Tuesday, May 23, 2017

മൂന്നു നേരത്തെ മരുന്ന് ഒരുമിച്ചു വിഴുങ്ങുന്നവർ

മൂന്നു നേരത്തെ മരുന്ന് ഒരുമിച്ചു വിഴുങ്ങുന്നവർ 

വ്യതസ്തമായ മൂന്നു അത്യാവശ്യ നേരങ്ങളില്‍ കഴിക്കാന്‍ പറഞ്ഞ മരുന്ന് ഒരൊറ്റ നേരംകൊണ്ട് വിഴുങ്ങിയ രോഗി ഒരു ഭാഗത്ത്. രോഗിക്ക് നൽകേണ്ട മരുന്നിന്റെ ഗുണം മനസ്സിലാക്കി, അതിന്റെ സമയക്ക്രമം ശരിയാക്കുന്നതിന്ന് പകരം, ആ മരുന്ന് തന്നെ നിരോധിക്കണം എന്ന് വാദിക്കുന്ന ഉത്തരവാദിത്തപ്പെട്ട ആളുകൾ മറുഭാഗത്തും.

ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന, നിജസ്ഥിതി അറിയാതെ വട്ടം കറങ്ങുന്ന ബഹുജനങ്ങൾ.

മുത്വലാഖുമായി ബന്ധപ്പെട്ടുകൊണ്ട് നടക്കുന്ന ചര്‍ച്ചയുടെ ആകത്തുകയാണിത് എന്നാണ് മനസ്സിലായത്‌. മൂന്നു നേരങ്ങളില്‍ കഴിക്കാന്‍ പറഞ്ഞ മരുന്ന് ഒരൊറ്റ നേരംകൊണ്ട്, അതും അത്യാവശ്യമാണോ  അല്ലേ എന്നൊന്നും നോക്കാതെ മൂന്നും കൂടി ഒറ്റയടിക്ക് അണ്ണാക് തൊടാതെ വിഴുങ്ങിയതാണ് യഥാർത്ഥ രോഗം, അതിനാണ് ചികിത്സ ആവശ്യമുള്ളത്.

ഇണകളായി ജീവിക്കുന്ന മനുഷ്യ കുലത്തിന്റെ ജീവിതക്ക്രമങ്ങളില്‍ വരുന്ന ചില തകരാറുകള്‍. അത് ചിലപ്പോള്‍ പരിഹരിക്കുവാന്‍ പറ്റാത്ത ഒരു തലത്തിലേക്ക് ഉയര്‍ന്നു വന്നേക്കാം. സ്പര്ശനത്തിന്ന് ശേഷം, ഉടനടി ഇണയെ ഉപേക്ഷിച്ചുകൊണ്ട് മറ്റൊരു ഇണയെ തേടിപ്പോകുന്ന മ്രിഗീയതയാണോ പരിഹാരം?

ഒരിക്കലും അല്ല.

രഞ്ജിപ്പിന്റെ മാർഗ്ഗങ്ങൾ തേടണം 

ദമ്പദികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതെ വരുമ്പോള്‍ ആദ്യം നിര്‍ദ്ദേശിക്കുന്നത് ത്വലാഖല്ല, അനുരജ്ഞനമാണ്.

"ഇനി, അവര്‍ (ദമ്പതിമാര്‍) തമ്മില്‍ ഭിന്നിച്ച്‌ പോകുമെന്ന്‌ നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം അവന്‍റെ ആള്‍ക്കാരില്‍ നിന്ന്‌ ഒരു മദ്ധ്യസ്ഥനെയും അവളുടെ ആള്‍ക്കാരില്‍ നിന്ന്‌ ഒരു മദ്ധ്യസ്ഥനെയും നിങ്ങള്‍ നിയോഗിക്കുക. ഇരു വിഭാഗവും അനുരഞ്ജനമാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു." - ഖുർആൻ 4:35

രഞ്ജിപ്പിന്റെ വലിയ ഒരു ശ്രമം നടക്കേണ്ടതുണ്ട്. 

"ഓരോ പക്ഷത്തുനിന്നും അവർക്ക് നന്നായിത്തോന്നുന്ന മധ്യസ്ഥന്മാരെ നിയോഗിക്കണം അവർ ഓരോ ഭാഗത്ത് നിന്നുള്ള തെറ്റുകൾ പരിശോധിച്ച് കൂടുതൽ യുക്തവും പ്രായോഗികവുമായ തീരുമാനമുണ്ടാക്കണം... " - അമാനി മൗലവി(റഹി), ഖുർആൻ 4:35

ബന്ധങ്ങൾ വിശിഷ്യാ വൈവാഹിക ബന്ധം  പിരിക്കാനുള്ളതല്ല; അത് എന്നെന്നും കൂട്ടിക്കിച്ചേർക്കുവാനാണ് ഇസ്‌ലാമിന്റെ കൽപ്പന.

ഒരുപാടു മാർഗനിർദേശങ്ങൾ രഞ്ജിപ്പുമായി ബന്ധപ്പെട്ടുകൊണ്ടു പ്രമാണങ്ങൾ വിശദീകരിക്കുന്നുണ്ട്.

ഇനി, ഒരു ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നം കുടുംബത്തിന്റെയും മറ്റും ഇടപെടലുകൾക്ക് ശേഷവും പരിഹരിക്കാതെ തുടരുകയും, അത് ഇരു കൂട്ടർക്കും അസഹ്യമായിത്തീരുകയും ചെയ്‌താൽ എന്ത് ചെയ്യണം? 

ജീവിത കാലം മുഴുവൻ കയറില്ലാതെ കെട്ടിയിടലാണോ വേണ്ടത് ? 

അല്ല.

വൈവാഹിക ബന്ധം, വളരെ വിഷമത്തോട് കൂടിയാണെങ്കിലും, അത് പിരിക്കേണ്ടി വരും. തുടർന്നും ജീവിക്കേണ്ട അവർക്ക് അതായിരിക്കും നല്ലത്.

അങ്ങിനെ പിരിയേണ്ട ഒരു സന്ദർഭം അത്യാവശ്യമായ സാഹചര്യത്തിലും ഭാര്യയേയും ഭർത്താവിനെയും ഉടൻ വേർപ്പെടുത്തുന്നതിന്ന് പകരം, ഏതെങ്കിലും വിധേന അവർക്ക് ഒത്തുപോകുവാനുള്ള വളരെ വലിയ ഒരു സന്ദർഭവും ഒരു വലിയ സമയവും ഒക്കെ നൽകികൊണ്ടുമാണ് ഇസ്‌ലാമിലെ ത്വലാഖ് അഥവാ വിവാഹ മോചനം എന്ന പ്രക്രിയ ആരംഭിക്കുന്നത്.

ഒന്നാം ത്വലാഖ് 

കണിശമായ സമയക്ക്രമങ്ങള്‍ നിശ്ചയിച്ചുകൊണ്ടും, കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പറഞ്ഞുകൊണ്ടുമാണ് പരിശുദ്ധ ഖുര്‍ആനിലെ അറുപത്തിഅഞ്ചാം അദ്ധ്യായമായ "ത്വലാഖ്" അഥവാ വിവാഹ മോചനം എന്ന് പേരുള്ള അധ്യായം തുടങ്ങുന്നത്.

"നബിയേ, നിങ്ങള്‍ സ്ത്രീകളെ [ഭാര്യമാരെ] വിവാഹമോചനം ചെയ്യുന്നതായാല്‍, അവരുടെ ‘ഇദ്ദഃ’ [കാത്തിരിപ്പാന്‍ നിര്‍ദ്ദേശിക്കപ്പെട്ട] സമയത്തേക്കു അവരെ മോചനം ചെയ്യുവിന്‍; ‘ഇദ്ദഃ’യെ നിങ്ങള്‍ (എണ്ണി) കണക്കാക്കുകയും ചെയ്യണം. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിന്‍." - ഖുർആൻ 65:1

ആർത്തവ ശുദ്ധിയുടെ സമയ പരിധിയാണ് ഇവിടെ ഇദ്ധ: എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

"അതായത്: സ്ത്രീയുടെ ആർത്തവം കഴിഞ്ഞു ശുദ്ധിയാകുകയും, ആ ശുദ്ധികാലത്ത് ഭർത്താവിന്റെ സ്പര്ശനം ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന അവസരത്തിലേ ത്വലാഖ് നടക്കുവാൻ പാടുള്ളൂ. ഇതാണ് ഇദ്ധ: സമയത്തേക്കായിരിക്കണം ത്വലാഖ് എന്ന് പറഞ്ഞതിന്റെ താൽപര്യം" - അമാനി മൗലവി(റഹി), ഖുർആൻ 65:1

ഒരു ഭര്‍ത്താവ് തന്റെ ഭാര്യയെ വിവാഹ മോചനം നടത്തേണ്ടുന്ന ഒരു ഘട്ടം വന്നാല്‍ കൃത്യമായ രണ്ടു മാനദണ്ഡങ്ങൾ പാലിക്കപ്പെടണം. ഒന്ന് ആ സ്ത്രീ ആര്‍ത്തവ ശുദ്ധിയുള്ളവൾ ആയിരിക്കണം എന്നതും രണ്ട് ഭർത്താവിന്റെ സ്പർശനം നടക്കാതിരിക്കുക എന്നതുമാണ്. 

ഇവ രണ്ടെണ്ണത്തിൽ ഏതെങ്കിലും ഒന്നിന് വിഘ്നം സംഭവിച്ചാൽ അടുത്ത ശുദ്ധിയാകുന്നത് വരെ കാത്ത് നിൽക്കണം. അത്തരമൊരു സന്ദർഭത്തിൽ മാത്രമാണ് ഒന്നാമത്തെ ത്വലാഖ് സാധുവാകുന്നത്. 

അങ്ങിനെ ഒന്നാമത്തെ ത്വലാഖ് നടന്നുകഴിഞ്ഞാൽ അതിന്റെ പരിധി എന്ന് പറയുന്നത്, ആർത്തവ ശുദ്ധിയുടെ മറ്റു രണ്ടു ഘട്ടങ്ങൾകൂടി കഴിയുന്നത് വരെ എന്നാകുന്നു. ഏകദേശം മൂന്ന് മാസത്തിലധികമാണ് ഇതിന്റെ കാല പരിധി.

ഒന്നാമത്തെ തലാഖ് മുതൽ മൂന്ന് മാസത്തിലധികം വരെ നീണ്ടുനിൽക്കുന്ന സമയത്ത് ഭർത്താവിന്ന് ഭാര്യയുടെ കാര്യത്തിൽ വളരെ കൃത്യമായ ഉത്തരവാദിത്വങ്ങൾ ഉണ്ട്.

"അവരുടെ വീടുകളില്‍ നിന്ന്‌ അവരെ നിങ്ങള്‍ പുറത്താക്കരുത്‌. അവര്‍ പുറത്തു പോകുകയും ചെയ്യരുത്‌" - ഖുർആൻ 65:1.

ഭാര്യ ഭർത്താവിന്റെ കൂടെത്തന്നെ താമസിക്കണം, ചിലവിന്റെ ബാധ്യത ഭർത്താവിനാണ് എന്ന് തുടങ്ങിയ ഈ മൂന്നു മാസക്കാലത്ത് ഭാര്യയും, വിശിഷ്യാ ഭർത്താവും അനുവർത്തിക്കേണ്ട ഉന്നതങ്ങളായ മര്യാദക്ക്രമങ്ങൾ വേറെയും ഒരു പാടുണ്ട്. പരിശുദ്ധ ഖുർആനിന്റെയും നബി(സ) ചര്യയുടെയും അടിസ്ഥാനത്തിൽ വളരെ വിശദമായ ഗ്രന്ഥങ്ങൾ തന്നെ  ഈവിഷയത്തിൽ രചിക്കപ്പെട്ടിട്ടുണ്ട്.

"ഏറെക്കുറെ മൂന്നുമാസക്കാലം ആ സ്ത്രീ ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞു കൂടുമ്പോൾ, വിവാഹ മോചനത്തിന്ന് ഇടയാക്കിയ സംഭവം ക്രമേണ തീർന്നു പോകുവാനും, രണ്ടുപേർക്കുമിടയിൽ പഴയ ബന്ധം തുടരുവാനുള്ള ആഗ്രഹം ജനിക്കുവാനും, അങ്ങിനെ ഇദ്ധ: കാലം കഴിയുമ്പോഴേക്കും അവൻ അവളെ മടക്കി എടുക്കുവാനും കാരണമായിത്തീരുന്നു" - അമാനി മൗലവി(റഹി), ഖുർആൻ 65:1

ഒന്നാമത്തെ ത്വലാഖ് നടന്നതിന് ശേഷമുള്ള ഈ മൂന്നു മാസക്കാലത്തിന്റെ പിന്നിലുള്ള ഒരു യുക്തിയാണ് ബഹുമാന്യ പണ്ഡിതൻ അമാനി മൗലവി മുകളിൽ പറയുന്നത്. തന്റെ ഭാര്യയെ തിരിച്ചെടുക്കുവാൻ പ്രേരണ നൽകുന്ന വലിയ ഒരു അവസരമാണ് പരിശുദ്ധ ഖുർആൻ ഇവിടെ സൃഷ്ടിച്ചിട്ടുള്ളത്. അതിൽ സുപ്രധാനമായ ഒരു നിയമമാണ് ഈ മൂന്ന് മാസത്തിനുള്ളിൽ ഭാര്യാ-ഭർതൃ സംസർഗം ഉണ്ടായാൽ ത്വലാഖ് അസാധുവാകും എന്നുള്ളത്. 

രണ്ടിൽ ഒന്ന് തീരുമാനിക്കുക

ആർത്തവ ശുദ്ധിയുടെ മൂന്ന് ഘട്ടം അഥവാ മൂന്നു മാസത്തിലധികം കഴിയുകയും എന്നിട്ടും ഭർത്താവ് ഭാര്യയെ തിരിച്ചെടുക്കുവാൻ തയ്യാർ ഇല്ല എങ്കിൽ അവർക്ക് പിരിയാം; രണ്ടാം ത്വലാഖിലേക്ക്  പോകേണ്ട ഒരു  ആവശ്യവും ഒരിക്കലും ഇല്ല തന്നെ.

"നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്തിട്ട്‌ അവരുടെ അവധി പ്രാപിച്ചാല്‍ ഒന്നുകില്‍ നിങ്ങളവരെ മര്യാദയനുസരിച്ച്‌ കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ മര്യാദയനുസരിച്ച്‌ തന്നെ പിരിച്ചയക്കുകയോ ആണ്‌ വേണ്ടത്‌. ദ്രോഹിക്കുവാന്‍ വേണ്ടി അന്യായമായി നിങ്ങളവരെ പിടിച്ചു നിര്‍ത്തരുത്‌. അപ്രകാരം വല്ലവനും പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ തനിക്ക്‌ തന്നെയാണ്‌ ദ്രോഹം വരുത്തിവെക്കുന്നത്‌. അല്ലാഹുവിന്‍റെ തെളിവുകളെ നിങ്ങള്‍ തമാശയാക്കിക്കളയരുത്‌." - ഖുർആൻ 2:231.

"ത്വലാക്വിനെത്തുടര്‍ന്ന് സ്ത്രീകള്‍ ആചരിക്കേണ്ടുന്ന ഇദ്ദകാലം കഴിയാറാകുമ്പോള്‍ ഭര്‍ത്താവ് രണ്ടിലൊന്ന്   ചെയ്യേണ്ടിയിരിക്കുന്നു: ഒന്നുകില്‍ അവളെ വിവാഹ ബന്ധത്തിലേക്ക് മടക്കി എടുത്തു അവളെ വെച്ചുകൊണ്ടിരിക്കുക.   അല്ലെങ്കില്‍ മടക്കി എടുക്കാതെ പിരിച്ചുവിടുക." - അമാനി മൗലവി(റഹി), ഖുർആൻ 2:231.

രണ്ടിൽ ഏതു സ്വീകരിച്ചാലും അത് നീതിയും മര്യാദയും ഉള്ളതായിരിക്കണം.

"രണ്ടില്‍ ഏത് സ്വീകരിച്ചാലും ശരി, അത്   നീതിയും മര്യാദയും അനുസരിച്ചായിരിക്കണം. ഏതെങ്കിലും ദുരുദ്ദേശ്യം വെച്ചുകൊണ്ടോ, ഉപദ്രവവും ബുദ്ധിമുട്ടും   ഉണ്ടാകുന്ന തരത്തിലോ ആയിക്കൂടാ എന്നുള്ളതാണ്. ഇക്കാര്യമാണ് ഈ വചനത്തിലെ ഏറ്റവും പ്രധാനമായ വിഷയം." - അമാനി മൗലവി(റഹി), ഖുർആൻ 2:231.

"ഒന്നുകിൽ അവളെ വെച്ചുകൊണ്ടിരിക്കുക എന്ന് തീരുമാനിക്കണം. അഥവാ ത്വലാഖ് നടപ്പിലാകുന്നതിൽനിന്നും പിൻവലിച്ചു അവളെ പഴയ വിവാഹ ബന്ധത്തിലേക്ക് മടക്കിയെടുക്കണം. അല്ലാത്ത പക്ഷം അവളെ പിരിച്ചു വിടണം. 

അഥവാ ത്വലാഖ് നടപ്പിൽ വരുത്തണം. രണ്ടിൽ ഏതായിരുന്നാലും ശരി അത് സദാചാര മര്യാദ അനുസരിച്ചായിരിക്കണം

ഉപദ്രവകരമോ, ദുരുദ്ദേശ്യപൂർവ്വമോ ആയിരിക്കരുത്. ഇരുകൂട്ടരുടെയും നന്മയും സൗകര്യവും അനുസരിസച്ചായിരിക്കണം എന്നർത്ഥം." - അമാനി മൗലവി(റഹി), ഖുർആൻ 65:1

തിരിച്ചെടുക്കുകയാണെങ്കിലും പിരിച്ചുവിടുകയാണെങ്കിലും അവിടെയും കൃത്യമായ മാർഗനിർദേശങ്ങൾ ഉണ്ട്.

എങ്ങിനെ പിരിയണം?

"വിവാഹമോചിതരായ സ്ത്രീകള്‍ക്ക്‌ ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ടതാണ്‌. ഭയഭക്തിയുള്ളവര്‍ക്ക്‌ അതൊരു ബാധ്യതയത്രെ" - ഖുർആൻ 2:241. 

ഈ സന്ദർഭത്തിലും ഒരു ഭാര്യയെ ഭർത്താവ് പിരിച്ചയക്കുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ ഒത്തിരിയുണ്ട്.

രണ്ടാം ത്വലാഖ് 

ഒന്നാം ത്വലാഖിന്ന് ശേഷം ഭർത്താവ് ഭാര്യയെ തിരിച്ചെടുക്കുകയും, ശേഷം ഒരു പക്ഷെ എത്രയോ കാലം ഒരുമിച്ച് ജീവിക്കുകയും ചെയ്യുന്ന ഭാര്യാ-ഭർതൃ ബന്ധത്തിൽ രണ്ടാമതും ഒരു വിള്ളൽ ഉണ്ടാകുകയും അങ്ങിനെ ഭർത്താവ് ഭാര്യയെ പിരിയുവാൻ വീണ്ടും തീരുമാനിക്കുകയും ചെയ്‌താൽ മാത്രമാണ് രണ്ടാമത്തെ ത്വലാഖിന്റെ പ്രസക്തി വരുന്നത്. അതല്ലാതെ ഒരു രണ്ടാം ത്വലാഖിന്ന് നിർബന്ധപൂർവ്വം അവസരം ഉണ്ടാക്കുവാന്‍ ഇസ്ലാം അനുവദിക്കുന്നില്ല; അതല്ല അതിന്റെ ലക്ഷ്യവും.

രണ്ടാമത്തെ ത്വലാഖിലും മുകളിൽ പറഞ്ഞ രഞ്ജിപ്പിനുള്ള ശ്രമം അനിവാര്യമാണ്. ഒന്നാം ത്വലാഖിന്റെ നടപടിക്രമങ്ങളുടെ ഒരു ആവർത്തനം ഇവിടെയും വേണമെന്നർത്ഥം. 

"(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച്‌ കൂടെ നിര്‍ത്തുകയോ, അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ്‌ വേണ്ടത്‌. നിങ്ങള്‍ അവര്‍ക്ക്‌ (ഭാര്യമാര്‍ക്ക്‌) നല്‍കിയിട്ടുള്ളതില്‍ നിന്നു യാതൊന്നും തിരിച്ചുവാങ്ങാന്‍ നിങ്ങള്‍ക്ക്‌ അനുവാദമില്ല." - ഖുർആൻ 2:229

"(ഒന്നാം ത്വലാഖിന് ശേഷം) മടക്കി എടുക്കുന്ന പക്ഷം ആവശ്യം  നേരിട്ടാല്‍ രണ്ടാമതും ത്വലാക്വ് നടത്താം. ഈ ത്വലാക്വിനുശേഷം ഭര്‍ത്താവ് രണ്ടാലൊന്ന് സ്വീകരിക്കുവാന്‍ ബാധ്യസ്ഥനായി: (സദാ ചാര മര്യാദപ്രകാരം അവളെ വെച്ചുകൊണ്ടിരിക്കുക, അല്ലെങ്കില്‍ നന്മചെയ്തുകൊണ്ട്- നല്ല നിലയില്‍ അവളെ പിരിച്ചുവിടുക.)" - അമാനി മൗലവി(റഹി), ഖുർആൻ 2:229.

അതിനിടക്ക് ഒരു കാര്യം. ഭർത്താവ് ഭാര്യക്ക് അങ്ങോട്ടാണ് ധനം നൽകേണ്ടത്. അതായത് സ്ത്രീ ധനം അല്ല; പുരുഷ ധനം ആണ്. അങ്ങിനെ വിവാഹ സമയത്ത്  പുരുഷൻ തന്റെ ഭാര്യക്ക് അങ്ങോട്ട് നൽകിയത് വിവാഹ മോചനം നടത്തുന്ന സമയത്ത് ഒരിക്കലും തിരിച്ച് വാങ്ങുവാൻ പാടില്ല എന്നതാണ് പരിശുദ്ധ ഖുർആൻ വചനത്തിൽ പറയുന്നത്.

രണ്ടാമ്മതും കൂടെ നിറുത്തുകയാണെങ്കിലും പിരിച്ചയക്കുകയാണെങ്കിലും അവിടെയും മുകളിൽ സൂചിപ്പിച്ച പോലെ മാർഗ്ഗ നിർദേശങ്ങൾ ഉണ്ട്.

അങ്ങിനെ രണ്ടാമതും ഒരുമിച്ചു ജീവിക്കുവാൻ തയ്യാറായാൽ മാത്രമേ മൂന്നാം ത്വലാഖിന്റെ പ്രസക്തി തന്നെ വരുന്നുള്ളൂ. അപ്പോഴേക്കും ഒരു പക്ഷെ കാലം ഒട്ടേറെ കഴിഞ്ഞു പോയിട്ടുണ്ടാകും.

മൂന്നാം ത്വലാഖ് 

രണ്ടു ത്വലാഖിന്റെ കാലഘട്ടങ്ങൾ പിന്നിട്ട ഭാര്യാ-ഭർതൃ ബന്ധത്തിൽ മൂന്നാമതും ഒരു വിള്ളൽ ഉണ്ടായാൽ അഥവാ ഒരുമിച്ചു ജീവിക്കുവാൻ പറ്റാത്ത ഒരു സാഹചര്യം മൂന്നാമതും ഉണ്ടായാൽ അവിടെയാണ് മൂന്നാമത്തെതും അവസാനത്തേതുമായ ത്വലാഖ് സംഭവിക്കുന്നത്. അതല്ലാതെ ഒരു മൂന്നാം ത്വലാഖിന്ന് നിർബന്ധപൂർവ്വം അവസരം ഉണ്ടാക്കുവാന്‍ ഇസ്ലാം അനുവദിക്കുന്നില്ല; അതല്ല അതിന്റെ ലക്ഷ്യവും.

"ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന്‌ ശേഷം അവളുമായി ബന്ധപ്പെടല്‍ അവന്‌ അനുവദനീയമാവില്ല;" - ഖുർആൻ ഖുർആൻ 2:230.

മൂന്നാമത്തെ ത്വലാഖ് നടന്നു കഴിഞ്ഞാൽ പിന്നീട് തിരിച്ചെടുക്കുവാൻ അവസരം ഇല്ല എന്ന് വ്യക്ത്യം.

"അതായത്, മുമ്പ് രണ്ട് വട്ടം  ത്വലാക്വ് കഴിഞ്ഞതിന് ശേഷം മൂന്നാമതും ത്വലാക്വ് നടത്തിയാല്‍ പിന്നെ മടക്കി എടുക്കുന്ന പ്രശ്‌നമില്ല." - അമാനി മൗലവി(റഹി), ഖുർആൻ 2:230

ത്വലാഖിന്റെ മാസങ്ങളോളം നിലനിൽക്കുന്ന മൂന്ന് ഘട്ടങ്ങൾ പിന്നിട്ട ഭാര്യക്കും ഭർത്താവിനും വീണ്ടും ഒന്നിക്കുവാനുള്ള ഒരു അവസരം  വളരെ വളരെ വിദൂരമാണ്. അവര്‍ക്ക് വേര്‍പിരിഞ്ഞു പോയി വേറെ വിവാഹം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യാം.

അങ്ങിനെ, ഈ മരുന്നിന്റെ പ്രയോഗം എങ്ങിനെ എന്നറിയാതെ മരുന്നിനെത്തന്നെ നിരോധിക്കൽ ഒട്ടും ബുദ്ധിപരമല്ല എന്നത് ഓരോ ത്വലാഖുകളെപ്പറ്റിയും അതിന്റെ പ്രായോഗികതയെ കുറിച്ചും  ഒരൽപം മനസ്സിലാക്കിയ ഏതൊരാൾക്കും കൃത്യമായി മനസ്സിലാകും.

മുത്വലാഖ്‌ മത നിഷിദ്ധം

വഴിപിരിയലിന്റെ വക്കത്തെത്തിയ ദമ്പതിമാര്‍ക്ക് ഒന്നിച്ചു ജീവിക്കുവാനുള്ള രണ്ടു വലിയ അവസരങ്ങളും രണ്ടു വലിയ സമയങ്ങളുമാണ് യഥാര്‍ഥത്തില്‍ ഒന്നും രണ്ടും ത്വലാഖുകളിലൂടെ ലഭിക്കുന്നത്. മൂന്നാമ്മതും പിരിയാനാണ് തീരുമാനന്മെങ്കില്‍ അത് അവസാനത്തെതുമാണ്.

ഈ നല്‍കിയ അവസരത്തെ യഥാവിധി മനസ്സിലാക്കാതെ, പ്രാവൃത്തികമാക്കാതെ തങ്ങള്‍ക് തോന്നിയപോലെ, പരിധികള്‍ ലഘിക്കുന്ന ആളുകള്‍ അതിക്രമകാരികളാണ് എന്നാണ് പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത്.

"അല്ലാഹുവിന്‍റെ നിയമ പരിധികളത്രെ അവ. അതിനാല്‍ അവയെ നിങ്ങള്‍ ലംഘിക്കരുത്‌. അല്ലാഹുവിന്‍റെ നിയമ പരിധികള്‍ ആര്‍ ലംഘിക്കുന്നുവോ അവര്‍ തന്നെയാകുന്നു അക്രമികള്‍." - ഖുർആൻ 2:229

ഈ വചനത്തെ വിശദീകരിച്ചുകൊണ്ട് മഹാനായ പണ്ഡിതൻ ഇമാം ഇബ്നു കസീർ(റഹി) മൂന്ന് ത്വലാഖുകൾ ഒറ്റയടിക്ക് നിർവഹിക്കുന്നവരെ കുറിച്ച്  പറയുന്നത് കാണുക.

"ഏതെങ്കിലും ഒരാൾ മൂന്ന് ത്വലാഖുകളെ ഒറ്റയടിക്ക് ചൊല്ലിയാൽ അത് നിഷിദ്ധമാണ് എന്നത് ഈ വചനം അറിയിക്കുന്നുണ്ട്. ഇമാം മാലിക്കും അദ്ദേഹത്തോട് യോജിച്ചവരും സ്വീകരിച്ച നിലപാടിതാണ്. അവരുടെ അടുത്തുള്ള നടപടി ക്രമങ്ങള്‍ എന്നുവെച്ചാൽ ഓരോ ത്വലാഖും ഓരോന്നായി നിർവഹിക്കുക എന്നതാണ്. " -  ഇമാം ഇബ്നു കസീർ(റഹി) , ഖുർആൻ 2:229

ബഹുഭൂരിപക്ഷം ആളുകള്‍ ധരിച്ചപോലെ മൂന്ന്‍ ത്വലാഖുകള്‍ ഒറ്റയടിക്ക് ചൊല്ലുക എന്നത് യഥാര്‍ഥത്തില്‍ പരിശുദ്ധ ഖുര്‍ആനിന്ന് വിരുദ്ധമാണ്. പ്രാമാണികരായ പണ്ഡിതന്മാര്‍ വിശദീകരിക്കുന്നത് അങ്ങിനെയാണ്.

സുപ്രധാനമായ ചില കാര്യങ്ങകൂടി ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

1. മൂന്ന്‍ പ്രാവശ്യമായോ അല്ലെങ്കിൽ മൂന്ന് സന്ദര്‍ഭങ്ങളിലായോ ത്വലാഖ് ചൊല്ലിയെങ്കില്‍ മാത്രമേ ത്വലാഖ് പൂര്‍ത്തിയാകൂ എന്ന ധാരണ ആദ്യമേ തിരുത്തുക; അങ്ങിനെയൊരു വ്യവസ്ഥയോ നിബന്ധനയോ ഇസ്ലാമിലില്ല.

2. ഒരു ത്വലാഖിലൂടെ തന്നെ ദമ്പദികള്‍ക്ക് എന്നേക്കുമായി വേര്‍ പിരിയാം.

3. ഒറ്റ വേര്‍ പിരിയലിലൂടെ തന്നെ അവര്‍ ഇരുവര്‍ക്കും മറ്റൊരാളെ വിവാഹം ചെയ്തു ജീവിക്കുകയും ചെയ്യാം.

ഇങ്ങിനെ വത്യസ്ഥ സമയങ്ങളില്‍ അതും അത്യാവശ്യമാണെങ്കിൽ മാത്രം കഴിക്കുവാന്‍ നിര്‍ദേശിച്ച മരുന്ന് ഒറ്റയടിക്ക് വിഴുങ്ങുന്ന മത നിഷിദ്ധമാണ് സമുദായത്തിലെ ചിലര്‍ ഇപ്പോഴും തുടരുന്നത്. ജനങ്ങളെ അന്ധകാരത്തില്‍ തളച്ചിട്ടുകൊണ്ട് തങ്ങളുടെ ഭൌതിക താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി ഉപയോഗപ്പെടുത്തുന്ന പൌരോഹിത്യവും ആ പൌരോഹിത്യത്തിന്ന്‍ തങ്ങളുടെ ബുദ്ധി പണയം വെച്ചവരുമാണ് യഥാര്‍ത്ഥ വില്ലന്മാർ എന്ന് പ്രമാണികമായി കാര്യങ്ങള്‍ പഠിക്കുന്നവര്‍ക്ക് ബോധ്യമാകും.

ശപിക്കപ്പെട്ട ചടങ്ങ്, വിഡ്ഡികളുടെ ചടങ്ങ്, തോന്നിവാസത്തിന്റെ ചടങ്ങ്! 

ഈ വാക്കുകളൊന്നും എന്റെ വകയല്ല!

ഈ ലോകത്തിന്റെയും അതിലെ ജീവിവർഗ്ഗങ്ങളുടെയും സുഗമമായ ജീവിതക്രമത്തിന്ന് അവതരിപ്പിച്ച ദൈവിക നിയമ സംഹിതകളാകട്ടെ, മനുഷ്യൻ അവന്റെ ബുദ്ധിക്കനുസരിച്ച് ഉണ്ടാക്കിയ നിയമങ്ങളാകട്ടെ, അതിറെയൊക്ക പഴുതുകൾ തേടി, തങ്ങളുടെ വക്ര, സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ഇത്തരം നിയമങ്ങളെ  ദുർവ്യാഖ്യാനത്തിലൂടെ മറികടക്കുവാൻ ശ്രമിക്കുന്നത് വളരെ വ്യാപകമാണ്. ഇസ്‌ലാമിലെ ത്വലാഖും ഇതിൽനിന്നും ഒഴിവല്ല തന്നെ.

"ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന്‌ ശേഷം അവളുമായി ബന്ധപ്പെടല്‍ അവന്‌ അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത്‌ വരേക്കും. എന്നിട്ട്‌ അവന്‍ ( പുതിയ ഭര്‍ത്താവ്‌ ) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ ( പഴയ ദാമ്പത്യത്തിലേക്ക്‌ ) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല;" - ഖുർആൻ 2:230.

അത്യാവശ്യമെങ്കിൽ മാത്രം മൂന്ന് വ്യത്യസ്ത സമയത്തേക്ക് നിശ്ചയിച്ച വിവാഹ മോചന സന്ദർഭങ്ങളെ ഒറ്റയടിക്ക് നടത്തുകയും പിന്നീട് അതിൽ ഖേദിക്കുകയും ചെയ്യുന്നവർ തങ്ങളുടെ ഭാര്യമാരെ തിരിച്ച് കിട്ടുവാൻ വേണ്ടി നടത്തുന്ന മ്ലേച്ഛതയുടെ പേരാണ് 'ചടങ്ങു നിൽക്കൽ".

"മൂന്ന് പ്രാവശ്യം വിവാഹമോചനം ചെയ്തതിനുശേഷം ആ സ്ത്രീകളെ വീണ്ടും വിവാഹം കഴിക്കുവാന്‍  ഉദ്ദേശിക്കുന്നവര്‍ അല്ലാഹു വ്യക്തമായി പ്രസ്താവിച്ച മേല്‍ കണ്ട ഉപാധികളെ മറികടക്കുവാനുള്ള ചില സൂത്രങ്ങള്‍ നടത്തുന്ന പതിവ് ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. ചില പണ്ഡിതവിഭാഗങ്ങള്‍ അതിന് അരുനില്‍ക്കുകയും പിന്തുണനല്‍കുകയും ചെയ്തും വരുന്നു. 

വല്ല വിഡ്ഢികളെയും പ്രതിഫലം കൊടുത്തോ മറ്റോ സ്വാധീനിച്ചു ഒരു നാമമാത്ര വിവാഹം ബാഹ്യത്തില്‍ നടത്തുക, അടുത്ത അവസരം തന്നെ അവരെക്കൊണ്ട് വിവാഹമോചനവും ചെയ്യിക്കുക. ചില വിഡ്ഢികള്‍ പ്രതിഫലം മോഹിച്ചുകൊണ്ട് സ്വയം തന്നെ അതിന് തയ്യാറെടുക്കലും ഉണ്ട്. 'ചടങ്ങ് നില്‍ക്കുക' എന്ന പേരിലാണ് ഈ വിവാഹം അറിയപ്പെടുന്നത്." - അമാനി മൗലവി(റഹി), ഖുർആൻ 2:229.

കൃത്യമായി വിശദീകരിച്ചു തന്ന നിയമങ്ങളുടെ വളരെ വ്യക്തമായ ലംഘനമാണ് മുസ്ലിം സമുദായത്തിൽ നടക്കുന്നത്.

"ഈ പേരുതന്നെ അല്ലാഹുവിന്‍റെ നിയമത്തെ അവഗണിക്കലാണെന്നും അതിനെ കേവലം ഒരു ചടങ്ങായി മാറ്റലാണെന്നും വിളിച്ചോതുന്നു. തക്കതായ കാരണം കൂടാതെയും, ഭാവിയെപ്പററി വീണ്ടുവിചാരമില്ലാതെയും രണ്ടും മൂന്നുമൊക്കെ ത്വലാക്വ് ഒറ്റ അടിക്ക് നടത്തിക്കളയും. 

അടുത്ത ദിവസം തന്നെ അതിനെപ്പറ്റി ഖേദത്തിലുമാകും. അടുത്ത ആലോചന ഈ ശപിക്കപ്പെട്ട ചടങ്ങിനെക്കുറിച്ചായിരിക്കും. ഇങ്ങനെ തോന്നിയവാസത്തില്‍ നിന്ന് തോന്നിയവാസത്തിലേക്കായി അല്ലാഹുവിന്‍റെ നിയമപരിധികളെയെല്ലാം അവര്‍ അതിലംഘിക്കുന്നു." - അമാനി മൗലവി(റഹി), ഖുർആൻ 2:229.  

നിയമങ്ങൾ അതിർ ലംഘിച്ച് നടത്തുന്ന തോന്നിവാസമാണിതെന്ന് മനസ്സിലാക്കുവാൻ വലിയ പ്രയാസം ഇല്ല തന്നെ.

"അല്ലാഹു കല്‍പിച്ച പ്രകാരമാണ് ആദ്യംമുതല്‍ക്കേ ത്വലാക്വ് നടക്കുന്നതെങ്കില്‍, ഇങ്ങനെയുള്ള തോന്നിയവാസങ്ങള്‍ക്കൊന്നും ആവശ്യം നേരിടുമായിരുന്നില്ല. 

ഏതായാലും ഈ  ചടങ്ങുനില്‍ക്കലും, ചടങ്ങ് നിറുത്തലും, അതിന്‍റെ അടിസ്ഥാനത്തില്‍ നടക്കുന്ന വിവാഹവും ശരിയല്ലെന്നും,  അല്ലാഹുവിന്‍റെ നിയമങ്ങളെ ലംഘിക്കലാണെന്നും മുകളില്‍ വിവരിച്ചതില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാം.   

മാത്രമല്ല, ഈ ചടങ്ങിനെപ്പറ്റി നബി (സ.അ)  പറഞ്ഞ വാക്യം ഓര്‍മയിലുള്ള ഒരു മുസ്‌ലിം- സത്യവിശ്വാസം അയാളുടെ  ഹൃദയത്തില്‍ സ്ഥലം പിടിച്ചിട്ടുണ്ടെങ്കില്‍- തീര്‍ച്ചയായും ഈ ചടങ്ങിനെ അനുകൂലിക്കുകയില്ലതന്നെ. 

'വായ്പ വാങ്ങിയ  കൂറ്റനെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ?' എന്ന് ചോദിച്ചുകൊണ്ട് സ്വഹാബികളോട് നബി (സ.അ)   പറയുകയാണ്: 'അത് ചടങ്ങ് നില്‍ക്കുന്നവനാണ്. ചടങ്ങ് നില്‍ക്കുന്നവനെയും, ആര്‍ക്കുവേണ്ടി ചടങ്ങുനില്‍ക്കുന്നുവോ  അവനെയും അല്ലാഹു ശപിക്കട്ടെ!' ഇതുപോലെ വേറെയും ചില രിവായത്തുകള്‍ കാണാം." - അമാനി മൗലവി(റഹി), ഖുർആൻ 2:229. 

അല്ലാഹുവാൽ ശപിക്കപ്പെട്ട, വിഡ്ഡികളുടെ തോന്നിവാസമാണ് ഈ ചടങ്ങു നിൽക്കൽ എന്ന് എത്രപേർ മനസ്സിലാക്കിയിട്ടുണ്ട്?

മാനവർക്ക് മാർഗ്ഗദീപം 

ദൈവീകമെന്നു സ്വയം അവകാശപ്പെടുകയും, മനുഷ്യജീവിതത്തിന്റെ സകല മേഖലകളിലേക്കും അന്യൂനമായ പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന ലോകർക്കുള്ള ഒരു മാർഗ്ഗ  ദീപമാണ് പരിശുദ്ധ ഖുർആനും തിരു നബി(സ)യുടെ ഓരോ ചര്യകളും. അതെല്ലാം ആളുകൾ പഠിക്കട്ടെ, മനസ്സിലാക്കട്ടെ. 

അതുമുന്നോട്ട് വെക്കുന്ന അന്യൂനമായ പരിഹാരത്തെക്കാൾ മുന്തിയ ഒരു പരിഹാരം കൊണ്ടുവരുവാൻ സർവ്വ നിയമജ്ഞരും ശ്രമിക്കട്ടെ.  ലോകത്തിന്ന് മുൻപിൽ ഒരു വെല്ലുവിളിയുടെ സ്വരത്തിൽ തന്നെയാണ് പരിശുദ്ധ ഖുർആൻ ആ കാര്യം പറയുന്നത്. 

"നമ്മുടെ ദാസന്‌ നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍റെതു പോലുള്ള  ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ ( അതാണല്ലോ വേണ്ടത്‌ )." - ഖുർആൻ 2:23.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.