Sunday, December 14, 2014

തൗഹീദും ശിർക്കും - ഭാഗം - 10

അസ്സലാമുഅലൈക്കും വ റഹ്മതുല്ലാഹി

പ്രിയ സഹോദരങ്ങളെ

ആദിയിലും അവസാനത്തിലും സർവ്വ-ഗുണ സമ്പൂർണ്ണമായ, അല്ലാഹുവിന്റെ അസ്ഥിത്വവുമായി മാത്രം ബന്ധമുള്ള, സൃഷ്ടികളുമായി ഒരിക്കലും പങ്കുവെക്കാത്ത, സൃഷ്ടി കഴിവുകളുമായി എന്തെങ്കിലും സാദ്രിശ്യമോ, സമത്വമോ ഇല്ലാത്ത, തൗഹീദിന്റെ നേരെ വിപരീദമായ ശിർക്ക് സംഭവിക്കുന്ന ഒരു കഴിവോ, ഒരു പ്രവർത്തനമോ - മനുഷ്യൻ, മലക്ക്, ജിന്ന് എന്ന് തുടങ്ങിയ കോടാനുകോടി സ്രിഷ്ടിജാലങ്ങളിൽ ഏതെങ്കിലും ഒരു സൃഷ്ടിക്ക് ഉണ്ടെന്ന് പറഞ്ഞവൻ കാഫിർ അഥവാ സത്യനിഷേധി/അവിശ്വാസി ആയിത്തീർന്നു എന്നാണ് കഴിഞ്ഞ ഭാഗത്ത് പറഞ്ഞത്.

നിസ്കാരം ഉപേക്ഷിച്ചവനിൽ സംഭവിച്ച കുഫ്ർ ചർച്ച ചെയ്യുന്നിടത്ത്, ഇസ്ലമിൽനിന്നും പുറത്തുപോകുന്ന കുഫ്ർ ആണോ അതല്ല ഇസ്ലാമിന്റെ അകത്ത്തന്നെ നിൽകുന്ന കുഫ്ർ ആണോ എന്നൊക്കെ ഇമാം നവവി(റഹി)യെ പോലെയുള്ള പണ്ഡിതന്മാർ ചർച്ച ചെയ്തിട്ടുണ്ട്. 

എന്നാൽ അല്ലാഹു മൂവരിൽ ഒരാളെന്ന് വാദിച്ചുകൊണ്ട്‌, മഹാനായ ഈസ നബി(അ)യുടെ മില്ലത്തിൽ നിന്നും അദ്ദേഹത്തിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവർ എങ്ങിനെ പുറത്തുപോയോ, അതേ രൂപത്തിൽ തന്നെയാണ് - ഉണ്ടെന്നു വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കഴിവാണ്, ജിന്നിന്നും മലക്കിന്നും ഒക്കെ ഉള്ളത് എന്ന് വാദിച്ചവർ മുഹമ്മദ്‌ നബി(സ) യുടെ മില്ലത്തിൽ നിന്നും പുറത്തുപോയത്.

അല്ലാഹു മൂവരിൽ ഒരാളാണ് എന്ന് വിശ്വസിക്കുന്ന സാധാരണക്കാരനായ, ആ മതത്തിൽപെട്ട ഒരു സഹോദരൻ അതിന്റെ ഗൌരവം അറിയാതെയാണ് ആ വാദം ഉന്നയിക്കുന്നത് എങ്കിൽപോലും പരിശുദ്ധ ഖുർആൻ വചനം 5:73ന്റെ അടിസ്ഥാനത്തിൽ ആ വാദം കുഫ്ർ അഥവാ സത്യനിഷേധം തന്നെയാണ് എന്നതിൽ തർക്കമില്ല. 

അതുപോലെ തന്നെയാണ് ശിർക്കാകുന്ന കഴിവ് അല്ലാഹുവിന്നും ഉണ്ട്, കൂടാതെ ജിന്നിന്നും ഉണ്ട്, മലക്കിന്നും ഉണ്ട് എന്ന മറ്റൊരു മൂവർ-സംഘ വാദം അറിഞ്ഞോ/അറിയാതെയോ കൊണ്ടുവന്ന, സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും കഴിവുകളെ ഒരേ നിലവാരത്തിലേക്ക് കൊണ്ടുവന്ന, സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും കഴിവുകളെ സാദ്രിശ്യപ്പെടുത്തിയ, ആഹ്ലുസുന്നത്തിന്റെ പ്രാമാണികരായ പണ്ഡിതന്മാർ കാഫിറുകൾ എന്നും നീചന്മാർ എന്നും വിധി എഴുതിയ ആളുകളുടെയും അവസ്ഥ.

കഴിഞ്ഞ ഭാഗത്ത് സൂചിപ്പിച്ച പോലെ, ഒരു സാങ്കൽപ്പിക വാദം പടച്ചുണ്ടാക്കുകയും അങ്ങിനെ ആ സാങ്കൽപ്പിക വാദത്തിനു ഒരു മതവിധി പുറപ്പെടുവിക്കുന്ന ഒരു പ്രവർത്തനം അല്ല അഹ്ലുസുന്നത്തിന്റെ പണ്ഡിതന്മാർ ചെയ്തത്.

അന്ത്യദൂദനായ മുഹമ്മദ്‌ നബി (സ)യുടെ നിഴലും വിയർപ്പും കണ്ടും കൊണ്ടും ജീവിച്ച സ്വഹാബിവര്യൻ അബ്ദുല്ലാ ഇബ്നു ഉമർ (റ)ന്റെ കാലം തൊട്ട് തന്നെ, ഇറാഖിലെ ബസറയിൽ രൂപം കൊണ്ട, ഈമാൻ കാര്യങ്ങളിൽ സ്ഥിരപ്പെട്ട ഖദ്റിനെ നിഷേധിച്ച ഖദ്രിയാക്കൾ മുതൽ പരിശുദ്ധ ഖുർആൻ സത്യവിശ്വാസികളുടെ നിലപാടായിക്കൊണ്ട് പറഞ്ഞ "ഞങ്ങള്‍ കേട്ടിരിക്കുന്നു, ഞങ്ങള്‍ അനുസരിച്ചിരിക്കുന്നു" എന്ന നിലപാടിനെ "ഞങ്ങള്‍ കേട്ടിരിക്കുന്നു, ബുദ്ധിക്ക് യോജിച്ചാല്‍ ഞങ്ങള്‍ അനുസരിച്ചിരിക്കുന്നു" എന്ന് മാറ്റിപ്പറഞ്ഞുകൊണ്ട് കേരളക്കരയുടെ മണ്ണിൽ ഹദീസ് നിഷേധത്തിന്റെ ആധുനിക പതിപ്പുമായിവന്ന, ഇസ്ലാമിന്റെ പേരിൽ പിഴച്ച വാദങ്ങളുമായി രംഗത്ത് വന്ന സകല പിഴച്ച കക്ഷികളെയും അഹല്സുന്നത്തിന്റെ പണ്ഡിതന്മാർ, പ്രാമാണികമായി നേരിടുകയും അവരുടെ പിഴച്ച വാദങ്ങളെ വളരെ വ്യക്തമായി പരിശുദ്ധ ഖുർആനിന്റെയും സ്വഹീഹായ തിരുവചനങ്ങളുടെയും അടിസ്ഥാനത്തിൽ തുറന്നു കാണിക്കുകയും ചെയ്തിട്ടുണ്ട്, ആ പിഴച്ച കക്ഷികളുടെ പര്യാവസാനവും വ്യക്തമാക്കിയിട്ടുമുണ്ട്.

അത്തരമൊരു ദുരന്തപൂർണ്ണമായ പര്യാവസാനത്തിലേക്കാണ് ഉണ്ടെന്നു കരുതി ചോദിച്ചാൽ ശിർക്ക് സംഭവിക്കുന്ന കഴിവാണ് ജിന്നിന്നും മലക്കിന്നും ഒക്കെ ഉള്ളത് എന്ന് വാദിച്ചവർ എത്തിച്ചേർന്നിട്ടുള്ളത്.

III. ശിർക്കാകുന്ന കഴിവ് ജിന്നിന്ന് ഉണ്ടെന്ന വാദം സൃഷ്ടിയെ സൃഷ്ടാവിൽ ആരോപിക്കൽ  

മനുഷ്യനാകട്ടെ, ജിന്നാകട്ടെ, മലക്കാകട്ടെ, അല്ലാഹുവിന്റെ മറ്റ് ഏതൊരു സൃഷ്ടി ആകട്ടെ, അവകൾ എല്ലാം തന്നെ അല്ലാഹുവിന്റെ അടിമകൾ ആകുന്നു.

وَالْخَلْقُ كُلُّهُمْ عَبِيدٌ لِلَّهِ تعالى

"സൃഷ്ടി എന്നാൽ അവകൾ ഒന്നടങ്കം ഉന്നതനായ അല്ലാഹുവിന്റെ അടിമകൾ ആകുന്നു." - ഇമാം ഖുർത്വുബി(റഹി), ഖുർആൻ 30:28.

അല്ലാഹു എന്നാൽ അവൻ അവന്റെ സൃഷ്ടികളായ അടിമകളുടെ സൃഷ്ടാവ് മാത്രമല്ല, അവരുടെ പ്രവർത്തനങ്ങളും അവന്റെ സൃഷ്ടിയാണ് എന്നും അവൻ തന്നെ പറയുന്നു.

"അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ പ്രവർത്തിച്ചുണ്ടാക്കുന്നതിനെയും സൃഷ്ടിച്ചത്‌ !" - ഖുർആൻ 37:96.

وَالتَّقْدِيرُ وَاللَّهَ خَلَقَكُمْ وَعَمَلَكُمْ وَهَذَا مَذْهَبُ أَهْلِ السُّنَّةِ: أَنَّ الْأَفْعَالَ خَلْقُ لِلَّهِ عَزَّ وَجَلَّ وَاكْتِسَابٌ لِلْعِبَادِ.

"അത് സൂചിപ്പിക്കുന്നത് അല്ലാഹു നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും സൃഷ്ടിച്ചു എന്നാകുന്നു. ഇതാണ് അഹ്ലുസുന്നത്തിന്റെ മാർഗ്ഗം: ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ സൃഷ്ടിയാണ് പ്രവർത്തനങ്ങൾ എന്നും (ആ പ്രവർത്തനങ്ങളുടെ) പരിണിതഫലം അടിമക്കുള്ളതാണ് എന്നും." - ഇമാം ഖുർത്വുബി(റഹി), ഖുർആൻ 37:96.

അപ്പോൾ മനുഷ്യനാകട്ടെ, ജിന്നാകട്ടെ, മലക്കാകട്ടെ, അല്ലാഹുവിന്റെ ഏതൊരു സൃഷ്ടി ആകട്ടെ, അവയുടെയും, അവയുടെ കഴിവുകളുടേയും, അവയുടെ പ്രവർത്തനങ്ങളുടെയും എല്ലാം സൃഷ്ടാവ് അല്ലാഹു ആകുന്നു.

ഭാഗം-8ല്‍ പറഞ്ഞപോലെ ശിർക്ക് സംഭവിക്കുന്ന കഴിവുകളുടെ ഉടമ അല്ലാഹു മാത്രം ആയിരിക്കെ, ശിർക്ക് സംഭവിക്കുന്ന ഒരു കഴിവാണ് ജിന്നിനോ, മലക്കിനോ, മറ്റു ഏതെങ്കിലും സ്രിഷ്ടിക്കോ അല്ലാഹു നൽകിയത് എന്ന്  ഒരാൾ വാദിച്ചാൽ, അത് സൃഷ്ടിക്കപ്പെട്ട സൃഷ്ടി കഴിവ് അല്ലാഹുവിൽ ആരോപിക്കുന്നതിന്ന് തുല്യമാണ്, അല്ലാഹു ആകട്ടെ അത്തരം ആരോപണങ്ങളിൽ നിന്നും പരിശുദ്ധനാണ്‌, ഉന്നതനാണ്.

സർവ്വ സൃഷ്ടികളേയും അവയുടെ കഴിവുകളേയും, അവയുടെ പ്രവർത്തനങ്ങളേയും സ്രിഷ്ടിക്കുന്നതിന്നു മുൻപ് ആദിയിൽ, തന്റെ കഴിവുകളിലും പ്രവർത്തനങ്ങളിലും സർവ്വഗുണ സംബൂർണ്ണനായി അല്ലാഹു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് പരമ സത്യമെങ്കിൽ - ഉണ്ടെന്ന് വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന ഒരു കഴിവാണ് ജിന്നിനോ, മലക്കിനോ, മറ്റു ഏതെങ്കിലും സ്രിഷ്ടിക്കോ ഉള്ളത് എന്ന വാദം, ആദിയിൽ ഇല്ലാത്ത, പിന്നീട് സൃഷ്ടിക്കപ്പെട്ട സൃഷ്ടി കഴിവ് (അതെ, പിന്നീട് സൃഷ്ടിക്കപ്പെട്ട സൃഷ്ടി കഴിവ്) അല്ലാഹുവിൽ ആരോപിക്കുന്നതിന്ന് തുല്യമാണ്, അല്ലാഹു ആകട്ടെ അത്തരം ദുരാരോപണത്തെതൊട്ട് പരിശുദ്ധനാണ്‌, ഉന്നതനാണ്.

 وَمَعْلُومٌ أَنَّ اللَّهَ كَانَ قَبْلَ أَنْ يَخْلُقَ الْمَخْلُوقَاتِ وَخَلَقَهَا فَلَمْ يَدْخُلْ فِيهَا وَلَمْ يُدْخِلْهَا فِيهِ فَلَيْسَ فِي مَخْلُوقَاتِهِ شَيْءٌ مِنْ ذَاتِهِ وَلَا فِي ذَاتِهِ شَيْءٌ مِنْ مَخْلُوقَاتِهِ وَعَلَى ذَلِكَ دَلَّ الْكِتَابُ وَالسُّنَّةُ وَاتَّفَقَ عَلَيْهِ سَلَفُ الْأُمَّةِ وَأَئِمَّتُهَا.

"സൃഷ്ടികളുടെയും അവയെ സ്രിഷ്ടിക്കുന്നതിന്നും മുൻപ് തീർച്ചയായും അല്ലാഹു ഉണ്ടായിരുന്നു എന്നും, അവൻ ( അഥവാ അല്ലാഹു) അതിൽ ( അഥവാ സൃഷ്ടിയിൽ) പ്രവേശിക്കുകയില്ല എന്നും, അവന്റെ ഒരു സൃഷ്ടിയിലും അവന്റെ സത്തയുടെ ഒരു അംശവും ഇല്ല എന്നും, അവന്റെ സത്തയിൽ അവന്റെ സൃഷ്ടികളുടെ ഒന്നും തന്നെ ഇല്ല എന്നും അറിയപ്പെട്ടതാണ്. പരിശുദ്ധ ഖുർആനും തിരുസുന്നത്തും അതറിയിച്ചിട്ടുള്ളതും, മുൻഗാമികൾ ആയ നേതാക്കളും അവരുടെ നേതാക്കളും അത് അന്ഗീകരിച്ചതും ആകുന്നു." - മജ്‌മൂഉ ഫതാവ, ഇമാം ഇബ്നു ത്വയ് മിയ്യ(റഹി).

കാര്യം അങ്ങിനെയാണെങ്കിൽ -

* സൃഷ്ടിക്കപ്പെട്ട മനുഷ്യ കഴിവ് എന്നാൽ അത് അല്ലാഹുവിന്റെ എകാസ്ഥിത്വത്തെ കുറിക്കുന്ന തൗഹീദിന്റെയൊ, അതിന്റെ വിപരീധമായ ശിര്ക്കിന്റെയോ ഭാഗം അല്ല.

* സൃഷ്ടിക്കപ്പെട്ട ജിന്നിന്റെ കഴിവ് എന്നാൽ  അത് അല്ലാഹുവിന്റെ എകാസ്ഥിത്വത്തെ കുറിക്കുന്ന തൗഹീദിന്റെയൊ, അതിന്റെ വിപരീധമായ ശിര്ക്കിന്റെയോ ഭാഗം അല്ല.

* സൃഷ്ടിക്കപ്പെട്ട മലക്കിന്റെ കഴിവ് എന്നാൽ  അത് അല്ലാഹുവിന്റെ എകാസ്ഥിത്വത്തെ കുറിക്കുന്ന തൗഹീദിന്റെയൊ, അതിന്റെ വിപരീധമായ ശിര്ക്കിന്റെയോ ഭാഗം അല്ല.

* സൃഷ്ടിക്കപ്പെട്ട ഒരു സൃഷ്ടി കഴിവും അല്ലാഹുവിന്റെ എകാസ്ഥിത്വത്തെ കുറിക്കുന്ന തൗഹീദിന്റെയൊ, അതിന്റെ വിപരീധമായ ശിര്ക്കിന്റെയോ ഭാഗം അല്ല.

{وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ} 
ووجه ذلك أن فعل العبد من صفاته، والعبد مخلوق لله، وخالق الشيء خالق لصفاته، ووجه آخر أن فعل العبد حاصل بإرادة جازمة وقدرة تامة، والإرادة والقدرة كلتاهما مخلوقتان لله - عز وجل - وخالق السبب التام خالق للمسبب.

"{അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ പ്രവർത്തിച്ചുണ്ടാക്കുന്നതിനെയും സൃഷ്ടിച്ചത്‌}

അതിന്റെ വിവക്ഷ  എന്തെന്നാൽ, തീർച്ചയായും അടിമയുടെ പ്രവർത്തനം അവന്റെ (അടിമയുടെ) വിശേഷണത്തിൽ പെട്ടതാണ്. അടിമയാകട്ടെ അല്ലാഹുവിന്റെ സൃഷ്ടിയാണ്, ഒരു കാര്യത്തെ സ്രിഷ്ടിച്ചവൻ അതിന്റെ വിശേഷണത്തിന്റെ സൃഷ്ടാവ് ആകുന്നു. മറ്റൊരു വിവക്ഷ എന്തെന്നാൽ, തീർച്ചയായും അടിമയുടെ പ്രവർത്തനം ഉണ്ടാകുന്നത് ക്രിത്യമായ ഉദ്ദേശത്തോടുകൂടിയും, പരിപൂർണ്ണമായ കഴിവുകൊണ്ടും ആകുന്നു, ഉദ്ദേശവും, കഴിവുമാകട്ടെ അവരണ്ടും അല്ലാഹുവിന്റെ രണ്ടു സ്രിഷ്ടികളാകുന്നു - പൂർണ്ണമായ കാരണത്തിന്റെ സൃഷ്ടാവ്  കാരണക്കാരന്റെ സൃഷ്ടാവും ആകുന്നു. " - മജ്‌മൂഉ ഫതാവ, ഉസൈമീൻ(റഹി).

മലക്കിനെയും, ജിന്നിനെയും ഒക്കെ സൃഷ്ടിച്ച അല്ലാഹുവിന്റെ മറ്റൊരു സൃഷ്ടി തന്നെയാണ് മലക്കിന്റെയും, ജിന്നിന്റെയും വിശേഷണമായ അതിന്റെ കഴിവും, അതിന്റെ പ്രവര്‍ത്തനങ്ങളും.

അപ്പോൾ മനുഷ്യനെയും, ജിന്നിനെയും, മലക്കിനെയും, അവയുടെ വിശേഷണമായ അവയുടെ കഴിവുകളേയും സൃഷ്ടിച്ചത് അല്ലാഹു ആണ് എന്നതിനാലും, لَيْسَ كَمِثْلِهِ شَيْءٌ  അഥവാ 'അവനെ പോലെ ഒരു വസ്തുവും ഇല്ല' എന്നതിനാലും, സൃഷ്ടിക്കപെട്ട സ്രിഷ്ടി-കഴിവും, സൃഷ്ടിക്കപെട്ട സൃഷ്ടി-പ്രവർത്തനങ്ങളും ആദിയിൽ സർവ്വ-ഗുണ സമ്പൂർണ്ണമായ അല്ലാഹുവിന്റെ കഴിവുകളും പ്രവർത്തനങ്ങളുമായും ഒരു സാദ്രിശ്യമോ, സമത്വമോ ഇല്ലാത്തതിനാലും - ശിർക്കാകുന്ന കഴിവ് ജിന്നിന്ന് ഉണ്ടെന്ന വാദം എന്നാൽ അത് സൃഷ്ടിയെ സൃഷ്ടാവിൽ ആരോപിക്കൽ ആകുന്നു, അല്ലാഹു ആകട്ടെ അത്തരം ദുരാരോപണങ്ങളെ  തൊട്ട് ഉന്നതനാകുന്നു, പരിശുദ്ധനാകുന്നു.

IV. ശിർക്കാകുന്ന കഴിവ് ജിന്നിന്ന് ഉണ്ടെന്ന വാദം അല്ലാഹുവിന്ന് ഉപമകൾ സൃഷ്ടിക്കൽ   

മനുഷ്യനാകട്ടെ, ജിന്നാകട്ടെ, മലക്കാകട്ടെ, അല്ലാഹുവിന്റെ ഏതൊരു സൃഷ്ടി ആകട്ടെ, അവക്കെല്ലാം അവയുടെ സ്രിഷ്ടിപ്പിന്റെ പ്രകൃതിയുടെ ഭാഗമായിക്കൊണ്ട് അതിന്റേതായ കഴിവും, പ്രവർത്തനവും ഉണ്ടെന്നത് പരിശുദ്ധ ഖുർആനും തിരുസുന്നത്തും നമ്മെ പഠിപ്പിക്കുന്നുണ്ട്.

"മറ്റെല്ലാ സൃഷ്ടികളേയും വർഗ്ഗങ്ങളെയുംപോലെ ജിന്ന് വർഗത്തിന്നും ചില പ്രകൃതിവ്യവസ്ഥകളും, നിയമ പരിധികളും അല്ലാഹു നിശ്ചയിച്ചിരിക്കുമെന്ന് തീർച്ചയാകുന്നു. ആ വലയത്തിനുള്ളിൽ മാത്രമേ അവർക്ക് എന്തിന്നും കഴിവും സ്വാതന്ത്ര്യവും ഉണ്ടായിരിക്കുകയുള്ളൂ." - അമാനി മൗലവി (റഹി), ഖുർആൻ അദ്ദ്യായം 15, വ്യാഖ്യാനക്കുറിപ്പ്‌.

ജിന്നുകളുടെ പ്രക്രിതിക്കനുസരിച്ച് അല്ലാഹു സൃഷ്ടിച്ച അവയുടെ കഴിവും, അല്ലാഹു സൃഷ്ടിച്ച അവയുടെ പ്രവർത്തനങ്ങളും എന്നാൽ അത് അല്ലാഹുവിന്റെ അസ്തിത്വത്തിന്റെ ഭാഗമായ തൗഹീദുമായൊ, അതിന്റെ വിപരീധമായ ഷിർക്കുമായോ യാതൊരു ബന്ധവും ഇല്ല, കാരണം, അല്ലാഹു എന്നാൽ അവൻ സർവ്വ സൃഷ്ടികൾക്കും മുൻപ് ആദിയിൽ ഉണ്ടായിരുന്നവൻ ആണ് എന്നതും, ആ ആദിയിൽ ഉണ്ടായിരുന്ന അവസ്ഥയിൽ തന്നെ അവൻ സർവ്വ-ഗുണ സംബൂർണ്ണനും ആയിട്ടുണ്ട്‌ എന്നതും ഈ വിഷയത്തിന്റെ ഭാഗം ഒന്നിലും, ഭാഗം രണ്ടിലും വളരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്‌.

"അല്ലാഹുവിന്റെ അധികാരാവകാശങ്ങളിലോ, പ്രവർത്തനങ്ങളിലോ ഏതെങ്കിലും വസ്തുവിന്നു അവനോട് സമത്വവും സാദ്രിശ്യവും സങ്കൽപ്പിക്കുന്നതിൽ നിന്നാണല്ലോ ശിർക്ക് ഉൽഭവിക്കുന്നത്."- അമാനി മൗലവി (റഹി), ഖുർആൻ 16:74.

അല്ലാഹുവിന്റെ ഏതൊരു അധികാരാവകാശങ്ങളോ, പ്രവർത്തനങ്ങളോ സൃഷ്ടിയിൽ ഉണ്ടെന്നു വിശ്വസിക്കുമ്പോഴോ, ആ വിശ്വാസത്തിൽ ഒരു സൃഷ്ടിയോട് ചോദിക്കുമ്പോഴോ മാത്രം സംഭവിക്കുന്ന ശിർക്ക്, ജിന്നിന്റെ പ്രകൃതിപരമായ കഴിവിൽപെട്ടത് ചോദിച്ചാലും സംഭവിക്കും എന്ന് വാദിക്കുമ്പോൾ അത് സൃഷ്ടി കഴിവുകളുമായി എന്തെങ്കിലും സാദ്രിശ്യമോ, സമത്വമോ ഇല്ലാത്ത അല്ലാഹുവിന്റെ കഴിവുകൾക്ക് ജിന്നിന്റെ പ്രകൃതിപരമായ കഴിവിൽ ഉപമകൾ സൃഷ്ടിക്കൽ ആകുന്നു.

"ആകയാല്‍ അല്ലാഹുവിനു നിങ്ങള്‍ ഉപമകള്‍ പറയരുത്‌. തീര്‍ച്ചയായും അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല." - ഖുർആൻ 16:74.

അമാനി മൗലവി (റഹി) പറഞ്ഞ പോലെ, ഏതൊരു വലയത്തിനുള്ളിൽ മാത്രമേ ജിന്നുകൾക്ക്‌ എന്തിന്നും കഴിവും സ്വാതന്ത്ര്യവും ഉണ്ടായിരിക്കുകയുള്ളൂ, ആ കഴിവുകൾ എന്നാൽ അത്, ഉണ്ടെന്നു വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കഴിവാണ് എന്ന് വന്നാൽ, അത് സർവ്വ സൃഷ്ടികൾക്കും മുൻപ് ആദിയിൽ ഏകനിൽ ഏകാനാകുകയും, തന്റെ കഴിവുകളിലും, പ്രവര്‍ത്തനങ്ങളിലും സർവ്വ-ഗുണ-സംബൂർണ്ണനും ആയ അല്ലാഹുവിന്റെ കഴിവുകളിലും, പ്രവർത്തനങ്ങളിലും, സൃഷ്ടിക്കപ്പെട്ട ജിന്നിന്റെ കഴിവുമായും, പ്രവര്‍ത്തനവുമായും സാദ്രിശ്യവും, ഉപമയും സ്രിഷ്ടിക്കലാകുന്നു.

فَلا تَضْرِبُوا لِلَّهِ الْأَمْثالَ أَيِ الْأَمْثَالَ الَّتِي تُوجِبُ الْأَشْبَاهَ وَالنَّقَائِصَ، أَيْ لَا تَضْرِبُوا لِلَّهِ مَثَلًا يَقْتَضِي نَقْصًا وَتَشْبِيهًا بِالْخَلْقِ. وَالْمَثَلُ الْأَعْلَى وَصْفُهُ بِمَا لَا شَبِيهَ لَهُ وَلَا نَظِيرَ، جَلَّ وَتَعَالَى عَمَّا يَقُولُ الظَّالِمُونَ وَالْجَاحِدُونَ عُلُوًّا كَبِيرًا

" 'ആകയാല്‍ അല്ലാഹുവിനു നിങ്ങള്‍ ഉപമകള്‍ പറയരുത്‌.അതായത്, സാദ്രിശ്യപ്പെടുത്തലും, കുറവുകളും ഉള്ള ഉപമകൾ (അല്ലാഹുവിന്റെ മേൽ പറയരുത്). അതായത് സൃഷ്ടികളോട് സാദ്രിശ്യപ്പെടുത്തലും, കുറവുകളും വിളിച്ചുവരുത്തുന്ന ഉപമകൾ നിങ്ങൾ അല്ലാഹുവിന്ന് ഉണ്ടാക്കരുത്. സാദ്രിശ്യമില്ലാത്ത, തുണയില്ലാത്ത അവന്റെ വിശേഷണങ്ങൾ ആകുന്നു ഉന്നതമായ ഉപമ. പിഴച്ചവരും, നിഷേധികളുമായ ആളുകൾ പറഞ്ഞുണ്ടാക്കുന്നതിനെ തൊട്ട് (അല്ലാഹു) ഏറ്റവും വലിയ ഉന്നതനായിരിക്കുന്നു, ഏറ്റവും വലിയ പ്രതാപവാനുമായിരിക്കുന്നു." - ഇമാം ഖുർത്വുബി (റഹി), ഖുർആൻ 16:60.

ഒരിക്കൽ കൂടി, പരിശുദ്ധനായ അല്ലാഹുവിന്റെ വിശേഷണങ്ങളിലും, പ്രവർത്തനങ്ങളിലും എന്തെങ്കിലും വിധത്തിലുള്ള ന്യൂനത ആരോപിക്കുന്നതിനെതൊട്ടും, സൃഷ്ടികളോട് സാദ്രിശ്യപ്പെടുത്തുന്നതിനെതൊട്ടും, സൃഷ്ടികളിൽ ഉപമകൾ സൃഷ്ടിക്കപ്പെടുന്നനെതൊട്ടും പരിശുദ്ധ ഖുർആനും, തിരുസുന്നതും വളരെ ശക്തമായ ഭാഷയിൽ വിലക്കുന്നുണ്ട്. അങ്ങിനെ ആരെങ്കിലും പ്രവൃത്തിച്ചാൽ അവർ പിഴച്ചവരാണ് എന്നും, നിഷേധികളാണ് എന്നുമാണ് പരിശുദ്ധ ഖുർആനിന്റെ വെളിച്ചത്തിൽ ഉണർത്തുവാനുള്ളത്.

തുടരും, ഇന്ഷാ അല്ലാാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
 ابو عبد المنان محمد نزامدين  ابن عبداللطيف

Friday, September 26, 2014

തൗഹീദും ശിർക്കും - ഭാഗം - 9

അസ്സലാമുഅലൈക്കും വ റഹ്മതുല്ലാഹി

പ്രിയ സഹോദരങ്ങളെ

ഏതെങ്കിലും ഒരു സൃഷ്ടിയിൽ ഉണ്ടെന്നു വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ മാത്രം ശിർക്ക് സംഭവിക്കുന്ന ഏതെങ്കിലും കഴിവോ പ്രവർത്തനമോ ഉണ്ടെങ്കിൽ അത് ശിർക്കിന്റെ വിപരീധമായ തൗഹീദിന്റെ ഭാഗം ആണെന്നും അതിന്റെ ഉടയവൻ, കഴിവുകളിൽ സ്വയം നിലനിൽപ്പ്‌ ഉള്ള അല്ലാഹു മാത്രമാണ് എന്നുമാണ് കഴിഞ്ഞ ഭാഗത്ത് പറഞ്ഞത്.

'കാര്യ-കാരണ ബന്ധം', 'ഭൗതികം', 'അഭൌതികം', 'സൃഷ്ടി കഴിവിന്ന് അപ്പുറത്ത്', 'സൃഷ്ടി കഴിവിന്ന് അകത്ത് ', 'ദൃശ്യം', 'അദ്രിശ്യം' എന്ന് തുടങ്ങിയ മലയാളത്തിലെ ഒരൊറ്റ പദത്തിന്റെയും ആവശ്യം ഇല്ലാതെ തന്നെ എന്താണ് തൗഹീദ് എന്നും എന്താണ് ശിർക്ക്‌ എന്നും ഈ വിഷയത്തിന്റെ ഒന്നുമുതൽ ഏഴ് വരെയുള്ള ഭാഗങ്ങളിൽ പറഞ്ഞു കഴിഞ്ഞു.

തൗഹീദും ശിർക്കും പരിശുദ്ധ ഖുർആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിൽ വിശദീകരിച്ചതോടൊപ്പം തന്നെ, സമൂഹത്തിലെ ഏതൊരു കോണിൽ ജീവിക്കുന്നവർക്കും തൗഹീദിന്റെ വെള്ളിവെളിച്ചം കിട്ടണം എന്ന പാവനമായ ഉദ്ദേശ്യത്തിൽ, മലയാളക്കരയിലെ സ്വാത്തികന്മാരായ പണ്ഡിതന്മാർ ഇത്തരം മലയാള പദങ്ങൾ, കാര്യങ്ങൾ വ്യക്തമാക്കുന്നതിന്നു വേണ്ടി ഉപയോഗിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കാൻ പാടില്ല തന്നെ.

അതേസമയം, ആമുഖത്തിൽ സൂചിപിച്ച, പരിശുദ്ധ ഖുർആൻ വചനം 98:4ൽ പറഞ്ഞ "വ്യക്തമായ തെളിവ്‌" വന്നെത്തിയതിന്ന് ശേഷവും തർക്കങ്ങളും ഭിന്നിപ്പുകളും ഉണ്ടാക്കുന്നവരുടെ ലക്‌ഷ്യമായിക്കൊണ്ട്   പരിശുദ്ധ ഖുർആൻ വചനം 2:213ൽ സാക്ഷാൽ അല്ലാഹു തന്നെ  പറഞ്ഞത്  "മാത്സര്യം" എന്നാണ്‌. 

ആ മാത്സര്യത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ത്വബരി(റഹി) ചൂണ്ടിക്കാണിച്ച, ഇഹലോകത്തെ അധികാരത്തിന്നും സ്ഥാനമാനങ്ങൾക്കും വേണ്ടി മാത്രം മത്സരിക്കുന്നവർ, തൗഹീദെന്ന അച്ഛന്ജലാമായ ആദർശത്തിൽ മായം കലർത്തിക്കൊണ്ട്, തങ്ങളുടെ പിഴച്ച വാദങ്ങൾക്ക് മറപിടിക്കുവാൻ മുകളിൽ സൂചിപിച്ച മലയാള പദങ്ങളെ മാത്രം ആശ്രയിക്കേണ്ട ഒരു ദുരവസ്ഥയാണ് ഈ വിഷയം എഴുതുമ്പോൾ ഇന്ന് മലയാളക്കരയിൽ നിലവിൽ ഉള്ളത്.

സൃഷ്ടാവായ അല്ലാഹുവിനെ സൂചിപ്പിക്കുവാൻ വേണ്ടി മാത്രം ഉപയോഗിക്കപ്പെട്ട 'അഭൗതികം', 'അദ്രിശ്യം', 'കാര്യ-കാരണ ബന്ധത്തിന്നു അതീതം' എന്നതിലേക്ക്, മനുഷ്യന്ന് കാണുവാൻ സാധിക്കാത്ത ജിന്നിനേയും, കൂട്ടത്തിൽ മലക്കിനേയും തിരികിക്കയറ്റിക്കൊണ്ട്, തങ്ങളുടെ പിഴച്ച വാദങ്ങൾക്ക് മറപിടിക്കുവനാണ് തൽപരകക്ഷികൾ ശ്രമിച്ചത്.

ഇത്തരം പിഴച്ച വാദക്കാർ, അവർ അറിഞ്ഞോ, അറിയാതെയോ എത്തിപെട്ട കുഫ്റിന്റെയും, അല്ലാഹുവിന്നു സമൻമാരെ ഉണ്ടാക്കിത്തീർക്കുന്ന ശിർക്കിന്റെയും ആഴമാണ് ഇനി പറയുന്നത്.

കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്.

A. തൗഹീദിന്റെ നിർവചനം ആദിയിൽ പരിപൂർണ്ണം

B. ശിർക്കാകുന്ന ഒരു കഴിവുണ്ടെങ്കിൽ അത് അല്ലാഹുവിന്നു മാത്രം അവകാശപ്പെട്ടത്

C. ശിർക്കാകുന്ന ഒരു കഴിവ് ജിന്നിന്ന് ഉണ്ടെന്ന് പറഞ്ഞവർ തീർച്ചയായും കാഫിറുകൾ 

ആദിയിലും അവസാനത്തിലും സർവ്വ-ഗുണ സമ്പൂർണ്ണമായ, അല്ലാഹുവിന്റെ അസ്ഥിത്വവുമായി മാത്രം ബന്ധമുള്ള, സൃഷ്ടികളുമായി ഒരിക്കലും പങ്കുവെക്കാത്ത, സൃഷ്ടി കഴിവുകളുമായി എന്തെങ്കിലും സാദ്രിശ്യമോ, സമത്വമോ ഇല്ലാത്ത, തൗഹീദിന്റെ നേരെ വിപരീദമായ ശിർക്ക് സംഭവിക്കുന്ന ഒരു കഴിവോ, ഒരു പ്രവർത്തനമോ - മനുഷ്യൻ, മലക്ക്, ജിന്ന് എന്ന് തുടങ്ങിയ കോടാനുകോടി സ്രിഷ്ടിജാലങ്ങളിൽ ഏതെങ്കിലും ഒരു സൃഷ്ടിക്ക് ഉണ്ടെന്ന് പറഞ്ഞവൻ കാഫിർ അഥവാ സത്യനിഷേധി/അവിശ്വാസി ആയിത്തീർന്നു.

ഏതെങ്കിലും ആളുകളോടോ, വിഭാഗത്തോടോ ഉള്ള എന്തെങ്കിലും അമർഷത്തിന്റെ ഭാഗമായിട്ട് അല്ല ഈയുള്ളവൻ ഇത് പറയുന്നത്. മറിച്ച്, ഈ വിഷയത്തിന്റെ ഭാഗം നാലിന്റെ അവസാനത്തിൽ ഉദാഹരണ സഹിതം വ്യക്തമാക്കിയത് പോലെ, "സത്യവും അസത്ത്യവും വേർതിരിക്കുന്നത്" അഥവാ "അൽ ഫുർഖാൻ" എന്ന് മറ്റൊരു പേരുള്ള പരിശുദ്ധ ഖുർആനിലും അതിന്റെ വിശദീകരണമായ തിരുസുന്നത്തിലും, സത്യവാദികളെയും അസത്യവാദികളെയും അർത്ഥ ശങ്കക്ക് ഇടയില്ലാത്ത വിധം അല്ലാഹുവും അവന്റെ തിരുനബിയും വകതിരിച്ച് കാണിച്ചിട്ടുണ്ട്. ആ പരിശുദ്ധ ഖുർആനിനെയും തിരുസുന്നത്തിനെയും പ്രാമാണികമായി  വിശദീകരിച്ച അഹ്ലു സുന്നത്തിന്റെ പണ്ഡിതന്മാർ അത് വളരെ കൃത്യമായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതാ ഇവിടെ അല്ലാഹുവിന്റെ ഒരു മാതൃക. അല്ലാഹുവിന്റെ അസ്ഥിത്വത്തിന്ന് നേരെ വികലമായ വാദങ്ങൾ ഉന്നയിച്ച ഒരു വിഭാഗത്തെ പറ്റി അല്ലാഹു പറയുന്നു -

"അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും കാഫിറുകൾ (അവിശ്വാസികൾ) ആണ്. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന്‌ വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന്‌ അവിശ്വസിച്ചവര്‍ക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും." - ഖുർആൻ 5:73.

അപ്പോൾ അല്ലാഹുവിന്റെ മാതൃകയാണ്, വികല വാദക്കാരെ വ്യക്തമായി മാറ്റിനിറുത്തുക എന്നത്.

ആ അല്ലാഹുവിന്റെ മാതൃക പിൻപറ്റിക്കൊണ്ട് തന്നെയാണ്, ഏതൊരു കഴിവുകളിൽ സ്വയം നിലനിൽപ്പ് ഉള്ളവന്‍ ആയി അല്ലാഹു മാത്രം ഉണ്ടോ, ആ കഴിവുകള്‍ ഏതെങ്കിലും സൃഷ്ടിയില്‍ ഉണ്ടെന്ന് സങ്കല്‍പ്പിച്ചാലോ, ഉണ്ടെന്ന് കരുതി ചോദിച്ചാലോ മാത്രം ശിര്‍ക്ക് സംഭവിക്കുന്ന കഴിവുകള്‍ ജിന്നിന്നും മലക്കിന്നും ഉണ്ട് എന്ന് പറയുന്നവര്‍ കാഫിറുകള്‍ ആണ് എന്ന് പറയുന്നത്.

അല്ലാഹുവിന്റെ അസ്ഥിത്വവുമായി ബന്ധപ്പെട്ടുകൊണ്ട് സലഫുകള്‍ അഥവാ മുന്‍ഗാമികളായ ആളുകള്‍  സ്വീകരിച്ച നിലപാട് എന്താണെന്നു ഈ വിഷയത്തിന്റെ ആറാം ഭാഗത്ത് മാഹാനായ ഇമാം ഇബ്നു കസീര്‍(റഹി) വളരെ കൃത്യമായി പറഞ്ഞത് ഇവിടെ ആവര്‍ത്തിക്കുന്നു.

وَأَنَّ الْمَسْلَكَ الْأَسْلَمَ فِي ذَلِكَ طَرِيقَةُ السَّلَفِ إِمْرَارُ مَا جَاءَ فِي ذَلِكَ مِنَ الْكِتَابِ وَالسُّنَّةِ مِنْ غَيْرِ تَكْيِيفٍ وَلَا تَحْرِيفٍ وَلَا تَشْبِيهٍ وَلَا تَعْطِيلٍ وَلَا تَمْثِيلٍ

"സലഫുകളുടെ (മുൻഗാമികളുടെ) പാതയാണ് ഇത്തരം കാര്യങ്ങൾ സൂക്ഷ്മതയോടുകൂടി മനസ്സിലാക്കുന്നതിനുള്ള വഴി. അവരുടെ വഴി എന്നാൽ, ഖുർആനിലും നബിചര്യയിലും എന്തെലാം വന്നോ, അത്  'എങ്ങിനെ' എന്ന് പറയാതെ, (സ്വന്തം വക) 'വിശദീകരണം' പറയാതെ, (സൃഷ്ടികളോട്) 'സാദ്രിശ്യം' പറയാതെ, 'നിഷേധം' പറയാതെ, 'ഉപമകൾ' പറയാതെ സ്വീകരിക്കൽ ആകുന്നു " - ഇമാം ഇബ്നു കസീർ(റഹി), ഖുർആൻ 20:5-8.

ആദിയിലും അവസാനത്തിലും സർവ്വ-ഗുണ സമ്പൂർണ്ണമായ അല്ലാഹുവിന്റെ ഏതെങ്കിലും കഴിവോ പ്രവർത്തനമോ, അവന്റെ  കോടാനുകോടി സ്രിഷ്ടിജാലങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ കഴിവുമായോ പ്രവർത്തനവുമായോ എന്തെങ്കിലും വിധത്തിൽ ഏതെങ്കിലും സാദ്രിശ്യം ഉണ്ട് എന്ന് പറയൽ ഒരു മുസ്ലിമിന്ന് യോജിച്ചതല്ല. ആരെങ്കിലും അങ്ങിനെ വാദിച്ചാൽ, അവരുടെ സ്ഥാനം ഇസ്ലാമെന്ന വ്രിത്തത്തിന്ന് പുറത്താണ് എന്ന് വളരെ ഗൌരവമായി ഉണർത്തുകയാണ്.

I. ശിർക്കാകുന്ന കഴിവ് ജിന്നിന്ന് ഉണ്ടെന്ന വാദം അല്ലാഹുവിന്ന്  സാദ്രിശ്യം ഉണ്ടാക്കൽ 

ശിർക്കാകുന്ന ഒരു കഴിവുണ്ടെങ്കിൽ അത് അല്ലാഹുവിന്നു മാത്രം അവകാശപ്പെട്ടതാണ് എന്ന യാഥാർത്ഥ്യം കഴിഞ്ഞ ഭാഗത്ത് വളരെ കൃത്ത്യമായി വിശദീകരിച്ചിട്ടുണ്ട്.

എന്നാൽ, ഉണ്ടെന്ന് വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കഴിവാണ് ജിന്നിന്ന് ഉള്ളത് എന്ന് വാദിക്കുമ്പോൾ - അങ്ങിനെ ഒരു കഴിവിന്റെ യഥാർത്ഥ ഉടമയായ അല്ലാഹുവിന്റെ കഴിവിനോട് എന്തെങ്കിലും സാദ്രിശ്യം ഉള്ള കഴിവാണ് ജിന്നിനുള്ളത് എന്ന തിരിച്ചറിവ് ഇല്ലാത്ത, പിഴച്ച വാദമാണ് ഉണ്ടാകുക.

കഴിഞ്ഞ ഭാഗത്ത് പറഞ്ഞ, അല്ലാഹുവിന്റെയും അവന്റെ സൃഷ്ടികളുടെയും കഴിവിനെപറ്റി ഒരേ സമയം പ്രതിപാദിച്ച, പരിശുദ്ധ ഖുര്‍ആന്‍ വചനം 2:20നെ  വിശദീകരിച്ചുകൊണ്ട്  ഇമാം ഖുർത്വുബി (റഹി) വളരെ കൃത്യമായി പറഞ്ഞത് ഇവിടെ ആവർത്തിക്കുന്നു.

"അവന്റെ അടിമക്ക് കഴിവ് ഉണ്ടെന്നും, അല്ലാഹു അവന്ന് നൽകിയ ആ കഴിവ് കൊണ്ട് അവന്റെ പ്രകൃതിപരമായ കാര്യങ്ങൾ അവൻ നേടിയെടുക്കുന്നു എന്നും, അവൻ (അടിമ) അവന്റെ കഴിവിൽ സ്വയം നിലനിൽപ്പുള്ളവൻ അല്ല എന്നും മനസ്സിലാക്കൽ ഓരോ ആളുകൾക്കും നിർബന്ധം ആകുന്നു." - ഇമാം ഖുർത്വുബി (റഹി), ഖുർആൻ 2:20.

ഉണ്ടെന്ന് വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കഴിവാണ് ജിന്നിന്ന് അതിന്റെ പ്രകൃതിപരമായ കാര്യങ്ങൾ നേടിയെടുക്കുവാൻ അല്ലാഹു നൽകിയ കഴിവുകൾ എന്ന് വാദിക്കുമ്പോൾ  - കഴിവിൽ സ്വയം നിലനിൽപ്പുള്ളവൻ അല്ലാത്ത ജിന്നിന്റെ കഴിവും, കഴിവിൽ സ്വയം നിലനിൽപ്പുള്ളവൻ ആയ അല്ലാഹുവിന്റെ കഴിവും തമ്മിൽ സാദ്രിശ്യം ഉണ്ട് എന്ന തിരിച്ചറിവ് ഇല്ലാത്ത, പിഴച്ച വാദമാണ് ഉണ്ടാകുക.


فَمَنْ قَالَ: إنَّ عِلْمَ اللَّهِ كَعِلْمِيِّ أَوْ قُدْرَتَهُ كَقُدْرَتِي أَوْ كَلَامَهُ مِثْلُ كَلَامِي أَوْ إرَادَتَهُ وَمَحَبَّتَهُ وَرِضَاهُ وَغَضَبَهُ مِثْلُ إرَادَتِي وَمَحَبَّتِي وَرِضَائِي وَغَضَبِي أَوْ اسْتِوَاءَهُ عَلَى الْعَرْشِ كَاسْتِوَائِي أَوْ نُزُولَهُ كَنُزُولِي أَوْ إتْيَانَهُ كَإِتْيَانِي وَنَحْوَ ذَلِكَ فَهَذَا قَدْ شَبَّهَ اللَّهَ وَمَثَّلَهُ بِخَلْقِهِ تَعَالَى اللَّه عَمَّا يَقُولُونَ وَهُوَ ضَالٌّ خَبِيثٌ مُبْطِلٌ بَلْ كَافِرٌ.

"തീർച്ചയായും അല്ലാഹുവിന്റെ അറിവ് എന്റെ അറിവുപോലെ ആണെന്നോ, അവന്റെ കഴിവ് എന്റെ കഴിവിനെപോലെ ആണെന്നോ, അവന്റെ സംസാരം എന്റെ സംസാരം പോലെ ആണെന്നോ, 

അവന്റെ ഉദ്ദേശ്യമോ, അവന്റെ സ്നേഹമോ, അവന്റെ തൃപ്തിയോ, അവന്റെ കോപമോ, എന്റെ ഉദ്ധേശ്യത്തെപോലെയോ, എന്റെ സ്നേഹത്തെപോലെയോ, എന്റെ തൃപ്തിപോലെയോ, എന്റെ കോപത്തെപോലെയോ ആണെന്നോ,

അവന്റെ സിംഹാസനത്തിൽ ഉള്ള ആരോഹണം എന്റെ ആരോഹണത്തെപോലെ ആണെന്നോ, അവന്റെ ഇറക്കം എന്റെ ഇറക്കത്തെപോലെ ആണെന്നോ, അവന്റെ വരവ് എന്റെ വരവിനെപോലെ ആണെന്നോ അല്ലെങ്കിൽ അതുപോലെ ഉള്ളതോ ആരെങ്കിലും പറഞ്ഞാൽ -

തീർച്ചയായും അവൻ അല്ലാഹുവിനെ അവന്റെ സൃഷ്ടിയോട് സാദ്രിശ്യപ്പെടുത്തുകയും ഉപമിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു ആകട്ടെ അവർ പറയുന്നതിനെതൊട്ട് ഉന്നതനാകുന്നു. 

അവൻ (അങ്ങിനെ വാദിച്ചവൻ) പിഴച്ചവൻ ആണ്, നീചൻ ആണ്, ബഹിഷ്കരിക്കപ്പെട്ടവൻ ആണ്, കാഫിർ ആണ്." - അല്ലാഹുവിന്റെ നാമ-വിശേഷണങ്ങളിൽ അഹ്ലുസ്സുന്നത്തിന്റെ നിലപാട്, മജ്‌മൂഉ ഫതാവ, ഇബ്നു ത്വയ് മിയ്യ(റഹി).

* ഉണ്ടെന്ന് വിശ്വസിച്ചാലോ ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കാഴ്ച ആണ് ജിന്നിന്ന്  ഉള്ളത് എന്ന് ജൽപ്പിക്കുന്നവർ, അല്ലാഹുവിന്റെ കാഴ്ചയെ ജിന്നിന്റെ കാഴ്ചയുമായി സാദ്രിശ്യപ്പെടുത്തി.

* ഉണ്ടെന്ന് വിശ്വസിച്ചാലോ ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കേൾവി ആണ് ജിന്നിന്ന്  ഉള്ളത് എന്ന് ജൽപ്പിക്കുന്നവർ, അല്ലാഹുവിന്റെ കേൾവിയെ  ജിന്നിന്റെ കേൾവിയുമായി  സാദ്രിശ്യപ്പെടുത്തി.

* ഉണ്ടെന്ന് വിശ്വസിച്ചാലോ ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കഴിവുകൾ ആണ് ജിന്നിന്ന്  ഉള്ളത് എന്ന് ജൽപ്പിക്കുന്നവർ, അല്ലാഹുവിന്റെ കഴിവുകളെ ജിന്നിന്റെ കഴിവുകളുമായി സാദ്രിശ്യപ്പെടുത്തി.

ഉണ്ടെന്ന് വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കഴിവാണ് ജിന്നിന്ന് ഉള്ളത് എന്ന കള്ള-വാദം - ശിർക്കാകുന്ന കഴിവ് അല്ലാഹുവിന്നും ഉണ്ട്, കൂടാതെ ജിന്നിന്നും ഉണ്ട് എന്ന സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും കഴിവുകളെ സാദ്രിശ്യപ്പെടുത്തുന്ന പിഴച്ച വാദത്തിലേക്കാണ് കൂപ്പുകുത്തിയത്, അല്ലാഹുവിൽ ശരണം.

ഈവിധത്തിൽ, അല്ലാഹുവിന്റെ അനന്തകോടി സ്രിഷ്ടിജാലങ്ങളിൽ ഒന്ന് മാത്രമായ ജിന്നിന്റെ കഴിവിനെയും, സാക്ഷാൽ സൃഷ്ടാവായ അല്ലാഹുവിന്റെ കഴിവിനെയും ഒരേ നിലവാരത്തിലേക്ക്, അതെ, ഒരേ നിലവാരത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ സാദ്രിശ്യം സൃഷ്ടിക്കുന്ന ആളുകളെപറ്റിയാണ് പിഴച്ചവർ എന്നും, നീചന്മാർ എന്നും, ബഹിഷ്കരിക്കപ്പെട്ടവർ എന്നും കാഫിർ എന്നും വിളിക്കുന്നത്‌ എന്ന ആഹ്ലുസുന്നത്തിന്റെ പണ്ഡിതന്മാരുടെ നിലപാടായിക്കൊണ്ട് ഇമാം ഇബ്നു ത്വയ് മിയ്യ(റഹി) മുകളിൽ വിശദീകരിച്ചത്.

II. ശിർക്കാകുന്ന കഴിവ് ജിന്നിനും മലക്കിന്നും ഉണ്ടെന്നത്  മറ്റൊരു മൂവർ-സംഘ വാദം 

അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും കാഫിറുകൾ ആണ് എന്ന് സാക്ഷാൽ അല്ലാഹു തന്നെ പരിശുദ്ധ ഖുർആൻ വചനം 5:73ൽ സത്യപ്പെടുത്തിയ കാര്യമാണ്. ഈ പിഴച്ച വാദത്തോട് സാമ്യതയുള്ള മറ്റൊരു മൂവർ-സംഘ വാദമാണ് അല്ലാഹുവിന്നു പുറമെ, ജിന്നിനും, മലക്കിനും ചോദിച്ചാൽ ശിർക്ക് സംഭവിക്കുന്ന കഴിവുണ്ട് എന്ന വാദം.

ഉണ്ടെന്നു വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ മാത്രം ശിർക്ക് സംഭവിക്കുന്ന, ആരുമായും പങ്കുവെക്കാത്ത, സാദ്രിശ്യമില്ലാത്ത, ഉപമകൾ ഇല്ലാത്ത എല്ലാ കഴിവുകളുടെയും ഉടമസ്ഥൻ അല്ലാഹു ആയിരിക്കെ, അതിലേക്കു ജിന്നിനെയും കൂട്ടത്തിൽ മലക്കിനെയും തിരികിക്കൊണ്ട് - മലക്കിന്നും ജിന്നിന്നും, ചോദിച്ചാൽ ശിർക്ക്‌ സംഭവിക്കുന്ന കഴിവാണുള്ളത് എന്ന് പറയുന്നതിലൂടെ അല്ലാഹുവിന്റെ കഴിവും, ജിന്നിന്റെ കഴിവും, മലക്കിന്റെ കഴിവും  ശിർക്ക്‌ സംഭവിക്കുന്ന കഴിവുകൾ ആണെന്ന മറ്റൊരു മൂവർ-സംഘ വാദത്തിലാണ് തിരിച്ചറിവ് നഷ്ടപ്പെട്ട ഈ പിഴച്ച വാദക്കാർ എത്തിയത്.

"വേറൊരു കൂട്ടർ (പിതാവു, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ) മൂന്നു ആളുകൾ  - അഥവാ ത്രിഭൂതങ്ങൾ - ചേർന്നതാണ് സാക്ഷാൽ ദൈവമെന്നും അവയിൽ ഒന്നാണ് (പിതാവായ) അല്ലാഹു എന്നും പറഞ്ഞുണ്ടാക്കി" - അമാനി മൗലവി (റഹി), ഖുർആൻ 5:73.

ഇക്കൂട്ടർ (അല്ലാഹു, മലക്ക്, ജിന്ന് എന്നിങ്ങനെ) മൂന്ന് തരം കഴിവുകൾ ഉള്ള ആളുകളിൽ  -ഏതെങ്കിലും ഒരു സൃഷ്ടിയിൽ ഉണ്ടെന്നു വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക്‌ സംഭവിക്കുന്ന കഴിവ് അല്ലാഹുവിന്ന് ഉണ്ടെന്നും, അതേപോലെതന്നെ ജിന്നിന്നും, മലക്കിന്നും അവരോടു ചോദിച്ചാൽ ശിർക്ക്‌ സംഭവിക്കുന്ന കഴിവാണുള്ളത് എന്നും കൂട്ടത്തിൽ പറഞ്ഞുണ്ടാക്കി.

അല്ലാഹുവിന്റെ എണ്ണിയാൽ ഒടുങ്ങാത്ത അനന്തകോടി സ്രിഷ്ടിജാലങ്ങളിൽ കേവലം രണ്ടെണ്ണം മാത്രമായ ജിന്നിനും, മലക്കിന്നും ശിർക്ക് സംഭവിക്കുന്ന കഴിവുകൾ ആണുള്ളത് എന്ന് വാദിക്കുന്നതിലൂടെ - ശിർക്ക് സംഭവിക്കുന്ന കഴിവുകളുടെ ഉടമകൾ ആയിക്കൊണ്ട്‌ അല്ലാഹു, മലക്ക്, ജിന്ന് എന്ന മറ്റൊരു മൂവർ-സംഘ വാദത്തിലേക്കാണ് തൽപര-കക്ഷികൾ കൂപ്പുകുത്തിയത്.

അങ്ങിനെ അല്ലാഹുവിന്ന് മാത്രം അവകാശപ്പെട്ട, സൃഷ്ടികളുമായി ഒരു സാദ്രിശ്യവും ഇല്ലാത്ത, ശിർക്ക് സംഭവിക്കുന്ന കഴിവുകൾ, ജിന്നിനും മലക്കിന്നും ഉണ്ട് എന്ന് ജൽപ്പിക്കുക വഴി -കഴിവുകളിൽ സ്വയം നിലനിൽപ്പ്‌ ഇല്ലാത്ത ജിന്നിന്റെയും മലക്കിന്റെയും കഴിവുകളെ കഴിവുകളിൽ സ്വയം നിലനിൽപ്പ്‌ ഉള്ള അല്ലാഹുവിന്റെ കഴിവുകളുമായി സാദ്രിശ്യപ്പെടുത്തി.

ഇത്തരം വികല വാദക്കരെയാണ് ആഹ്ലുസുന്നത്തിന്റെ പണ്ഡിതന്മാർ വളരെ വ്യക്തമായി ഇസ്ലാമിക വൃത്തത്തിൽ നിന്നും മാറ്റിനിറുത്തിയത്.  ഇമാം ബുഖാരി(റഹി)യുടെ ഉസ്താതായ നുഐമ് ഇബ്നു ഹമ്മാദ്(റഹി) പറഞ്ഞത് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു -

بَلِ الْأَمْرُ كَمَا قَالَ الْأَئِمَّةُ -مِنْهُمْ نُعَيْم بْنُ حَمَّادٍ الْخُزَاعِيُّ شَيْخُ الْبُخَارِيِّ -: "مَنْ شَبَّهَ اللَّهَ بِخَلْقِهِ فَقَدْ كَفَرَ، وَمَنْ جَحَدَ مَا وَصَفَ اللَّهُ بِهِ نَفْسَهُ فَقَدْ كَفَرَ". وَلَيْسَ فِيمَا وَصَفَ اللَّهُ بِهِ نَفْسَهُ وَلَا رَسُولَهُ تَشْبِيهٌ، فَمَنْ أَثْبَتَ لِلَّهِ تَعَالَى مَا وَرَدَتْ بِهِ الْآيَاتُ الصَّرِيحَةُ وَالْأَخْبَارُ الصَّحِيحَةُ، عَلَى الْوَجْهِ الَّذِي يَلِيقُ بِجَلَالِ اللَّهِ تَعَالَى، وَنَفَى عَنِ اللَّهِ تَعَالَى النَّقَائِصَ، فَقَدْ سَلَكَ سَبِيلَ الْهُدَى.

"എന്നാൽ കാര്യം ഇമാം ബുഖാരിയുടെ ഉസ്താതായ നുഐമ്  ഇബ്നു ഹമ്മാദിനെ പോലുള്ള നേതാക്കൾ പറഞ്ഞത് പോലെയാണ്: - 'ആരെങ്കിലും അല്ലാഹുവിനെ, അവന്റെ സൃഷ്ടിയോട്‌ സാദ്രിശ്യപ്പെടുത്തിയാൽ അവൻ കാഫിറായി. ആരെങ്കിലും അല്ലാഹു അവനെ വിശേഷിപ്പിച്ചതിനെ നിഷേധിച്ചാൽ അവൻ കാഫിറായി.' അല്ലാഹുവും അവന്റെ ദൂദനും അവനെ (അല്ലാഹുവിനെ) വിശേഷിപ്പിച്ചതിൽ സദ്രിശ്യപ്പെടുത്തൽ ഇല്ല.

ഉന്നതനായ അല്ലാഹുവിന്റെ മഹത്വത്തിന്നു യോജിച്ച രീതിയിൽ, (ഖുർആൻ) വചനങ്ങളിലും സ്വഹീഹായ (നബി) വചനങ്ങളിലും  വന്നതിനെ ആരെങ്കിലും സത്യപ്പെടുത്തുകയും അല്ലാഹുവിന്നു എന്തെങ്കിലും കുറവുണ്ട് എന്നതിനെ നിഷേധിക്കുകയും ചെയ്‌താൽ, തീർച്ചയായും അവൻ സന്മാർഗത്തിൽ പ്രവേശിച്ചു. " - ഇമാം ഇബ്നു കസീർ(റഹി), ഖുർആൻ 7:54.

ഒരു സാങ്കൽപ്പിക വാദം പടച്ചുണ്ടാക്കുകയും അങ്ങിനെ ആ സാങ്കൽപ്പിക വാദത്തിനു ഒരു മതവിധി പുറപ്പെടുവിക്കുന്ന ഒരു പ്രവർത്തനം അല്ല, അഹ്ലു സുന്നത്തിന്റെ പണ്ഡിതന്മാരിൽപെട്ട ഇമാം ബുഖാരി (റഹി)യുടെ  ഉസ്താതതിനെ പോലെയുള്ള, അത് ഉദ്ധരിച്ച മഹാനായ ഇമാം ഇബ്നു കസീർ(റഹി) പോലുള്ള പണ്ഡിതർ ചെയ്തത്. മറിച്ച്, അല്ലാഹു മൂവരില്‍ ഒരാളാണ് എന്ന് ജല്‍പ്പിച്ചുകൊണ്ട്  അല്ലാഹുവിന്ന്റെ അസ്ഥിത്വത്തിന്നു നേരെ വികല വാദങ്ങള്‍ ഉന്നയിച്ചവര്‍ കാഫിറുകള്‍ ആണ് എന്ന അല്ലാഹുവിന്റെ മാതൃക പിന്‍പറ്റിക്കൊണ്ട് തന്നെയാണ് ആഹ്ലുസുന്നത്തിന്റെ പണ്ഡിതന്മാര്‍ 'ആരെങ്കിലും അല്ലാഹുവിനെ, അവന്റെ സൃഷ്ടിയോട്‌ സാദ്രിശ്യപ്പെടുത്തിയാൽ അവൻ കാഫിറായി.' എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഭാഗത്ത് പറഞ്ഞ, അല്ലാഹുവിന്റെ കഴിവും അവന്റെ സൃഷ്ടിയുടെ കഴിവും ഒരേ സമയം പരാമർഷിക്കപെട്ട പരിശുദ്ധ ഖുർആൻ വചനം 2:20:നെ വിശദീകരിച്ചുകൊണ്ട് ഇമാം ഖുർത്വുബി (റഹി) വളരെ കൃത്യമായി പറഞ്ഞ കാര്യമാണ് - "അവന്റെ അടിമക്ക് കഴിവ് ഉണ്ടെന്നും, അല്ലാഹു അവന്ന് നൽകിയ ആ കഴിവ് കൊണ്ട്  അവന്റെ പ്രകൃതിപരമായ കാര്യങ്ങൾ അവൻ നേടിയെടുക്കുന്നു എന്നും".

അതുകൊണ്ട് തന്നെ, മനുഷ്യനാകട്ടെ, ജിന്നാകട്ടെ, മലക്കാകട്ടെ, ഏതൊരു സ്രിഷ്ടിയാകട്ടെ,  ഓരോ സൃഷ്ടിക്കും അതിന്റേതായ പ്രകൃതിപരമായ കാര്യങ്ങൾ നിർവഹിക്കുന്നതിന്നു വേണ്ടി അല്ലാഹു പലതരം കഴിവുകള്‍ നല്‍കിയിട്ടുണ്ട്.

എന്നാല്‍ അത്തരം സൃഷ്ടി കഴിവുകള്‍ - ഉണ്ടെന്ന് വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കഴിവാണ് എന്ന് വാദിക്കുമ്പോള്‍, ആ വാദം ആദ്യമായി എത്തിച്ചേരുന്നത് ഇസ്ലാമിൽ നിന്നും പുറത്തുപോകുന്ന തനിച്ച കുഫ്ർ അഥവാ സത്യനിഷേധം ആണ് എന്നാണു പരിശുദ്ധ ഖുർആനിന്റെ അടിസ്ഥാനത്തിലും, അതിനെ തിരുവചനങ്ങൾ കൊണ്ട് വിശദീകരിച്ച അഹ്ലുസുന്നത്തിന്റെ അനിഷേദ്ധ്യരായ പണ്ഡിതന്മാർ വിധിച്ചതിന്റെ അടിസ്ഥാനത്തിലും വളരെ ഗൌരവമായി ഉണർത്തുവാനുള്ളത്.

ഉണ്ടെന്ന് വിശ്വസിച്ചാലോ, ഉണ്ടെന്നു കരുതി ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന കഴിവ് അല്ലാഹുവിനെ കൂടാതെ ജിന്നിനും ഉണ്ട് മലക്കിന്നും ഉണ്ട് എന്ന മറ്റൊരു മൂവർ-സംഘ വാദികൾക്ക് ആത്യന്തികമായി നൽകുവാൻ ഉള്ള താക്കീത്, അല്ലാഹു മൂവരിൽ ഒരാളാണ് എന്ന് ജൽപ്പിച്ച മൂവർ-സംഘ വാദികൾക്ക്  അല്ലാഹു നൽകിയ അതേ താക്കീത് ആണ് -

"അവര്‍ ആ പറയുന്നതില്‍ നിന്ന്‌ വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന്‌ കാഫിറുകൾ ആയവർക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും." - ഖുർആൻ 5:73.

അല്ലാഹുവിന്റെ അനന്തകോടി സ്രിഷ്ടിജാലങ്ങളില്‍ കേവലം രണ്ടെണ്ണം മാത്രമായ, സൃഷ്ടിക്കപ്പെടുകയും, നശിപ്പിക്കപ്പെടുകയും ചെയ്യുന്ന, തങ്ങളുടെ കഴിവുകളില്‍ പരിധിയും പരിമിധിയും ഉള്ള ജിന്നിന്നും മലക്കിന്നും അവരോടു ചോദിച്ചാല്‍ ശിര്‍ക്ക്‌ സംഭവിക്കുന്ന കഴിവാണ് അല്ലാഹു നല്‍കിയിരിക്കുന്നത് എന്ന് ജൽപ്പിക്കുക വഴി, അല്ലാഹുവിനെ കൂടാതെ ജിന്നിനും മലക്കിന്നും ശിർക്ക് സംഭവിക്കുന്ന കഴിവുകളാണുള്ളത്  എന്ന മറ്റൊരു മൂവര്‍-സംഘ വാദത്തില്‍ നിന്നും വിരമിച്ചില്ലെങ്കില്‍, നിങ്ങളില്‍ നിന്ന്  "കാഫിറുകൾ ആയവർക്ക് വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും." - ഖുർആൻ 5:73.

തുടരും, ഇന്ഷാ അല്ലാാഹു.


سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
 ابو عبد المنان محمد نزامدين  ابن عبداللطيف

 തൗഹീദും ശിർക്കും - ആമുഖം
 തൗഹീദും ശിർക്കും - ഭാഗം - 1
 തൗഹീദും ശിർക്കും - ഭാഗം - 2
 തൗഹീദും ശിർക്കും - ഭാഗം - 3
• തൗഹീദും ശിർക്കും - ഭാഗം - 4
 തൗഹീദും ശിർക്കും - ഭാഗം - 5
 തൗഹീദും ശിർക്കും - ഭാഗം - 6
 തൗഹീദും ശിർക്കും - ഭാഗം - 7
 തൗഹീദും ശിർക്കും - ഭാഗം - 8

Tuesday, September 9, 2014

തൗഹീദും ശിർക്കും - ഭാഗം - 8

അസ്സലാമുഅലൈക്കും വ റഹ്മതുല്ലാഹി

പ്രിയ സഹോദരങ്ങളെ

ഒരു മനുഷ്യന്റെ സ്വർഗ്ഗവും നരഗവും എന്നെന്നേക്കുമായി തീരുമാനിക്കുന്ന തൗഹീദിന്റെയും അതിന്റെ നേരെ വിപരീധം ആയ ശിർക്കിന്റെയും വളരെ സുപ്രധാനമായ പ്രാമാണികമായ ആശയങ്ങൾ ആണ് ഈ വിഷയത്തിന്റെ ഒന്ന് മുതൽ എഴ് വരെ ഉള്ള ഭാഗങ്ങളിൽ പറഞ്ഞത്.

തൗഹീദിന്റെ നിർവചനവും അതിന്റെ നേരെ വിപരീധമായ ശിർക്കിന്റെയും നിർവചനം സകല സൃഷ്ടികൾക്കും മുൻപ് ആദിയിൽ പരിപൂർണ്ണം ആയി എന്നാണ് കഴിഞ്ഞ ഭാഗത്ത് അവസാനമായി പറഞ്ഞത്.

മനുഷ്യനെയോ, മലക്കിനെയോ, ജിന്നിനെയോ, മറ്റ് ഏതെങ്കിലും സൃഷ്ടിയെയോ അല്ലാഹു സൃഷ്ടിച്ചപ്പോൾ, അല്ലാഹുവിന്റെ അസ്ഥിത്വവുമായി മാത്രം ബന്ധമുള്ള തൗഹീദിന്റെയൊ അതിന്റെ നേരെ വിപരീധമായ ശിർക്കിന്റെയോ നിർവചനം പുതുക്കേണ്ട ഒരു അവസ്ഥ അല്ലാഹുവിന്നു ഒരിക്കലും തന്നെ ഉണ്ടായിട്ടില്ല.

തൗഹീദും ശിർക്കും എന്നാൽ അത് അല്ലാഹുവിന്റെ അസ്ഥിത്വവുമായി മാത്രം ബന്ധപ്പെട്ട, ഏതെങ്കിലും ഒരു സൃഷ്ടിയുടെ അസ്ഥിത്വവുമായി ഒരിക്കലും ബന്ധമില്ലാത്തതാണ് എന്ന് ഒരിക്കൽക്കൂടി ഓർമ്മപെടുത്തുകയാണ്.

B. ശിർക്കാകുന്ന ഒരു കഴിവുണ്ടെങ്കിൽ അത് അല്ലാഹുവിന്നു മാത്രം അവകാശപ്പെട്ടത് 

ഇവിടെയാണ്‌ ആമുഖത്തിൽ സൂചിപ്പിച്ച മൂന്നാമത്തെ വാദവുമായി ബന്ധപെട്ട് കൊണ്ടുള്ള കൃത്യമായ ഒരു തീരുമാനത്തിലേക്ക് വിളിച്ചം വീശുന്ന കാര്യം പറയുന്നത്.

തൗഹീദിന്റെ അടിസ്ഥാനം എന്നാൽ അത് - ആദിയിൽ സർവ്വഗുണ സമ്പൂർണ്ണമായ, തുല്യത ഇല്ലാത്ത, ഉപമകൾ ഇല്ലാത്ത  അല്ലാഹുവിന്റെ കഴിവുകളും പ്രവർത്തനങ്ങളും മാത്രം ആണെന്നും, ശിർക്ക് സംഭവിക്കുന്നത്‌ - ഈ  സർവ്വഗുണ സമ്പൂർണ്ണമായ അല്ലാഹുവിന്റെ കഴിവുകളോ പ്രവർത്തനങ്ങളോ അവന്റെ സൃഷ്ടിയിൽ ആരോപിക്കുമ്പോൾ മാത്രം ആണ് എന്നും കഴിഞ്ഞ ഭാഗങ്ങളിൽ നിന്നും  വളരെ  വ്യക്തമാണ്.

തന്റെ സൃഷ്ടികളുമായി ഒരിക്കലും പങ്കുവെക്കാത്ത, തുല്യത ഇല്ലാത്ത, ഉപമ ഇല്ലാത്ത, ഏതൊരു കഴിവോ പ്രവർത്തനമോ അവന്റെ ഏതെങ്കിലും ഒരു സൃഷ്ടിയിൽ ഉണ്ടെന്ന് വിശ്വസിച്ചാലോ, ഉണ്ടെന്ന് കരുതി ചോദിച്ചാലോ മാത്രം സംഭവിക്കുന്ന, ശിർക്കാകുന്ന ഒരു കഴിവോ/പ്രവർത്തനമോ ഉണ്ടെങ്കിൽ അത് അല്ലാഹുവിന്ന്  മാത്രമേ ഉള്ളൂ,

"ഇസ്ലാമിക വീക്ഷണത്തിൽ മൌലികപ്രദാനമായ ഒരു തത്വമാണ് لَيْسَ كَمِثْلِهِ شَيْءٌ (അവനെ പോലെ ഒരു വസ്തുവും ഇല്ല) എന്ന വാക്യം. അല്ലാഹുവിന്റെ പരിശുദ്ധ സത്തയിലാകട്ടെ, ഉൽക്രിഷ്ട്ട ഗുണങ്ങളിലാകട്ടെ, പ്രവർത്തനങ്ങളിൽ ആകട്ടെ, അധികാരാവകാശങ്ങളിലാകട്ടെ, അവനെപോലെ  - അവന്നു തുല്യമായതോ, കിടയത്തതോ യാതൊന്നും തന്നെ ഇല്ല. ഇതിൽ ഏതെങ്കിലും ഒന്നിൽ അവനോടു തുല്യതയോ, സമത്വമോ കൽപ്പിക്കുന്നതിനാണ്  'ശിർക്ക്' (പങ്കുചേർക്കൽ - അഥവാ ബഹുദൈവവിശ്വാസം) എന്ന് പറയുന്നത്." - അമാനി മൗലവി(റഹി), ഖുർആൻ 42:11.

ഒരിക്കൽ കൂടി, എപ്പോൾ മാത്രമാണ്  തൗഹീദ് സംഭവിക്കുന്നത്‌ എന്നും, എപ്പോൾ മാത്രമാണ് ശിർക്ക്  സംഭവിക്കുന്നത്‌ എന്നും വളരെ വ്യക്തം.

• യാതൊരു സത്തയിൽ തുല്യതയോ സമത്വമോ കൽപ്പിച്ചാൽ മാത്രം ശിർക്ക് ആകുമോ, അതിന്റെ ഉടയവൻ  അല്ലാഹു മാത്രമാണ്.

• യാതൊരു ഉൽക്രിഷ്ട്ട ഗുണങ്ങളിൽ തുല്യതയോ സമത്വമോ കൽപ്പിച്ചാൽ മാത്രം ശിർക്ക് ആകുമോ, അതിന്റെ ഉടയവൻ  അല്ലാഹു മാത്രമാണ്.

• യാതൊരു പ്രവർത്തനത്തിൽ തുല്യതയോ സമത്വമോ കൽപ്പിച്ചാൽ മാത്രം ശിർക്ക് ആകുമോ, അതിന്റെ ഉടയവൻ  അല്ലാഹു മാത്രമാണ്.

രണ്ടാം ഭാഗത്ത്‌ വളരെ കൃത്യമായി സൂചിപ്പിച്ച, അല്ലാഹുവിന്റെ 'സ്വമദ്' എന്ന നാമത്തെ വിശദീകരിച്ചുകൊണ്ട് മഹാനായ സ്വഹാബിവര്യൻ ഇബ്നു അബ്ബാസ് (റ) പറഞ്ഞു -

هَذِهِ صِفَتُهُ لَا تَنْبَغِي إِلَّا لَهُ

"ഈ പറഞ്ഞ വിശേഷണങ്ങൾ എല്ലാം തന്നെ അവൻ (അല്ലാഹു) അല്ലാത്ത യാതൊരാൾക്കും വകവെച്ച് കൊടുക്കുവാൻ പാടില്ല." - ഇബ്നു കസീർ(റഹി), ഖുർആൻ 112:1-2.

അല്ലാഹു അല്ലാത്ത യാതൊരാൾക്കും വകവെച്ച് കൊടുക്കുവാൻ പാടില്ല എന്ന് പറഞ്ഞ വിശേഷണങ്ങൾ ഏതെല്ലാം ഉണ്ടോ, അതിന്റെ ഉടയവൻ അല്ലാഹു മാത്രമാണ്.

"ഉദാഹരണമായി, 'അല്ലാഹു കാണുന്നവനാണ്'  (بصير) 'അവൻ കേൾക്കുന്നവൻ ആണ്'  (سميع) 'അവൻ പറഞ്ഞു' (قال) 'അവന്റെ കൈകൾ' (يداه) 'അവന്റെ മുഖം' ( وجه اللَّهُ) എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ കാണുമ്പോൾ അവയൊന്നും തന്നെ, സ്രിഷ്ടികളുടെതുമായി താരതമ്മ്യപ്പെടുത്തുവാൻ പാടില്ലാത്തതാണെന്നും, അല്ലാഹുവിന്റെ പരിശുദ്ധതക്കും, മഹത്വത്തിന്നും യോജിക്കുന്ന വിധത്തിലുള്ള യാഥാർത്യങ്ങളാണ് അവ ഉൾകൊള്ളുന്നതെന്നും ഓർമ്മിച്ചിരിക്കേണ്ടതാകുന്നു ." - അമാനി മൗലവി(റഹി), ഖുർആൻ 42:11.

കാര്യം അങ്ങിനെയാണെങ്കിൽ -

ഏതൊരു കഴിവുകൾ സ്രിഷ്ടികളുടെതുമായി താരതമ്മ്യപ്പെടുത്തുവാൻ പാടില്ലാത്തതായി ഉണ്ടോ, ആ കഴിവുകൾ അല്ലാഹുവിന്നു മാത്രം അവകാശപ്പെട്ടത് ആകുന്നു.

ഏതൊരു കഴിവുകൾ അല്ലാഹുവിന്റെ പരിശുദ്ധതക്കും, മഹത്വത്തിന്നും യോജിക്കുന്ന വിധത്തിലുള്ള യാഥാർത്യങ്ങൾ ആയി ഉണ്ടോ, ആ കഴിവുകൾ അല്ലാഹുവിന്നു മാത്രം അവകാശപ്പെട്ടത് ആകുന്നു.

ഏതൊരു കഴിവ് സൃഷ്ടിയിൽ ഉണ്ടെന്ന് കൽപ്പിച്ചാൽ ശിർക്ക് ആകുമോ ആ കഴിവ് അല്ലാഹുവിന്നു മാത്രം അവകാശപ്പെട്ടത് ആകുന്നു.

ഏതൊരു പ്രവർത്തനത്തെ സൃഷ്ടിയുടെ പ്രവർത്തനമായി കൽപ്പിച്ചാൽ ശിർക്ക് ആകുമോ ആ പ്രവർത്തനം അല്ലാഹുവിന്നു മാത്രം അവകാശപ്പെട്ടത് ആകുന്നു.

I. സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും കഴിവുകൾ വേർ തിരിയുന്നു

സൃഷ്ടിയുടെ കഴിവിനെ കുറിച്ചും, അല്ലാഹുവിന്റെ കഴിവിനെ കുറിച്ചും ഒരേ സമയം, പ്രധിപാദിച്ചുകൊണ്ട്  അല്ലാഹു പറയുന്നു -.

"അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന്‍ തീരെ നശിപ്പിച്ചുകളയുക തന്നെ ചെയ്യുമായിരുന്നു. നിസ്സംശയം അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാണ്‌." - ഖുർആൻ 2:20.    

തന്റെ അടിമകളായ സർവ്വ സൃഷ്ടികൾക്കും അവരുടെ പ്രകൃതിക്കനുസരിച്ച് വ്യതസ്തങ്ങൾ ആയ കഴിവുകൾ നൽകിയ അല്ലാഹു, തന്റെ അടിമകളിൽ ഒന്നായ മനുഷ്യവർഗത്തിൽപെട്ട കപടവിശ്വാസികൾക്ക് വന്നു ഭവിച്ചേക്കാവുന്ന അവസ്ഥയെ പറ്റി പറയുന്നു - അവൻ  ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ കേള്‍വിയും കാഴ്ചയും അവന്‍ നശിപ്പിച്ചു കളയുമായിരുന്നു എന്ന്.

فَيَجِبُ عَلَى كُلِّ مُكَلَّفٍ أَنْ يَعْلَمَ أَنَّ اللَّهَ تَعَالَى قَادِرٌ، لَهُ قُدْرَةٌ بِهَا فَعَلَ وَيَفْعَلُ مَا يَشَاءُ عَلَى وَفْقِ عِلْمِهِ وَاخْتِيَارِهِ. وَيَجِبُ عَلَيْهِ أَيْضًا أَنْ يَعْلَمَ أَنَّ لِلْعَبْدِ قُدْرَةً يَكْتَسِبُ بِهَا مَا أَقْدَرَهُ اللَّهُ تَعَالَى عَلَيْهِ عَلَى مَجْرَى الْعَادَةِ، وَأَنَّهُ غَيْرُ مُسْتَبِدٍّ بِقُدْرَتِهِ.

"അല്ലാഹു കഴിവുള്ളവൻ ആണെന്നും, അതുകൊണ്ട് അവൻ പ്രവൃത്തിച്ചു എന്നും, അല്ലാഹു അവന്റെ ഇച്ച്ചക്കും അറിവിന്നും അനുസരിച്ചുകൊണ്ട് അവൻ ഉദ്ദേശിച്ചത് പ്രവൃത്തിക്കുകയും ചെയ്യും എന്ന് അറിയൽ ഓരോ ആളുകൾക്കും നിർബന്ധം ആകുന്നു.

അവന്റെ അടിമക്ക് കഴിവ് ഉണ്ടെന്നും, അല്ലാഹു അവന്ന് നൽകിയ ആ കഴിവ് കൊണ്ട്  അവന്റെ പ്രകൃതിപരമായ കാര്യങ്ങൾ അവൻ നേടിയെടുക്കുന്നു എന്നും, അവൻ (അടിമ) അവന്റെ കഴിവിൽ സ്വയം നിലനിൽപ്പുള്ളവൻ അല്ല എന്നും മനസ്സിലാക്കൽ ഓരോ ആളുകൾക്കും നിർബന്ധം ആകുന്നു." - ഇമാം ഖുർത്വുബി (റഹി), ഖുർആൻ 2:20.

കാര്യം വ്യകതമാണ് -

• എല്ലാ കഴിവുകളുടെയും ഉടമയായ അല്ലാഹു അവന്റെ സൃഷ്ടികൾക്ക് കഴിവുകൾ നൽകിയിട്ടുണ്ട്.

• അല്ലാഹു ആകട്ടെ അവന്റെ കഴിവുകളിൽ ആദിയിലും അവസാനത്തിലും പരിപൂർണ്ണനും, സ്വയം കഴിവുള്ളവനും ആകുന്നു.

• സൃഷ്ടികൾ ആകട്ടെ അവരുടെ കഴിവുകളിൽ പരിപൂർണ്ണർ അല്ല, സ്വയം കഴിവുള്ളവർ അല്ല.

അല്ലാഹുവിന്റെയും അവന്റെ സൃഷ്ടിയുടെയും കഴിവുകൾ പരിശുദ്ധ ഖുർആനിൽ പലയിടത്തും അല്ലാഹു പറയുന്നുണ്ട്. അവയിൽ രണ്ടെണ്ണം മാത്രം താഴെ പറയുന്നു.

A. അല്ലാഹുവിന്റെ കഴിവും ജിന്നിന്റെ കഴിവും വേർതിരിയുന്നു  

നാലാം ഭാഗത്ത് പറഞ്ഞ പോലെ, ജിന്നിന്റെ കാഴ്ചയെകുറിച്ചു അല്ലാഹു പറയുന്നു - 

"തീര്‍ച്ചയായും അവനും (ശൈത്വാനും) അവന്‍റെ വര്‍ഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; " - ഖുർആൻ 7:27.

അതേ അല്ലാഹു തന്നെ പറയുന്നു -

"അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന് ?" ഖുർആൻ 96 :14. 

അപ്പോൾ ജിന്നും മനുഷ്യനെ കാണുന്നു, അല്ലാഹുവും മനുഷ്യനെ കാണുന്നു!

• അല്ലാഹു മനുഷ്യനെ കാണുന്ന പോലെയാണോ, ജിന്ന് മനുഷ്യനെ കാണുന്നത് ?

ഒരിക്കലും അല്ല.

• അല്ലാഹുവിന്റെ കാഴ്ച എന്നാൽ അത് ആദിയിൽ പരിപൂർണ്ണം ആയ അവന്റെ ഏകത്വത്തിന്റെ അഥവാ തൗഹീദിന്റെ  ഭാഗം ആകുന്നു. അല്ലാഹു ആ കഴിവിൽ സ്വയം നിലനിൽപ്പ് ഉള്ളവൻ ആകുന്നു. 

• ജിന്നിന്റെ കാഴ്ച എന്നാൽ, അത് ആദിയിൽ ഉള്ളത് അല്ല, അത് അല്ലാഹുവിന്റെ ഏകത്വത്തിന്റെ അഥവാ തൗഹീദിന്റെ  ഭാഗം അല്ല. ജിന്ന് ആ കഴിവിൽ സ്വയം നിലനിൽപ്പ് ഉള്ളവൻ അല്ലപരിപൂർണ്ണൻ അല്ല.

സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും കഴിവുകൾ വക തിരിച്ച് മനസ്സിലാക്കുമ്പോൾ ആണ് ഏതൊരു കാര്യമാണ് തൗഹീദിന്റെ ഭാഗമെന്നും, ഏതൊരു കാര്യമാണ് തൗഹീദിന്റെ ഭാഗം അല്ല എന്നും മനസ്സിലാകുക.

B. അല്ലാഹുവിന്റെ കഴിവും മലക്കിന്റെ കഴിവും വേർതിരിയുന്നു 

മലക്കുകൾ മനുഷ്യന്റെ പ്രവർത്തനം അറിയുന്നു എന്നതിനെ പറ്റി അല്ലാഹു പറയുന്നു -

"നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ അവര്‍ അറിയുന്നു" - ഖുർആൻ 82:12

മനുഷ്യന്റെ പ്രവർത്തനങ്ങൾ അല്ലാഹു അറിയുന്നു എന്ന് പരിശുദ്ധ ഖുർആനിൽ പലസ്ഥലത്തും പറഞ്ഞ പോലെ, കുട്ടിയായിരുന്ന മഹാനായ യൂസുഫ് നബിയെ യാത്രാസംഘം ഒളിപ്പിച്ചുവെച്ചതിനെ കുറിച്ച്  അല്ലാഹു പറയുന്നു -

"അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെ പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു." - ഖുർആൻ 12:19. 

മനുഷ്യന്റെ പ്രവർത്തനത്തെ മലക്കും അറിയുന്നു, അല്ലാഹുവും അറിയുന്നു!

• അല്ലാഹു മനുഷ്യനന്റെ പ്രവർത്തനത്തെ അറിയുന്ന പോലെയാണോ, മലക്കുകൾ മനുഷ്യന്റെ പ്രവർത്തനത്തെ  അറിയുന്നത്  ?

ഒരിക്കലും അല്ല.

• അല്ലാഹുവിന്റെ അറിവ് എന്നാൽ അത് ആദിയിൽ പരിപൂർണ്ണം ആയ അവന്റെ ഏകത്വത്തിന്റെ അഥവാ തൗഹീദിന്റെ  ഭാഗം ആകുന്നു. അല്ലാഹു ആ കഴിവിൽ സ്വയം നിലനിൽപ്പ് ഉള്ളവൻ ആകുന്നു. 

• മലക്കിന്റെ അറിവ്  എന്നാൽ, അത് ആദിയിൽ ഉള്ളത് അല്ല, അത് അല്ലാഹുവിന്റെ ഏകത്വത്തിന്റെ അഥവാ തൗഹീദിന്റെ  ഭാഗം അല്ല. മലക്ക്  ആ കഴിവിൽ സ്വയം നിലനിൽപ്പ് ഉള്ളവൻ അല്ല, പരിപൂർണ്ണൻ അല്ല.

സൃഷ്ടാവിന്റെയും സൃഷ്ടിയുടെയും കഴിവുകൾ വക തിരിച്ച് മനസ്സിലാക്കുമ്പോൾ ആണ് ഏതൊരു കാര്യമാണ് തൗഹീദിന്റെ ഭാഗമെന്നും, ഏതൊരു കാര്യമാണ് തൗഹീദിന്റെ ഭാഗം അല്ല എന്നും മനസ്സിലാകുക.

"സൃഷ്ടികളെ സംബന്ധിച്ച്  ഉപയോഗിക്കപ്പെടാറുള്ള ഏതെങ്കിലും നാമങ്ങളോ, ക്രിയാവിശേഷണങ്ങളോ അല്ലാഹുവോട് ബന്ധപ്പെടുത്തിക്കൊണ്ട് ഖുർആനിലോ ഹദീസിലൊ ഉപയോഗിച്ചു കണ്ടാൽ തന്നെയും, അത് ഭാഷയുടെയും, വാച്യാർത്ഥത്തിന്റെയും അടിസ്ഥാനത്തിൽ മാത്രം പറയപ്പെടുന്നതാണെന്നും, ഉദ്ധേശ്യത്തിലും, യാഥാർത്ഥത്തിലും അവ വ്യത്യസ്തം ആയിരിക്കുമെന്നും മനസ്സിലാക്കേണ്ടതാണ്." - അമാനി മൗലവി(റഹി), ഖുർആൻ 42:11.

കാര്യം അങ്ങിനെയാണെങ്കിൽ -

ഉണ്ടെന്ന് വിശ്വസിച്ചാലോ/ചോദിച്ചാലോ ശിർക്ക് ആകുന്ന കഴിവോ/പ്രവർത്തനമോ മനുഷ്യന്ന് ഇല്ല, അല്ലാഹുവിന്ന് മാത്രമേ അങ്ങിനെ ഒരു കഴിവും/പ്രവർത്തനവും ഉള്ളൂ കാരണം لَيْسَ كَمِثْلِهِ شَيْءٌ അഥവാ അവനെ പോലെ ഒരു വസ്തുവും ഇല്ല.

ഉണ്ടെന്ന് വിശ്വസിച്ചാലോ/ചോദിച്ചാലോ ശിർക്ക് ആകുന്ന കഴിവോ/പ്രവർത്തനമോ മലക്കിന്ന് ഇല്ല, അല്ലാഹുവിന്ന് മാത്രമേ അങ്ങിനെ ഒരു കഴിവും/പ്രവർത്തനവും ഉള്ളൂ കാരണം لَيْسَ كَمِثْلِهِ شَيْءٌ അഥവാ അവനെ പോലെ ഒരു വസ്തുവും ഇല്ല.

ഉണ്ടെന്ന് വിശ്വസിച്ചാലോ/ചോദിച്ചാലോ ശിർക്ക് ആകുന്ന കഴിവോ/പ്രവർത്തനമോ ജിന്നിന്ന് ഇല്ല, അല്ലാഹുവിന്ന് മാത്രമേ അങ്ങിനെ ഒരു കഴിവും/പ്രവർത്തനവും ഉള്ളൂ കാരണം لَيْسَ كَمِثْلِهِ شَيْءٌ അഥവാ അവനെ പോലെ ഒരു വസ്തുവും ഇല്ല.

ഉണ്ടെന്ന് വിശ്വസിച്ചാ/ചോദിച്ചാലോ ശിർക്ക് ആകുന്ന കഴിവോ/പ്രവർത്തനമോ ഒരു സൃഷ്ടിക്കും ഇല്ല, അല്ലാഹുവിന്ന് മാത്രമേ അങ്ങിനെ ഒരു കഴിവും/പ്രവർത്തനവും ഉള്ളൂ കാരണം لَيْسَ كَمِثْلِهِ شَيْءٌ അഥവാ അവനെ പോലെ ഒരു വസ്തുവും ഇല്ല.

തൗഹീദ് അഥവാ അല്ലാഹുവിന്റെ അജയ്യമായ ഏകത്വത്തിന്റെ അടിസ്ഥാനം എന്നാൽ അത്  തുടക്കമോ ഒടുക്കമോ ഇല്ലാത്ത, തുല്യത ഇല്ലാത്ത, ഉപമകൾ ഇല്ലാത്ത, 'അവനെ പോലെ ഒന്നും ഇല്ലാത്ത' അവന്റെ കഴിവുകളും/പ്രവർത്തനങ്ങളും മാത്രം ആകുന്നു.

എന്നാൽ ഈ പറഞ്ഞ അല്ലാഹുവിന്റെ അജയ്യമായ കഴിവുകളും പ്രവർത്തനങ്ങളും മനസ്സിലാക്കികൊണ്ട് തൗഹീദ് പഠിക്കുന്നതിന്ന് പകരം, അല്ലാഹുവീന്റെ കോടാനുകോടി സൃഷ്ടികളിൽ വെറും രണ്ടെണ്ണം മാത്രമായ, അനന്തമായ കാലഘട്ടത്തിന്റെ നിസ്സാരമായ കോണിൽ സൃഷ്ടിക്കപ്പെടുകയും, നശിപ്പിക്കപ്പെടുകയും ചെയ്യുന്ന, തങ്ങളുടെ കഴിവുകളിൽ പരിധിയും, പരിമിധിയും ഒക്കെ ഉള്ള മലക്കിന്റെയും, വിശിഷ്യാ ജിന്നിന്റെയും കഴിവുകളും പ്രവർത്തനങ്ങളും വെച്ചുകൊണ്ട് തൗഹീദിനെ മനസ്സിലാക്കുവാനും, നിർവചിക്കുവാനും ശ്രമിച്ചതാണ് ഈ വിഷയത്തിൽ ഒരു വിഭാഗം ആളുകൾക്ക് പറ്റിയ എറ്റവും വലിയ അമളി, അല്ല എറ്റവും വലിയ വഴികേട്.

അല്ലാഹുവിന്റെ അജയ്യമായ അസ്ഥിത്വത്തിന്റെ മേൽ പിഴച്ച വാദങ്ങൾ ഉന്നയിച്ച പല സമൂഹങ്ങളും ഈ ഭൂലോകത്ത് കടന്നു പോയിട്ടുണ്ട്. അത്തരം ആളുകൾക് എന്തൊരു വിശേഷണമാണ് യോജിച്ചതെന്ന് അല്ലാഹു തന്നെ അവന്റെ വിശുദ്ധ ഖുർആനിൽ മാതൃക കാട്ടിയിടുണ്ട്, അവന്റെ വചനങ്ങളെ തിരുസുന്നത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിച്ച അഹ്ലു സുന്നത്തിന്റെ പണ്ഡിതന്മാർ വളരെ കൃത്യമായി ആ വിശേഷണം പറഞ്ഞു തന്നിട്ടുണ്ട്.

അങ്ങിനെ അല്ലാഹു മാതൃക കാട്ടിയ, അഹ്ലു സുന്നത്തിന്റെ പണ്ഡിതന്മാർ വളരെ കൃത്യമായി പറഞ്ഞ പിഴച്ച കക്ഷികളുടെ ആ വിശേഷണം അല്ലാഹു അനുഗ്രഹിക്കുകയാണെങ്കിൽ അടുത്ത ഭാഗത്ത് പറയാം.

ആദിയിലും അവസാനത്തിലും ഒരിക്കലും തന്നെ ഇല്ലാത്ത ജിന്നിനെയും മലക്കിനെയും, എല്ലാ സൃഷ്ടികളേയും മാറ്റിനിറുത്തിയിട്ട്‌ അല്ലാഹു അവന്നുണ്ട്‌ എന്ന് പറഞ്ഞ സർവ്വ-ഗുണ സമ്പൂർണ്ണം ആയ കഴിവുകളിലൂടെ തൗഹീദ് പഠിക്കുവാൻ ശ്രമിക്കുക, നേരായ പാതയിൽ എത്തിയേക്കാം, അല്ലാഹു അനുഗ്രഹിക്കട്ടെ.

തുടരും, ഇന്ഷാ അല്ലാാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
 ابو عبد المنان محمد نزامدين  ابن عبداللطيف

Wednesday, September 3, 2014

തൗഹീദും ശിർക്കും - ഭാഗം - 7

അസ്സലാമുഅലൈക്കും വ റഹ്മതുല്ലാഹി

പ്രിയ സഹോദരങ്ങളെ 

തൗഹീദിന്റെ അടിസ്ഥാനം എന്നാൽ അത് ആദിയിലും അവസാനത്തിലും പരിപൂർണ്ണമായ അല്ലാഹുവിന്റെ ഉന്നതങ്ങളായ നാമ-വിശേഷണങ്ങളും, അവന്റെ പ്രവർത്തനങ്ങളും മാത്രമാണ് എന്നാണ് പരിശുദ്ധ ഖുർആൻ വചനങ്ങളുടെ അടിസ്ഥാനത്തിലും അതിനെ പണ്ഡിതന്മാർ വിശദീകരിച്ചതിന്റെ അടിസ്ഥാനത്തിലും കഴിഞ്ഞ ഭാഗത്ത് പറഞ്ഞത്.

അല്ലാഹുവുമായി ബന്ധപെട്ട ഏതൊരു കാര്യത്തിന്റെയും പ്രഥമമായ അടിസ്ഥാനം എന്നാൽ അവന്റെ നാമ-വിശേഷണങ്ങൾ ആണ് എന്ന് നമുക്ക് കാണാവുന്നതാണ്. മനുഷ്യകുലത്തിന്റെ ആരഭത്തിന്റെ അത്രത്തോളം തന്നെ  പഴക്കമുള്ള ഒരു ചോദ്യമാണ് 'സൃഷ്ടാവ് ഉണ്ടോ?' എന്ന ചോദ്യം. ഈ ഒരു ചോദ്യത്തിന്റെ ഉത്തരവും ബന്ധപ്പെട്ടു കിടക്കുന്നത് അല്ലാഹുവിന്റെ ഒരു നാമത്തിൽ ആകുന്നു.

"ഉസ്താത് ഇബ്നു ഫൂറക്കും മറ്റും പറഞ്ഞു: തീർച്ചയായും പരിശുദ്ധനായവന്റെ (അല്ലാഹുവിന്റെ) ആദ്യ വിശേഷണങ്ങളിൽ പെട്ടതാണ്  "ശൈഉൻ" എന്ന് നീ അറിയണം.  സ്ഥിരപ്പെട്ടു വന്നിട്ടുള്ള ആദ്യ വിശേഷണങ്ങളിൽ ആദ്യപടിയിൽ നിൽകുന്ന ഒന്നാണത്.  അതിന്റെ അർഥം: 'തീർച്ചയായും അവൻ സന്നിഹിതനാകുന്നു'.  നമ്മുടെ അടുത്തു സത്യസന്ധമായി വന്ന ഒരു കാര്യമാണത്." - ഇമാം ഖുർത്വുബി, الْأَسْنَى فِي شَرْحِ أَسْمَاءِ اللَّهِ الْحُسْنَى, പേജ് 91.

അല്ലാഹുവിന്റെ നാമ-വിശേഷണങ്ങൾ മാത്രം ചർച്ചചെയ്യുന്ന ഇമാം ഖുർത്വുബി(റഹി)യുടെ "അൽ അസ്നാ ഫീ ശർഹി അസ്മാഹില്ലാഹിൽ ഹുസ്നാ" എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ഏറ്റവും  ആദ്യത്തെ നാമമായി പരിചയപ്പെടുത്തുന്ന അല്ലാഹുവിന്റെ ഒരു നാമമാണ് شيء "ശൈഉൻ" അഥവാ വസ്തു എന്ന് അർത്ഥമുള്ള നാമം.

പരിശുദ്ധ ഖുർആൻ വചനം 6:19ൽ ആണ് "ശൈഉൻ" എന്ന നാമം ഉള്ളത്. യഥാർഥത്തിൽ ഈ നാമം വിരൽചൂണ്ടുന്നത് അല്ലാഹുവിന്റെ സാനിദ്ധ്യമാണ് അഥവാ അല്ലാഹു സന്നിഹിതനായിരിക്കുന്നു എന്നാണ് ഈ നാമം അറിയിക്കുന്നത്.

"തീർച്ചയായും ഗ്രന്ഥത്തിൽ (ഖുർആനിൽ) 'ശൈഉൻ' എന്ന ഈ നാമം, അവന്റെ വചനത്തിൽ വന്നിട്ടുണ്ട്. 'പറയുക: സാക്ഷ്യത്തിൽ വെച്ച് ഏറ്റവും വലിയത് ഏതു വസ്തുവാണ്? പറയുക: എന്റെയും നിങ്ങളുടെയും ഇടയിൽ അല്ലാഹു സാക്ഷിയാകുന്നു' ഖുർആൻ 6:19'" - ഇമാം ഖുർത്വുബി, الْأَسْنَى فِي شَرْحِ أَسْمَاءِ اللَّهِ الْحُسْنَى, പേജ് 91.

എങ്ങിനയാണ് "ശൈഉൻ" അഥവാ 'വസ്തു' എന്ന നാമം "സൃഷ്ടാവ് ഉണ്ടോ" എന്ന ചോദ്യത്തിനുള്ള മറുപടി ആകുക എന്ന് ചോദിച്ചാൽ, ഗ്രാമീണനായ ഒരു അറബിയോട് 'എന്താണ് രക്ഷിതാവ് ഉണ്ട് എന്നതിനുള്ള തെളിവ്?" എന്ന് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടിയാണ്. അദ്ദേഹം പറഞ്ഞു -

"യാ സുബ്ഹാനല്ലാഹ്, ചാണകം ഒട്ടകത്തെ അറിയിക്കുന്നു. കാലടയാളം നടന്നു പോയവനെ അറിയിക്കുന്നു. അപ്പോൾ രാശി മണ്ഡലങ്ങൾ ഉള്ള ആകാശം, വിശാലമായ നടമാർഗങ്ങൾ ഉള്ള ഭൂമി, തിരമാലകൾ ഉള്ള സമുദ്രം - ഇതൊന്നും സൂക്ഷഞാനിയായ ഒരുവനെ അറിയിക്കുന്നില്ലേ?" -ഇമാം ഇബ്നു കസീർ (റഹി), ഖുർആൻ 2:22.

അപ്പോൾ ഗ്രാമീണനായ ഈ അറബി പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ഏതൊരു ശക്തി-വിശേഷത്തിന്റെ സാന്നിധ്യം അറിയിക്കുന്നുവോ, ആ സാനിദ്ധ്യത്തെയാണ് പരിശുദ്ധ ഖുർആൻ വചനത്തിൽ വന്ന "ശൈഉൻ" എന്ന നാമം പ്രധിനിധാനം ചെയ്യുന്നത്.

പറഞ്ഞു വരുന്നത് എന്തെന്നാൽ, അല്ലാഹുവിന്റെ അസ്തിത്വവുമായി ബന്ധപെട്ട ഏതൊരു കാര്യവും ബന്ധപ്പെട്ടു കിടക്കുന്നത് അവന്റെ നാമ-വിശേഷണങ്ങളിൽ ആകുന്നു.

ഇനിയാണ് തൗഹീദിന്റെ നിർവചനം എന്താണ് എന്ന് മനസ്സിലാക്കേണ്ടത്. അഞ്ചും ആറും ഭാഗങ്ങളിൽ, തൗഹീദുമായി അഥവാ അല്ലാഹുവിന്റെ എകത്വവുമായി ബന്ധപെട്ട ഇതുവരെ പറഞ്ഞ കാര്യങ്ങൾ ആണ് താഴെ കൊടുത്തിട്ടുള്ളത്.

A. ഏകാനാക്കേണ്ടത് ആരെ?
B. ഏകാനാക്കേണ്ടത്  ഏതൊരു കാര്യത്തിൽ ?
C. തൗഹീദിന്റെ അടിസ്ഥാനം അല്ലാഹുവിന്റെ നാമ-വിശേഷണങ്ങൾ 
D. തൗഹീദിന്റെ അടിസ്ഥാനം അല്ലാഹുവിന്റെ പ്രവർത്തനങ്ങൾ

തൗഹീദിന്റെ ഒന്നാമത്തെ അടിസ്ഥാനം ആയ അല്ലാഹുവിന്റെ ഉന്നതങ്ങൾ ആയ നാമ-വിശേഷണങ്ങൾ വെച്ചുകൊണ്ടാണ്‌ തന്നെയാണ് പണ്ഡിതന്മാർ തൗഹീദിനെ നിർവചിച്ചത്.

E. തൗഹീദിന്റെ നിർവചനം

തൗഹീദ് അഥവാ അല്ലാഹുവിനെ ഏകാനാക്കുക എന്നതിനെ പണ്ഡിതന്മാർ പ്രധാനമായും വിഭചിച്ചത്  താഴെ കൊടുത്ത മൂന്ന് വിഭാഗങ്ങൾ ആയിക്കൊണ്ടാണ്.

1. രക്ഷാ കർതൃത്വത്തിൽ ഉള്ള ഏകത്വം (തൗഹീദ് റുബൂബിയ്യ)
2. ആരാധ്യതയിൽ ഉള്ള ഏകത്വം (തൗഹീദ് ഉലൂഹിയ്യ)
3. നാമവിശേഷണങ്ങളിൽ ഉള്ള  ഏകത്വം (തൗഹീദ് അസ്മാഇ വ സ്വിഫാത്തി )

الأول: توحيد الربوبية: وهو- إفراد الله - سبحانه وتعالى - بالخلق، والملك، والتدبير

النوع الثاني: توحيد الألوهية وهو - إفراد الله - سبحانه وتعالى - بالعبادة 

النوع الثالث: توحيد الأسماء والصفات وهو - إفراد الله - سبحانه وتعالى - بما سمى الله به نفسه، ووصف به نفسه في كتابه أو على لسان رسوله، صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وذلك بإثبات ما أثبته من غير تحريف، ولاتعطيل، ومن غير تكييف، ولا تمثيل

"ഒന്നാമത്തേത് : തൗഹീദ് റുബൂബിയ്യ: അതായത് പരിശുദ്ധനും ഉന്നതനും ആയ അല്ലാഹുവിനെ സൃഷ്ടിപ്പിലും, രാജാധികാരത്തിലും, സർവ്വ നിയന്ത്രണത്തിലും പ്രത്യേകം ആക്കുക

രണ്ടാമത്തെ വിഭാഗം: തൗഹീദ് ഉലൂഹിയ്യ: അതായത് പരിശുദ്ധനും ഉന്നതനും ആയ അല്ലാഹുവിനെ ആരാധനയിൽ പ്രത്യേകം ആക്കുക.

മൂന്നാമത്തെ വിഭാഗം: തൗഹീദ് അസ്മാഇ വ സ്വിഫാത്തി. അതായത് പരിശുദ്ധനും ഉന്നതനും ആയ അല്ലാഹുവിനെ, അവൻ അവനെ യാതൊന്ന് വിളിച്ചുവോ, അവന്റെ ഗ്രന്ഥത്തിലും (ഖുർആനിലും) അവന്റെ ദൂതന്റെ നാവുകൊണ്ടും അവനെ യാതൊന്ന് വിശേഷിപ്പിച്ചുവോ അതിൽ അവനെ പ്രത്യകം ആക്കുക. അപ്പ്രകാരം (സ്വന്തം വക) 'വിശദീകരണം' പറയാതെ, 'നിഷേധം' പറയാതെ, 'എങ്ങിനെ' എന്ന് പറയാതെ, 'ഉപമകൾ' പറയാതെ അവൻ (അല്ലാഹു) സ്ഥിരപ്പെടുത്തിയതിനെ സ്ഥിരപ്പെടുത്തൽ ആകുന്നു." - മജ്മൂഉ ഫതാവ,  ഇബ്നു ഉസൈമീൻ(റഹി).

മുകളിൽ പറഞ്ഞ മൂന്ന് വിഭാഗങ്ങളിൽ ഏതൊന്ന് എടുത്താലും അതിൽ എല്ലാം തന്നെ അല്ലാഹുവിന്റെ വിശിഷ്ടങ്ങളായ നാമവിശേഷണങ്ങളുടെ സാന്നിധ്യം നമുക്ക് കാണാം, അല്ലാഹുവിന്റെ നാമവിശേഷണങ്ങളുടെ സാന്നിധ്യം മാത്രമേ നമുക്ക് കാണുവാൻ സാധിക്കൂ.

തൗഹീദ് റുബൂബിയ്യയിൽ നമുക്ക് കാണുവാൻ സാധിക്കുന്നത് അല്ലാഹു മാത്രമാണ് സൃഷ്ടാവും, സംരക്ഷകനും, രാജാധികാരത്തിന്റെ ഉടയവനും, സംഹരിക്കുന്നവനും, സർവ്വനിയന്താവും എന്നത്പോലുള്ള, സർവ്വത്തിന്റെയും മേലുള്ള അല്ലാഹുവിന്റെ പരമാധികാരത്തെ കുറിക്കുന്ന നാമ-വിശേഷണങ്ങൾ ആകുന്നു.

ആരാധ്യതയിൽ ഉള്ള ഏകത്വത്തിൽ 'അൽ ഇലാഹ്' എന്ന അല്ലാഹുവിന്റെ നാമമാണ് പ്രധാനമായും കടന്നു വരുന്നത്. അല്ലാഹുവിൽ വിശ്വസിക്കുന്ന ആളുകളിൽ തന്നെ അധികപേരും പിഴച്ചുപോയി എന്ന് അല്ലാഹു തന്നെ (ഖുർആൻ 12:106) പറഞ്ഞ ഒരു സംഗതിയാണ് അല്ലാഹുവിന്റെ ആരാധ്യതയിൽ ഉള്ള ഏകത്വം എന്നത്. 

അല്ലാഹുവിന്നു മാത്രം അവകാശപെട്ട, പരിശുദ്ധ ഖുർആനും, തിരുസുന്നത്തും ആരാധ്യതയുടെ ഭാഗമായി എന്തെല്ലാം പഠിപ്പിച്ചുവോ അത് അല്ലാഹുവിന്നു മാത്രം വകവെച്ചു കൊടുക്കുമ്പോൾ മാത്രമാണ് 'അൽ ഇലാഹ്' എന്ന നാമ-വിശേഷണം അല്ലാഹുവിന്ന് മാത്രം വകവെച്ചുകൊടുക്കുന്നവനായി ഒരു വിശ്വാസി ആകുക.

അപ്പോൾ തൗഹീദ് അഥവാ അല്ലാഹുവിനെ ഏകാനാക്കൽ സംഭവിക്കുന്നത്‌ ഏതെല്ലാം കാര്യങ്ങളിൽ അല്ലാഹു പ്രത്യേകം ആയോ, അത് മുഴുവനും അല്ലാഹുവിന്ന് മാത്രം വകവെച്ചുകൊടുക്കുമ്പോൾ ആകുന്നു. 

മനുഷ്യന്റെയോ, മലക്കിന്റെയോ, ജിന്നിന്റെയോ, ഏതെങ്കിലും ഒരു സ്രിഷ്ടിയുടെയോ കഴിവിലോ / പ്രവർത്തനത്തിലോ അല്ല അല്ലാഹു പ്രത്യേകം ആയത്. അല്ലാഹുവിന്റെ ഏതെങ്കിലും കഴിവുകൾക്കോ ഏതെങ്കിലും പ്രവർത്തനങ്ങൾക്കോ അവന്റെ സൃഷ്ടികളുമായി യാതൊരു സാമ്യതയോ, തുല്യതയോ, ഉപമയോ ഇല്ല,  لَيْسَ كَمِثْلِهِ شَيْءٌ അഥവാ അവനെ പോലെ ഒന്നും ഇല്ല.

ശിർക്ക് 

തൗഹീദ് എന്താണെന്നു ഒരാൾ കൃത്ത്യമായി മനസ്സിലാക്കിയാൽ, ശിർക്ക് എന്താണെന്നു വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതാണ്. തൗഹീദിന്റെ നേരെ വിപരീധമാണ് ശിർക്ക്.

'ശരിക്ക' എന്ന അറബി പദത്തിൽനിന്നുമാണ് 'ശിർക്ക്' എന്ന പദം വന്നത്. 'ശരിക്ക' എന്നാൽ പങ്കുചേർത്തു എന്നാണു അർത്ഥം. വിഷയവുമായി ബന്ധപെട്ടു പറയുമ്പോൾ 'ശിർക്ക്' എന്നാൽ അല്ലാഹുവിന്റെ എകത്വത്തിൽ പങ്കുചേർക്കൽ എന്നാകുന്നു.

ഈമാനിന്റെ വിപരീധം കുഫ്ർ എന്ന പോലെ, ഹലാലിന്റെ വിപരീധം ഹറാം എന്ന പോലെ, സുന്നത്തിന്റെ വിപരീധം ബിദ്അത്ത് എന്ന പോലെ തൗഹീദിന്റെ വിപരീധം ആകുന്നു ശിർക്ക്.

 إن ضد هذا التوحيد هو الشرك بالله عز وجل، فإن كل شيء له ضد، والضد يبين بالضد 

فالشرك بالله عز وجل، هو ضد التوحيد الذي بعث الله به الرسل عليهم الصلاة والسلام

"തൗഹീദിന്റെ വിപരീധം എന്നാൽ അത് മഹത്വമുള്ളവനും, പ്രതാപവാനുമായ അല്ലാഹുവിൽ പങ്കുചേർക്കുക എന്നതാണ്. തീർച്ചയായും എല്ലാ കാര്യത്തിന്നും വിപരീധം ഉണ്ട്. വിപരീധം വിപരീധം കൊണ്ട് വ്യക്തമാകുന്നു...  

മഹത്വമുള്ളവനും, പ്രതാപവാനുമായ അല്ലാഹുവിൽ പങ്കുചേർക്കുക എന്നാൽ അത് ദൂദന്മാർ മുഖേന അല്ലാഹു അയച്ച തൗഹീദിന്റെ വിപരീധം ആകുന്നു." - മജ്മൂഉ ഫതാവ, ഇബ്നു ബാസ് (റഹി).

ആദിയിൽ ഏകനിൽ ഏകനായ, തന്റെ മുഴുവൻ നാമവിശേഷണങ്ങളിലും പരിപൂർണ്ണനായ, തന്റെ സർവാധികാരത്തിന്റെ ഒരംശം പോലും ആരുമായും പങ്കുവെക്കില്ല എന്ന് അല്ലാഹു തന്നെ പറഞ്ഞ, മുഇജിസത്തുകളിലൂടെയും പങ്കുവെക്കാത്ത, സൃഷ്ടികളുമായി യാതൊരു സാമ്യതയും ഇല്ലാത്ത അല്ലാഹുവിന്റെ ഏതെങ്കിലും കഴിവിലോ, പ്രവർത്തനത്തിലൊ ഉള്ള ഏതെങ്കിലും ഒന്നോ, ഒന്നിന്റെ അംശമോ അവന്റെ ഏതെങ്കിലും ഒരു സൃഷ്ടിയിൽ ഉണ്ട് എന്ന വിശ്വാസമോ പ്രവർത്തനമോ ആണ് ശിർക്ക് എന്ന് പറയുന്നത്.

ഈ വിഷയത്തിന്റെ ഒന്ന് മുതൽ നാല് വരെ ഉള്ള ഭാഗങ്ങളിൽ പരിശുദ്ധ ഖുർആനിന്റെയും, അതിനെ പണ്ഡിതന്മാർ വിശദീകരിച്ചതിന്റെ അടിസ്ഥാനത്തിലും പറഞ്ഞ തൗഹീദിന്റെ വിവിധ വശങ്ങളിൽ നിന്നും, അഞ്ചും ആറും ഭാഗങ്ങളിൽ പറഞ്ഞ തൗഹീദിന്റെ അടിസ്ഥാനങ്ങളിൽ നിന്നും ആണ് തൊട്ടു മുകളിൽ കൊടുത്ത ശിർക്കിന്റെ നിർവചനം വരുന്നത്.

അപ്പോൾ ശിർക്ക് എന്നുപറഞ്ഞാൽ അത് അല്ലാഹുവിന്റെ കഴിവും പ്രവർത്തനവുമായി ബന്ധപെട്ട  എന്നാൽ സൃഷ്ടിയുടെ കഴിവുമായോ പ്രവർത്തനവുമായോ ഒരു ബന്ധവും  ഇല്ലാത്ത ഒരു വിഷയം ആണ്. ഇത് വളരെ കൃത്ത്യമായി മനസ്സിലാക്കണം.

ഇനിയാണ് തൗഹീദും ശിർക്കുമായും ബന്ധപെട്ട സുപ്രധാനമായ വസ്തുതകൾ മനസ്സിലാക്കേണ്ടത്.

A. തൗഹീദിന്റെ നിർവചനം ആദിയിൽ പരിപൂർണ്ണം

ഒന്നാം ഭാഗത്ത് വളരെ കൃത്യമായി പറഞ്ഞ കാര്യമാണ്, സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത അവസ്ഥയിൽ ആദിയിൽ ഉള്ളവനാണ് അല്ലാഹു എന്ന കാര്യം. രണ്ടാം ഭാഗത്ത് പറഞ്ഞ മറ്റൊരു കാര്യമാണ് ആദിയിൽ തന്നെ തന്റെ സർവ്വ നാമ-വിശേഷനങ്ങളിലും പ്രവർത്തനങ്ങളിലും അല്ലാഹു പരിപൂർണ്ണൻ ആയി എന്ന കാര്യം.

രണ്ടാം ഭാഗത്ത് വിശദീകരിച്ച, പരിശുദ്ധ ഖുർആൻ അദ്ധ്യായം 112ൽ വന്ന  'സ്വമദ്' എന്ന അല്ലാഹുവിന്റെ നാമ-വിശേഷണത്തെ വിശദീകരിച്ചുകൊണ്ട് മഹാനായ സ്വഹാബിവര്യൻ ഇബ്നു അബ്ബാസ്‌ (റ) പറഞ്ഞതിന്റെ പ്രസക്തമായ ഭാഗം ഇവിടെ ആവർത്തിക്കുന്നു -

 وَهُوَ الَّذِي قَدْ كَمُلَ فِي أَنْوَاعِ الشَّرَفِ وَالسُّؤْدُدِ، وَهُوَ اللَّهُ سُبْحَانَهُ، هَذِهِ صِفَتُهُ لَا تَنْبَغِي إِلَّا لَهُ، لَيْسَ لَهُ كُفْءٌ، وليس كمثله شيء، سبحان الله الواحد القهار

"വിവിധങ്ങളായ തന്റെ സർവാധികാരത്തിലും മന്യതയിലും എല്ലാം തന്നെ പരിപൂർണ്ണത ഉള്ളവൻ ആകുന്നു അവൻ. അവനാകുന്നു പരിശുദ്ധനായ അല്ലാഹു. ഈ പറഞ്ഞ വിശേഷണങ്ങൾ എല്ലാം തന്നെ അവൻ (അല്ലാഹു) അല്ലാത്ത യാതൊരാൾക്കും വകവെച്ച് കൊടുക്കുവാൻ പാടില്ല. അവന്നു തുല്യനായിട്ടു ഒരാളും തന്നെ ഇല്ല. അവനെ പോലെ എന്ന് പറയുവാൻ ഒരാളും തന്നെയില്ല. എല്ലാത്തിനേയും വെല്ലുന്ന, ഏകനായ അവൻ പരിശുദ്ധനാകുന്നു." - ഇബ്നു കസീർ(റഹി), ഖുർആൻ 112:1-2.

അതെ, ഉന്നതനും പ്രതാപവാനുമായ അല്ലാഹു, അവൻ അവന്നുണ്ട്‌ എന്ന് പറഞ്ഞ സകല കഴിവുകളിലും പ്രവർത്തനങ്ങളിലും, സകലമാന സർവാധികാരത്തിലും  ആദിയിൽ തന്നെ പരിപൂർണ്ണൻ ആയി.

ഇപ്പ്രകാരം അല്ലാഹു തന്റെ സകല കഴിവുകളിലും പ്രവർത്തനങ്ങളിലും പരിപൂർണ്ണൻ ആയിട്ടുണ്ടെങ്കിൽ, അല്ലാഹു തന്റെ ഏകത്വത്തിൽ ആദിയിൽ പരിപൂർണ്ണൻ ആയിട്ടുണ്ടെങ്കിൽ തൗഹീദിന്റെ നിർവചനവും ആദിയിൽ പരിപൂർണ്ണം ആയിട്ടുണ്ട്‌.

കാര്യം അങ്ങിനെയാണെങ്കിൽ -

മനുഷ്യനെ സൃഷ്ടിച്ചപ്പോൾ, തൌഹീദിലേക്ക് പുതുതായി ഒന്നും വന്നിട്ടില്ല, തൗഹീദിന്റെ വിപരീധമായ ഷിർക്കിലേക്കും പുതുതായി ഒന്നും വന്നിട്ടില്ല.

മലക്കിനെ സൃഷ്ടിച്ചപ്പോൾ, തൌഹീദിലേക്ക് പുതുതായി ഒന്നും വന്നിട്ടില്ല, തൗഹീദിന്റെ വിപരീധമായ ഷിർക്കിലേക്കും പുതുതായി ഒന്നും വന്നിട്ടില്ല.

ജിന്നിനെ സൃഷ്ടിച്ചപ്പോൾ, തൌഹീദിലേക്ക് പുതുതായി ഒന്നും വന്നിട്ടില്ല, തൗഹീദിന്റെ വിപരീധമായ ഷിർക്കിലേക്കും പുതുതായി ഒന്നും വന്നിട്ടില്ല.

• ഏതെങ്കിലും ഒരു സൃഷ്ടിയെ സൃഷ്ടിച്ചപ്പോൾ, തൌഹീദിലേക്ക് പുതുതായി ഒന്നും വന്നിട്ടില്ല, തൗഹീദിന്റെ വിപരീധമായ ഷിർക്കിലേക്കും പുതുതായി ഒന്നും വന്നിട്ടില്ല.

അപ്പോൾ തൗഹീദിനെ കുറിച്ചും അതിന്റെ വിപരീധമായ ശിർക്കിനേയും കുറിച്ചും പഠിക്കുമ്പോൾ കടന്നുവരുന്നത്‌, അല്ല കടന്നുവരേണ്ടത് അല്ലാഹുവിന്റെ പരിശുദ്ധങ്ങളായ നാമവിശേഷണങ്ങളും അവന്റെ സാമ്യതയില്ലാത്ത പ്രവർത്തനങ്ങളും മാത്രം ആകുന്നു. സൃഷ്ടിക്കപ്പെടുകയും നശിപിക്കപ്പെടുകയും ചെയ്യുന്ന സൃഷ്ടികളുടെ കഴിവും  പ്രവർത്തനവും ഒന്നും തന്നെ തൗഹീദിന്റെയോ ശിർക്കിന്റെയോ ചർച്ചയിൽ ഒരു സ്ഥാനവും ഇല്ല. കാരണം സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ആദിയിൽ തൗഹീദ്  പരിപൂർണ്ണം ആയി.

ഇനി അതല്ല, മനുഷ്യനാകട്ടെ, മലക്കാകട്ടെ, ജിന്നാകട്ടെ, ഏതെങ്കിലും ഒരു സൃഷ്ടിയെ അല്ലാഹു സൃഷ്ടിച്ചപ്പോൾ പുതുതായി ഒരു കാര്യം തൗഹീദോ / ശിർക്കോ ആയി എന്ന് ഒരാൾ വാദിച്ചാൽ, തീർച്ചയായും ഒരു കേവല സൃഷ്ടിയുടെ കഴിവിന്നോ / പ്രവർത്തനത്തിന്നോ, അല്ലാഹുവിന്റെ കഴിവോ / പ്രവർത്തനമോ ആയി ഏതെങ്കിലും സാദ്രിശ്യം ഉണ്ട് എന്ന വളരെ അപകടംപിടിച്ച, പിഴച്ച വാദമാണ് ഉണ്ടാകുക. നാലാം ഭാഗത്ത് പറഞ്ഞ, ഇമാം ഇബ്നു കസീർ (റഹി) ഉദ്ധരിച്ച താക്കീത് ഒരിക്കൽക്കൂടി ഇവിടെ ഓർക്കേണ്ടതുണ്ട്.

بَلِ الْأَمْرُ كَمَا قَالَ الْأَئِمَّةُ -مِنْهُمْ نُعَيْم بْنُ حَمَّادٍ الْخُزَاعِيُّ شَيْخُ الْبُخَارِيِّ -: "مَنْ شَبَّهَ اللَّهَ بِخَلْقِهِ فَقَدْ كَفَرَ، وَمَنْ جَحَدَ مَا وَصَفَ اللَّهُ بِهِ نَفْسَهُ فَقَدْ كَفَرَ

"എന്നാൽ കാര്യം ഇമാം ബുഖാരിയുടെ ഉസ്താതായ നുഐമ്  ഇബ്നു ഹമ്മാദിനെ പോലുള്ള നേതാക്കൾ പറഞ്ഞത് പോലെയാണ്: - 'ആരെങ്കിലും അല്ലാഹുവിനെ, അവന്റെ സൃഷ്ടിയോട്‌ സാദ്രിശ്യപ്പെടുത്തിയാൽ അവൻ കാഫിറായി. ആരെങ്കിലും അല്ലാഹു അവനെ വിശേഷിപ്പിച്ചതിനെ നിഷേധിച്ചാൽ അവൻ കാഫിറായി.' അല്ലാഹുവും അവന്റെ ദൂദനും അവനെ (അല്ലാഹുവിനെ) വിശേഷിപ്പിച്ചതിൽ സദ്രിശ്യപ്പെടുത്തൽ ഇല്ല. "  ഇമാം ഇബ്നു കസീർ(റഹി), ഖുർആൻ 7:54.

അപ്പോൾ, ഒരു സൃഷ്ടിയെ അല്ലാഹു സൃഷ്ടിച്ചപ്പോൾ പുതുതായി ഒരു കാര്യം തൗഹീദോ / ശിർക്കോ ആയി എന്ന് വാദിക്കുന്ന ആൾ ആദ്യപടിയിൽ 'കാഫിർ' അഥവാ സത്യനിഷേധി ആയി. പിന്നീടു അയാൾ ചെന്നെത്തുന്നത് അല്ലാഹുവിന്ന് സമൻമാരെ സൃഷ്ടിക്കുന്ന, കാലാകാലം നരഗവാസം ഉറപ്പിക്കുന്ന കൊടിയ ശിർക്കിലെക്കാണ്, അല്ലാഹുവിൽ ശരണം, അല്ലാഹു അനുഗ്രഹിക്കുകയാണെങ്കിൽ അത് എങ്ങിനെ എന്ന് പറയാം.

اللهم إني أعوذ بك أن أشرك بك وأنا أعلم، وأستغفرك لما لا أعلم
"അല്ലാഹുവേ, അറിഞ്ഞു കൊണ്ട് നിന്നിൽ പങ്കുവെക്കുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. എനിക്ക് അറിയാത്തതിനെ തൊട്ട് ഞാൻ നിന്നോട് പാപമോചനവും തേടുന്നു"

തുടരും, ഇന്ഷാ അല്ലാാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
 ابو عبد المنان محمد نزامدين  ابن عبداللطيف

Thursday, August 14, 2014

തൗഹീദും ശിർക്കും - ഭാഗം - 6

അസ്സലാമുഅലൈക്കും വ റഹ്മതുല്ലാഹി

പ്രിയ സഹോദരങ്ങളെ

ഏതൊരു കാര്യത്തിലാണ് ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിനെ ഏകൻ ആക്കേണ്ടത് എന്നാണ് കഴിഞ്ഞ ഭാഗത്ത് പറഞ്ഞത്‌.

തീർച്ചയായും, ഏതൊരു വിശേഷണങ്ങളിൽ അവൻ സർവ്വഗുണ-സംബൂർണ്ണൻ ആയോ, ഏതൊരു പ്രവർത്തനങ്ങളിൽ  അവൻ സംബൂർണ്ണൻ ആയോ അതിൽ ആകുന്നു അല്ലാഹുവിനെ ഏകൻ ആക്കേണ്ടത്.

ആദിയിലോ, അവസാനത്തിലോ ഒരിക്കലും തന്നെ ഇല്ലാത്ത, സൃഷ്ടിക്കപ്പെടുകയും, നശിപ്പിക്കപ്പെടുകയും, തങ്ങളുടെ കഴിവുകളിൽ പരിധിയും, പരിമിധിയും ഒക്കെയുള്ള, മനുഷ്യന്റെയോ, മലക്കിന്റെയോ, ജിന്നിന്റെയോ, ഏതെങ്കിലും ഒരു സ്രിഷ്ടിയുടെയോ കഴിവുകളിലോ, പ്രവർത്തനങ്ങളിലോ അല്ല അല്ലാഹുവിനെ ഏകൻ ആക്കേണ്ടത് എന്നാണ് കഴിഞ്ഞ ഭാഗത്ത് സൂചിപിച്ചത്.

أنواع التوحيد بالنسبة لله عز وجل تدخل كلها في تعريف عام وهو إفراد الله سبحانه وتعالى بما يختص به 

"ഉന്നതനും പ്രതാപവാനുമായ അല്ലാഹുവുമായി ബന്ധപെട്ട തൗഹീദിന്റെ എല്ലാ നിർവചനങ്ങളും പൊതുവായ ഒരു നിർവചനത്തിൽ ഉൾകൊള്ളുന്നതാണ്. അതായത് അല്ലാഹുവിന്ന് പ്രത്യേകമായ കാര്യങ്ങളിൽ അവനെ മാത്രം തനിച്ചാക്കുക എന്നതാണ് ". - ഫതാവ ഇബ്നു ഉസൈമീൻ(റഹി).

അപ്പോൾ തൗഹീദിന്റെ എല്ലാ വശങ്ങളും കടന്നു വരുന്നത്, ഏതെല്ലാം കാര്യങ്ങളിൽ അല്ലാഹു തന്റെ സൃഷ്ടികളിൽ നിന്നും പ്രത്യേകം ആയോ, അതിൽ ആകുന്നു.

അതുകൊണ്ട് തന്നെ തൗഹീദ് അഥവാ അല്ലാഹുവിനെ ഏകാനാക്കൽ സംഭവിക്കുന്നത്‌, ഏതെല്ലാം കാര്യങ്ങളിൽ അല്ലാഹു തന്റെ സൃഷ്ടികളിൽ നിന്നും പ്രത്യേകം ആയോ അതിൽ അവനെ മാത്രം പ്രത്യേകം ആക്കുമ്പോൾ  ആകുന്നു.

ഏതൊക്കെയാണ് അല്ലാഹുവിന്ന് പ്രത്യേകം ആയ കാര്യങ്ങൾ?

അല്ലാഹുവിന്ന് പ്രത്യേകം ആയ കാര്യങ്ങൾ എന്നാൽ അത്  വളരെ വിശാലമായ രണ്ടു കാര്യങ്ങൾ ആകുന്നു.

ഒരിക്കൽ കൂടി ആവർത്തിച്ചു പറഞ്ഞാൽ,  ആ വിശാലമായ രണ്ടു കാര്യങ്ങളെ കുറിച്ചാണ് 'തൗഹീദ്' എന്ന് മറ്റൊരു പേരുള്ള, പരിശുദ്ധ ഖുർആൻ അദ്ധ്യായം 112ലെ ഒന്നാമത്തെ വചനത്തിൽ വന്ന അല്ലാഹുവിന്റെ നാമമായ 'അഹദ്'എന്ന നാമത്തെ വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്നു കസീർ (റഹി) പറഞ്ഞത് -

 لِأَنَّهُ الْكَامِلُ فِي جَمِيعِ صِفَاتِهِ وَأَفْعَالِهِ

"അവൻ (അല്ലാഹു) അവന്റെ മുഴുവൻ വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും പരിപൂർണ്ണൻ ആകുന്നു. " - ഇബ്നു കസീർ(റഹി), ഖുർആൻ  112:1-2.

ഇത്തരുണത്തിൽ തൗഹീദ് അഥവാ അല്ലാഹുവിനെ ഏകൻ ആക്കുക എന്നതിന്റെ അടിസ്ഥാനങ്ങൾ എന്നാൽ  അത് അവന്റെ നാമ-വിശേഷണങ്ങളും, പ്രവർത്തനങ്ങളും ആകുന്നു .

C. തൗഹീദിന്റെ അടിസ്ഥാനം അല്ലാഹുവിന്റെ നാമ-വിശേഷണങ്ങൾ 

അല്ലാഹുവിന്റെ ഏകത്വത്തിന്റെ അടിസ്ഥാനം എന്നാൽ അത് അവന്റെ ഉന്നതങ്ങളായ, തുല്യത ഇല്ലാത്ത, സാദ്രിശ്യം ഇല്ലാത്ത, ആരുമായും പങ്കുവെക്കാത്ത, അതിനെ പോലെ എന്ന് പറയുവാൻ വേറെ ഒന്ന് ഇല്ലാത്ത, ഉന്നതവും, മഹത്വമേറിയതുമായ അവന്റെ നാമ-വിശേഷണങ്ങൾ ആകുന്നു. അല്ലാഹു പറയുന്നു -

"അല്ലാഹുവിന്‌ ഏറ്റവും നല്ല നാമങ്ങൾ ഉണ്ട്. അതിനാല്‍ ആ നാമങ്ങളിൽ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തു വരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെ നല്‍കപ്പെടും." - ഖുർആൻ  7:180.

തൗഹീദ് അഥവാ അല്ലാഹുവിന്റെ ഏകത്വം, അത് മനസ്സിലാക്കേണ്ടത് അല്ലാഹിവിന്റെ നാമങ്ങൾ പ്രതിനിധാനം ചെയ്യുന്ന  വിശേഷണങ്ങൾ മനസ്സിലാക്കിക്കൊണ്ടായിരിക്കണം. അത് അതേപടി അങ്ങീകരിക്കുക, അത് സൃഷ്ടികളിൽ ഒരാൾക്കും വകവെച്ചുകൊടുക്കാതെ, അല്ലാഹുവിന്നു മാത്രം വകവെച്ചുകൊടുക്കുക, ആ പരിശുദ്ധങ്ങളായ നാമങ്ങൾകൊണ്ട്   അവന്റെ വിളിച്ചു പ്രാർത്ഥിക്കുക.

ഈ വചനത്തിന്റെ വിശദീകരണത്തിൽ, പണ്ഡിതന്മാരിൽ ബഹുഭൂരിഭാഗവും ചർച്ച ചെയ്ത, ഇമാം ബുഖാരി(റഹി)യും ഇമാം മുസ്ലിം(റഹി)യും അവരുടെ സ്വഹീഹുകളിൽ കൊടുത്ത ഒരു ഹദീസിൽ നബി(സ) പറയുന്നു -

"തീർച്ചയായും അല്ലാഹുവിന്നും തൊണൂറ്റി ഒൻപത് നാമങ്ങൾ ഉണ്ട്, നൂറിൽ ഒന്ന് കുറവ്. ആരെങ്കിലും അത് ശരിയാവണ്ണം പഠിച്ചാൽ,അവൻ സ്വർഗത്തിൽ പ്രവേശിച്ചു" - ബുഖാരി, മുസ്ലിം.

എന്നാൽ അല്ലാഹുവിന്റെ നാമങ്ങൾ തൊണൂറ്റി ഒൻപതിൽ പരിമിധമല്ലെന്നും, അതിന്റെ എണ്ണത്തിന്  കൃത്ത്യമായ ഒരു കണക്ക്  നമ്മുടെ പക്കൽ ഇല്ലെന്നും, അല്ലാഹുവിന്റെ പക്കൽ മാത്രമാണ് അതിന്റെ യഥാർത്ത വിവരമെന്നും, മറ്റു ഹദീസുകളെ ഉദ്ധരിച്ചുകൊണ്ട് ഇമാം ഇബ്നു കസീർ(റഹി)യെ പോലെ ഉള്ള പ്രാമാണികരായ പണ്ഡിതന്മാർ വിശദീകരിക്കുന്നുണ്ട്.

അല്ലാഹുവിന്റെ നാമവിശേഷണങ്ങളുടെ എണ്ണം അത് എത്രതന്നെ ആയായാലും അതിൽ എല്ലാം തന്നെ അവന്റെ ഏകത്വം ആദിയിൽ തന്നെ പരിപൂർണ്ണമായി, ഇന്നും പരിപൂർണ്ണം, സൃഷ്ടികൾ എല്ലാം നശിച്ചതിന്നു ശേഷം, അവസാനത്തിലും പരിപൂർണ്ണം. അല്ലാഹുവിന്റെ ഏകത്വത്തിലേക്ക് ഒന്നും കൂട്ടുവാനോ ഒന്നും കുറക്കുവാനോ ഇല്ല, ഒരിക്കലും ഇല്ല.

അങ്ങിനെ, അല്ലാഹു അവന്നാകുന്നു എന്ന് പറഞ്ഞ നാമവിശേഷണങ്ങളും, പ്രവർത്തനങ്ങളും അവന്നു മാത്രം വകവെച്ചുകൊടുക്കുമ്പോൾ  ആണ് തൗഹീദ് അഥവാ 'അല്ലാഹുവിനെ ഏകനാക്കൽസംഭവിക്കുന്നത്‌.

سَمَّى اللَّهُ سُبْحَانَهُ أَسْمَاءَهُ بِالْحُسْنَى لِأَنَّهَا حَسَنَةٌ فِي الْأَسْمَاعِ وَالْقُلُوبِ، فَإِنَّهَا تَدُلُّ عَلَى تَوْحِيدِهِ وَكَرَمِهِ وَجُودِهِ وَرَحْمَتِهِ وَإِفْضَالِهِ.

"പരിശുദ്ധനായ അല്ലാഹു അവന്റെ നാമങ്ങളെ നല്ലത് എന്നാണ് വിളിച്ചിരിക്കുന്നത്, കാരണം അത് ഹ്രിദയങ്ങൾക്കും കേൾവികൾക്കും നല്ലതാണ്. തീർച്ചയായും അതറിയിക്കുന്നത് അവന്റെ ഏകത്വവും, അവന്റെ മാന്യതയും, അവന്റെ വിശാല-ഗുണവും, അവന്റെ കാരുണ്യവും, അവന്റെ ഔദാര്യവും ആകുന്നു." - ഇമാം ഖുർത്വുബി(റഹി), ഖുർആൻ 7:180.

അതെ, അല്ലാഹുവിന്റെ നാമ-വിശേഷണങ്ങൾ അറിയിക്കുന്നത് അവന്റെ ഏകത്വം ആകുന്നു.

അതുകൊണ്ട് തന്നെയാണ് തൗഹീദിന്റെ അടിസ്ഥാനം എന്നാൽ അത് അല്ലാഹുവിന്റെ, സാദ്രിശ്യം ഇല്ലാത്ത, തുല്യത ഇല്ലാത്ത, ആരുമായും പങ്കുവെക്കാത്ത, അതിനെ പോലെ എന്ന് പറയുവാൻ വേറെ ഒന്ന് ഇല്ലാത്ത ഉന്നതവും, മഹത്വമേറിയതുമായ അവന്റെ നാമ-വിശേഷണങ്ങൾ ആകുന്നു എന്ന് പറയുന്നത്.

കാര്യം അങ്ങിനെയാണെങ്കിൽ -

• അല്ലാഹു 'പരമകാരുണ്യകൻ' ആകുന്നു എന്ന് പറഞ്ഞാൽ അത് അവന്നു മാത്രം വകവെച്ചു കൊടുക്കുന്നതാണ് തൗഹീദ്.

• അല്ലാഹു 'എല്ലാം കേൾക്കുന്നവൻ' ആകുന്നു എന്ന് പറഞ്ഞാൽ അത് അവന്നു മാത്രം വകവെച്ചു കൊടുക്കുന്നതാണ് തൗഹീദ്.

• അല്ലാഹു 'എല്ലാം കാണുന്നവൻ' ആകുന്നു എന്ന് പറഞ്ഞാൽ അത് അവന്നു മാത്രം വകവെച്ചു കൊടുക്കുന്നതാണ് തൗഹീദ്.

• അല്ലാഹു അവന്നുണ്ട്‌ എന്ന് പറഞ്ഞ ഏതെല്ലാം 'നാമ-വിശേഷണങ്ങൾ' ഉണ്ടോ, അതെല്ലാം തന്നെ അവന്നു മാത്രം വകവെച്ചു കൊടുക്കുന്നതാണ് തൗഹീദ്.

അതേസമയം -

മനുഷ്യന്ന് കേൾവിയും, കാഴ്ചയും ഉണ്ടെങ്കിൽ ആ കഴിവ്   അല്ലാഹുവിന്ന്  മാത്രം വകവെച്ചുകൊടുക്കുന്നത് അല്ല തൗഹീദ്.

• നിശ്ചയിക്കപ്പെട്ട  മലക്കുകൾ  മനുഷ്യൻ പ്രവൃത്തിക്കുന്നത് അറിയുന്നു എന്ന്  പറഞ്ഞാൽ, മലക്കുകളുടെ ആ കഴിവ്  അല്ലാഹുവിന്ന്  മാത്രം വകവെച്ചുകൊടുക്കുന്നത് അല്ല തൗഹീദ്.

• ജിന്നുകൾ,   മനുഷ്യന്ന് അങ്ങോട്ട്‌ കാണാതെ, മനുഷ്യനെ ഇങ്ങോട്ട്  കാണുന്നു എന്ന് പറഞ്ഞാൽ, ജിന്നുകളുടെ ആ കഴിവ് അല്ലാഹുവിന്ന് മാത്രം വകവെച്ചുകൊടുക്കുന്നത് അല്ല തൗഹീദ്.

മനുഷ്യന്റെയോ, മലക്കിന്റെയോ, ജിന്നിന്റെയോ, ഏതെങ്കിലും സൃഷ്ടികളുടെയോ കഴിവുകളിൽ അല്ല അല്ലാഹുവിനെ ഏകൻ ആക്കേണ്ടത് കാരണം, നാലാം ഭാഗത്ത് വളരെ കൃത്യമായി സൂചിപ്പിച്ച പോലെ  അല്ലാഹുവിന്റെ കഴിവിന്ന് സൃഷ്ടികളുടെ കഴിവുമായി സാദ്രിശ്യം ഇല്ല, അല്ലാഹുവിന്റെ കഴിവ് സൃഷ്ടികളുടെ കഴിവ് പോലെ അല്ല, അല്ലാഹുവിന്റെ കഴിവുകൾക്ക് സൃഷ്ടികളിൽ ഉപമ ഇല്ല.

D. തൗഹീദിന്റെ അടിസ്ഥാനം അല്ലാഹുവിന്റെ പ്രവർത്തനങ്ങൾ

അല്ലാഹുവിന്റെ നാമ-വിശേഷനങ്ങളോടൊപ്പം വരുന്ന തൗഹീദിന്റെ രണ്ടാമത്തെ അടിസ്ഥാന കാര്യമാണ് അല്ലാഹുവിന്റെ പ്രവർത്തനങ്ങൾ.

പരിശുദ്ധ ഖുർആനിലും നബി(സ)യുടെ ഹദീസുകളിലും അല്ലാഹുവിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളെ കുറിച്ച് ധാരാളം കാണാവുന്നതാണ്. അത്തരം പ്രവർത്തനങ്ങൾ എങ്ങിനെയാണ് ഒരു സത്യവിശ്വാസി മനസ്സിലാക്കേണ്ടത് എന്നും, എന്തൊരു നിലപാടാണ് അതിനോട് ഒരു സത്യവിശ്വാസി സ്വീകരിക്കേണ്ടത് എന്നും ഒക്കെ അത് വിശദീകരിച്ച പണ്ഡിതന്മാർ വളരെ കൃത്യമായി നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്.

وَأَنَّ الْمَسْلَكَ الْأَسْلَمَ فِي ذَلِكَ طَرِيقَةُ السَّلَفِ إِمْرَارُ مَا جَاءَ فِي ذَلِكَ مِنَ الْكِتَابِ وَالسُّنَّةِ مِنْ غَيْرِ تَكْيِيفٍ وَلَا تَحْرِيفٍ وَلَا تَشْبِيهٍ وَلَا تَعْطِيلٍ وَلَا تَمْثِيلٍ

"സലഫുകളുടെ (മുൻഗാമികളുടെ) പാതയാണ് ഇത്തരം കാര്യങ്ങൾ സൂക്ഷ്മതയോടുകൂടി മനസ്സിലാക്കുന്നതിനുള്ള വഴി. അവരുടെ വഴി എന്നാൽ, ഖുർആനിലും നബിചര്യയിലും എന്തെലാം വന്നോ, അത്  'എങ്ങിനെ' എന്ന് പറയാതെ, (സ്വന്തം വക) 'വിശദീകരണം' പറയാതെ, (സൃഷ്ടികളോട് ) 'സാദ്രിശ്യം' പറയാതെ, 'നിഷേധം' പറയാതെ, 'ഉപമകൾ' പറയാതെ സ്വീകരിക്കൽ ആകുന്നു " - ഇമാം ഇബ്നു കസീർ(റഹി), ഖുർആൻ 20:5-8.

അല്ലാഹുവിന്റെ പ്രവർത്തനങ്ങളിൽ ഒന്നായ  اسْتَوَى നെ അഥവാ  സിംഹാസനത്തിൽ ഉള്ള ആരോഹണത്തെ കുറിച്ച് വിശദീകരിക്കുന്നിടത്ത്, അല്ലാഹുവിന്റെ പ്രവർത്തനങ്ങളോട് മുൻഗാമികൾ സ്വീകരിച്ച നിലപാട് എന്താണ് എന്നാണ് മഹാനായ ഇമാം ഇബ്നു കസീർ (റഹി)  വിശദീകരിച്ചത്.

• അല്ലാഹു തന്റെ ദാസനോട്  'നേരിട്ട് സംസാരിച്ചു' എന്ന് പറഞ്ഞാൽ അത് അവന്റെ സൃഷ്ടികളുടെ സംസാരവുമായി സാദ്രിശ്യപ്പെടുത്താതെ, തുലനം ചെയ്യാതെ, അല്ലാഹുവിന്നു മാത്രം യോജിച്ച രീതിയിൽ അവൻ സംസാരിച്ചു എന്ന് വകവെച്ചുകൊടുക്കുന്നതാകുന്നു തൗഹീദ്.

• അല്ലാഹു 'ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരും' എന്ന് പറഞ്ഞാൽ അത് അവന്റെ സൃഷ്ടികളുടെ ഇറക്കവുമായി സാദ്രിശ്യപ്പെടുത്താതെ, തുലനം ചെയ്യാതെ, അല്ലാഹുവിന്നു മാത്രം യോജിച്ച രീതിയിൽ അവൻ ഇറങ്ങുന്നു എന്ന് വകവെച്ചുകൊടുക്കുന്നതാകുന്നു തൗഹീദ്.

• അല്ലാഹു തന്റെ 'തന്റെ അടിമയുടെ പ്രവർത്തനം കണ്ടുകൊണ്ടിരിക്കുന്നു' എന്ന് പറഞ്ഞാൽ അത് അവന്റെ സൃഷ്ടികളുടെ കാഴ്ചയുമായി സാദ്രിശ്യപ്പെടുത്താതെ, തുലനം ചെയ്യാതെ, അല്ലാഹുവിന്നു മാത്രം യോജിച്ച രീതിയിൽ അവൻ കാണുന്നു എന്ന് വകവെച്ചുകൊടുക്കുന്നതാകുന്നു തൗഹീദ്.

مَذْهَب أهل السّنة وَالْجَمَاعَة أَن أَفعَال الله تَعَالَى لَا تقاس بِأَفْعَال عباده وَلَا تدخل تَحت شرائع عُقُولهمْ القاصرة بل أَفعاله لَا تشبه أَفعَال خلقه وَلَا صِفَاته صفاتهم وَلَا ذَاته ذواتهم لَيْسَ كمثله شَيْء وَهُوَ السَّمِيع الْبَصِير

"അഹ്ലു സുന്നത്ത് വൽ ജമാത്തിന്റെ നിലപാട് എന്തെന്നാൽ, തീർച്ചയായും ഉന്നതനായ അല്ലാഹുവിന്റെ പ്രവർത്തനങ്ങൾ അവന്റെ അടിമയുടെ പ്രവർത്തനങ്ങളുമായി തുലനം ചെയ്യൽ ഇല്ല, പരിമിധമായ അവരുടെ ബുദ്ധിയിൽ അത് പ്രവേശിക്കുക ഇല്ല. 

അവന്റെ പ്രവർത്തനങ്ങൾ എന്നാൽ, അതിന്ന് അവന്റെ സൃഷ്ടികളുടെ പ്രവർത്തനങ്ങളുമായി സാദ്രിശ്യം ഇല്ല, അവന്റെ വിശേഷണം അവരുടെ വിശേഷണം അല്ല, അവന്റെ സത്ത അവരുടെ സത്തകൾ (പോലെ) അല്ല, അവനെ പോലെ ഒന്നും ഇല്ല, അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനും ആകുന്നു " - ഇമാം ഇബ്നു ഖയ്യിം(റഹി), مفتاح دار السعادة

കാര്യം അങ്ങിനെയാണെങ്കിൽ -

മനുഷ്യൻ  എന്തെങ്കിലും ഒരു കാര്യം പ്രവൃത്തിച്ചാൽ  അത് അല്ലാഹുവിന്ന് മാത്രം വകവെച്ചുകൊടുക്കുന്നത് അല്ല തൗഹീദ്.

• മലക്കിന്ന്  ആകാശ ലോകത്ത്  സഞ്ചരിക്കുവാൻ സാധിക്കും എങ്കിൽ ആ പ്രവർത്തനം  അല്ലാഹുവിന്നു മാത്രം വകവെച്ചുകൊടുക്കുന്നത് അല്ല തൗഹീദ്.

• ജിന്നിന്ന്  കടലിൽ നിന്നും മുത്തും പവിഴവും കൊണ്ടുവരുവാൻ സാധിക്കും എങ്കിൽ ആ പ്രവർത്തനം   അല്ലാഹുവിന്നു മാത്രം വകവെച്ചുകൊടുക്കുന്നത് അല്ല തൗഹീദ്.

• ഏതെങ്കിലും ഒരു സൃഷ്ടിയുടെ എന്തെങ്കിലും  ഒരു പ്രവർത്തനം  അല്ലാഹുവിന്നു മാത്രം വകവെച്ചുകൊടുക്കുന്നത് അല്ല തൗഹീദ്.

ഏതൊരു പ്രവർത്തനങ്ങളിൽ അല്ലാഹുവിന്നു അവന്റെ സൃഷ്ടികളുമായി ഒരു സാമ്യത ഇല്ലയോ, ഉപമ ഇല്ലയോ, തുലനം ചെയ്യൽ ഇല്ലയോ,  അത് അല്ലാഹുവിന്നു മാത്രം വകവെച്ചുകൊടുക്കുമ്പോൾ ആണ് തൗഹീദ് അഥവാ അല്ലാഹുവിനെ എകനാക്കൽ ഒരാളുടെ ജീവിതത്തിൽ ഉണ്ടാകുന്നത്.

എന്നാൽ ഈ പറഞ്ഞതിന്ന് വിരുദ്ധമായി,  മനുഷ്യന്റെയോ, മലക്കിന്റെയോ, ജിന്നിന്റെയോ, ഏതെങ്കിലും സൃഷ്ടികളുടെയോ കഴിവുകളിൽപെട്ടതോ / പ്രവര്‍ത്തനങ്ങളിൽ പെട്ടതോ ആയത് അല്ലാഹുവിന്ന് മാത്രം വകവെച്ച് കൊടുക്കുന്നത് തൗഹീദിന്റെ ഭാഗം ആണ് എന്ന് ഒരാൾ വാദിച്ചാൽ, തീർച്ചയായും അയാൾ അല്ലാഹുവിന്റെ കൂടെ അവന്റെ സൃഷ്ടിയേയും ഏകനാക്കി, അല്ലാഹുവിൽ ശരണം.

• ആദിയിലും അവസാനത്തിലും  സര്‍വ്വഗുണ-സമ്പൂര്‍ണ്ണമായ അല്ലാഹഹുവിന്റെ നാമങ്ങളെ പറ്റി അലാഹു തന്നെ പറയുന്നു وَلِلَّهِ الْأَسْمَاءُ الْحُسْنَى അഥവാ  'അല്ലാഹുവിന്‌ ഏറ്റവും നല്ല നാമങ്ങൾ ഉണ്ട്' എന്ന്.

• ആദിയിലും അവസാനത്തിലും സര്‍വ്വഗുണ-സമ്പൂര്‍ണ്ണമായ അല്ലാഹഹുവിന്റെ നാമങ്ങളെ പറ്റിയും അവന്റെ പ്രവർത്തനങ്ങളെ  പറ്റിയും  അലാഹു തന്നെ പറയുന്നു لَيْسَ كَمِثْلِهِ شَيْءٌ അഥവാ 'അവനെ പോലെ ഒന്നും ഇല്ല' എന്ന്.

അല്ലാഹു അവന്നുണ്ട്‌ എന്ന് പറയാത്ത, ആദിയിൽ ഇല്ലാത്ത, അവസാനത്തിലും ഇല്ലാത്ത, സൃഷ്ടിക്കപ്പെടുകയും, നശിപ്പിക്കപ്പെടുകയും ചെയ്യുന്ന, പരിധിയും, പരിമിധിയും, ന്യൂനതകളും ഒക്കെ ഉള്ള മനുഷ്യന്റെയോ, ജിന്നിന്റെയോ, മലക്കിന്റെയോ, ഏതെങ്കിലും സൃഷ്ടിയുടെയോ കഴിവുകളിൽ പെട്ടതോ, പ്രവർത്തനങ്ങളിൽ പെട്ടതോ ആയത്, അല്ലാഹുവിന്റെ ഏകത്വത്തിന്റെ അഥവാ തൗഹീദിന്റെ ഭാഗാമാണ് എന്ന് ഒരാൾ വാദിച്ചാൽ, തീർച്ചയായും അയാൾ അല്ലാഹുവിന്റെ കൂടെ അവന്റെ സൃഷ്ടിയേയും ഏകനാക്കിയവൻ ആയി, അങ്ങിനെ അയാൾ  അല്ലാഹുവിന്റെ ഏകത്വത്തിൽ അവന്റെ സൃഷ്ടിയെ പങ്കാളിയാക്കിയവൻ ആയി , അങ്ങിനെ അയാൾ അല്ലാഹുവിന്ന് സമൻമാരെ ഉണ്ടാക്കിയവൻ ആയി, അല്ലാഹുവിൽ ശരണം. 

തുടരും ഇൻഷാ അല്ലാഹു

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവര്‍ ചമച്ചു പറയുന്നതില്‍ നിന്നെല്ലാം എത്ര പരിശുദ്ധന്‍! ദൂതന്‍മാര്‍ക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ
 ابو عبد المنان محمد نزامدين  ابن عبداللطيف