Saturday, September 9, 2017

വേദങ്ങളിലെ ഈശ്വരൻ വിഗ്രഹമോ?

പ്രിയ സുഹൃത്തുക്കളെ,

എറണാകുളം ജില്ലയിലെ പറവൂരിൽ നടന്ന ലഖുലേഖ വിതരണത്തോടനുബന്ധിച്ചുണ്ടായ സംഭവവികാസങ്ങളാണ് ഇങ്ങിനെ ഒരു കുറിപ്പെഴുതുവാൻ കാരണം.

വിഗ്രഹാരാധന തെറ്റാണെന്ന് പറഞ്ഞത് അത് ചെയ്യുന്നവരെ അവഹേളിക്കലാണെന്നാണ് മറ്റ് വിഷശദാംശങ്ങൾ എല്ലാം മാറ്റി നിറുത്തിയാൽ ചാനൽ ചർച്ചയിലും മറ്റും കേൾക്കുവാൻ സാധിച്ചത്.

ഒരാൾക്ക് ഒരു സംഗതി ശരിയാണെന്ന് തോന്നുന്നതും വേറെ ഒരാൾക്ക് അതേ കാര്യം തീർത്തും തെറ്റാണെന്ന് തോന്നുന്നതിന്നുമൊക്കെ മനുഷ്യ രാശിയോളം പഴക്കമുണ്ടല്ലോ. വ്യത്യസ്‌തങ്ങളായ വീക്ഷണങ്ങളും നിലപാടുകളുമൊക്കെ പരസ്‌പരം പങ്ക് വെക്കുന്നതും നല്ല നിലക്ക് സംവദിക്കുന്നതുമൊക്കെ സാംസ്‌കാരിക പുരോഗതിയുടെ നല്ലൊരു അടയാളമായിട്ടാണ് തോന്നിയിട്ടുള്ളത്, ചരിത്രത്തിന്റെ പിൻബലവും അതിനാണുള്ളത്.

വിഗ്രഹാരാധനപോലുള്ളവയിലെ ശരിതെറ്റുകൾ വിലയിരുത്തുന്നത് ഒരു അവഹേളനമാണോ എന്ന് ചോദിച്ചാൽ എനിക്ക് പറയുവാനുള്ളത് അത് അവഹേളനമല്ല, വിമർശനവുമല്ല മറിച്ച് അതൊരു ഗുണകാംഷയാണ്. ഭാരതീയ പശ്ചാത്തലത്തിൽ കടന്നുവന്ന വേദസംഹിതകളിലടക്കം രൂഡമൂലമായിക്കിടക്കുന്ന പ്രപഞ്ചാതീതനായ സൃഷ്ടാവിനെ തന്റെ സഹജീവിക്ക് മനസ്സിലാക്കികൊടുക്കുവാനുള്ള നിഷ്‌കളങ്കവും ആത്മാർത്ഥതയും നിറഞ്ഞ ഗുണകാംഷ.

യഥാർത്ഥത്തിൽ വിഗ്രഹാരാധനയിലെ ശരിതെറ്റുകൾ അന്വേഷിക്കുന്നതിന്ന് മുൻപ് പഠിക്കേണ്ട ഒരു കാര്യമാണ് ആരാണ് ദൈവം എന്നുള്ളത്. എന്തൊരു ശക്തിവിശേഷങ്ങളാണ് ആ ദൈവത്തിനുള്ളത് എന്ന് അറിയുമ്പോൾ മാത്രമേ വിഗ്രഹാരാധനയുടെ ആവശ്യം ഉണ്ടോ ഇല്ലേ എന്ന് ഒരാൾക്ക് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ.

ആര്യസമാജത്തിന്റെ സ്ഥാപകനും, മലയാളമടക്കം വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട "സത്യാർത്ഥ പ്രകാശം" എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായ സ്വാമി ദയാനന്ദ സരസ്വതി, ആരാണ് ദൈവമെന്നും, എങ്ങിനെ അവനെ മസസ്സിലാക്കാം എന്നും, ദൈവത്തെ ആരാധിക്കുവാൻ വിഗ്രഹത്തിന്റെ ആവശ്യം ഉണ്ടോ ഇല്ലേ എന്നുമൊക്ക വേദവാക്യങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നുണ്ട്.

ആരാണ് ദൈവം 

ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് ഓരോ മനുഷ്യരുമാണ്. പിറന്നു വീണ സാഹചര്യം പഠിപ്പിച്ചതാണോ ദൈവം? അറിവില്ലാതെ ഇന്നലെകളിൽ  പിറന്നുവീണ ഒരാൾ ഇന്ന് കണ്ടെത്തുന്നതാണ് ദൈവമെങ്കിൽ പലർക്കും പലത് ദൈവമാകും.

ആരാണ്  ദൈവം എന്നറിയുവാൻ മനുഷ്യന്റെ അറിവിനും കഴിവിന്നും അതീതമായ, സകല സൃഷ്ടികൾക്കും അതീതമായ ഒരു സ്രോതസിന്റെ ആവശ്യകതയാണ് പറഞ്ഞു വരുന്നത്. വേദങ്ങൾ എന്ന് നമുക്കതിനെ വിളിക്കാം. 

"അഹമിന്ത്രോ ന പരാജിഗ്യ ഇദ്ധനം ന മ്ര്യത്യ വേവത സ്ഥേകദാചന: സോമാമിൻമാ സുന്വന്തോ  യാചതാ വസുനമേ. പൂരവ: സറുയേരിഷാഥനാ" - ഋഗ്വേദം 10.48.1.5.

"പരമൈശ്വര്യവാനായ ഞാൻ സൂര്യതുല്യം സകല ലോകങ്ങളെയും പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്നവനാണ്. ഞാൻ ഒരിക്കലും പരാജയപ്പെടുകയില്ല. മരിക്കുകയും ഇല്ല.  ലോകമാകുന്ന ധനത്തിന്റെ സൃഷ്ടാവ് ഞാൻ തന്നെ. 

സകല ജഗത്തിന്റെയും സൃഷ്ടികർത്താവും ഞാൻ തന്നെ എന്നറിയുക. 

മാനവരേ! ഐശ്വര്യ ലബ്ധിക്കായി പ്രയത്നിക്കുന്ന നിങ്ങളെല്ലാവരും വിജ്ഞാനാദി ധനത്തെ എന്നോട് തന്നെ അപേക്ഷിച്ച് വാങ്ങുവിൻ. എന്റെ മൈത്രിയെ നിങ്ങൾ ഒരിക്കലും കൈവെടിയരുത്" - സ്വാമി ദയാനന്ദ സരസ്വതി, ഋഗ്വേദം 10.48.1.5, സത്യാർത്ത പ്രകാശം, പേജ് 128.

ലോകങ്ങളെ പടച്ച, ഒരിക്കലും മരിക്കാത്ത, ഒരിക്കലും പരാജിതനാകാത്ത സകല സമ്പത്തിന്റെയും ഉടയവനായ അവനാണ് ദൈവം.

"അഹംധാം ഗൃണതേ പൂർവ്വം വസ്വഹം ബ്രഹ്മ്മകൃണവം മഹ്യം വർധനമ്. അഹംബുവം യജമാനസ്യ ചോദിതായജ്വന: സാക്ഷി വിശ്വാസമിൻ ഭരേ:"- ഋഗ്വേദം 10.49.1.

"സത്യമായി സ്‌തുതിക്കുന്ന മനുഷ്യന്ന് ഞാൻ സനാതനമായ വിജ്ഞാന സമ്പത്ത് നൽകുന്നു. ബ്രഹ്മമെന്ന് കൂടി പേരുള്ള ആ ദൈവത്തെ വെളിവാക്കിയവൻ ഞാൻ തന്നെ. ആ വേദങ്ങൾ വഴിയാം വണ്ണം വെളിവാക്കുന്ന പൊരുളും ഞാൻ തന്നെ. 

വേദത്തിലൂടെ എല്ലാവരുടെയും ജ്ഞാനത്തെ വർദ്ധിപ്പിക്കുന്നതും ഞാൻ തന്നെയാണ്. സജ്ജനങ്ങളെ പ്രവൃത്തിപ്പിക്കുന്നും യജ്ഞങ്ങൾ ചെയ്യുന്നവർക്കു പ്രതിഫലം നൽകുന്നതും ഞാനാകുന്നു. ഈ വിശ്വത്തിലുള്ളതെല്ലാം കാര്യവസ്തുക്കളെയെല്ലാം സൃഷ്ടിച്ചു ധാരണം ചെയ്യുന്നതും ഞാൻ തന്നെ. 

അതിനാൽ നിങ്ങൾ എന്നെ വിട്ട് മറ്റൊന്നിനെയും എനിക്ക് പകരം പൂജിക്കരുത്, മാനിക്കരുത്, അറിയരുത്." - സ്വാമി ദയാനന്ദ സരസ്വതി, ഋഗ്വേദം 10.48.1.5, സത്യാർത്ത പ്രകാശം, പേജ് 128.

ആരാണ് ദൈവം എന്നറിയണം. മനുഷ്യന്ന് സനാതന വിജ്ഞാനം നൽകിയവനാണ് ദൈവം. സകല ജഗത്തെയും സൃഷ്ടിച്ചവനാണ് ദൈവം. ആ സൃഷ്ടാവിനെ വിട്ട് മറ്റൊന്നിനെയും പകരം പൂജിക്കരുത്, മാനിക്കരുത്, അറിയരുത് എന്നാണ് വേദം പറയുന്നത്.

ഈശ്വരനെ അടുത്തറിയേണ്ടത് അവന്റെ നാമങ്ങളിലൂടെ

ആരാണ് ദൈവം എന്ന് മനസ്സിലായാൽ വീണ്ടും വീണ്ടും അവനെ അറിയുവാനുള്ള ആഗ്രഹം സ്വാഭാവികമാണ്. ഐശ്വര്യത്തിൽ രമിക്കുന്നവൻ എന്നർത്ഥമുള്ള ആ ഈശ്വരന്റെ നാമങ്ങളെളെയും ഗുണങ്ങളെയും വിശദീകരിക്കുന്നത് കാണുക.

"ഓം ശന്നോ മിത്ര: ശം വരുണ: ശന്നോ ഭവത്വര്യമാ..."

"അർഥം:- (ഓം) അ, , മ്  എന്നീ മൂന്നു വർണങ്ങൾ  കൂടിച്ചേർന്നുണ്ടായ ഓംകാരപദം ഈശ്വരന്റെ എല്ലാ നാമധേയങ്ങളിലും വച്ച്, സർവോത്തമമായിട്ടുള്ളതാകുന്നു. ഈ നാമധേയത്തിൽ പരമേശ്വരന്റെ അനേകം നാമങ്ങൾ ഉൾകൊള്ളുന്നു. 

ഈ ഓംകാരത്തിന്റെ അവയവമായ അകാരം കൊണ്ട് വിരാട്, അഗ്നി, വിശ്വൻ മുതലായ പേരുകളേയും, ഉകാരം കൊണ്ട് ഹിരണ്യഗർഭൻ, വായു, തൈജസൻ തുടങ്ങിയ പേരുകളെയും; മകാരം കൊണ്ട് ഈശ്വരൻ, ആദിത്യൻ, പ്രാജ്ഞൻ മുതലായ പേരുകളെയും സംഗ്രഹിക്കുന്നു. 

ഈ പറഞ്ഞ നാമങ്ങളെല്ലാം പ്രകാരണങ്ങളനുസരിച്ച് സർവേശ്വരനെത്തന്നെയാണ് കുറിക്കുന്നതെന്നു വേദം മുതലായ സത്യശാസ്ത്രങ്ങളിൽ സ്പഷ്ടമായി വ്യാഖ്യാനിച്ചിട്ടുണ്ട്." - ഈശ്വര നാമങ്ങളുടെ വ്യാഖ്യാനം, സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 1.

ആരാണ് ഈശ്വരനെന്നുള്ള സ്വാമിജിയുടെ വിശദീകരണം തുടരുന്നു. 

"(സബ്രഹ്മാ സ വിഷ്ണു:) ലോകം മുഴുവനും സൃഷ്ടിച്ചത് കാരണം ബ്രഹ്മാവ് എന്നും എല്ലായിടത്തും വ്യാപിച്ചിരിക്കുന്നതുകൊണ്ടു വിഷ്‌ണു എന്നും, ദുഷ്ടന്മാരെ ശിക്ഷിച്ചു വിലപിപ്പിക്കുന്നതുകൊണ്ട് രുദ്രൻ എന്നും, സ്വയം മംഗളസ്വരൂപനും മറ്റുള്ളവർക്ക് മംഗളപ്രദനുമാകയാൽ ശിവൻ എന്നും, ആ സർവേശ്വരന്ന് പേരുകൾ വന്നു" - ഈശ്വര നാമങ്ങളുടെ വ്യാഖ്യാനം, സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 3.

ബ്രഹ്മാവും ശിവനും വിഷ്ണുവും ഒക്കെ ആ ഈശ്വരന്റെ നാമങ്ങളിൽ പെട്ടതാണെന്നാണ് വേദങ്ങൾ ഉൽഘോഷിക്കുന്നത്. 

ഈശ്വരന്റേതായ നൂറ്റിഎട്ടോളം പേരുകൾ പരിചയപ്പെടുത്തിയവയിൽ നിന്നും ചിലത് കാണുക.

"ഈശ്വരൻ  = ഐശ്വര്യത്തിൽ രമിക്കുന്നവൻ 
ബ്രഹ്മാവ്  = ബ്രിഹത് സൃഷ്ടിജ്ഞാനമുള്ളത്
ഭഗവാൻ = ഐശ്വര്യാധിപതി 
അഗ്നി = ഗതിയിൽ നയിക്കുന്നവൻ
ഇന്ദ്രൻ = ഐശ്വര്യപതി
ശിവൻ = സ്വയം മംഗളപ്രദനും ദാതാവുമാകയാൽ
അനാദി = കാരണരഹിതൻ 
ആനന്ദൻ = ധർമിഷ്ഠരുടെ നന്ദനൻ
അര്യമാ  = അനീതിയിൽ രമിക്കാത്തത് 
ശുദ്ധൻ = മറ്റുള്ളതെല്ലാം പരിശുദ്ധമാക്കുന്നത്.
ഹിരണ്യഗർഭൻ = സൂര്യാദി ലോകങ്ങൾ ഏതിൽ നിന്നും ഉൽഭവിച്ചോ അത്
ഗണപതി = ചരാചരഗണങ്ങളുടെ പതി
ആദിത്യൻ = ഒരുകാലത്തും നശിക്കാത്തത്" - ഈശ്വര നാമങ്ങളുടെ വ്യാഖ്യാനം, സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 19.

അപ്പോൾ ഈശ്വരനെ അറിയേണ്ടത് അവന്റെ നാമങ്ങൾ മനസ്സിലാക്കിക്കൊണ്ടായിരിക്കണം; ആ നാമങ്ങളുടെ അർത്ഥവ്യാപ്തി പഠിച്ചു കൊണ്ടായിരിക്കണം എന്നതാണ് വേദ താല്പര്യം.

ഇനിയും, പല ചോദ്യങ്ങൾക്കും ഉത്തരം പറയുന്ന വേളയിൽ ആരാണ് ആ ഈശ്വരൻ എന്ന് വേദ വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട് സ്വാമി വ്യക്തമാക്കുന്നുണ്ട്.

"യൻമനസാന മനുതേ യേനാഹുർമനോമ തമ്, തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദമുപാസിതേ." - കേനോപനിഷത്ത് 1:5.

"മനസ്സിൽ "ഇന്നവിധം" എന്ന് മനനത്തിന്ന് വിഷയമായി വരുന്നില്ലയോ, എന്നാൽ മനസ്സിനെ അറിയുന്നതെന്തോ അതിനെത്തന്നെ നീ ബ്രഹ്മ്മമെന്നറിയുകയും ഉപവസിക്കുകയും വേണം. അതിൽ നിന്നും ഭിന്നമായ ജീവൻ അന്ത:കരണം എന്നിവയെ ബ്രഹ്മത്തിന്ന് പകരം ഉപാസിക്കരുത്." - സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 239.

"യച്ചക്ഷു ഷാ ന പശ്യതി യേന ച ക്ഷു ഷി, പശ്യതി, തദേവ ബ്രഹ്മത്വം വിദ്ധി നേദം യദിദമുപാസിതേ."- കേനോപനിഷത്ത് 1:6.

"കണ്ണിനാൽ കാണാത്തതെന്തോ എല്ലാ കണ്ണും ഏതിനാൽ കാണുന്നുവോ അതിനെ നീ ബ്രഹ്മമെന്നറിയുക. അതിനെ മാത്രം ഉപാസിക്കുക. അതിൽ നിന്നും ഭിന്നമായ ശബ്ദാദികളെ അതിന്റെ സ്ഥാനത്ത് ഉപാസിക്കാതിരിക്കുക." - സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 239.

കാലഘട്ടത്തിന്റെ വളരെ നിസ്സാരമായ കോണിൽ തങ്ങളുടെ മാതാക്കളുടെ ഗർഭാശയത്തിൽ രൂപം കൊള്ളുകയും, വളരെ നിസ്സഹായരായി കൈകാലിട്ടടിച്ച് ഈ ഭൂലോകത്തേക്ക് പിറന്നു വീഴുകയും, ദാഹം, വിശപ്പ്, രോഗം, മറവി, ഭയം, സുഖം, ദുഃഖം, മരണം എന്നിങ്ങനെയുള്ള ദുർബല ഘട്ടങ്ങളിലൂടെ കടന്നുപോയ ഒരാളെ "ദൈവമേ..." എന്ന വിളിയിൽ ഉൾപ്പെടുത്തുവാൻ പറ്റുമോ എന്ന് ചിന്തിക്കുക.

വിഗ്രഹത്തിന്റെ ആവശ്യം ഉണ്ടോ 

സ്വാമിയുടെ മുൻപിൽ ഒരു ചോദ്യം വന്നു.

"ചോദ്യം:- ഈശ്വരൻ നിരാകാരനാണ്. അതിനാൽ ധ്യാനത്തിൽ കൊണ്ടുവരാൻ സാധ്യമല്ല. അതിനാൽ വിഗ്രഹം കൂടിയേ കഴിയൂ. മറ്റൊന്നും ചെയ്യാനാകുന്നില്ലെങ്കിലും വിഗ്രഹത്തിന്നു മുന്നിൽ ചെന്ന് കൈകൂപ്പി ഈശ്വരനെ സ്മരിക്കുകയും നാമം ചൊല്ലുകയും ചെയ്യുന്നതിലെന്താണ് തരക്കേട്‌?" - സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 236.

പല സുഹൃത്തുക്കളും നിഷ്കളങ്കമായി ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട്. വളരെ ലളിതമായ സ്വാമി അതിന്ന് മറുപടി പറയുന്നുണ്ട്.

"ഉത്തരം:- ഈശ്വരൻ നിരാകാരനും സർവവ്യാപിയുമാണ്. ആ ഈശ്വരന്റെ വിഗ്രഹം നിർമ്മിക്കാനേ സാധ്യമല്ല. 

വിഗ്രഹത്തിന്റെ ദർശന മാത്രയിൽ ഈശ്വരസ്മരണയുണ്ടാകുമെങ്കിൽ ഈശ്വരന്റെ അത്ഭുത രചനയായ പൃഥ്വി, ജലം അഗ്നി, വായു, വന വൃക്ഷങ്ങൾ മുതലായ അനേകം വസ്തുക്കളും, ഈ വകയെല്ലാം ഉള്ള ഭൂമി, പർവതങ്ങൾ- ഈശ്വര രചിതമായ ഈ മഹാ മൂർത്തികളിൽ നിന്നാണല്ലോ മനുഷ്യൻ വിഗ്രഹങ്ങൾ ഉണ്ടാക്കുന്നത് - മുതലായവ കണ്ടാൽ ഈശ്വരസ്മരണ ഉണ്ടാകുകയില്ലേ?

ഇല്ലെങ്കിൽ വിഗ്രഹം കണ്ടാൽ ഈശ്വര സ്മരണ വരുമെന്ന് പറയുന്നത് മിഥ്യയാണ്." - സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 236, 237.

സത്യമാണത്. വിഗ്രഹങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന കല്ലും മണ്ണും മറ്റും എല്ലാം തന്നെ ഈശ്വരന്റെ സൃഷ്ടികളായിരിക്കെ അതൊന്നും കാണുമ്പോൾ നിങ്ങൾക്ക് ആ ഈശ്വരനെ ഓർമിക്കുവാൻ  സാധിക്കുന്നില്ലേ എന്നാണ് സ്വാമി ചോദിക്കുന്നത്. ആദ്ദേഹം തന്റെ ഉത്തരം തുടരുന്നു.

"വിഗ്രഹം മുമ്പിലില്ലാത്തപ്പോൾ ഈശ്വര സ്മരണ ഉണ്ടാകാതിരിക്കുന്നത് മനുഷ്യൻ ഏകാന്തതയിൽ ചെന്ന് മോഷണം വ്യഭിചാരം മുതലായ ദുഷ്കർമ്മങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. 

ഇവിടെ എന്നെ ആരും കാണാനില്ലെന്ന തോന്നൽ നിമിത്തം അവൻ അനർത്ഥം ചെയ്യാതിരിക്കില്ല ഇങ്ങനെ നിരവധി ദൂഷ്യങ്ങൾ ശിലാദി വിഗ്രഹങ്ങളുടെ ആരാധനയിൽ നിന്നുണ്ടാകും. 

നോക്കൂ! ശിലാ വിഗ്രഹങ്ങളെ ആരാധിക്കാതെ സധാ സർവ്വ വ്യാപനും സർവാന്തര്യാമിയും ന്യായക്കാരിയുമായ പരമാത്മാവിനിനെത്തന്നെ  എങ്ങും നിറഞ്ഞവനെന്ന് അറിയുകയും കരുതുകയും ചെയ്യുന്നയാൾ, ക്ഷണ മാത്ര പോലും താൻ ഈശ്വരനിൽ നിന്നകന്നിരിക്കുന്നില്ലന്നറിഞ്ഞു, ദുഷ്കർമ്മം ചെയ്യുന്നത് പോകട്ടെ മനസ്സിൽ ചിന്തിക്കുക പോലുമില്ല. മനസാ വാചാ കർമണാ എന്തെങ്കിലും ചീത്ത ചെയ്‌താൽ അന്തര്യാമിയുടെ ന്യായത്തിൽ നിന്ന് ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുകയില്ലെന്നയാൾക്കറിയാം" - സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 236, 237.

ഒരു വിശദീകരണവും ആവശ്യമില്ലാത്ത വിധം സ്വാമി അവർകൾ കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

വീണ്ടും അദ്ദേഹത്തിന്ന് മുമ്പിൽ  ചോദ്യം വരുന്നു.

"ഈശ്വരൻ എങ്ങും നിറഞ്ഞവനാണെങ്കിൽ  വിഗ്രഹത്തിലും ഉണ്ട്. ഏതെങ്കിലും വസ്തുവിൽ ഈശ്വരനെ സങ്കൽപ്പിച്ചു ആരാധിക്കുന്നതിൽ തെറ്റെന്താണ്?"  - സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 237.

വളരെ ലളിതവും ചിന്തനീയവുമായ ഒരു ഉദാഹരണത്തിലൂടെ സ്വാമി അതിന്ന് ഉത്തരം നൽകുന്നത് കാണുക.

"ഈശ്വരൻ സർവത്ര വ്യാപിച്ചിരിക്കുന്നതിലാൽ ഏതെങ്കിലും ഒരു വസ്തുവിൽ സങ്കൽപ്പിക്കുകയും അന്യത്ര സങ്കൽപ്പിക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ, ചക്രവർത്തിയെ സാമ്രാജ്യാധികാരത്തിൽ നിന്നുമാറ്റി ഒരു ചെറ്റക്കുടിലിൻറെ അധിപനാക്കുന്നതിന്ന് തുല്യമായിരിക്കും. ഇതെത്ര വലിയ അപമാനമാണ്! ഇങ്ങനെ നിങ്ങൾ ഈശ്വരനെ അപമാനിക്കുന്നു." - സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 238.

സർവ്വ ലോകങ്ങളുടെയും പതിയായ ഈശ്വരനെ അവന്റെ കേവല സൃഷ്ടികളായ കല്ലിലും മരത്തിലും കാണുന്നതിൻറെ നിരർത്ഥകത വളരെ ശക്തമായ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കുകയാണ് സ്വാമിജി.

വീണ്ടും ഒരു ചോദ്യം കാണുക. 

"ചോദ്യം:- വേദത്തിൽ അനേകം ഈശ്വരന്മാർ ഉണ്ട്. ഇത് നിങ്ങൾ അംഗീകരിക്കുന്നുവോ ഇല്ലയോ?

ഉത്തരം:- അംഗീകരിക്കുന്നില്ല. എന്തെന്നാൽ നാലു വേദങ്ങളിൽ ഒരിടത്തും അങ്ങിനെ പറഞ്ഞിട്ടില്ല എന്നു മാത്രമല്ല ഒരു ഈശ്വരനേ ഉള്ളെന്നു പറഞ്ഞിട്ടുമുണ്ട് " - സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 127.

വേദങ്ങൾ പരിചപ്പെടുത്തിയ ആ ഈശ്വര വിശ്വാസത്തിൽ വിഗ്രഹങ്ങൾക്ക് സ്ഥാനം വേണോ എന്ന് ഈശ്വരനെ വേദ വാക്യങ്ങളിലൂടെ പഠിച്ചുകൊണ്ടും അടുത്തറിഞ്ഞു കൊണ്ടും തീരുമാനിക്കുക. തീരുമാനം നിങ്ങളുടേതാണ്.

"ഹിരണ്യ ഗർഭ: സമവർത്തതാഗ്രേ ഭൂതസ്യ ജാത പതിരേക  ആസിത്; സദാധാര പൃഥ്വിവിം ദ്യാമുതേമാം കസ്മൈ ദേവായ ഹവിഷാ വിധേമ" - ഋഗ്വേദം 10. 121.1.

"
അല്ലയോ മനുഷ്യ! സൂര്യൻ മുതലായ തേജോമയവസ്തുക്കൾക്ക് ആധാരവും ഇതുവരെ ഉണ്ടായതും ഉണ്ടാകുന്നതും ആയ ലോകത്തിന്റെ ഏകനും അദ്വിതീയനും അധിപനുമായ പരമാത്മാവ് ഈ ജഗത്തിന്റെ ഉത്ഭവത്തിന്നും മുൻപ് ഉണ്ടായിരുന്നു. ഭൂമി മുതൽ സൂര്യൻവരെയുള്ള ജഗത്തിനെ സൃഷ്ടിച്ച ആ പരമാത്മ  ദേവനെ സ്‌നേഹപൂർവ്വം ഭജിക്കുവിൻ" - ഋഗ്വേദം 10. 121.1 സ്വാമി ദയാനന്ദ സരസ്വതി, സത്യാർത്ത പ്രകാശം, പേജ് 153.

മാനവരേ എന്ന് വിളിച്ചുകൊണ്ട്, സകലതിനെയും സൃഷ്ടിച്ച, മരണമില്ലാത്ത എന്നോട് തന്നെ ഐശ്വര്യ ലബ്ധിക്കായും മറ്റും അപേക്ഷിച്ച് വാങ്ങുവിൻ എന്ന വേദ വാക്യം കേൾക്കുമ്പോൾ, അല്ലയോ മനുഷ്യ എന്ന് വിളിച്ചുകൊണ്ട് ജഗത്തിന്റെ മുൻപും ഉണ്ടായിരുന്ന ഏകനായ ആ പരമാത്മാവിനെ സ്‌നേഹപൂർവ്വം ഭജിക്കുവിൻ എന്ന വേദ വാക്യം കേൾക്കുമ്പോൾ,  ഇല്ല, ഞങ്ങൾ ഇന്നലെകളിൽ ഇന്ന സ്ട്രീയുടെയും ഇന്ന പുരുഷന്റെയും മകനായി ജനിക്കുകയും, പിന്നീട് മരണപ്പെടുകയും ചെയ്ത ആളുകളിൽ നിന്നേ ഐശ്വര്യവും മറ്റും ചോദിക്കുകയുള്ളൂ എന്ന് പറയുമ്പോൾ അതിൽ വേദകൽപ്പനകളെ അവഗണിക്കൽ  ഉണ്ടോ?

റഫറൻസ്: http://satyarthprakash.in/download-satyarth-prakash

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.

No comments:

Post a Comment