Tuesday, May 10, 2016

തൗഹീദും ശിർക്കും - ഭാഗം - 11

അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി

പ്രിയ സഹോദരങ്ങളെ

ഉന്നതനും പ്രതാപവാനുമായ അല്ലാഹുവിന്റെ അന്യൂനമായ അസ്ഥിത്വത്തിന്നു നേരെ വികല വാദങ്ങൾ ഉന്നയിക്കുന്നവർ എത്തിപ്പെട്ട കുഫ്രിന്റെയും വഴികേടിന്റെയും ആഴമാണ് കഴിഞ്ഞ രണ്ടു ഭാഗങ്ങളിൽ പറഞ്ഞത്.

സൃഷ്ടികൾ ഒന്നും തന്നെ ഇല്ലാത്ത ആദിയിൽ പരിപൂർണ്ണമായ, സൃഷ്ടികളോട് ഒരു സാമ്യതയും  ഇല്ലാത്ത, സൃഷ്ടികളിൽ ഒരു  ഉപമയും ഇല്ലാത്ത  അല്ലാഹുവിന്റെ നാമ-വിശേഷണങ്ങളോടും, അവന്റെ അധീശാധികാരത്തോടും, അവന്റെ പ്രവർത്തനങ്ങളോടും പ്രമാണങ്ങളുടെ വെളിച്ചത്തിൽ മുൻഗാമികൾ സ്വീകരിച്ച നിലപാടിനെ ഒരിക്കൽ കൂടി ഓർക്കേണ്ടതുണ്ട്.


وَمَذْهَبُ سَلَفِ الْأُمَّةِ وَأَئِمَّتِهَا أَنْ يُوصَفَ اللَّهُ بِمَا وَصَفَ بِهِ نَفْسَهُ وَبِمَا وَصَفَهُ بِهِ رَسُولُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ غَيْرِ تَحْرِيفٍ وَلَا تَعْطِيلٍ؛ وَلَا تَكْيِيفٍ وَلَا تَمْثِيلٍ. فَلَا يَجُوزُ نَفْيُ صِفَاتِ اللَّهِ تَعَالَى الَّتِي وَصَفَ بِهَا نَفْسَهُ؛ وَلَا يَجُوزُ تَمْثِيلُهَا بِصِفَاتِ الْمَخْلُوقِينَ؛ بَلْ هُوَ سُبْحَانَهُ {لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ} لَيْسَ كَمِثْلِهِ شَيْءٌ لَا فِي ذَاتِهِ وَلَا فِي صِفَاتِهِ وَلَا فِي أَفْعَالِهِ.

"ഈ സമുദായത്തിലെ മുൻഗാമികളുടെയും അവരുടെ നേതാക്കളുടെയും നിലപാട് എന്തെന്നാൽ, അല്ലാഹുവിന്റെ വിശേഷണങ്ങൾക്ക് (സ്വന്തം  വക) വിശദീകരണം പറയാതെ, നിഷേധിക്കാതെ, എങ്ങിനെ എന്ന് പറയാതെ, (സൃഷ്ടികളോട് ) സാദ്രിശ്യം പറയാതെ അല്ലാഹു എന്തൊന്ന് കൊണ്ട് അവനെ വിശേഷിപ്പിച്ചുവോ, അവന്റെ തിരു നബി(സ) എന്തൊന്ന് കൊണ്ട് അവനെ വിശേഷിപ്പിച്ചുവോ അത്കൊണ്ട് അല്ലാഹുവിനെ വിശേഷിപ്പിക്കലാണ്. 

അല്ലാഹു അവനെ യാതൊന്നു കൊണ്ട് വിശേഷിപ്പിച്ചുവോ,  ആ വിശേഷണത്തെ  നിരാകരിക്കൽ അനുവദനീയമല്ല. സൃഷ്ടികളുടെ വിശേഷണങ്ങളുമായി അതിനെ ഉപമപ്പെടുത്തൽ അനുവദനീയമല്ല. അതേസമയം  പരിശുദ്ധനായ അവൻ, 'അവന്നു  തുല്യമായി ഒരാളും തന്നെയില്ല, അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാണ്.' അവനെപ്പോലെ എന്ന് പറയുവാൻ ഒന്നും തന്നെയില്ല, അവന്റെ ദാത്തിൽ ഇല്ല, അവന്റെ വിശേഷണത്തിൽ ഇല്ല , അവന്റെ പ്രവർത്തനങ്ങളിൽ ഇല്ല." - ഉപമകളെ നിരാകരിക്കുന്നതിലും, വിശേഷണങ്ങളെ സ്ഥിരപ്പെടുത്തുന്നതിലുമുള്ള അഹ്ലുസുന്നത്തിന്റെ മാർഗം,   മജ്‌മൂഉ ഫതാവ, ഇമാം ഇബ്നു ത്വൈമിയ്യ(റഹി).

തൗഹീദിന്റെ ഉപമ 

കാര്യങ്ങൾ വ്യക്തമാക്കുവാൻ വേണ്ടി ഒരു കൊതുകിനെപോലും ഉപമ കൊണ്ടുവരുവാൻ ലജ്ജയില്ല എന്ന് പരിശുദ്ധ ഖുർആൻ വചനം 2:26 ൽ  പ്രഖ്യാപിച്ച ഉന്നതനും പ്രതാപവാനുമായ അല്ലാഹു ഇതാ അവന്റെ ഏകത്വത്തിന്ന് ഒരു ഉപമ പറയുന്നു.

ضَرَبَ لَكُمْ مَثَلًا مِنْ أَنْفُسِكُمْ هَلْ لَكُمْ مِنْ مَا مَلَكَتْ أَيْمَانُكُمْ مِنْ شُرَكَاءَ فِي مَا رَزَقْنَاكُمْ فَأَنْتُمْ فِيهِ سَوَاءٌ تَخَافُونَهُمْ كَخِيفَتِكُمْ أَنْفُسَكُمْ كَذَلِكَ نُفَصِّلُ الْآيَاتِ لِقَوْمٍ يَعْقِلُونَ - سورة الروم:28
"നിങ്ങളുടെ കാര്യത്തിൽ നിന്നു തന്നെ അല്ലാഹു നിങ്ങൾക്കിതാ ഒരു ഉപമ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളിൽ ആരെങ്കിലും നിങ്ങൾക്ക്‌ നാം നൽകിയ കാര്യങ്ങളിൽ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ? എന്നിട്ട്‌ നിങ്ങൾ അന്യോന്യം ഭയപ്പെടുന്നത്‌ പോലെ അവരെ ( അടിമകളെ )യും നിങ്ങൾ ഭയപ്പെടുമാറ്‌ നിങ്ങളിരുകൂട്ടരും അതിൽ സമാവകാശികളാവുകയും ചെയ്യുന്നുണ്ടോ? ചിന്തിച്ച്‌ മനസ്സിലാക്കുന്ന ജനങ്ങൾക്കു വേണ്ടി അപ്രകാരം നാം തെളിവുകൾ വിശദീകരിക്കുന്നു." - ഖുർആൻ 30:28.

അല്ലാഹുവിന്റെ അന്യൂനമായ, തുല്യതയില്ലാത്ത, തുലനപ്പെടുത്തുവാൻ വേറെ ഒന്ന്‍ ഇല്ലാത്ത അവന്റെ കഴിവുകളേയും പ്രവർത്തനങ്ങളെയും സൃഷ്ടികളുടെ കഴിവുകളുമായും പ്രവർത്തനങ്ങളുമായും കൂട്ടിക്കുഴക്കുന്ന ആളുകൾക്കിതാ അവരിൽ നിന്നും തന്നെയുള്ള ഒരു ഉപമ അല്ലാഹു പറയുന്നു.

തൌഹീദിന്റെ ഉപമ വിവരിക്കുന്ന ഈ വചനത്തിന്റെ മഹത്വത്തെ പരാമർശിച്ചുകൊണ്ട് ഇമാം ഖുർത്വുബി(റഹി) പറഞ്ഞത് എത്രമാത്രം ശ്രദ്ദേയമാണ് -

وَهَذِهِ الْمَسْأَلَةُ أَفْضَلُ لِلطَّالِبِ مِنْ حِفْظِ دِيوَانٍ كَامِلٍ فِي الْفِقْهِ، لِأَنَّ جَمِيعَ الْعِبَادَاتِ الْبَدَنِيَّةِ لَا تَصِحُّ إِلَّا بِتَصْحِيحِ هَذِهِ الْمَسْأَلَةِ فِي القلب، فافهم ذلك

"ഒരു വിദ്യാർഥിക്ക് കർമ്മ ശാസ്ത്രത്തിലെ മുഴുവൻ ഗ്രന്ഥങ്ങൾ പഠിക്കുന്നതിനേക്കാളും ഉത്തമമാണ് ഈ മത വിധി (പഠിക്കൽ), ഈ മത വിധി ഹൃദയത്തിൽ ഉറപ്പിക്കാതെ ശാരീരികമായ ഒരു ആരാധനയും ശരിയാകുകയില്ല. അതുകൊണ്ട് നീ അതിനെ (കൃത്യമായി) മനസ്സിലാക്കുക." - ഇമാം ഖുർത്വുബി (റഹി), ഖുർആൻ 30:28.

അല്ലാഹുവിന്റെ അസ്തിത്വത്തെ യഥാവിധി മനസ്സിലാക്കാതെയുള്ള, അതിനെ  ഹൃദയത്തിൽ ഉറപ്പിക്കാതെയുള്ള എല്ലാ ആരാധനയും വൃധാവിലാകും, അല്ലാഹു കാക്കട്ടെ.

A. "അടിമ"യും "ഉടമ"യും

മുഹമ്മദ്‌ നബി(സ) നിയുക്തമാകുന്നതിന്റെ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഈ ലോകത്ത് ഉണ്ടായിരുന്ന ഒരു സമ്പ്രദായമായിരുന്നു മനുഷ്യൻ മനുഷ്യനെതന്നെ അടിമകളാക്കിവെച്ചിരുന്ന സമ്പ്രദായം. തന്റെ ഇരുപത്തിമൂന്ന് വർഷക്കാലത്തെ പ്രവാചക ജീവിതം കൊണ്ട് മനുഷ്യനെ മനുഷ്യന്റെ   അടിമത്തത്തിൽ നിന്നും യഥാർത്ഥ ഉടമയായ അല്ലാഹുവിന്റെ അടിമത്തത്തിലേക്കു കൈപിടിച്ചുയർത്തിയ, ഇന്നും പ്രസക്തമായ, അത്യുജ്ജലമായ ആ നേട്ടം ഇസ്ലാമിക ചരിത്രത്തിലെ മറ്റൊരു പൊൻതൂവലാണ്.

അങ്ങിനെ, അന്നത്തെ ജനങ്ങൾക്ക്‌  വളരെ സുപരിചിതമായ ഒരു സമ്പ്രദായത്തെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഉന്നതനും പ്രതാപവാനുമായ അല്ലാഹു അവന്റെ എകത്വത്തിന്നു ഉപമ പറയുന്നത്.

أَيْ: لَا يَرْتَضِي أَحَدٌ مِنْكُمْ أَنْ يَكُونَ عَبْدُهُ شَرِيكًا لَهُ فِي مَالِهِ، فَهُوَ وَهُوَ فِيهِ عَلَى السَّوَاءِ {تَخَافُونَهُمْ كَخِيفَتِكُمْ أَنْفُسَكُمْ} أَيْ: تَخَافُونَ أَنْ يُقَاسِمُوكُمُ الْأَمْوَالَ.

"അതായത്: തന്റെ സമ്പത്തിൽ  തുല്ല്യ പങ്കാളിയായിക്കൊണ്ട് തന്റെ അടിമയെ കണക്കാക്കുവാൻ  നിങ്ങളിൽ ഒരാളും ഇഷ്ടപ്പെടുന്നില്ല. 'നിങ്ങൾ നിങ്ങളെ തന്നെ (പരസ്പരം) ഭയപ്പെടുന്നത് പോലെ': അതായത് തങ്ങളുടെ സമ്പത്തിൽ  അവർക്ക് (അടിമകൾക്ക്) ഒരു പങ്ക് ഉണ്ടാകുന്നതിനെ ഭയപ്പെടുന്നത് (നിങ്ങളി ഒരാളും ഇഷ്ടപ്പെടുന്നില്ല)." - ഇമാം ഇബ്നു കസീർ (റഹി), ഖുർആൻ 30:28.

ഉടമകളായ തങ്ങളുടെ സമ്പത്തിലോ, അധികാരത്തിലോ മറ്റോ ഒന്നും തന്നെ തങ്ങളുടെ അടിമകളെ ഏതെങ്കിലും വിധത്തിൽ എന്തെങ്കിലും ഒരു ചെറിയ പങ്കെങ്കിലും നൽകുവാൻ ഉടമകളായ നിങ്ങൾ  ഒരിക്കലും തയ്യാർ അല്ല എന്നിരിക്കെ എങ്ങിനെയാണ് അല്ലാഹുവിന്റെ അധികാര, നാമ-വിശേഷണങ്ങളിൽ  അല്ലാഹുവിന്റെ അടിമകളെ തന്നെ നിങ്ങൾ പങ്കുകാരാക്കുന്നത്?

അല്ലാഹുവിന്റെ ഈ ഉപമയുടെ അടിസ്ഥാനത്തിൽ തന്നെ ചോദിക്കട്ടെ, ശിർക്ക് സംഭവിക്കുന്ന കഴിവുകളുടെ യഥാർത്ഥ ഉടമ അല്ലാഹു മാത്രമാണ് എന്നിരിക്കെ എങ്ങിനെയാണ് അവന്റെ അനന്തമായ സൃഷ്ടിജാലങ്ങളിൽപെട്ട രണ്ടു വർഗ്ഗങ്ങളായ ജിന്നും മലക്കും ചോദിച്ചാൽ ശിർക്ക് സംഭവിക്കുന്ന കഴിവുകളുടെ ഉടമകളാണ് എന്ന് നിങ്ങൾ ജൽപ്പിക്കുന്നത്?

അല്ലാഹു എങ്ങാനും അവന്റെ ഏതെങ്കിലും കഴിവ് ജിന്നിന്നോ, മലക്കിന്നോ നൽകിയോ?

അടിമത്വ സമ്പ്രദായത്തിൽ ജീവിച്ച മുശ്രിക്കുകൾ തങ്ങൾക്ക് മാത്രം അവകാശപ്പെട്ട എന്തെല്ലാം ഉണ്ടോ അതിന്റെ എന്തെങ്കിലും ഒരു അംശം പോലും തന്റെ അടിമയിൽ ആരോപിക്കുവാൻ ഇഷ്ട്ടപ്പെട്ടിരുന്നില്ല എന്നിരിക്കെ അല്ലാഹുവിന്നു മാത്രം അവകാശപ്പെട്ട കാര്യത്തിലേക്ക്   മറ്റു സൃഷ്ടികളെകൂടി കൂട്ടുന്നത്‌ തീർത്തും അന്യായമല്ലേ എന്നാണു അല്ല്ലാഹു ചോദിക്കുന്നത്.

"അല്ലാഹു നിങ്ങളുടെ കൈവശം തന്നിട്ടുള്ള സ്വത്തുക്കളിൽ നിങ്ങളുടെ ഉടമസ്ഥതയിലിരിക്കുന്ന നിങ്ങളുടെ അടിമകളും കൂട്ടവകാശികളായിരിക്കുക, എന്നിട്ട് അവരും നിങ്ങളും ഒരു പോലെ അധികാരത്തിലും കൈകാര്യത്തിലും സമന്മാരായിരിക്കുക, സ്വതന്ത്രരും യജമാനന്മാരുമായ നിങ്ങൾ പരസ്പരം മാനിച്ചും പേടിച്ചും കൊണ്ടിരിക്കുന്ന പ്രകാരം അവരേയും പേടിക്കുകയും മാനിക്കുകയും ചെയ്യുക. ഇത് സംഭവ്യമാണോ? ഒരിക്കലുമല്ല എന്നിരിക്കെ, അല്ലാഹുവിന്റെ ഉടമാവകാശങ്ങളിൽ എങ്ങിനെയാണ് മറ്റുള്ളവർക്ക് (എല്ലാവരും അവന്റെ ഉടമസ്ഥതയിലുള്ളവരാണല്ലോ)  പങ്കുണ്ടാകുക?! എന്നതത്രെ ആയത്തിന്റെ താൽപര്യം" - അമാനി മൗലവി (റഹി), ഖുർആൻ 30:28.  

ഏതെങ്കിലും ഒരു സൃഷ്ടിയിൽ ഉണ്ടെന്ന് വിശ്വസിച്ചാലോ, ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചോദിച്ചാലോ ശിർക്ക് സംഭവിക്കുന്ന ഒരു ഗുണ-വിശേഷണം ഉണ്ടെങ്കിൽ, ആ ഗുണ-വിശേഷണത്തിന്റെ ഉടയവൻ അല്ലാഹു മാത്രം ആയിരിക്കെ, എങ്ങിനെയാണ് കേവല സൃഷ്ടികൾ മാത്രമായ ചില സൃഷ്ടികളുടെ പേരുകൾ പറഞ്ഞു കൊണ്ട് അതിന്റെ കഴിവിൽപെട്ടത് ചോദിച്ചാലും ശിർക്ക് സംഭവിക്കും എന്ന് പറയുന്നത്?

അല്ലാഹു എങ്ങാനും അവന്റെ ഏതെങ്കിലും കഴിവ് ജിന്നിന്നോ, മലക്കിന്നോ നൽകിയോ?

B. സ്വന്തം ഇണയുടെ കിടപ്പറയിൽ വേറെ ഒരാൾ കിടന്നാൽ അതും ഭാര്യാ-ഭർതൃ ബന്ധമാണോ?


ഭാര്യ-ഭർതൃ ബന്ധത്തിൽ, തന്റെ ഇണയുടെ കിടപ്പറയിലേക്കോ, വിരിപ്പിലേക്കോ വേറെ ഒരാൾ വരുന്നത് ഒരു മനുഷ്യനും ഇഷ്ട്ടപ്പെടാത്ത ഒരു കാര്യമാണല്ലോ.

എന്നാൽ പവിത്രമായ ഈ ഭാര്യ-ഭർതൃ ബന്ധത്തെ കാറ്റിൽ പറത്തിക്കൊണ്ട് തന്റെ ഇണയുടെ കിടപ്പറയിലേക്കും വിരിപ്പിലേക്കും വേറെ ഒരാൾ വന്നാൽ അതും തന്റെ ഭാര്യ-ഭർതൃ ബന്ധത്തിന്റെ ഭാഗമാണെന്നു ഒരാൾ ജൽപ്പിച്ചാൽ, എന്തൊരു അധപ്പതനത്തിലാണ് ആ മനുഷ്യൻ എത്തിപ്പെട്ടത് എന്ന് പറയേണ്ടതില്ലല്ലോ.

അല്ലാഹുവിന്റെ ഏകത്വത്തിന്റെ വിളംബരമായ തൌഹീദും അതിന്റെ വിപരീധമായ ശിർക്കും അല്ലാഹുവിന്റെ നാമ-വിശേഷണങ്ങളുമായും, അവന്റെ പ്രവർത്തനങ്ങളുമായും മാത്രം ബന്ധപ്പെട്ടിരിക്കെ, അതിലേക്ക് കേവല സൃഷ്ടിയായ ജിന്നിന്റെയും മലക്കിന്റെയും കഴിവുകൾ കൊണ്ട് വന്ന് ആ സൃഷ്ടി വർഗങ്ങളുടെ കഴിവുകളും ശിർക്ക് സംഭവിക്കുന്ന കഴിവുകളുടെ ഭാഗമാണ് എന്ന് ജൽപ്പിക്കുമ്പോൾ - മുകളിൽ പറഞ്ഞ തന്റെ ഇണയുടെ കിടപ്പറയിലേക്കും വിരിപ്പിലേക്കും വേറെ ഒരാൾ വന്നാൽ അതും തന്റെ ഭാര്യ-ഭർതൃ ബന്ധത്തിന്റെ ഭാഗമാണെന്നു വാദിക്കുന്നവനെ പോലെ അല്ലേ? അല്ല അതിനേക്കാൾ അധപ്പധിച്ഛവനല്ലാതെ മറ്റെന്താണ്?

വിഷയത്തിന്റെ ഗൌരവം കാണിക്കുവാൻ വേണ്ടിയുള്ള ഇത്തരം ചോദ്യങ്ങൾ എന്റെ വകയല്ല. ചോദ്യം സാക്ഷാൽ അല്ലാഹുവിന്റെതാണ്, തിരു നബ്(സ)യിൽ നിന്നും മതം പഠിച്ച, അല്ലാഹു ത്രിപ്ത്തിപ്പെട്ട, അല്ലാഹുവിനെ ത്രിപ്ത്തിപ്പെട്ട, ഉത്തമ സമുദായത്തിൽപെട്ട സ്വഹാബികളാണ് ഈ ചോദ്യം ഏറ്റുപറയുന്നത്.

حدثنا بشر، قال: ثنا يزيد، قال: ثنا سعيد، عن قَتادة قوله: (ضَرَبَ لَكُمْ مَثَلا مِنْ أَنْفُسِكُمْ هَلْ لَكُمْ مِنْ مَا مَلَكَتْ أَيْمَانُكُمْ مِنْ شُرَكَاءَ فِي مَا رَزَقْنَاكُمْ فَأَنْتُمْ فِيهِ سَوَاءٌ) قال: مثل ضربه الله لمن عدل به شيئا من خلقه، يقول: أكان أحدكم مشاركا مملوكه في فراشه وزوجته؟! فكذلكم الله لا يرضى أن يعدل به أحد من خلقه.

"ഖത്താദ(റ)യിൽ നിന്നും: 'നിങ്ങളുടെ കാര്യത്തിൽ നിന്നു തന്നെ അല്ലാഹു നിങ്ങൾക്കിതാ ഒരു ഉപമ വിവരിച്ചുതന്നിരിക്കുന്നു. നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളിൽ ആരെങ്കിലും നിങ്ങൾക്ക്‌ നാം നൽകിയ കാര്യങ്ങളിൽ നിങ്ങളുടെ പങ്കുകാരാകുന്നുണ്ടോ?' അദ്ദേഹം പറഞ്ഞു: അവന്റെ സൃഷ്ടികളിൽ ഏതെങ്കിലും ഒന്നിനെ അവന്ന് തുലനപ്പെടുത്തിയവർക്ക് അല്ലാഹു കൊണ്ടുവന്ന ഉപമ. അവൻ പറയുന്നു: നിങ്ങളിൽ ആർക്കെങ്കിലും അവന്റെ അടിമ അവന്റെ വിരിപ്പിലോ, ഇണയിലോ പങ്കുകാരനായി ഉണ്ടോ?! അപ്പ്രകാരം അവന്റെ സൃഷ്ടികളിൽ ഒന്നിനെയും അവനെ തുലനപ്പെടുത്തുന്നതിനെ അവൻ ഇഷ്ട്ടപ്പെടുന്നില്ല." - ഇമാം ത്വബരി (റഹി), ഖുർആൻ 30:28.

നിങ്ങളിൽ ആർക്കെങ്കിലും സ്വന്തം ഇണയുടെ വിരിപ്പിൽ  പങ്കുകാരനായി വേറെ ആരെങ്കിലും  ഉണ്ടോ? 

ഇല്ല എന്നാണു മറുപടി എങ്കിൽ അല്ലാഹുവിന്റെ കഴിവുകളുമായി മാത്രം ബന്ധമുള്ള തൗഹീദിനേയും അതിന്റെ വിപരീധമായ  ശിർക്കിനേയും അല്ലാഹുവിന്റെ  അനന്തകോടി സൃഷ്ടി വർഗങ്ങളിൽ ഒന്നായ ജിന്നിന്റെ കഴിവുമായി എന്തിനാണ് കൂട്ടിക്കെട്ടുന്നത്?

നിങ്ങളിൽ ആർക്കെങ്കിലും സ്വന്തം ഇണയുടെ പങ്കുകാരനായി മറ്റൊരാളെ ആരോപിക്കുന്നത് നിങ്ങൾ ഇഷ്ട്ടപ്പെടുന്നുണ്ടോ?

ഇല്ല എന്നാണു മറുപടി എങ്കിൽ അല്ലാഹുവിന്റെ കഴിവുകളുമായി മാത്രം ബന്ധപ്പെട്ട ശിർക്കിൽ അവന്റെ അനന്തകോടി സൃഷ്ടി വർഗങ്ങളിൽ ഒന്നായ ജിന്നിന്റെ കഴിവിനെ ആരോപിക്കുന്നത് എന്ത് വലിയ അപരാധമാണ് എന്ന്  നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?  അല്ലാഹുവിന്നു ഒരു ഗാംഭീര്യം കാണുന്നില്ലേ നിങ്ങൾ?

പ്രതാപത്തിന്‍റെ നാഥനായ അല്ലാഹു അവർ ചമച്ചു പറയുന്നതിൽ നിന്നെല്ലാം എത്ര പരിശുദ്ധൻ!

തുടരും, ഇന്ഷാ അല്ലാാഹു.

سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ وَسَلَامٌ عَلَى الْمُرْسَلِينَ وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ 
പ്രതാപത്തിന്‍റെ നാഥനായ നിന്‍റെ രക്ഷിതാവ്‌ അവർ ചമച്ചു പറയുന്നതിൽ നിന്നെല്ലാം എത്ര പരിശുദ്ധൻ! ദൂതൻമാർക്കു സമാധാനം! ലോകരക്ഷിതാവായ അല്ലാഹുവിന്‌ സ്തുതി!

അബൂ അബ്ദുൽ മന്നാൻ.
 ابو عبد المنان محمد نزامدين  ابن عبداللطيف