Monday, January 27, 2020

ബ്രഹ്മചാരിയും ജിഹാദിയും

ബ്രഹ്മചാരിയും ജിഹാദിയും

ബ്രഹ്മചര്യത്തെയും, അത് ജീവിതത്തിൽ കൊണ്ടുനടക്കുമ്പോൾ ലഭിക്കുന്ന പ്രയോജനങ്ങളെ കുറിച്ചുമൊക്കെ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന കാശ്യപ ആശ്രമത്തിന്റെ സ്ഥാപകനും, വേദ പണ്ഡിതനുമായ ആചാര്യശ്രീ രാജേഷ് അവർകൾ എഴുതിയ ലേഖനങ്ങൾ വായിച്ചപ്പോഴാണ് ഇങ്ങിനെ ഒന്നെഴുതണം എന്ന് തോന്നിയത്.

വേദങ്ങൾ മുന്നോട്ട് വെക്കുന്ന ബ്രഹ്‌മചര്യവും, ഖുർആൻ മുന്നോട്ട് വെക്കുന്ന ജിഹാദും തമ്മിൽ നിലനിൽക്കുന്ന ചില സാമ്യതകൾ കണ്ടതുകൊണ്ടും, ഇതിൽ ജിഹാദിനെ കുറിച്ച് നിലനിൽക്കുന്ന വ്യാപകമായ തെറ്റിദ്ധാരണയും, തെറ്റിദ്ധരിപ്പിക്കലുമൊക്കെ ഉള്ളത് കൊണ്ടുമാണ് ബ്രഹ്മചാരിയും ജിഹാദിയും എന്ന് ഇവിടെ തലവാചകം നൽകിയത്.

വിഷയത്തിലേക്ക് വരുന്നതിന്ന് മുൻപ് ഒരാമുഖം പറയുവാൻ ആഗ്രഹിക്കുന്നു.

പരിശുദ്ധ ഖുർആനും അതിന്റെ വ്യാഖ്യാനമായ തിരുനബിയും പഠിപ്പിച്ച വിശ്വാസത്തിന്റെ ഒരു ആണിക്കല്ലാണ് പൂർവ്വ വേദങ്ങളെ സത്യപ്പെടുത്തുക എന്നത്.

സത്യവിശ്വാസിയുടെ ഗുണങ്ങൾ എണ്ണിപ്പറയുന്നതിന്റെ കൂടെ ഖുർആൻ അതിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞ ഒരു കാര്യമാണ്  -  "(നബിയേ), നിന്നിലേക്ക് ഇറക്കപ്പെട്ടതിലും, നിന്റെ മുമ്പായി ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരും" (2:4) എന്നത്.

ഈ ഭൂലോകത്തേക്ക് യുഗ യുഗാന്തരങ്ങളിൽ കടന്നു വന്ന മനുഷ്യ സമൂഹങ്ങളിലേക്കെല്ലാം തന്നെ അവരുടേതായ, അന്ന് നിലനിന്നിരുന്ന, വ്യത്യസ്ത തരം ഭാഷകളിൽ വേദങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് എന്നും, അതിൽ എല്ലാംതന്നെ ഒന്നൊഴിയാതെ വിശ്വസിക്കണമെന്നും, സത്യപ്പെടുത്തണമെന്നുമാണ് ഖുർആൻ പഠിപ്പിക്കുന്നത്.

ഇത്തരുണത്തിൽ, ഖുർആനിനോടും, നബിചര്യയോടും യോജിച്ചുവരുന്ന എന്തെല്ലാം കാര്യങ്ങൾ പൂർവ്വ വേദങ്ങളിൽ ഉണ്ടോ അതെല്ലാം തന്നെ സ്വന്തം വിശ്വാസത്തിന്റെ കൂടെ അമൂല്യമായി കൊണ്ടുനടക്കുന്നവനാണ് ഒരു ഖുർആനിന്റെ അനുയായി.

പൂർവ്വ വേദങ്ങളെ ഒരു അന്യ മതത്തിന്റെ ഗ്രന്ഥമായിക്കാണാതെ, തനിക്കും അവകാശപ്പെട്ടത് അതിൽ ഉണ്ട് എന്നതും, ആ അവകാശപ്പെട്ടതിനെ തന്റെ വിശ്വാസത്തോട് ചേർത്തുവെക്കുകയും ചെയ്യുമ്പോൾ ലഭിക്കുന്ന ഹൃദയവിശാലതയും, അനുഭൂതിയും, ആനന്ദവും ചില്ലറയല്ല.

വേദ വാക്യങ്ങൾ പരിചയപ്പെടുത്തുന്ന  ബ്രഹ്മചാരിയുടെ  ഗുണങ്ങളും, പരിശുദ്ധ ഖുർആനും, തിരുനബിയും പരിചയപ്പെടുത്തുന്ന ജിഹാദ് ചെയ്യുന്ന  ഒരാളുടെ ഗുണങ്ങളും തമ്മിലുള്ള സാമ്യതകൾ കണ്ടപ്പോൾ ലഭിച്ച അനുഭൂതിയിലും ആനന്ദത്തിലുമാണ് ഇതെഴുതുന്നത്.

ബ്രഹ്മചര്യം അനുഷ്ഠിക്കുന്ന ഒരാളെ ബ്രഹ്മചാരി എന്ന് വിളിക്കുമ്പോൾ, ജിഹാദ് അനുഷ്ഠിക്കുന്ന ഒരാളെ വിളിക്കേണ്ടുന്ന പദമാണ് മുജാഹിദ് എന്നത്.

ജിഹാദ് എന്ന അറബി പദത്തിന്റെ അറ്റത്ത് മലയാള ലിപിയിലെ ഒരു വള്ളി ചേർത്തുകൊണ്ട് ജിഹാദി എന്ന് പറയുന്നത് ഭാഷാപരമായി ശരിയല്ലാത്ത ഒരു പ്രയോഗമാണ്.

വേദ വാക്യങ്ങൾ പരിചയപ്പെടുത്തുന്ന ധർമ്മങ്ങൾ പാലിക്കുന്ന ഒരാളെയാണ് ബ്രഹ്മചാരി എന്ന് വിളിക്കുന്നതെങ്കിൽ, ഖുർആനും, അതിനെ ജീവിത മാതൃകയായ തിരുനബി പഠിപ്പിച്ച ധർമ്മങ്ങൾ പാലിക്കുന്ന ഒരാളെയാണ് മുജാഹിദ് എന്ന് വിളിക്കുന്നത്. അപ്പോൾ ജിഹാദ് എന്നാൽ അത് ഉന്നതങ്ങളായ ധർമ്മങ്ങൾ ജീവിതത്തിൽ പാലിക്കലാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ജിഹാദ് എന്നത് ഒരു ധർമ്മ സമരമാണ്.

"വീര്യനിരോധോ ഹി ബ്രഹ്മചര്യമ്" എന്ന വേദവാക്യത്തിലാണ് ബ്രഹ്മചര്യത്തിന്റെ പ്രധാനപ്പെട്ട ഒരു ഗുണം വിവരിക്കുന്നത്.

സന്താനോൽപാദനത്തിന്ന് കാരണമാകുന്ന വീര്യത്തിന്റെ  അന്യായമായ പുറത്തുപോകലിനെ തടഞ്ഞ്, സ്വശരീരത്തിൽ സംരക്ഷിച്ചു നിർത്തുന്നതാണ് ബ്രഹ്മചര്യം എന്നാണ് ആചാര്യശ്രീ രാജേഷ് ഈ വേദ വാക്യത്തെ ഉദ്ധരിച്ചുകൊണ്ട് പറയുന്നത്.

സന്താനോല്പാദനം സാധ്യമാക്കുന്ന ധാതുവായ "വീര്യം' കൗമാരകാലത്ത് തീർത്തും അനാവശ്യമായ കാമോദ്ദീപനങ്ങളാൽ ക്ഷയിച്ചുപോകാതെ സൂക്ഷിക്കേണ്ടതുണ്ട് എന്നും അതിനായി കാമോദ്ദീപനങ്ങളിലേക്ക് വഴിവെക്കുന്ന എല്ലാ പ്രവൃത്തികളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് വേണ്ടത് എന്നുമാണ് കൗമാരക്കാരായ വിദ്യാർത്ഥി സമൂഹത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ അദ്ദേഹം എഴുതുന്നത്.

വ്യത്യസ്തങ്ങളായ തലങ്ങളുള്ള ജിഹാദിനെ കുറിച്ച് പഠിക്കുമ്പോൾ കടന്നുവരുന്ന ഒരു ജിഹാദാണ് ഒരു വ്യക്തി സ്വന്തം ശരീരത്തോട് ചെയ്യേണ്ട ജിഹാദ്.

"അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന്‌ വിലക്കിനിര്‍ത്തുകയും ചെയ്തുവോ (അവന്ന്‌) സ്വര്‍ഗം തന്നെയാണ്‌ സങ്കേതം." - ഖുർആൻ 79:40-41.

അന്യായമായി വീര്യം പുറത്തുകളായൽ ഒരു തന്നിഷ്ടമാണ്. അത് തിരുദൂദർ പഠിപ്പിച്ച ധാർമ്മിക മൂല്യങ്ങൾക്ക് കടക വിരുദ്ധമാണ്.

സാംസ്‌കാരികമായി ഉന്നതിപ്രാപിക്കുന്നവരുടെ ഗുണമായി ഖുർആൻ പറയുന്നത് കാണുക.

"(നബിയേ, ) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു." - ഖുർആൻ 24:30.

അർത്ഥശങ്കക്ക് ഇടയില്ലാത്തവിധം തിരുനബിയുടെ വചനം കാര്യങ്ങളെ വീണ്ടും വ്യക്തമാക്കുന്നു.

… കണ്ണുകളുടെ വ്യഭിചാരം നോട്ടമാകുന്നു, കാതുകളുടെ വ്യഭിചാരം ചെവികൊടുക്കലാണ്, നാവിന്റെ വ്യഭിചാരം സംസാരമാകുന്നു. കയ്യിന്റെ വ്യഭിചാരം പിടിക്കലാണ്, കാലിന്റെ വ്യഭിചാരം കാലടി വെക്കലാണ്, ഹൃദയം മോഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അതിനെ യഥാര്‍ത്ഥമാക്കിത്തീര്‍ക്കുകയോ അല്ലെങ്കില്‍ കളവാക്കുകയോ ചെയ്യുന്നു;" - ബുഖാരി, മുസ്ലിം.

ഇതുപോലത്തെ ഒരുപാട് നിർദേശങ്ങൾ ഈ വിഷയത്തിൽ മാത്രം കാണാവുന്നതാണ്.

കല്യാണം കഴിക്കാതിരിക്കലാണ്  ബ്രഹ്മചര്യത്തിന്റെ സുപ്രധാന വശം എന്നാണ് ഞാനടക്കമുള്ള ആളുകൾ മനസ്സിലാക്കി വെച്ചിരുന്നത്.

എന്നാൽ വേദങ്ങളുടെ അടിസ്ഥാനത്തിൽ അത് ശരിയല്ല എന്നും കല്യാണം കഴിച്ചു ജീവിക്കുന്ന ഏതൊരു ഗൃഹസ്ഥനും ബ്രഹ്മചര്യവ്രതം അനുഷ്ടിക്കണം എന്നുമാണ് ഏകപത്നീവ്രതക്കാരായ ശ്രീരാമനെയും, ശ്രീകൃഷ്ണനെയും, ഋഷിമാരെയുമൊക്കെ ഉദ്ധരിച്ചുകൊണ്ട് ആചാര്യശ്രീ രാജേഷ് വിശദീകരിക്കുന്നത്.

ഓ യുവാക്കളേ, നിങ്ങളിൽ സാധിക്കുന്നവർ വിവാഹം ചെയ്യട്ടെ എന്നും, സാധിക്കാത്തവർ നോമ്പ് നോക്കട്ടെ, അതവന്ന് പരിചയാകും എന്നൊക്കെയുള്ള വിവാഹ സംബന്ധിയായ നിർദേശങ്ങൾ തിരുനബിയുടെ വചനങ്ങളിലും കാണാവുന്നതാണ്.

ബ്രഹ്മചര്യത്തിന്റെ മറ്റൊരടിസ്ഥാനം വിനയം എന്നാണ് ചാണക്യ സൂത്രത്തിലെ "ഇന്ദ്രിയജയസ്യ മൂലം വിനയ:" എന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിക്കുന്നത്.

ഒരു യഥാർത്ഥ ദൈവദാസന്റെ ഗുണങ്ങളിൽപെട്ടതാണ് വിനയം എന്നാണ് ഖുർആനും പരിചയപ്പെടുത്തുന്നത്.

"പരമകാരുണികന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്‌ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു."- ഖുർആൻ 25:63.

വേദഗ്രന്ഥങ്ങളെ അടുത്തറിയുവാൻ മനസ്സുള്ളവർക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ കാണാവുന്നതാണ്.

എന്നാൽ ഇത്തരത്തിലുള്ള വിശാലമായ യോജിപ്പിന്റെ മേഖലകളെ പാടെ അവഗണിച്ചുകൊണ്ട് ജിഹാദ് എന്ന പവിത്രമായ ഒരു പദത്തിന്റെ അപ്പുറത്തും ഇപ്പുറത്തുമൊക്കെ യോജ്യമല്ലാത്തതും, ഒരു വേള അശ്ലീലമായ വാക്കുകൾ വരെ തുന്നിവെക്കുന്നത് ഇന്ന് ഒരു പതിവ് കാഴ്ച്ചയായിരിക്കുകയാണ്.

ബ്രഹ്മചര്യം അനുഷ്ടിച്ച ശ്രീരാമ പത്നിയെ തട്ടിക്കൊണ്ടുപോയ, ശത്രുപക്ഷത്ത് നിലയുറപ്പിച്ച രാവണന്റെ പ്രവർത്തനമാണ് യഥാർത്ഥ ബ്രഹ്മചര്യം എന്ന് ഒരാൾ പറഞ്ഞാൽ? വീട്ടുകാരെ കബളിപ്പിച്ചുകൊണ്ട്, വിവാഹപ്രായമെത്തിയ യുവതിയെ ഒരുത്തൻ ചാടിച്ചു കൊണ്ടുപോയ പ്രവർത്തനത്തിന്ന് കരുതിക്കൂട്ടി രാവണ ബ്രഹ്മചര്യം  എന്ന് ഒരാൾ പേരിട്ടാൽ? എന്തൊരു അധമത്വത്തിലാണ് സഹോദരങ്ങളെ അത്തരം പ്രവത്തനം ചെയ്യുന്നവർ എത്തിപ്പെട്ടത്.

ക്രൈസ്തവ സഹോദരങ്ങൾ പവിത്രമായി കരുതുന്ന മോണ്ടി തേർസ്‌ഡേയോ  അല്ലെങ്കിൽ ഹോളി തേർസ്‌ഡേയോ കുറിച്ച്, മാരകമായ ക്രിമിനൽ കൊലപാതകങ്ങൾ ചെയ്‌ത ആ സ്‌ത്രീയുടെ പേരുവെച്ചുകൊണ്ട് ആ തേർസ്‌ഡേ എന്ന് ഒരാൾ വിളിച്ചാൽ? ബൈബിളും, പരിശുദ്ധ ഖുർആനും അത്ഭുതമായി രേഖപ്പെടുത്തിയ, ചാരിത്രശുദ്ധി തന്റെ ജീവിതത്തിൽ ഉടനീളം കാത്തു സൂക്ഷിച്ച മറിയത്തിലേക്കും, അവരുടെ പുത്രനായ മഹാനായ യേശുവിലേക്കും ഇന്ന് ലോകത്ത് നടക്കുന്ന അവിഹിതമായ ബന്ധങ്ങളെയും, ജന്മങ്ങളെയും ഒരാൾ ചേർത്ത് വെച്ചാൽ? എന്തൊരു അധമത്വത്തിലാണ് സഹോദരങ്ങളെ അത്തരം പ്രവത്തനം ചെയ്യുന്നവർ എത്തിപ്പെട്ടത്.  

"ഒരാളുടെ തലയില്‍ ഇരുമ്പു കൊണ്ടുള്ള ആണി കൊണ്ട് അടിക്കപ്പെടുന്നതാണ് തനിക്ക് അനുവാദമില്ലാത്ത ഒരു സ്ത്രീയെ സ്പര്‍ശിക്കുന്നതിനെക്കാള്‍ അയാള്‍ക്ക് നല്ലത്.” എന്ന് മഹാനായ മുഹമ്മദ് നബി(സ)  പഠിപ്പിക്കുമ്പോൾ, അധമത്വത്തിൽ എത്തിപ്പെട്ട ചില ആളുകൾ  ആ നീചവും നികൃഷ്ടവുമായ പ്രവർത്തനത്തെ അതാ ജിഹാദ് എന്ന് വിളിക്കുന്നു!

ഒരാൾ മറ്റൊരാളുടെ മാതാവിനെയോ പിതാവിനെയോ വിളിച്ചാൽ, അവൻ അവന്റെ സ്വന്തം മാതാവിനെയോ , പിതാവിനെയോ ആണ് വിളിച്ചത് എന്ന നബി വചനത്തിന്റെ ആശയം കടമെടുത്തുകൊണ്ട് പറയട്ടെ, ബ്രഹ്മചര്യം പോലുള്ള ആശയങ്ങൾ മുന്നോട്ട് വെക്കുന്ന ധാർമ്മിക മൂല്യങ്ങൾ സമൂഹത്തിൽ ഉയർത്തിപ്പിടിക്കുന്നതിന്ന് പകരം, തങ്ങളുടെ ഇച്ഛകൾക് എതിരായിക്കാണുന്നവരെ, ഒരു പഴിവാക്കായിക്കൊണ്ട് ബ്രഹ്‌മചാരി എന്നോ, മറിയയുടെ പുത്രാ എന്നോ, ജിഹാദി എന്നോ വിളിച്ചാൽ, അവൻ സ്വന്തം അസ്തിത്വത്തെയാണ് നടുറോഡിൽ ചവിട്ടിയരക്കുന്നത് എന്ന് ഈ അവസരത്തിൽ സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.

ബ്രഹ്മചര്യത്തിൽ വിശ്വസിക്കുകയും, ആചരിക്കുകയും ചെയ്യുന്നവർക്ക് അത് പവിത്രമാണ്. മറിയമിന്റെ കന്യകത്വത്തിൽ വിശ്വസിക്കുന്നവർക്കും ആചരിക്കുന്നവർക്കും അത് പവിത്രമാണ്.  അത് പോലെത്തന്നെയാണ് ജിഹാദ് എന്ന ധർമ്മ സമരത്തിൽ വിശ്വസിക്കുകയും, ആചരിക്കുകയും ചെയ്യുന്നവർക്ക്  അതിന്റെ പവിത്രതയും.

സ്വന്തം രാജ്യത്തിന്റെ സുരക്ഷക്കും, സംരക്ഷണത്തിനും വേണ്ടി, ആയുദ്ധങ്ങളുമായി രാജ്യാതൃത്തിയിൽ പോരാട്ടം നടത്തുന്ന ഒരു സൈനികന്റെ ജീവാർപ്പണവും പവിത്രമായ ജിഹാദിന്റെ ഒരു ഭാഗമാണ് എന്നും, എന്നാൽ ആ ആയുദ്ധം എടുത്തുകൊണ്ട് ഒരു സൈനികനോ, അതല്ലാത്ത ഒരാളോ, നിരപരാധികൾക് നേരെ ആ ആയുധം തിരിച്ച് വെച്ചാൽ അതിന്റെ പേര് അതിക്രമം ആണ് എന്നതും ഒരു പരാമർശത്തിൽ മാത്രം ഒതുക്കുകയാണ് ഈ സന്ദർഭത്തിൽ.

പ്രകൃതി ദത്തമായ തേനിലേക്ക് മനുഷ്യ നിർമ്മിതമായ വിഷം കൂട്ടിച്ചേർത്തു കൊണ്ട് തേൻ-വിഷം എന്നൊക്കെ വിളിക്കുന്നത് പൈശാചികമായ പ്രവർത്തനമാണ് എന്നും, സംസ്ക്കാരമുള്ള ഒരു സമൂഹത്തിന്നോ, അവരുടെ നേതൃത്വത്തിന്നോ ഒട്ടും യോജിച്ചതല്ല എന്നും നമ്മൾ തിരിച്ചറിയുക.

കൂടുതൽ പഠിക്കുന്തോറും, മനസ്സുകൾ തമ്മിൽ  കൂടുതൽ അടുക്കുകയാണ്. വാദിക്കാനും, ജയിക്കാനുമല്ല, അറിയാനും, അറിയിക്കുവാനുമാണ്.


അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

No comments:

Post a Comment