Saturday, January 4, 2020

രാജ്യ പുരോഗതിയുടെ അടിസ്ഥാനം നിർഭയത്വം

രാജ്യ പുരോഗതിയുടെ അടിസ്ഥാനം നിർഭയത്വം

നിർഭയത്വവും അതിന്റെ കൂടെയുള്ള സമാധാനപൂർണ്ണമായ ഒരു അന്തരീക്ഷവും ഉണ്ടെങ്കിൽ മാത്രമേ കുടുംബത്തിലും, സമൂഹത്തിലും, ജീവിക്കുന്ന രാജ്യത്തിലും, ഈ ലോകത്ത് മൊത്തത്തിലും തന്നെ പുരോഗതി ഉണ്ടാകൂ എന്നത് ഒരു ചരിത്ര സത്യമാണ്.

രണ്ടാം ലോക മഹായുദ്ധത്തിന്ന് ശേഷം ലോക രാജ്യങ്ങൾ തമ്മിൽ ഉണ്ടാക്കിയ പല സമാധാന ഉടമ്പടികൾ പരിശോധിക്കുമ്പോൾ ഇക്കാര്യം വ്യക്തമാണ്.

യൂറോപ്യൻ രാജ്യമായ ജർമനി തങ്ങളുടെ രാജ്യത്ത് നിലനിന്നിരുന്ന ഭ്രാന്തമായ ദേശീയതക്ക് കടിഞ്ഞാൺ ഇട്ടതും, യുദ്ധക്കൊതി അവസാനിപ്പിക്കുന്നതിന്ന് വേണ്ടി ജപ്പാൻ ജനത തങ്ങളുടെ നിയമസംഹിതയിൽ ആർട്ടിക്കിൾ ഒൻപത് എഴുതിച്ചേർത്തതും ജനങ്ങൾക്ക് സമാധാനത്തോട് കൂടി ജീവിക്കണം എന്നുള്ളത് കൊണ്ടാണ്.

ഇത്തരം നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചുകൊണ്ട് 1941ൽ അമേരിക്കൻ പ്രസിഡണ്ടായിരുന്ന ഫ്രാൻങ്ക്ലിൻ ഡി റൂസ്‌വെൽറ്റ് "നാല് സ്വാതന്ത്ര്യങ്ങൾ" (Four Freedoms) എന്ന തന്റെ പ്രഖ്യാപനത്തിൽ മത സ്വാതന്ത്ര്യത്തെ ഉൾപ്പെടിത്തിയതുമൊക്കെ നിർഭയത്വമുള്ള വ്യക്തികളും, സമൂഹങ്ങളും, രാജ്യങ്ങളുമൊക്കെ ഉയർന്നുവരണം എന്ന ലക്ഷ്യം മുന്നിൽക്കണ്ടായിരുന്നു.

അതിന്ന് ശേഷം ഇപ്പറഞ്ഞ ലോകരാജ്യങ്ങളിൽ ഉണ്ടായ വളർച്ചയും, ഇന്ന് അവർ എവിടെ എത്തിനിൽക്കുന്നു എന്നതും ഒന്ന് നോക്കിയാൽ നിർഭയത്വവും, സമാധാനമായ അന്തരീക്ഷവും ആ ജനപഥങ്ങളിൽ ഉണ്ടാക്കിയ ഉന്നതി എത്രത്തോളമാണ് എന്നത് പ്രത്യേകിച്ച് എടുത്തു പറയേണ്ട കാര്യമില്ല.

എന്നാൽ ഇപ്പറഞ്ഞ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് സ്ഥാനം നോക്കുന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ വിഭിന്നമാണ്. 

നിർഭയത്വവും സമാധാനവും സൃഷ്ടിക്കുന്നതിന്ന് പകരം, സ്വന്തം പൗരന്മാരോട് തീർത്തും അനാവശ്യമായി മല്ലിടുന്ന ഒരു ഗവൺമെന്റിനെയാണ് കാണുന്നത്.

നുഴഞ്ഞു കയറ്റക്കാരെ പിടികൂടാൻ എന്ന പേരിൽ നടന്നുകൊണ്ടിരിക്കുന്നത് എലിയെ പേടിച്ച് ഇല്ലം ചുടുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ്.

തീർച്ചയായും നുഴഞ്ഞു കയറ്റക്കാരെ പിടികൂടുകയും നിയമത്തിന്ന് വിധേയമായ നടപടികൾ സ്വീകരിക്കണം എന്നതും തർക്കമറ്റ കാര്യമാണ്. 

എന്നാൽ നുഴഞ്ഞു കയറ്റക്കാരെ പിടികൂടാൻ എന്ന പേരിൽ, പതിറ്റാണ്ടുകളായി സ്നേഹത്തിലും സഹവർത്തിത്വത്തിലുമൊക്കെ കഴിഞ്ഞിരുന്ന അയൽവാസികളിൽ, സുഹൃത്തുക്കളിൽ, സഹപാഠികളിൽ, സഹപ്രവർത്തകനിൽ ഒരാൾ, അവന്റെ മതം നോക്കിക്കൊണ്ട് നുഴഞ്ഞു കയറ്റക്കാരനാണെന്ന് വരുത്തിതീർക്കുവാനുള്ള ശ്രമങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. ആസാം ഇവിടെ ഒരു ഉദാഹരണമാണ്.

നുഴഞ്ഞു കയറ്റക്കാരാൽ പ്രയാസങ്ങൾ അനുഭവിക്കുന്ന മറ്റ് രാജ്യങ്ങൾ ഈ ലോകത്തുണ്ട് എന്നതും അവർ എങ്ങിനെയാണ് പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നത് എന്നതും ഒന്ന് പഠിക്കേണ്ട കാര്യമാണ് എന്നാണ് അഭിപ്രായം.

ആസ്‌ട്രേലിയ പോലുള്ള രാജ്യങ്ങൾ ഇത്തരം നുഴഞ്ഞു കയറ്റക്കാരെ കൺട്രോൾ ചെയ്യുന്നതിന്ന് വേണ്ടി കൊണ്ടുവന്ന നിയമമാണ് പസഫിക് സൊല്യൂഷൻ (Pacific Solution) എന്ന പേരിൽ അറിയപ്പെടുന്നത്. നുഴഞ്ഞു കയറ്റക്കാരെ നിയന്ത്രിക്കുന്നതിന്നും, മോണിറ്റർ ചെയ്യുന്നതിനുമൊക്കെ അമേരിക്കക്ക് അവരുടേതായ ഫലപ്രദമായ പല പരിപാടികളും ഉള്ളതായി കാണാം.

എന്നാൽ ഇതൊന്നും അറിഞ്ഞോ, അറിയാതെയോ, വീട്ടിൽ കയറിയ കള്ളനെ കണ്ടുപിടിക്കുവാൻ വേണ്ടി വീട്ടുകാരടക്കമുള്ളവർ ആദ്യം തുണിയുരിഞ്ഞ് നിൽക്കുകയും, അങ്ങിനെ കള്ളനെ കണ്ടു പിടിച്ച ശേഷം തുണി മാറ്റിയുടുത്താൽ മതി എന്ന രൂപത്തിലേക്കുമാണ് കാര്യങ്ങൾ നീങ്ങുന്നത്!

നുഴഞ്ഞു കയറ്റക്കാരെ പിടികൂടുന്നതിന്ന് വേണ്ട ഭീമമായ ചിലവിനേക്കാൾ കൂടുതൽ വരവ് ഖജനാവിലേക്ക് ഒഴുകുമെങ്കിൽ ഇതിനൊക്കെ എന്തെങ്കിലും അർത്ഥം ഉണ്ട് എന്ന് വേണമെങ്കിൽ പറയാം. 

വര്ഷം 2014ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ബാരക്ക് ഒബാമ, അമേരിക്കയിൽ നിയമ വിരുദ്ധമായി താമസിക്കുന്ന അഞ്ചു മില്യൺ ആളുകൾക്ക് നിയമ പ്രാബല്യം നൽകാൻ കൊണ്ടുവന്ന ഒരു പദ്ധതിയാണ് ഈ ഒരു  സന്ദർഭത്തിൽ ഓർമ്മവരുന്നത്. അതുമൂലം ഖജനാവിലേക്ക് അധികമായി ലഭിക്കുന്ന ടാക്സ് ആണ് അത്തരം നീക്കത്തിന്റെ ഒരു ഗുണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.

എന്നാൽ ഇന്ത്യയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് അത്തരം ഒരു നീക്കമാണോ? രാജ്യത്തിന്റെ ഖജനാവിലേക്ക് വല്ലതും കൂടുതൽ വരവ് ലഭിക്കും എന്ന് ഈ നിയമം ചർച്ചചെയ്യുമ്പോൾ നിങ്ങളാരെങ്കിലും കേട്ടുവോ?

അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങൾ പെർമെനന്റ് റസിഡൻസി, ഗ്രീൻ കാർഡ് എന്നീ മാർഗങ്ങളിലൂടെ വിദേശികളെ തങ്ങളുടെ രാജ്യത്തേക്ക് സ്ഥിര താമസത്തിന്ന് വേണ്ടി ക്ഷണിക്കുമ്പോൾ, മതം മാത്രം നോക്കി സ്വന്തം പൗരൻമാരെ അടക്കം പുറം തള്ളാനും, അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുവാനുമല്ലേ നോക്കുന്നത്.

ഒരു പൗരൻ, അവനിഷ്ടമുള്ളത് വിശ്വസിക്കാനും, അവിശ്വസിക്കാനും, അതനുസരിച്ചുകൊണ്ട് തീർത്തും നിർഭയമായി ജീവിക്കാൻ സാധിക്കുമ്പോൾ മാത്രമേ രാജ്യ പുരോഗതിയിലേക്കുള്ള ഓഹരി അവനിൽ നിന്നും ലഭിക്കുകയുള്ളൂ.

മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ കുടുംബം പോറ്റി ജീവിച്ചുപോകുന്ന ഒരു പൗരനെ അവന്റെ മതം നോക്കിയിട്ട് ചൊറിയാൻ പോയാൽ, ആ പൗരനിൽ നിന്നും രാജ്യത്തിന്ന് ലഭിക്കേണ്ട പുരോഗതി നഷ്ടപ്പെടും. 

ഇത്തരം ഒരു പ്രശ്നം ജനലക്ഷങ്ങളെ ബാധിക്കുന്ന ഒരു വിഷയം ആയതുകൊണ്ട്, രാജ്യത്തിന്റെ പുരോഗതിയെ കാര്യമായിത്തന്നെ ഈ ഒരു നീക്കം ബാധിക്കും എന്നതിൽ സംശയമില്ല.

മുഹമ്മദ് നിസാമുദ്ധീൻ.

No comments:

Post a Comment