Sunday, August 14, 2016

സ്വാതന്ത്ര്യ ദിനത്തിലെ കനൽ ചിന്തകൾ

സ്വാതന്ത്ര്യ ദിനത്തിലെ കനൽ ചിന്തകൾ 

"സ്വരാജ്യസ്നേഹം സത്യവിശ്വാസത്തിന്റെ അംശമാണെങ്കിൽ, സ്വാതന്ത്ര്യസന്ദേശത്തെ പ്രകീർത്തനം ചെയ്യുന്ന ഒരു മതമാണ് ഇസ്ലാം എങ്കിൽ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും മോക്ഷത്തിനും വേണ്ടി സർവ്വസ്വവും ബലികഴിച്ചുകൊണ്ട് ദൈവിക മാർഗത്തിൽ ജീവത്യാഗം ചെയ്യേണ്ടത് യഥാർത്ഥ മുസ്ലികളുടെ കടമയാണ്.

ധീരനായ ഖാലിദും പ്രതാപശാലിയായ ഉമറും ഈ സ്വാതന്ത്ര്യസമരത്തിൽ നമുക്ക് മാർഗദർശികളാണ്. ഇന്ത്യക്കും, ഇസ്‌ലാമിനും വേണ്ടി ജീവ ത്യാഗം ചെയ്യാൻ കരുത്തുള്ള മുസ്ലിം യോദ്ധാക്കളുടെ സംഖ്യ വർധിച്ചുവരുന്നത് ഈ സഹനസമരത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്." - മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, അൽ-അമീൻ പത്രാധിപർ, 1930.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിസ്തുലമായ പങ്കു വഹിച്ച സ്വദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, 1930ൽ, ബ്രിട്ടീഷുകാരെന്റെ കൊടിയ മർദ്ധനങ്ങൾക്ക് വിധേയനായപ്പോൾ, "ജിഹാദുൽ അക്ബർ" എന്ന പേരിൽ ജയിലറകൾക്കുള്ളിൽ നിന്നും ചോരയിൽ ചാലിച്ചെഴുതിയ വരികളാണ് മുകളിൽ.

എഴുത്തുകാരനും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മറ്റൊരു നായകനായിരുന്ന ജനാബ് മൊയ്തു മൗലവിയുടെ പുത്രനുമായ എം. റഷീദിന്റെ ഗ്രന്ഥത്തിൽ  ഈ ചരിത്രം നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ നിഷ്കരുണം ഒറ്റുകൊടുക്കുകയും, ബ്രിട്ടീഷുകാരനെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുകയും ചെയ്ത  ആളുകൾ, അതേ സ്വാതന്ത്ര്യ സമരത്തിന്റെ കുപ്പായം അണിയുവാനുള്ള പരിഹാസ്യമായ ശ്രമങ്ങളാണ് നമ്മുടെ രാജ്യത്ത് നടന്നു വരുന്നത്, ഈ സാഹചര്യത്തിൽ ചരിത്രത്തിലെ അവിസ്മരണീയമായ ചില നിമിഷങ്ങൾ സ്മരിക്കുന്നത് നന്നായിരിക്കും എന്ന് ഞാൻ കരുതുന്നു.

താൻ വിശ്വസിക്കുകയും, ആചരിക്കുകയും ചെയ്തിരുന്ന മത സംഹിതയിൽ ഉറച്ച്‌ നിൽക്കുകയും അത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു ആദർശമാണ് എന്ന്  വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തെളിയിക്കുകയും ചെയ്ത പ്രതിഭാ ശാലിയായിരുന്നു മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്. മത-ജാതി-ഭാഷകൾക്ക് അതീതമായി ജനങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ നെടുങ്കയത്തിലേക്ക് ക്ഷണിച്ചതായിരുന്നു ബ്രിട്ടീഷുകാരനെ സംബന്ധിച്ചിടത്തോളം അബ്ദുറഹിമാൻ സാഹിബ് ചെയ്ത തെറ്റ്. അതുകൊണ്ടു തന്നെ അവർക്ക്  അദ്ദേഹം അനഭിമതനായി. 

ദൗർഭാഗ്യവശാൽ ഇന്നലെകളുടെ ചരിത്രം പാടെ വിസ്മരിക്കുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. രാജ്യം കാക്കുന്ന ഒരു സൈനികന്റെ പിതാവിനെ, ഒരു പ്രത്യേക മത വിഭാഗത്തിൽപെട്ടു എന്ന ഒരൊറ്റകാരണത്താൽ, ഒരു മൃഗത്തന്റെ പേരിൽ, മൃഗത്തേക്കാൾ മൃഗീയമായി അടിച്ചുകൊന്നതാണ് ഭാരതത്തിന്റെ ഇന്നിന്റെ ചരിത്രം. 

ഇത്തരം വെറുപ്പിന്റെയും , വിദ്വേഷത്തിന്റെയും പ്രത്യയ ശാസ്ത്രം ഇന്നും, ഒരു പക്ഷെ നാളെകളിലുമായി പടച്ചു വിടപ്പെടുന്ന  ഹിമാലയ തുല്യമായ കല്ലുവെച്ച നുണകളെ നിമിഷങ്ങൾകൊണ്ട് ധൂളികളാക്കിമാറ്റുവാൻ, സ്വദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ പോലുള്ള മഹാ-പിള്ളമാർ അഥവാ മാപ്പിളമാർ എന്ന് വിളിക്കപ്പെട്ടിരുന്ന അനേകായിരങ്ങളുടെ സ്വാതന്ത്ര്യ സമരജീവിതത്തിൽ നിന്നുള്ള ഒരു അര-വരി മാത്രം മതി!!

ഒരു പ്രത്യേക ജാതിയിൽ ജനിച്ചു എന്ന ഒരൊറ്റകാരണത്താൽ രാജ്യത്തിന്റെ പൊതുധാരയിൽ നിന്നും അകറ്റിമാറ്റപ്പെട്ട ഈഴവ സമുദായത്തിൽപെട്ടവർക്കും മറ്റും, വഴി നടക്കുവാനുള്ള സ്വാതന്ത്ര്യത്തിന്നു വേണ്ടി നടന്ന വൈക്കം സത്യാഗ്രഹത്തതിൽ പങ്കെടുത്ത് അറസ്റ്റുവരിച്ച സ്വദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ പോലുള്ള ആളുകൾ ഉയർത്തിവിട്ട നീതിബോധം ഇന്നിന്റെ സമൂഹത്തിന്ന് മാതൃകയാവേണ്ടതാണ്.

ഇന്ത്യാ മഹാരാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുവാൻ വേണ്ടി വന്ന ബ്രിട്ടീഷുകാരന്റെ തോക്കിൻ കുഴലിലേക്ക് വിരിമാറുമായി കടന്നുചെന്നവരായിരുന്നല്ലോ 1921ലെ മലബാർ ലഹളയിൽ പങ്കെടുത്തവർ.  ഈ ലഹളയുടെ പേരിൽ നാടുകടത്തപെട്ടവരുടെ മോചനത്തിന്നുവേണ്ടിയും, തങ്ങളുടെ ഭർത്താക്കന്മാർ, മക്കൾ, സഹോദരന്മാർ എന്നിവർ  ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്നുവേണ്ടി ജീവൻ നൽകി എന്ന കാരണത്താൽ ബ്രിട്ടീഷ്കാരന്റെ സൈന്യത്താലും പോലീസിനാലും മാനം നഷ്ട്ടപെട്ട സഹോദരിമാരുടെ പുനരധിവാസത്തിനായി  മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ബോംബെയിൽ പോയി ഗാന്ധിജിയോട് പിന്തുണ തേടിയതും, ഗാന്ധിജി ഉറപ്പ് കൊടുക്കുകയും, 19.9.1931 എന്ന തീയ്യതി, "മാപ്പിളദിന" മായി ആചരിക്കണമെന്ന സാഹിബിന്റെ പ്രമേയം, കെ.പി.സി.സി അംഗീകരിച്ചതും ചരിത്രത്തിന്റെ ഏടുകളിൽ നമുക്ക് കാണാം.

ബ്രിട്ടീഷ് മലബാർ, കൊച്ചി, തിരുവിൻതാംകൂർ എന്നീ മൂന്നു മേഖലകളെ കോൺഗ്രസ് ഭരണഘടനയിൽ ഒരു സംസ്ഥാന പദവി നൽകണം എന്ന കാര്യം നാഗ്പൂരിൽ വെച്ച് നടന്ന സമ്മേളനത്തിൽ സാഹിബ് ഉന്നയിച്ചപ്പോൾ അത് ആ സമ്മേളനം അംഗീരകിക്കുകയും, നേതാജി സുബാഷ് ചന്ദ്ര ബോസിന്റെ ഉറ്റ ചങ്ങാതിയുമായിരുന്ന അബ്ദുറഹിമാൻ സാഹിബ് ഫോർവേഡ് ബ്ലോക്കിന്റെ സംസ്ഥാപനത്തിൽ വഹിച്ച പങ്കുമൊക്കെ അടിച്ചമർത്തപ്പെട്ടവന്റെ ഉയിർത്തെഴുനേൽപ്പിനായി ജീവാർപ്പണം നടത്തിയ ചരിത്രത്തിൽ പൊൻതൂവലായി ഇന്നും നിലകൊള്ളുകയാണ്. 

അങ്ങിനെ ക്രൂരമായ മർദ്ദന മുറകൾ ഏറ്റുവാങ്ങിക്കൊണ്ട് 1945ൽ ജയിൽ മോചിതനായതിന്നു ശേഷം ഇന്ത്യാ ഉപഭൂഗണ്ഡത്തിൽ അദ്ദേഹം ചുറ്റിസഞ്ചരിച്ചുകൊണ്ട് ജനങ്ങളോട് പറഞ്ഞത് ഹൈന്ദവനും മുസൽമാനും തോളോട് തോൾ ചേർന്ന് നിൽണമെന്നാണ്. 

അറബികടലിനോളം വിശാലമായ ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ, ഒരു പടക്കപ്പലായി വർത്തിച്ച സാഹിബിന്റെ ലഭ്യമായ ചരിത്രത്തിലെ വളരെ ചെറിയ അംശമാണ് ഇവിടെ പരാമർശിച്ചത്.

താൻ മരിക്കുന്നതിന്ന് ഏതാനും ആഴ്ചകൾക്ക് മുൻപ് തന്റെ സമൂഹത്തോടായി നടത്തിയ ഉപദേശം അന്നും, ഇന്നും എന്നും പ്രസക്തമാണ്..

"ഞാൻ പറയുന്നത് നിങ്ങൾ അനുസരിക്കണമെന്നു ഞാൻ പറയുന്നില്ല. ദൈവ വചനമായ ഖുർആനും, നബിവചനങ്ങളും മാത്രം നോക്കി നടക്കുക. അയൽവാസികളായ ഹിന്ദുക്കളോട് ഒരിക്കലും ഞങ്ങൾ ശത്രുതയിൽ വർത്തിക്കരുത്, നമുക്ക് ദോഷമേ ചെയ്യൂ." - മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, 1945.

താൻ വിശ്വസിക്കുന്ന മത സംഹിതയിൽ അടിയുറച്ച് നിലകൊള്ളുന്നതോടൊപ്പം, നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി  അവരുടെ ജാതിയോ, മതമോ നോക്കാതെ നിലകൊണ്ട, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്നുവേണ്ടി അശാന്തപരിശ്രമം നടത്തിയ,   ഐതിഹാസികമായ ജീവിതം നയിച്ച, തീകനലുകളിലൂടെ ധൈര്യസമേതം കടന്നുപോയ  സ്വദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ പോലുള്ള നിഷ്കാമ കർമ്മികളുടെ ചരിത്രം ഒരിക്കൽ കൂടി നമുക്ക് അയവിറക്കാം, ചരിത്രത്തിൽ നിന്നും പാഠം ഉൾക്കൊള്ളാം, അവർ കൊളുത്തിവെച്ച വിളക്ക് നമുക്ക് കെടാതെ സൂക്ഷിക്കാം, പുതു തലമുറകൾക്ക് അവരുടെ ജീവത്യാഗം പകർന്നു കൊടുക്കാം, സ്നേഹത്തിന്റെ വിളനിലത്തിൽ തോളോട് തോൾ ചേർന്ന് സഹവർത്തിക്കാം, രാജ്യത്തിന്റെ പുനർ-നിർമ്മിതിയിൽ പങ്കാളികളാകാം.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ