Wednesday, June 3, 2020

ഒരു മൃഗ സ്നേഹം

ഒരു മൃഗ സ്നേഹം 

സ്‌ഫോടകവസ്തു നിറച്ച കൈതച്ചക്ക തിന്ന് ആന ചരിഞ്ഞപ്പോൾ തുടങ്ങിയ  മൃഗ സ്നേഹം വല്ലാതെ അണപൊട്ടുന്നത് കണ്ടപ്പോൾ ചില വസ്തുതകൾ ആലോചിച്ചുപോയി.

വളരെയധികം സമയവും അദ്ധ്വാനവും ഒക്കെ ചിലവഴിച്ചുകൊണ്ട് ഒരു കർഷകൻ ഉണ്ടാക്കിയ കൃഷി നിമിഷങ്ങൾ കൊണ്ട് നശിപ്പിക്കപ്പെടുമ്പോൾ അതിൽ ഈ ആളുകൾക്ക് ഒരു സന്ദേഹവും ഇല്ലേ?

കർഷകന്റെ ഭാഗത്ത് നിന്നുകൊണ്ട് ചിന്തിച്ചിട്ടുണ്ടോ? സ്വന്തം കുടുംബത്തിലെ ഒരാൾ ദാരുണമായി നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന അതേ വേദന തന്നെയാണ് ആറ്റുനോറ്റുകൊണ്ട് താൻ ഉണ്ടാക്കിയ കൃഷി നഷ്ടപ്പെടുമ്പോൾ  ഒരു കർഷകൻ അനുഭവിക്കുന്നത്.

തന്നെ ഒട്ടും ബാധിക്കാത്ത ഒരു ആന ചരിയുമ്പോൾ സ്നേഹം ഉരുണ്ടുകൂട്ടാൻ വലിയ പ്രയാസമൊന്നുമില്ല. ഇവരുടെയൊക്കെ വീടിന്റെ മതിലിലോ ഗെയ്റ്റിലോ ഒക്കെ ആന വന്ന് ഒരു ഇടി കൊടുത്താൽ ഇക്കണ്ട സ്നേഹമൊക്കെ മാളത്തിലൊളിക്കും. ആന കളി തുടർന്നാൽ വനപാലകരെ വിളിച്ച് "വെക്കേടാ വെടി" എന്ന് പറയുവാൻ ഒരു സന്ദഹവും കാണില്ല.

ആനക്ക് വേണ്ടി ഇറക്കിയ പോസ്റ്ററിൽ അതിന്റെ വയറ്റിലുള്ള കുട്ടിയെ വരെ കാണിച്ചിട്ടുണ്ട്. ജാതിവെറിയുടെയും, ഒരു മത വെറിയുടെയും പേരിൽ ഗർഭിണികൾ അടക്കമുള്ള നിരപരാധികൾ കൊല്ലപ്പെട്ടപ്പോൾ നിങ്ങളുടെയൊക്കെ മനുഷ്യസ്നേഹം എവിടെയായിരുന്നു? എത്ര പോസ്റ്റർ നിങ്ങൾ ഇറക്കി? അതല്ല, മൃഗത്തോട് മാത്രമേ നിങ്ങൾക്ക് ഒരു സ്നേഹമുള്ളൂ എന്നാണോ?  

മനുഷ്യന്റെ ജീവന്നും, അവന്റെ അഭിമാനത്തിനും, അവന്റെ സ്വത്തിനുമൊക്കെ വിലയും നിലയും കൊടുത്തിട്ട് മതി ഒരു മൃഗത്തെ സ്നേഹിക്കുവാൻ എന്നതാണ് എന്റെ നിലപാട്. 

ഇപ്പറഞ്ഞതിന്റെ അർഥം കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ ഇങ്ങിനെ കൈകാര്യം ചെയ്യണം എന്നല്ല. അവിടെയാണ് ഉത്തരവാദിത്വ ബോധം ഉണ്ടായേക്കാവുന്ന വനം വകുപ്പ് ഉണർന്ന് പ്രവൃത്തിക്കേണ്ടത്, കർഷകന്റെ വിള സംരക്ഷിക്കുവാൻ സഹായിക്കേണ്ടത്.

അതിനെങ്ങിനെയാണ്, വന വകുപ്പ് എന്ന് കേൾക്കുമ്പോൾ തന്നെ ഓർമയിൽ വരുന്നത് വർഷങ്ങൾക്ക് മുൻപ് വയനാട് ജില്ലയിൽ നടന്ന പേര്യ മരം മുറിപോലുള്ള കള്ളക്കടത്തിനെ കുറിച്ചാണ്. 

കാട്ടിലെ ആനകളെ കൊന്നുകൊണ്ട് അതിന്റെ കൊമ്പും, പുലികളെ കൊന്ന് പുലിത്തോലും, അതിന്റെ നഖവും, മരം വെട്ടിക്കൊണ്ട് തേക്കും, ചന്ദനവുമൊക്കെ കടത്തിക്കൊണ്ടു പോകുവാൻ ഒത്താശ ചെയ്യുന്ന ഒരു കൊള്ളസംഘത്തെ ഓർത്തുപോകുകയാണ്. വനഭൂമി കയ്യേറി റിസോർട്ടുകളും, പാർട്ടിക്ക് വേണ്ടി മാളികകൾ വരെ പണിത ആളുകളെയുമൊക്കെ ഓർത്തുപോകുകയാണ് ഈ അവസരത്തിൽ.

"കാട്ടിലെ തടി തേവരുടെ ആന" എന്ന ചൊല്ലുപോലും ഈ ഒഫീഷ്യൽ കൊള്ള സംഘത്തിന്റെ ചെയ്തികൾ മൂലം ഉണ്ടായതല്ലേ?

ഇത്രയും കാലമായി ഇതൊക്കെ കാണുമ്പോൾ ഇല്ലാത്ത ഒരു മൃഗസ്നേഹം ഇപ്പൊ കാണുമ്പോൾ ചല സംഗതികൾ ഓർത്തു പോയതാണ്. ഈ ഓർമിക്കൽ ഒരു തെറ്റാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല, അത് കൊണ്ട്, ഓർത്ത ചില കാര്യങ്ങൾ പങ്കുവെച്ചു എന്ന് മാത്രം.

No comments:

Post a Comment