Friday, June 27, 2014

തൗഹീദും ശിർക്കും - ഭാഗം - 1

അസ്സലാമുഅലൈക്കും വ രഹ്മതുല്ലാഹി 

പ്രിയപ്പെട്ട സഹോദരങ്ങളെ,

ആമുഖത്തിൽ സൂചിപ്പിച്ച കാര്യങ്ങളിൽ നിന്നും എന്തുകൊണ്ടാണ് ഭിന്നിപ്പുകൾ ഉണ്ടാകുന്നതെന്നും അതിന്നു അല്ലാഹു നിശ്ചയിച്ച രണ്ടു പര്യാവസാനങ്ങളെ കുറിച്ചും ചുരുക്കത്തിൽ നമ്മൾ മനസ്സിലാക്കി. അതിൽ ഏതു പര്യാവസാനം വേണം എന്നത് ഓരോ ആളുകളും തീരുമാനിക്കുക.

"വ്യക്തമായ തെളിവ്" ലഭിച്ചിട്ടും നമുക്ക് മുൻപ് വേദം നൽകപെട്ട സമുദായങ്ങളിൽ സംഭവിച്ച അപചയത്തിന്നു കാരണം ഇഹലോകത്തിന്നു വേണ്ടിയുള്ള "മത്സരം" ആയിരുന്നു എന്നാണ് ഉന്നതനും പ്രതാപവാനുമായ അല്ലാഹു പറയുന്നത് എന്ന് ഈ വിഷയത്തിന്റെ ആമുഖത്തിൽ പറഞ്ഞു കഴിഞ്ഞു.  അതുകൊണ്ട് തന്നെ അത്തരമൊരു മത്സര ബുദ്ധി ഒഴിവാക്കണം എന്നാണു ഇത് വായിക്കുന്ന ഓരോ ആളുകളോടും സ്വന്തത്തെ പോലെത്തന്നെ ഉണർത്തുവാൻ ഉള്ളത്.

ഇനി അതല്ല സത്യം മനസ്സിലാക്കുന്നതിൽ ഉപരി, വല്ല മത്സരത്തിന്നും ആണ് ആരെങ്കിലും ശ്രമിക്കുന്നത് എങ്കിൽ തീർച്ചയായും അത്തരം ആളുകൾ  "ദുർമാർഗ"ത്തിലേക്കുള്ള വഴി വെട്ടുകയാണ് എന്നാണ് വളരെ ഗൌരവമായി, ശക്തമായ ഭാഷയിൽ ഉണർത്തുവാൻ ഉള്ളത്.

"വിശ്വാസികള്‍ക്ക്‌ അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്കും, അവതരിച്ചു കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക്‌ മുമ്പ്‌ വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കുവാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക്‌ കാലം ദീര്‍ഘിച്ച്‌ പോകുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്തുപോകുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളാകുന്നു." - ഖുർആൻ 57:16. 

فَعَلَيْنَا -أَيُّهَا الْمُسْلِمُونَ-أَنْ نَنْتَهِيَ عَمَّا ذمَّهم اللَّهُ تَعَالَى بِهِ، وَأَنْ نَأْتَمِرَ بِمَا أُمِرْنَا بِهِ، مِنْ تَعَلُّم كِتَابِ اللَّهِ الْمُنَزَّلِ إِلَيْنَا وَتَعْلِيمِهِ، وَتَفَهُّمِهِ وَتَفْهِيمِهِ، 

"അപ്പോൾ നമ്മുടെ മേൽ (ബാധ്യതയായിട്ടുള്ളത്) - ഓ മുസ്ലിമീങ്ങളേ - യാതൊന്നുകൊണ്ട് അല്ലാഹു അവരെ അധിക്ഷേപിച്ചോ അതിൽ നിന്നും വിട്ടുനിൽക്കലും, നമ്മിലേക്ക്‌ ഇറക്കിയ അല്ലാഹുവിന്റെ ഗ്രന്ഥം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും മനസ്സിലാക്കുന്നതിലും മനസ്സിലാക്കിക്കൊടുക്കുന്നതിലും യാതൊന്നുകൊണ്ട് നമ്മൾ കൽപ്പിക്കപെട്ടോ ആ കൽപ്പന സ്വീകരിക്കലും" - ഹാഫിള് ഇബ്നു കസീർ (റഹി), ആമുഖം, തഫ്സീറുൽ ഖുർആനിൽ അളീം.

പരിശുദ്ധ ഖുർആനിന്റെയും തിരുവചനങ്ങളുടെയും അധ്യാപനങ്ങളെ പഠിക്കുവാനും ജീവിതത്തിൽ പകർത്തുവാനും ശ്രമിക്കുന്ന ഏതൊരു വിദ്യാർഥിക്കും   ഉള്ള ഒരു ഉണർത്തൽ ആണ് മഹാനായ ഇമാം ഇബ്നു കസീർ (റഹി) പരിശുദ്ധ ഖുർആൻ വചനം 57:16 ഉദ്ധരിച്ചുകൊണ്ട് തന്റെ തഫസീറിന്റെ ആമുഖത്തിൽ മുസ്ലിം സമുദായത്തെ വിളിച്ചുകൊണ്ടു ഉണർത്തുന്നത്. 

ഇത്തരുണത്തിൽ ഉള്ള ഒരു ഉണർവ്  ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരിക്കണം എന്നും, ഒന്നും പറയാനില്ലെങ്കിൽ മിണ്ടാതിരിക്കുക എന്ന സൂക്ഷ്മതയുടെ ഒരംശമെങ്കിലും ഉണ്ടായിരിക്കണം എന്ന് സ്വന്തത്തോടും, ഇത് വായിക്കുന്ന ഓരോ ആളുകളോടും ഉണർത്തുകയാണ്. ഇനി, വിഷയത്തിലേക്ക് കടക്കുകയാണ്.

ആദ്യമായി മനസിലാകേണ്ടത് തൗഹീദ് എന്താകുന്നു എന്നാണ്. അല്ലാഹുവിനെ ഏകനാക്കുക്ക എന്നതാണല്ലോ അതുകൊണ്ടുള്ള വിവക്ഷ.   ഒരു സത്യവിശ്വാസി, അവൻ പ്രത്യക്ഷമായ ശിർക്ക് ചെയ്യുന്നില്ലെങ്കിലും തൗഹീദിനെ കുറിച്ച് വളരെ വ്യക്തമായ ഒരു ധാരണയില്ലെങ്കിൽ അവന്റെ വിശ്വാസം കുഴപ്പത്തിൽ ആകുവാൻ ഒരു സാധ്യത ഉണ്ട്. അതിനെ കുറിച്ചുള്ള ഒരു ചെറിയ വിശദീകരണത്തോട് കൂടി തുടങ്ങുകയാണ് . 

നമുക്ക് എല്ലാവര്ക്കും അറിയാവുന്നതുപോലെ  'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്നതാണല്ലോ തൗഹീദിന്റെ ഏറ്റവും ഉന്നതമായ വചനം.

 'ഒരു ആരാധ്യനും ഇല്ല, അല്ലാഹു അല്ലാതെ' എന്ന് ഒരാൾ പറയുമ്പോൾ, പഠിക്കുമ്പോൾ, ആ ആൾ വളരെ അടിസ്ഥാനപരമായി, വളരെ തുടക്കത്തിൽ മനസിലാക്കേണ്ടത് ഏതൊരു അല്ലാഹുവിനെയാണ്, അവനല്ലാതെ ആരാധ്യൻ ഇല്ല എന്ന് താൻ സാക്ഷ്യപ്പെടുത്തുന്നത് എന്നാണ്. 

ഇതറിയാതെ ഒരാൾ  'ലാ ഇലാഹ ഇല്ലാ അല്ലാഹു' മായി മുന്നോട്ട് പോയാൽ അയാളുടെ വിശ്വാസം ഒരിക്കലും പൂർണ്ണമായിടില്ല, പൂർണ്ണമാകുകയും ഇല്ല. 

ഒരു കാര്യത്തിൽ ഒരു പ്രത്യേക വ്യക്തി മാത്രമേ ഉള്ളൂ എന്ന് പറയുമ്പോൾ തീർച്ചയായും ഉയർന്നുവരുന്ന, ഉയർന്നുവരേണ്ട ഒരു ചോദ്യമാണ്  - 'ആരാണ് ആ ആൾ?'. 

ഒരു സ്കൂളിൽ, ഒരു പ്രത്യേക വിഷയം എറ്റവും  നന്നായി അറിയുന്നത് ഇന്ന അധ്യാപകനല്ലാതെ മറ്റാർക്കുമല്ല എന്ന് ഒരു വിദ്യാർത്ഥി പറയുമ്പോൾ, ആ അദ്ധ്യാപകന്റെ അറിവിനെ  കുറിച്ചും കഴിവിനെ കുറിച്ചും നല്ലവണ്ണം അറിയുന്നവനായിരിക്കും, ആയിരിക്കണം അവൻ. അതോടൊപ്പം തന്നെ മറ്റുള്ള അദ്ധ്യാപകന്മാർക്കക്ക്  ആദ്യം പറഞ്ഞ അദ്ധ്യാപകന്റെ അത്ര കഴിവില്ല എന്നും, ഈ പറയുന്ന വിദ്യാർഥിക്ക് നല്ല പോലെ അറിയണം.  ഇത് വളരെ നിർബന്ധമാണ്. 

എന്നാൽ, ആ ഏറ്റവും കഴിവുള്ള അദ്ധ്യാപകന്റെ കഴിവിനെകുറിച്ചും മറ്റു അദ്ധ്യാപകരുടെ കഴിവ്-കുറവിനെ കുറിച്ചും ബോദ്ധ്യമില്ലാത്ത മറ്റൊരു വിദ്യാർത്ഥി ഈ വാദം ഉന്നയിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്‌ ?

1. അവൻ പറഞ്ഞത് സത്യമാണ്.

2. അവൻ പറഞ്ഞിരിക്കുന്നത്  (സത്യമെങ്കിലും) അവന്നു ബോദ്ധ്യപ്പെടാത്ത ഒരു കാര്യമാണ് അഥവാ അവൻ മറ്റോരാൾ കേട്ടത്  ഏറ്റു പറഞ്ഞതാണ്. 

3. ഭാവിയിൽ ആ ഏറ്റവും കഴിവുള്ള  അദ്ധ്യാപകന്റെ അറിവും കഴിവുമായോ മറ്റു അദ്ധ്യാപകന്മാരുടെ കഴിവ്-കുറവിനെ പറ്റിയൊ എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോൾ, കേട്ടത് ഏറ്റു പറഞ്ഞ വ്യക്തിക്ക് ഒന്നും പറയുവാൻ സാധിക്കില്ല. കാരണം, അവന്നു ബോദ്ധ്യപ്പെടാത്ത ഒരു സംഗതിയായിരുന്നു അവൻ സത്യപ്പെടുത്തിയത്.

പറഞ്ഞുവരുന്നത്, 'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്ന് ഒരാൾ പ്രഖ്യാപിക്കുന്നതിന്നു മുൻപ്, ഏതൊരു അല്ലാഹുവിനെ കുറിച്ചാണ്  'അവനല്ലാതെ ഒരു ആരാധ്യനും ഇല്ല' എന്ന് താൻ പറയുന്നതെന്ന് വളരെ കൃത്ത്യമായി അവൻ മനസിലാക്കണം. അതൊന്നും അറിയാതെയാണ് ഒരാൾ 'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്ന് പറഞ്ഞതെങ്കിൽ, അവൻ പറഞ്ഞത് സത്യമാണ് പക്ഷെ അവന്നു കൃത്യമായി ബോദ്ധ്യപ്പെടാത്ത ഒന്നിനെ കുറിച്ചാണ് അവൻ സത്യപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ,  'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്ന വിഷയത്തിൽ എന്തെങ്കിലും ഒരു വിഷയം ഉണ്ടായാൽ അവൻ കുഴപ്പത്തിൽ അകപ്പെടുവാൻ ഉള്ള സാദ്യത വളരെ വളരെ കൂടുതൽ ആണ് .

ഇനി പറയുവാൻ പോകുന്നത്, ആരാണ് ആ അല്ലാഹു എന്നതിനെ കുറിച്ചാണ്.

ആദിയിലും അവസാനത്തിലും ഉള്ളവൻ അല്ലാഹു 

അല്ലാഹുവിനെ കുറിച്ചു വളരെ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട ഒന്നാണ് അല്ലാഹുവാണ് ആദിയിൽ ഉള്ളവൻ, അവനാണ് അവസാനത്തിലും ഉള്ളവൻ. 

"അവന്‍ ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്‌. അവന്‍ സര്‍വ്വകാര്യങ്ങളെക്കുറിച്ചും അറിവുള്ളവനുമാണ്‌." - ഖുർആൻ 57:3.

ഈ വചനത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നു കസീർ(റഹി) പറയുന്ന, ഇമാം അഹ്മദ് (റഹി) റിപ്പോര്ട്ട് ചെയ്ത ഒരു ഹദീസിൽ, മുഹമ്മദ്‌ നബി (സ) പറയുന്നു  -

أَنْتَ الْأَوَّلُ لَيْسَ  قَبْلَكَ شَيْءٌ وَأَنْتَ الْآخِرُ لَيْسَ  بَعْدَكَ شَيْءٌ، وَأَنْتَ الظَّاهِرُ لَيْسَ فَوْقَكَ شَيْءٌ وَأَنْتَ الْبَاطِنُ لَيْسَ دُونَكَ شَيْءٌ

"നീയാണ് ആദിയിൽ ഉള്ളവൻ, നിനക്ക് മുൻപ് ഒന്നും ഇല്ല. നീയാണ് അവസാനത്തിൽ ഉള്ളവൻ, നിനക്ക് ശേഷം ഒന്നും ഇല്ല, നീയാണ് പ്രത്യക്ഷത്തിൽ ഉള്ളവൻ, നിനക്ക് മുകളിൽ ഒന്നുമില്ല, നീയാണ് പരോക്ഷമായുള്ളവൻ, നിന്നെ കൂടാതെ ഒന്നുമില്ല. " - ഇബ്നു കസീർ(റഹി), ഖുർആൻ 57:3.

അല്ലാഹുവാണ് ആദിയിൽ ഉള്ളവൻ എന്ന് പറഞ്ഞാൽ, സൃഷ്ടികൾ ഒന്നുംതന്നെ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു. അന്ന് അല്ലാഹു മാത്രമാണ് ഉണ്ടായിരുന്നത്. അല്ലാഹുവാണ് അവസാനത്തിൽ ഉള്ളത് എന്ന് പറഞ്ഞാൽ, സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥ ഇനി വരുമെന്നും, അന്ന് അല്ലാഹു മാത്രമേ ബാകിയാവുകയുള്ളൂ എന്നാണ് , വളരെ പ്രധാനമായി, വിഷയസംബന്ധിയായി നമ്മൾ മനസ്സിലാക്കേണ്ടത്.

A. ആദിയിൽ, സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥ

സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു.

أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "إِنَّ اللَّهَ قَدَّرَ مَقَادِيرَ الْخَلْقِ قَبْلَ أَنْ يَخْلُقَ السَّمَاوَاتِ وَالْأَرْضَ بِخَمْسِينَ أَلْفَ سَنَةٍ، وَكَانَ عَرْشُهُ عَلَى الْمَاءِ

നബി (സ) പറഞ്ഞു  - "ആകാശങ്ങളെയും  ഭൂമിയേയും സൃഷ്ടിക്കുന്നതിനു  അമ്പതിനായിരം വർഷങ്ങൾക്കു മുൻപ്‌  അല്ലാഹു അവന്റെ സൃഷ്ടികളുടെ കാര്യങ്ങൾ  തീർച്ചയായും തിട്ടപ്പെടുത്തിയിരുന്നു, അവന്റെ അർഷ് വെള്ളത്തിന്നു മുകളിൽ ആയിരുന്നു" - സ്വഹീഹ് മുസ്ലിം.

മുകളിൽ പറഞ്ഞ നബി വചനം വായിക്കുമ്പോൾ, ചിലപ്പോൾ വെള്ളവും അല്ലാഹുവിന്റെ സിംഹാസനമായ അർഷും ആദ്യമേ ഉണ്ടായിരുന്നോ എന്നു തോന്നിയക്കാം. അത് രണ്ടും അവന്റെ സൃഷ്ടികൾ തന്നെയാണ്. ആകാശങ്ങളും ഭൂമിയും സ്രിഷ്ടിക്കുന്നതിന്നു മുൻപ് ഇതു രണ്ടും സൃഷ്ടിക്കപ്പെട്ടു എന്ന് മാത്രം.

ഇമാം ത്വബരി(റഹി) പരിശുദ്ധ ഖുർആൻ 57:3 വചനത്തിൻറെ വിശദീകരണത്തിൽ പറയുന്നു -

هُوَ الأوَّلُ) قبل كل شيء بغير حدّ)

" 'അവൻ ആദിയിൽ ഉള്ളവൻ'. (അതായത്) യാതൊരു പരിധിയും ഇല്ലാതെ, എല്ലാത്തിന്റെയും മുൻപ് " - ഇമാം ത്വബരി(റഹി), ഖുർആൻ - 57:3 .

ഇവിടെ, എല്ലാറ്റിന്റെയും എന്ന് പറഞ്ഞാലൽ, അതിൽ എല്ലാ സൃഷ്ടികളും പെട്ടും. ഒന്നും തന്നെ അതിൽനിന്നും ഒഴിവല്ല.

അപ്പോൾ ഒന്നുറപ്പാണ്. അല്ലാഹുവിന്റെ സകല പഠപ്പുകൾ ഒക്കെയും, അതായത് അർഷ്, വെള്ളം, സ്വർഗം, നരഗം, മലക്കുകൾ, ആകാശങ്ങൾ, ഭൂമി, നമുക്ക്‌ അറിയുന്നതും അറിയാത്തതും ആയ മറ്റു ജീവികൾ, ജിന്ന്, മനുഷ്യൻ, ആദം നബി(അ) തൊട്ടു മുഹമ്മദ്‌ നബി (സ) വരെയുള്ള സകല പ്രവാചകന്മാർ അടക്കം,   സർവ്വ സൃഷ്ടികളെയും പടക്കുന്നതിന്നു മുൻപ് ഒരു അവസ്ഥ ഉണ്ടായിരുന്നു. 

ഇമാം അഹ്മദ് (റഹി) റിപ്പോർട്ട്‌ ചെയ്ത ഹദീസിൽ നബി(സ) പറയുന്നു -

كَانَ اللَّهُ قَبْلَ كُلِّ شَيْءٍ وَكَانَ عَرْشُهُ عَلَى الْمَاءِ وَكَتَبَ فِي اللَّوْحِ ذِكْرَ كُلِّ شَيْءٍ

"അല്ലാഹു എല്ലാറ്റിന്നും മുൻപ് ഉണ്ടായിരുന്നു. അവന്റെ സിംഹാസനം വെള്ളത്തിനു മുകളിൽ ആയിരുന്നു. ലൗഹുൽ മഹ്ഫൂളിൽ എല്ലാറ്റിന്റെയും കാര്യം അവൻ (അല്ലാഹു) എഴുതി" - ഇമാം അഹ്മദ്(റഹി).

എല്ലാറ്റിന്റെയും മുൻപ് അല്ലാഹു മാത്രം ഉണ്ടായിരുന്ന ആ അവസ്ഥ എന്താണെന്നും ഏതാണെന്നും അതിൻറെ കാല ദൈർഖ്യം എത്രയാണെന്നും ആ കാലത്തിൻറെ അളവ്കോൽ എന്താണെന്നുമൊക്കെ വിശുദ്ധ ഖുർആനും തിരുവച്ചനങ്ങളും എന്തൊക്കെയാണോ പറഞ്ഞത് ആ അറിവ് മാത്രമേ നമ്മുടെ അടുത്തുള്ളൂ, അതിന്റെ അപ്പുറത്ത് നമുക്ക് ഒന്നും അറിയില്ല.

അല്ലാഹു ആദിയിൽ ഉണ്ടായിരുന്ന അവസ്ഥയും, ഇനി അവസാനത്തിൽ അല്ലാഹു മാത്രം ബാകിയാകുന്ന അവസ്ഥയും  മനുഷ്യന്റെ നിസ്സാരമായ ബുദ്ധിക്കോ ചിന്തക്കോ കണ്ടുപിടുത്തങ്ങൾക്കോ ഒരിക്കലും കണ്ടെത്തുവാൻ സാധിക്കാത്ത ഒന്നാണ് . അല്ലാഹും അവന്റെ ദൂതനും എന്തൊന്നു പറഞ്ഞുവോ അത് ഒരു സത്യവിശ്വാസി സത്യപ്പെടുത്തും.

B. അവസാനത്തിൽ, സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ഒരു അവസ്ഥ

സൃഷ്ടികൾ ഒന്നും ഇല്ലാത്ത, അവരെല്ലാം നശിച്ച ഒരു അവസ്ഥ വരും. അന്നും ബാക്കിയാകുന്നവൻ അല്ലാഹു മാത്രമായിരിക്കും. അല്ലാഹു, അവൻ സൃഷ്ടിച്ചതിനെ മുഴുവൻ നശിപ്പിക്കും, എന്നിട്ട് അവൻ മാത്രം ബാക്കിയാകും.

"അല്ലാഹുവോടൊപ്പം വേറെ യാതൊരു ദൈവത്തെയും നീ വിളിച്ച്‌ പ്രാര്‍ത്ഥിക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. അവന്നുള്ളതാണ്‌ വിധികര്‍ത്തൃത്വം. അവങ്കലേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. " - ഖുർആൻ 28:88. 

അല്ലാഹുവല്ലാത്ത സകലതും നശിക്കും. അവൻ മാത്രം ബാകിയാകും.

وَقَوْلُهُ: {كُلُّ شَيْءٍ هَالِكٌ إِلا وَجْهَهُ} : إِخْبَارٌ بِأَنَّهُ الدَّائِمُ الْبَاقِي الْحَيُّ الْقَيُّومُ، الَّذِي تَمُوتُ الْخَلَائِقُ وَلَا يَمُوتُ

"'അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. ', അതറിയിക്കുന്നത് - തീർച്ചയായും അവനാകുന്നു എന്നും ബാകിയാകുന്നത്, എന്നെന്നും ജീവിച്ചിരിക്കുന്നവനും, സർവത്തിനെയും നിയന്ത്രിക്കുന്നവനും. അവൻ സൃഷ്ടികളെ മരിപ്പിക്കുന്നു, അവൻ മരിക്കുകയും ഇല്ല. " - ഇബ്നു കസീർ(റഹി), ഖുർആൻ  28:88.

അപ്പോൾ സർവ്വ സൃഷ്ടികളും നശിച്ചതിന്നു ശേഷവും അല്ലാഹു മാത്രമേ ബാക്കി ആവുകയുള്ളൂ.

സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥ 

നമ്മളിപ്പോൾ സംസാരിക്കുന്നത് ആദിയിൽ അല്ലാഹു മാത്രം ഉണ്ടായിരുന്ന അവസ്ഥയെ കുറിച്ചാണ്. സൃഷ്ടികളെ കുറിച്ചു നമ്മൾ ഒന്നും പറഞ്ഞിട്ടില്ല.

ഇമാം ത്വബരി(റ)  പരിശുദ്ധ ഖുർആൻ 57:3 വചനത്തിൻറെ വിശദീകരണത്തിൽ വീണ്ടും പറയുന്നു -

وَالآخِرُ يقول: والآخر بعد كل شيء بغير نهاية. وإنما قيل ذلك كذلك، لأنه كان ولا شيء موجود سواه

" 'അവൻ അവസാനത്തിൽ ഉള്ളവൻ'. (അതായത്) എല്ലാറിന്റെയും ശേഷം, യാതൊരു അറ്റവും ഇല്ലാതെ. അത് അപ്രകാരം പറയപെട്ടിടുണ്ട് . കാരണം, തീർച്ചയായും ഒന്നും തന്നെ ഉണ്ടായിരുന്നില്ല, അവനെ കൂടാതെ." - ത്വബരി - 57:3 

"അവനെ കൂടാതെ."  എന്നുള്ള ഇമാം ത്വബരിയെപോലുള്ളവരുടെ പ്രയോഗം പ്രത്യേകം ശ്രദ്ദിക്കണം. അറബിയിൽ അതിനു 'സിവാഹു'  അതായത്  'അവനെ (അല്ലാഹുവിനെ) കൂടാതെ' എന്ന് പറയും. ഈ പ്രയോഗം നമ്മൾ വീണ്ടും ചർച്ച ചെയ്യും, ഇന്ഷാ അല്ലാഹു.

അപ്പോൾ, 'ലാ ഇലാഹ ഇല്ലാ അല്ലാഹു' എന്ന് ഒരാൾ പ്രഖ്യാപിക്കുന്നതിന്നു മുൻപ് ഒരാൾ ചോദിക്കേണ്ട, ആരാണ് അല്ലാഹു എന്ന ചോദ്യത്തിന് ഉത്തരം വളരെ വ്യക്തം.

• ആദിയിൽ സകല സൃഷ്ടികൾക്കും മുൻപ് ഉള്ളവൻ അല്ലാഹു.
• അവസാനത്തിൽ സകല സൃഷ്ടികളും നശിച്ചതിന്നു ശേഷശവും ബാക്കിയാകുന്നവൻ  അല്ലാഹു.

ഇവിടെ പറഞ്ഞ കാര്യങ്ങൾ നല്ലവണ്ണം വിലയിരുത്തി, പറഞ്ഞ ഖുർആനിക വചനങ്ങളുടെ അർത്ഥങ്ങളും തഫ്സീറുകളും കഴിവിന്റെ പരമാവധി വായിക്കുക പഠിക്കുക. നമ്മെ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.

തുടരും, ഇന്ഷാ അല്ലാാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
 ابو عبد المنان محمد نزامدين  ابن عبداللطيف