Saturday, July 18, 2020

സ്ത്രീകൾക്ക് കയ്യെഴുത്ത് പഠിക്കാമോ?

സ്ത്രീകൾക്ക് കയ്യെഴുത്ത് പഠിക്കാമോ?

കണ്ണൂർ ജില്ലയിലെ പുതിയങ്ങാടി കടപ്പുറത്ത് കടലോര മക്കളുടെ സമൃദ്ധിക്കായി കടലിലേക്ക് പഴം എറിയുന്ന വാർത്ത കണ്ടപ്പോൾ ഓർത്തുപോയ ചില കാര്യങ്ങൾ  കുറിക്കുകയാണ് ഇവിടെ.

ലോകത്ത് കടന്നു വന്നിട്ടുള്ള എല്ലാ മത, രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും കാലക്ക്രമേണ, പിൽ കാലഘട്ടങ്ങളിൽ   പല ദുരാചാരങ്ങളും, അന്ധവിശ്വാസങ്ങളും എല്ലാം തന്നെ കടന്നു കൂടിയിട്ടുണ്ട് എന്നത് ഒരു ചരിത്ര യാഥാർഥ്യമാണ്.

എന്നാൽ ഇത്തരം അപചയങ്ങളെ തിരുത്തുവാനും, പ്രത്യയശാസ്ത്രം മുന്നോട്ട് വെക്കുന്ന യഥാർത്ഥ വിശ്വാസത്തിലേക്കും, പ്രവർത്തനങ്ങളിലേക്കും ജനങ്ങളെ നയിക്കുവാനുമായി പല തിരുത്തൽ ശക്തികളും കടന്നുവന്നതായി കാണുവാൻ സാധിക്കും.

ഭാരതത്തിലെ ഹൈന്ദവ സമൂഹത്തിൽ ഉടലെടുത്ത ശുദ്ധി പ്രസ്ഥാനങ്ങൾ ഇത്തരം തിരുത്തൽ ശക്തികൾക്ക് ഒരു ഉദാഹരണമാണ്.

സതി എന്ന ദുരാചാരത്തിനെതിരെ പ്രവർത്തിക്കുകയും, 1820കളിൽ ബ്രഹ്മസമാജം സ്ഥാപിക്കുകയും ചെയ്ത  രാജാറാം മോഹൻ റോയിയും, വിഗ്രഹാരാധന തെറ്റാണെന്നും, അത് വേദങ്ങൾ പഠിപ്പിച്ചിട്ടില്ല എന്നുമൊക്കെ പ്രാമാണികമായി സ്ഥാപിച്ചുകൊണ്ട് 1870 കളിൽ ആര്യ സമാജം സ്ഥാപിച്ച സ്വാമി ദയാനന്ദ സരസ്വതിയുമൊക്കെ ഇത്തരത്തിൽ തിരുത്തൽ ശക്തികളായി കടന്നുവന്നവരാണ്.

ഇന്ത്യയിലെ വിശിഷ്യാ കേരളത്തിലെ മുസ്ലിം സമൂഹവും ഇത്തരമൊരു അപചയത്തിൽ നിന്നും മുക്തമായിരുന്നിട്ടില്ല എന്നതും ഒരു ചരിത്ര യാഥാർഥ്യമാണ്. അത് നിഷേധിച്ചിട്ട് ഒരു കാര്യവും ഇല്ല.

1920കളിലെ കേരള മുസ്ലിം സമൂഹത്തിൽ നിലനിന്നിരുന്ന ഒരു തർക്കമായിരുന്നു മുസ്ലിം സ്ത്രീകൾക്ക് കയ്യെഴുത്ത് പഠിക്കുന്നത് മതപരമായി അനുവദനീയ്യം ആണോ അല്ലേ എന്നത്!

ഇത്തരമൊരു സാഹചര്യത്തിലാണ്, ഒരു കാലഘട്ടത്തിന്റെ ചരിത്ര പുരുഷനും, അഗാധ പണ്ഡിതനും, നവോത്ഥാന നായകനും, ഇന്ത്യൻ സ്വാത്രത്ര സമരത്തിൽ തന്റെതായ ഭാഗദേയം നിർവഹിക്കുകയും ചെയ്ത മഹാനായ കെ എം മൗലവി(റഹി) കടന്നുവരുന്നത്.

മുസ്ലിം സമൂഹം അക്കാലഘട്ടത്തിൽ ആപതിച്ചിരുന്ന അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ തന്റെ തൂലികകൊണ്ട് പടപൊരുതിയ കെ എം മൗലവി നടത്തിയിരുന്ന പല പ്രസിദ്ധീകരണങ്ങളിൽ ഒന്നായ അൽ ഇസ്‌ലാഹിലേക്ക് വന്ന ഒരു ചോദ്യമായിരുന്നു ഇസ്‌ലാമിൽ ബാലികമാർക്ക് കയ്യെഴുത്ത് പഠിക്കാമോ ഇല്ലേ എന്നത്.

ഇമാം ബുഖാരിയുടെ അദബുൽ മുഫ്രദിലെ ഹദീസും മറ്റുമൊക്കെ ഉദ്ധരിച്ചുകൊണ്ട് അൽപം സുധീർഘവും, പ്രാമാണികവുമായി 1928 ഡിസംബർ മാസത്തിൽ കെ എം മൗലവി നൽകിയ മറുപടി, ആ പഴയ ഭാഷാ ശൈലിയിൽ ഇന്നും ലഭ്യമാണ്.

മദീനയിൽ വെച്ച് ഈ ലോകത്ത് നിന്നും വിടവാങ്ങിയ തിരുദൂതർ മുഹമ്മദ് നബി(സ) യുടെ കാലശേഷം നീണ്ട നാൽപ്പത് വർഷത്തോളം ഒരു പണ്ഡിതയായി വർത്തിച്ച തിരുദൂതരുടെ പ്രിയ പത്നി മഹതി ആയിഷ ബീവിയുടെ ചരിത്രത്തിന്റെ അല്പഭാഗമെങ്കിലും മനസ്സിലാക്കിയവർ ഇസ്‌ലാമിൽ ഒരു സ്ത്രീക്ക് കയ്യെഴുത്ത് പഠിക്കാമോ എന്ന ചോദ്യം ചോദിക്കുമായിരുന്നില്ല. പക്ഷെ സമൂഹത്തെ സമുദ്ധരിക്കേണ്ടവർ അത് ജനങ്ങൾക്ക് പറഞ്ഞു കൊടുത്തില്ല.

കടലിലേക്ക് പഴം എറിയുന്നത് കണ്ടപ്പോൾ ഓർമ്മവരുന്നത് മുകളിൽ സൂചിപ്പിച്ച ഒരു നൂറ്റാണ്ടു മുൻപത്തെ വസ്തുതകളാണ്.

കേരളമുസ്ലീം ജനതയിലെ ഒരു വലിയ വിഭാഗത്തെ നയിക്കുന്ന പാണക്കാട് കുടുംബത്തോടുള്ള ബഹുമാനം നിലനിറുത്തിക്കൊണ്ട് തന്നെ പറയട്ടെ, കടലിലേക്ക് പഴം എറിയുന്ന ചര്യ തിരു ദൂതർ പഠിപ്പിച്ച ചര്യകൾക്ക് വിരുദ്ധമാണ്. ഒരു നൂറ്റാണ്ട് മുൻപ് സമുദായ അകപ്പെട്ടിരുന്ന അന്ധകാരത്തിന്റെ ബാക്കി പത്രമായിട്ടാണ് ഈ  പ്രവർത്തനത്തെ കാണുവാൻ സാധിക്കുന്നത്.

ഒരു ഈത്തപ്പഴത്തിന്റെ ചീളെങ്കിലും പാവപ്പെട്ടവന്ന് ധർമം ചെയ്തുകൊണ്ട് നരക ശിക്ഷയിൽ നിന്നും സ്വന്തത്തെ കാത്തുകൊള്ളുവാൻ പഠിപ്പിച്ച, ഭക്ഷണം കഴിക്കുന്ന വേളയിൽ താഴെ വീണ ഭക്ഷണാംശങ്ങൾ എടുക്കുകയും അതിലെ പൊടി നീക്കി ഭക്ഷിക്കുകയും ചെയ്യുക എന്നൊക്കെ പഠിപ്പിച്ച തിരുദൂദരുടെ ചര്യ പിൻപറ്റുന്ന ഒരാൾക്ക് അന്യായമായി ഭക്ഷണത്തിന്റെ ഒരു കണികപോലും വലിച്ചെറിയുവാൻ സാധിക്കുകയില്ല എന്ന് സ്വന്തത്തെ മറക്കാതെ  ഉണർത്തട്ടെ.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.

No comments:

Post a Comment