Monday, December 10, 2018

ജൂതന്റെ വീട്ടിൽ പടയങ്കി പണയംവെച്ച തിരുദൂദർ

ജൂതന്റെ വീട്ടിൽ പടയങ്കി പണയം വെച്ച തിരുദൂദർ

കാലിഫോർണിയയിലെ ഒരു സാദാരണ ഓഫീസ് ദിവസം. ഉച്ചഭക്ഷണ സമയത്ത് പലപ്പോഴും കുശലം പറയാറുള്ള ക്ലയന്റ് (സീനിയർ എൻജിനീയർ) അന്നൊരു ദിവസം ഒരു ചോദ്യം ചോദിച്ചു.

അമേരിക്കയിലേക്കുള്ള യാത്രകളിൽ എല്ലാം തന്നെ ഏതെങ്കിലുമൊരു സന്ദഭത്തിൽ വെച്ച് അത്തരത്തിലുള്ള എന്തെങ്കിലും ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നു. തിരുനബി കൽപ്പിച്ച മീശ ചെറുതാക്കുകയും, താടി വളർത്തുകയും ചെയ്യുക എന്ന ഒരു ചര്യ പിൻപറ്റുന്ന ഏതൊരാളും അഭിമുഖീകരിക്കുവാൻ സാധ്യതയുള്ള ചോദ്യങ്ങളിൽപെട്ട ഒരു ചോദ്യമായിരുന്നു അത്.

"എന്തുകൊണ്ടാണ് ചില ആളുകൾ തീവ്രവാദികൾ ആകുന്നത്" എന്നായിരുന്നു ആ ചോദ്യം.

ഈ രൂപത്തിലുള്ള ഒരു ചോദ്യം ഏതെങ്കിലും ഒരു പോയന്റിൽ വെച്ച് ഉണ്ടായേക്കാം എന്നുള്ളത് കൊണ്ട് തന്നെ അതിന്ന് എങ്ങിനെ മറുപടി പറയാം എന്നതിനെക്കുറിച്ച് മനസ്സിൽ ഒരു ഏകദേശ ധാരണയുണ്ടായിരുന്നു .

പലപ്പോഴും ഇത്തരം ചോദ്യങ്ങൾക്ക് നൽകാറുള്ള ഉത്തരങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയായിരുന്നു സ്വീകരിച്ചത്. ആ രീതി മറ്റൊന്നുമല്ല. പരിശുദ്ധ ഖുർആനിലെ ഒരു വചനത്തിൽ നിന്നും ലഭിച്ച ഒരു ആശയമാണ് ആ രീതി പിൻപറ്റുവാനുള്ള ഒരു പ്രചോദനം.

"സത്യം വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു. എന്നും നീ പറയുക." - ഖുർആൻ 17:81.

ഘോരാന്ധകാരത്തിൽ മുഴുകിയിരുന്ന ഒരു ജനസഞ്ചയത്തെ, ഒരു പൂർണ്ണ ചന്ദ്രപ്പ്രഭ രാത്രിയുടെ കൂരിരുട്ടിന്റെ എങ്ങിനെ പ്രശോഭിതമാക്കുമോ,  അതിനേക്കാൾ വലിയ വെളിച്ചത്തിന്റെ പ്രഭ ചൊരിഞ്ഞ മുഹമ്മദ് നബി(സ)യുടെ ഐതിഹാസികമായ ജീവിതത്തിലെ ഒരു വരി മതിയാകും ഇത്തരത്തിൽ കുമിഞ്ഞുകൂടിയ ചോദ്യങ്ങൾക്കുള്ള മറുപടിയായി.

"അൽ അമീൻ" അഥവാ സത്യസന്ധൻ എന്ന് സർവ്വരാലും വിളിക്കപ്പെട്ടിരുന്ന തിരുദൂതരുടെ ജീവിതത്തിൽ ഉണ്ടായ ആയിരക്കണക്കിന്ന് വരുന്ന സംഭവങ്ങളിൽ നിന്നുള്ള ഒരൊറ്റ സംഭവം പറഞ്ഞപ്പോഴേക്ക് അതാ അസത്യങ്ങളുടെ കൂമ്പാരങ്ങൾക്ക് മുകളിൽ പടുത്തുയർത്തിയ തീർത്തും തെറ്റായ ധാരണകൾ ഉരുകിപ്പോയിരിക്കുന്നു.

"എന്തുകൊണ്ടാണ് ചില ആളുകൾ തീവ്രവാദികൾ ആകുന്നത്" എന്ന ചോദ്യത്തിന്ന് ഈയുള്ളവൻ പറഞ്ഞ മറുപടിയെ ഒരൊറ്റ വചനത്തിലേക്ക് ചുരുക്കിയതാണ് "ജൂതന്റെ വീട്ടിൽ പടയങ്കി പണയംവെച്ച തിരുദൂദർ" എന്ന തലവാചകം. ചിന്തിക്കുന്നവർക്കും, ചരിത്രത്തെ തൊട്ടറിയാൻ ശ്രമിക്കുന്നവർക്കും ഈ ഒരു വരി മതി കാര്യങ്ങൾ യഥാവിധി മനസ്സിലാക്കുവാൻ എന്നാണ് വിലയിരുത്തൽ.

ക്രിസ്തുമത വിശ്വാസിയായ ക്ലയന്റിനോട് ചോദ്യത്തിനുള്ള മറുപടിയായിക്കൊണ്ട് ഞാൻ പറഞ്ഞു: "നിങ്ങൾക്കറിയുമോ, മുഹമ്മദ് നബി ഈ ലോകത്ത് നിന്നും വിടപറയുമ്പോൾ, അദ്ദേഹത്തിന്റെ പടയങ്കി, തന്റെ അയൽവാസിയായ ജൂത മത വിശ്വാസിയായ ഒരാളുടെ അടുക്കൽ പണയം വെച്ച നിലയിലായിരുന്നു!". 

"ഓഹ്, ശരിക്കും!!" എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പ്രതികരണം. 

"മുഹമ്മദ് നബി മരണപ്പെടുമ്പോൾ അദ്ദേഹം മദീന പട്ടണത്തിന്റെ ഭരണാധികാരിയായിരുന്നു എന്നതും ഇതിന്റെ കൂടെ മനസ്സിലാക്കേണ്ടതുണ്ട്" എന്നതുകൂടി കേട്ടപ്പോൾ അദ്ദേഹം അത്ഭുത സ്തബ്ധനായി.

എന്തെല്ലാം ഒരു കൂട്ടം ഉന്നതമായ സന്ദേശങ്ങളാണ് ഈ ഒരു സംഭവത്തിൽ നിന്നും മാത്രം കിട്ടുന്നത് എന്ന് ആലോചിക്കുവാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടുകൊണ്ട് ആ ചോദ്യത്തിനുള്ള മറുപടി അവിടെ അവസാനിപ്പിച്ചു.

സി.എൻ.എൻ പോലുള്ള അമേരിക്കൻ ടീവി ചാനലുകൾ പടച്ചുവിടുന്ന പെരും നുണകൾ സ്ഥിരമായി കേൾക്കാൻ വിധിക്കപ്പെടുകയും, തൽഫലമായി അത്തരം നുണപ്പ്രചരണങ്ങളിൽ നിന്നും മാത്രം കാര്യങ്ങൾ വിലയിരുത്തേണ്ടി വരികയും ചെയ്ത ഏതെങ്കിലും ഒരാൾ "എന്തുകൊണ്ടാണ് ചില ആളുകൾ തീവ്രവാദികൾ ആകുന്നത്" എന്ന് ചോദിക്കുന്നത് തീർത്തും സ്വാഭാവികമാണ് എന്നാണ് എനിക്ക് തോന്നുന്നത്.

തനിക്കുള്ള സംശയം ഹൃദയത്തിൽ പുകച്ചിടാതെ, വളരെ മാന്യമായി ചോദിച്ച എന്റെ ക്ലയന്റിനെ വളരെയധികം പ്രശംസിക്കുവാൻ ആഗ്രഹിക്കുകയാണ് ഈ ഒരു സന്ദഭത്തിൽ.

ഹോട്ടൽ മുറിയിൽ ഇരുന്നുകൊണ്ട് സി.എൻ.എൻ എന്ന ചാനൽ പ്രക്ഷേപണം ചെയ്ത മുൻ സിഐഎ ഓഫീസറുമായി നടത്തിയ ഒരു അഭിമുഖത്തിൽ ഇസ്ലാമിക ആദർശത്തെ കുറിച്ച് പറഞ്ഞ കല്ല് വെച്ച നുണകൾ കണ്ടപ്പോൾ വളരെയധികം അമ്പരപ്പാണ് എനിക്കുണ്ടായത്. ഇത്രത്തോളം വലിയ നുണകൾ ഒരു ആധികാരികതയുടെ പരിവേഷത്തോടെ, അതും പട്ടാപകൽ എങ്ങിനെ അവതരിപ്പിക്കുവാൻ സാധിക്കുന്നു എന്നത് വളരെ അത്ഭുതത്തോട് കൂടിയല്ലാതെ എനിക്കാലോചിക്കുവാൻ സാധിക്കുന്നില്ല.

മദീനയുടെ ഭരണാധിപനും, ന്യായാധിപനും, സർവ്വ സൈന്യാധിപനും, ആത്മീയ നേതാവുമൊക്കെയായിരുന്ന മുത്ത് മുഹമ്മദ് നബി(സ), ദാരിദ്ര്യത്തിന്റെ കാഠിന്യത്താൽ അൽപം ബാർളിക്ക് വേണ്ടി തന്റെ സുപ്രധാനമായ പടയങ്കി അയൽവാസിയായ ജൂതന്റെ അടുത്ത് പണയം വെച്ച സംഭവം പ്രസക്തമാകുന്നത് ഇത്തരം അവസരങ്ങളിലാണ്.

ആധികാരികതക്ക് വേണ്ടി മാത്രം പ്രമാണം ഇവിടെ കൊടുക്കുന്നു.

عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ تُوُفِّيَ رَسُولُ اللَّهِ صلى الله عليه وسلم وَدِرْعُهُ مَرْهُونَةٌ عِنْدَ يَهُودِيٍّ بِثَلاَثِينَ صَاعًا مِنْ شَعِيرٍ - كتاب الجهاد والسير - صحيح البخاري

"ആയിഷ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂദർ മരണപെടുമ്പോൾ തന്റെ പടയങ്കി മുപ്പത് സാഅ് (ഒരു അളവ്) ബാർലിക്ക് വേണ്ടി ഒരു ജൂതന്റെ അടുത്ത് പണയം വെച്ച നിലയിൽ ആയിരുന്നു." - സ്വഹീഹ് ബുഖാരി(റഹി).

ആറാം നൂറ്റാണ്ടിലെ റോമിന്റെയും പേർഷ്യയുടെയും അധിപന്മാർ സുഖലോലുപതയിൽ അമ്മാനമാടിയപ്പോൾ, തിരുദൂദർ തിരഞ്ഞെടുത്തത് ഭൗതിക വിരക്തിയുടെയും ലാളിത്യത്തിന്റെയും മാർഗമായിരുന്നു.

റോമിന്റെയും പേർഷ്യയുടെയും അധിപന്മാർ തങ്ങളുടെ വിശ്വാസങ്ങൾക്ക് എതിരായവരെ നിഷ്കാസനം ചെയ്തപ്പോൾ, തിരുദൂദർ വിഭാവന ചെയ്ത് നടപ്പാക്കിയത് ജൂതന്മാരും, ക്രിസ്ത്യാനികളും, മുസ്ലിങ്ങളും ഒക്കെ അവരുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അനുസരിച്ച് ഒരുമയോടെ ജീവിക്കുന്ന ഒരു രാജ്യമായിരുന്നു.

ഇത്തരമൊരു വിഭാവനയുടെ ഫലമാണ് ജൂതനായ ഒരാൾക്ക് മദീന ഭരണാധികാരിയുടെ അയൽവാസിയായി നിർഭയം ജീവിക്കുവാൻ സാധിച്ചത്. 

ലോകത്തിലെ സർവ്വ ജനങ്ങൾക്കും വേണ്ടി അയക്കപ്പെട്ട ദൈവിക ദൂദൻ എന്ന് പരിശുദ്ധ ഖുർആൻ വിശേഷിപ്പിച്ച മുഹമ്മദ് നബി(സ) ഭൂജാതനാകുന്നതിന്റെ നൂറ്റാണ്ടുകൾക്ക് മുൻപ്, മക്കയും മദീനയും ഒക്കെ ഉൾക്കൊള്ളുന്ന ജസീറത്തുൽ അറബ് എന്ന പ്രദേശത്ത് ജൂതന്മാരും, ക്രിസ്ത്യാനികളും എന്തിനുവേണ്ടി വന്നു താമസിച്ചു എന്നത് വളരെ കൗതുകമുണർത്തുന്ന ഒരു കാര്യം തന്നെയാണ്.

ചരിത്രത്തിൽ ചില കാരണങ്ങൾ കാണാമെങ്കിലും അതിൽ പ്രധാനമായ ഒന്നാണ് ഈന്തപ്പനയുടെ നാട്ടിൽ നിന്നൊരു ദൈവിക ദൂദൻറെ ആഗമനത്തെ അന്നത്തെ ജൂതന്മാരും ക്രിസ്ത്യാനികളും പ്രതീക്ഷിച്ചിരുന്നു എന്നത്.

ഈന്തപ്പനത്തോട്ടത്തിൽ ജോലിചെയ്തുകൊണ്ടിരുന്ന അബ്ദുല്ലാ ഇബ്നു സലാം എന്ന ജൂത പണ്ഡിതൻ, മുഹമ്മദ് നബി(സ) മദീനക്കടുത്തുള്ള ഖുബായിൽ എത്തിയിട്ടുണ്ട് എന്നറിഞ്ഞപ്പോൾ അങ്ങോട്ട് ഓടിപ്പോയതും, ദൈവിക ദൂദന്മാർക്ക് മാത്രം ഉത്തരം അറിയുന്ന ചോദ്യങ്ങൾ ചോദിക്കുകയും, ശേഷം ആ വന്നത് മൂസാ നബിയുടെ സഹോദരനാണ് എന്ന് സത്യം ചെയ്തു പറഞ്ഞതുമൊക്കെ മദീനയുടെ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെയെല്ലാം ആരാധ്യൻ ഏകനാണെന്ന് പ്രഖ്യാപിക്കുകയും,  മുൻ വേദഗ്രന്ഥങ്ങളെ മുഴുവൻ സത്യപ്പെടുത്തികൊണ്ടും, അതിൽ മൂസ നബിക്ക് നൽകിയ തൗറാത്തിനേയും, ഈസ നബിക്ക് നൽകിയ ഇൻജീലിനെയും പേരെടുത്ത് പറഞ്ഞുകൊണ്ടുമായിരുന്നു പരിശുദ്ധ ഖുർആൻ മദീനയിലെ ജൂതന്മാരെയും ക്രസിത്യാനികളെയും അഭിസംബോധന നടത്തിയത്. 

ആ പരിശുദ്ധ ഖുർആനിലും, അതിന്റെ ജീവിത മാതൃകയായ മുഹമ്മദ് നബി(സ)യിലും വിശ്വസിക്കുവാനും അവിശ്വസിക്കുവാനും ഉള്ള പൂർണ്ണ സ്വാതന്ത്ര്യത്തോടെ ആയിരുന്നു ജൂതന്മാരും ക്രിസ്ത്യാനികളുമൊക്കെ മദീനയിൽ ജീവിച്ചത്. അവരിൽപെട്ട ആളുകൾ പിൽകാലത്ത് തിരുദൂതരുടെ ഏറ്റവും അടുത്ത  അനുയായികളായിത്തീർന്നു എന്നതാണ് ചരിത്രം.

ഇത്തരുണത്തിൽ, മദീന ഭരണാധികാരിയുടെ അയൽവാസിയാകുവാനും, ആ ഭരണാധികാരിയുടെ പടയങ്കി വിശ്വസിച്ചേൽപ്പിക്കപ്പെടുവാനും ഒക്കെ ജൂത മത വിശ്വാസിയായ ഒരാൾക്ക് സാധിച്ചു എങ്കിൽ, ചരിത്രത്തിൽ തുല്യതയില്ലാത്ത മാനവിക മൂല്യങ്ങൾ തന്നെയാണ് മുഹമ്മദ് നബി(സ) ലോകജനതക്ക് വേണ്ടി വിട്ടേച്ച് പോയത്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.