Sunday, November 28, 2021

വൈവിധ്യമാണ് മനുഷ്യന്റെ മുഖമുദ്ര 

വ്യത്യസ്തങ്ങളായ സംസ്കാരം, രാജ്യം, മതം, ഭാഷ, വേഷം, ഭക്ഷണം, നിറം, ഭാവം എന്ന് തുടങ്ങിയ  വൈവിധ്യങ്ങളാണ് മനുഷ്യനെ ഇതര ജീവ വർഗങ്ങളിൽ നിന്നും വേർതിരിച്ചു നിറുത്തുന്ന പ്രധാന ഘടകങ്ങൾ. 

ഇതിൽ എല്ലാം തന്നെ എന്ത്, എപ്പോൾ, എങ്ങിനെ എന്നൊക്കെ തീരുമാനിക്കുവാനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം ഓരോ മനുഷ്യനുമുണ്ട്.

ചിത്രത്തിൽ കാണുന്നത് അമേരിക്കയിലെ ആയിരക്കണക്കിന്ന് വരുന്ന സൂപ്പർമാർക്കറ്റുകളിൽ സാധാരണ കാണാറുള്ള ഒരു ബോർഡാണ്.




ഇന്ത്യക്കാരനും, ചൈനക്കാരനും, കൊറിയക്കാരനും, തായ്‌ലാന്റുകാരനും, ഇറ്റലിക്കാരനും, ഫ്രഞ്ചുകാരനും, ലറ്റിനോ, ഹിസ്പാനിക് എന്നുതുടങ്ങിയ ആളുകൾക്ക് വേണ്ട ഭക്ഷണ സാമഗ്രികൾ തരം തിരിച്ചിരിക്കുന്നത് ഓരോരുത്തരുടെയും എളുപ്പത്തിന്ന് വേണ്ടിയാണ്. 

ഇഷ്ടമുള്ളവർക്ക് ഇഷ്ടമുള്ളത് വാങ്ങിക്കൊണ്ട് പോകാം. 

അമേരിക്കയിലെ സൂപ്പർ മാർക്കറ്റുകളിലെ ഇത്തരം ബോർഡുകൾ എല്ലാം കണ്ടിട്ട്  ഭക്ഷണത്തിൽ രാജ്യം ചേർക്കരുതെന്ന് തലക്ക് വെളിവുള്ള ഒരാളും പറഞ്ഞതായി അറിവില്ല.  

അമേരിക്കയിലെ ഹോട്ടൽ ശൃംഖലയുടെ കാര്യമെടുക്കുകയാണെകിൽ, അവിടെയും രാജ്യങ്ങൾ കാണാം. ഇറ്റാലിയൻ, ചൈനീസ്, ഇന്ത്യൻ, പാകിസ്ഥാൻ, അഫ്‌ഗാനി, തായ്, കൊറിയൻ, ജാപ്പനീസ്, വിയറ്റ്നാമീസ്, ഫ്രഞ്ച്, ഗ്രീക്ക് എന്ന് തുടങ്ങിയ പ്രത്യേകം പേരുകൾ വെച്ച ഹോട്ടലുകൾ എമ്പാടുമുണ്ട്.

ഈ ഹോട്ടലുകളുടെ പേരുകൾ കണ്ടിട്ട് ഹോട്ടലിൽ രാജ്യം ചേർക്കരുതെന്ന് ആരും പറഞ്ഞില്ല. സൗകര്യമുള്ളവർ സൗകര്യമുള്ളിടത്ത് പോയിട്ട് വേണ്ടത് കഴിക്കുക എന്നതാണിവിടെ.

രാജ്യങ്ങളുടെയും, സംസ്കാരങ്ങളുടെയും, കോഷർ പോലുള്ള മതത്തിന്റെ അടിസ്ഥാനത്തിലുള്ള  പ്രത്യേകം ബോർഡുകൾ വെച്ച സൂപ്പർമാർക്കറ്റുകൾക്കും, ഹോട്ടലുകൾക്കും പുറമെ മിക്കവാറും എല്ലാ രാജ്യക്കാർക്കും പ്രത്യേകമായി സൂപ്പർ മാർക്കറ്റുകളും ഇവിടെ ഉണ്ട്.

ഇന്ത്യൻ സ്റ്റോർ, കൊറിയൻ സ്റ്റോർ, ചൈനീസ് സ്റ്റോർ, യൂറോപ്യൻ സ്റ്റോർ  എന്ന് തുടങ്ങിയ ബോർഡുകൾ വെച്ച സൂപ്പർമാർക്കറ്റുകളും അമേരിക്കയിൽ സുലഭമാണ്. ഇത് കണ്ടിട്ട് സ്റ്റോറിൽ രാജ്യം കലർത്തരുത് എന്ന് ഒരാളും പറഞ്ഞതായി അറിവില്ല.  

പൂജക്ക് വേണ്ട സാമഗ്രികൾ പ്രത്യേകം ക്രമീകരിച്ച ഒരുപാട് ഇന്ത്യൻ സ്റ്റോറുകൾ അമേരിക്കയിൽ ഉണ്ട്.

പ്രത്യേകം സ്റ്റിക്കർ ഒട്ടിച്ച, പൂജക്ക് വേണ്ടി മാത്രമേ എടുക്കാവൂ എന്ന്  എഴുതിവെച്ച തേങ്ങ പോലുള്ളവയും ഇവിടുത്തെ ഇന്ത്യൻ സ്റ്റോറുകളിൽ ലഭ്യമാണ്. ഇത് കണ്ടപ്പോൾ എന്നിക്ക് മനസ്സിൽ തോന്നിയത് "ഗുഡ്" എന്നാണ്. കാരണം അത് ആവശ്യമുള്ളവർക്ക് അതും ലഭ്യമാണല്ലോ എന്നാണ് ഞാൻ ചിന്തിച്ചത്.

പൂജക്ക് വേണ്ടി പ്രത്യേകം മാർക്ക് ചെയ്ത തേങ്ങ കണ്ടിട്ട്, തേങ്ങയിൽ മതം കലർത്തരുത് എന്ന് തലക്ക് വെളിവുള്ള ഒരാളും ഇവിടെ പറഞ്ഞതായി അറിവില്ല.

പൂജക്ക് വേണ്ടി പ്രത്യകം മാർക്ക് ചെയ്ത എണ്ണ കണ്ടിട്ട് അതിൽ എന്തോ അജണ്ട ഉണ്ട് എന്ന് ഒരാളും ഇവിടെ പറഞ്ഞതായി അറിവില്ല.

ഭക്ഷണത്തിൽ രാജ്യവും, സംസ്കാരങ്ങളും മതങ്ങളുമൊക്കെ കലരും എന്നാണ് പറഞ്ഞുവരുന്നത്.

വേണ്ടവർക്ക് വേണ്ടത് സ്വീകരിക്കാനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്, ഉണ്ടാകണം. അത് ചോദ്യം ചെയ്യാൻ ഒരുത്തനും വരില്ല, അല്ല, തലക്ക് വെളിവുള്ള ഒരാളും അത് ചെയ്യില്ല.

കട്ടപ്പനയിൽ ചക്ക ഒലത്തിയത് കിട്ടുമോ എന്ന യുറേക്ക പോലുള്ള ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് കട്ടപ്പനയിൽ ഒരു ഫെസ്റ്റ് നടത്താതെ തന്നെ ചക്ക വേണ്ടവർക്ക് കിട്ടും എന്നറിയാത്തത് കൊണ്ടല്ല. മറിച്ച്, അതവരുടെ വിഷയ ദാരിദ്രവും, ആശയ ദാരിദ്രവുമാണ് കാണിക്കുന്നത്. 

ഹൃദയത്തിൽ അടിഞ്ഞുകൂടിയ, ചീഞ്ഞളിഞ്ഞ, അറപ്പുളവാക്കുന്ന വെറുപ്പൻ ആശയധാരയുടെ ബഹിർസ്പുരണമാണ് യഥാർത്ഥത്തിൽ കട്ടപ്പനയിൽ ചക്ക ഫെസ്റ്റ് നടത്തുവാൻ ധൈര്യമുണ്ടോ എന്ന് ചോദിക്കുന്നവരിൽ എനിക്ക്  കാണുവാൻ  സാധിക്കുന്നത്.

ഒരമ്മപെറ്റ മക്കളിൽ തന്നെ വ്യത്യസ്തങ്ങളായ അഭിരുചികൾ ഉള്ളവരുണ്ട്. സംസ്കാരങ്ങൾക്കുണ്ട്, രാജ്യങ്ങൾക്കുണ്ട്, മതങ്ങൾക്കും ഉണ്ട്. ഇത്തരം അഭിരുചികൾ ഇന്നോ ഇന്നലെയോ വന്നതല്ല, ഭൂമിയിൽ മനുഷ്യാരംഭത്തോളം പഴക്കമുണ്ട് ഈ അഭിരുചികൾക്ക്. ഭൂമിയിൽ മനുഷ്യൻ ജീവിക്കുന്ന കാലത്തോളം ഈ വൈവിധ്യങ്ങളും അഭിരുചികളും നിലനിൽക്കും എന്ന തിരിച്ചറിവിലേക്ക് എത്തുക നാം.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

No comments:

Post a Comment