Sunday, November 21, 2021

സാമൂഹ്യ കേരളത്തിലെ എനിക്കിഷ്ടപ്പെട്ട ഒരു ഫോട്ടോയാണിത്



കർത്തവ്യ ബോധമുള്ള ഒരു ഭരണാധികാരി തന്റെ ഭരണീയരിൽ പെട്ട ഒരു വിഭാഗം ആളുകളുടെ  ആവശ്യങ്ങൾ നിറവേറ്റുകയും, അത് തന്റെ വ്യക്തിപരമായ വിശ്വാസത്തിന്ന് അനുകൂലമാണോ പ്രതികൂലമാണോ എന്നതൊന്നും കാര്യമാക്കാതെ, ഭരമേൽപിക്കപെട്ട ദൗത്യം നേരിട്ട് കണ്ടുകൊണ്ട് ഉറപ്പു വരുത്തുകയും ചെയ്യക എന്നതുമൊക്കെ മാതൃകാപരമായ ഒരു പ്രവർത്തനമായിട്ടാണ് കാണുവാൻ സാധിക്കുന്നത്.

താൻ കൊണ്ടുനടക്കുന്ന വിശ്വാസങ്ങൾക്ക് വിരുദ്ധമായത് കൊണ്ട് തന്നെ അതിൽ നിന്നും വളരെ മാന്യമായി വിട്ടുനിൽകുക എന്നത് കാപട്യമില്ലാത്ത ഹൃദയങ്ങൾക്ക് മാത്രം സാധിക്കുന്ന ഒന്നാണ്.

നിലവിളക്ക് കൊളുത്തുന്നത് പോലുള്ള കാര്യങ്ങൾ തന്റെ വിശ്വാസത്തിന്ന് എതിരായത് കൊണ്ട് മാത്രം അതിൽ നിന്നും വളരെ മാന്യമായി വിട്ടു നിൽക്കുന്നവർക്കും ഈ ഒരു പ്രിവിലേജ് വക വെച്ച് കൊടുക്കേണ്ടതുണ്ട് എന്നാണ് അഭിപ്രായം.

നാല് വോട്ട് കിട്ടുവാനും, ജനങ്ങളുടെ കയ്യടി നേടുവാനുമൊക്കെ രാഷ്ട്രീയക്കാർ വ്യത്യസ്ത മതവിഭാങ്ങളുടെ ആരാധനാ/ആഘോഷങ്ങളിൽ കയറി നടത്തുന്ന പല വേഷം കെട്ടലുകൾക്കും വിരുദ്ധമായ ഒരു സമീപനമാണ് മന്ത്രിയിൽ നിന്നും ഇവിടെ കാണുവാൻ സാധിക്കുന്നത്.

ഹൃദയത്തിൽ ഒന്ന് വെക്കുകയും പുറത്ത് അതിന്ന് വിരുദ്ധമായ വേറെ ഒന്ന് കാണിക്കുകയും ചെയ്യുന്നതാണല്ലോ കാപട്യം. എന്നാൽ ഇവിടെ അതുണ്ടായില്ല. കാപട്യമില്ലാത്ത ഹൃദയങ്ങൾക്കാണ് നീതിയിൽ വർത്തിക്കുവാൻ സാധിക്കുക.

കപട നാട്യങ്ങൾ നടത്തുന്ന ആളെ കണ്ടുകൊണ്ട് അദ്ദേഹം "നമ്മുടെ" ആളാണ് എന്ന് തെറ്റിദ്ധരിക്കുന്ന ആളുകളുടെ എണ്ണം ജനങ്ങൾക്കിടയിൽ കുറവല്ല എന്നാണ് മനസിലാകുന്നത്. 

ജനങ്ങൾക്കിടയിൽ അംഗീകാരം നേടുന്നതിന്ന് വേണ്ടി മാത്രം  നടത്തുന്ന കപട നാട്യങ്ങൾ നടത്തുന്നവരെയും, നടത്താത്തവരെയും ജനങ്ങൾ വകതിരിച്ചു മനസ്സിലാക്കണം എന്നാണ് അഭിപ്രായം.

ജീവിതത്തിൽ പൂർണമായും മാംസാഹാരം ഒഴിവാക്കാകുന്നവർക്കും, വർഷത്തിലെ ഏതാനും മാസങ്ങൾ മാത്രം മാംസാഹാരം ഒഴിവാക്കുന്നവർക്കും, അതിൽ  പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ മുഴുവനും ഒഴിവാക്കുന്നവരുമൊക്കെ നമുക്കിടയിലുണ്ട്. ഇതിൽ പെട്ട ഒരാളോടും തന്നെ അറിഞ്ഞുകൊണ്ട് അവർ കഴിക്കാത്ത ഒരു ഭക്ഷണം വേണമോ എന്ന് ചോദിക്കാതെയിരിക്കുവാനുള്ള ജാഗ്രതയും കരുതലുമൊക്കെ മലയാള സമൂഹം എന്നോ കൈവരിച്ചിട്ടുണ്ട്.

പ്യുവർ വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവരോടും ഹലാൽ ഭക്ഷണം മാത്രം കഴിക്കുന്നവരോടും മലയാളി സമൂഹം ഇന്നേവരെ കാണിച്ചിട്ടുള്ളത് വളരെ പക്വവും അനുകരണീയവുമായ നിലപാടുകളാണ് എന്നതാണ് മലയാളമണ്ണിന്റെ അനുഭവ സാക്ഷ്യം.

ഇക്കാലമത്രയും നേരിൽ കണ്ടും, കൊണ്ടും, പകർന്നുനൽകുകയുമൊക്കെ ചെയ്ത ഈ മഹത്തായ അനുഭവ സാക്ഷ്യത്തിന്ന് കടകവിരുദ്ധമായി, ഇന്നലെ വന്ന ചില സാമൂഹ്യ വിരുദ്ധർ, ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന വിഴുപ്പലക്കലുകൾ ഒരു  മലവെള്ളപ്പാച്ചൽ  ചപ്പു ചണ്ടികളെ എങ്ങിനെ കൂലം കുത്തി ഒഴുക്കിക്കളയുന്നുവോ  അത് പോലെ മലയാളീ സമൂഹം കൂലം കുത്തി ഒഴുക്കിക്കളയും എന്നാണ് ഈ ഒരു സന്ദർഭത്തിൽ  അഭിപ്രായപ്പെടുവാനുള്ളത്.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

No comments:

Post a Comment