡോക്യൂമെന്ററിയുടെ ഉപജ്ഞാതാവും, നാച്ചുറൽ ഹിസ്റ്റോറിയനുമായ ഡേവിഡ് അറ്റെൻബൊറോയുടെ നിരീക്ഷണത്തിൽ കണ്ടെത്തിയത്. ആ രണ്ട് പക്ഷികളാണ് ചിത്രത്തിൽ ഉള്ളത്.

അപ്പോൾ പക്ഷികളിലും പാറി നടന്ന് വേളികഴിക്കാത്തവർ ഉണ്ട് എന്നാണ് മനസ്സിലാകുന്നത്.

തിന്മകളിലേക്ക് ഉൾവലിയുവാൻ പ്രേരണ നൽകുന്ന മനുഷ്യ മനസ്സിന്റെ ഉടമയാണെങ്കിലും അതിൽ നിന്നും രക്ഷപ്പെടണം എന്ന ബോധ്യമാണ് മനസ്സിനെ മുന്നോട്ട് നയിക്കുനത്, ആ
ബോധ്യത്തിന്റെ ചിന്തകളും നിരീക്ഷണങ്ങളും ആണ് ഇവിടെ കോറിയിടുവാൻ ശ്രമിക്കുന്നത്.

മുഹമ്മദ് നിസാമുദ്ധീൻ