Thursday, October 27, 2016

താടി ഒരു രോഗമാണ്

താടി ഒരു രോഗമാണ്

വൈദേശികമായ ആതിപത്യത്തിനെതിരെ പോരാടിക്കൊണ്ട് ദക്ഷിണേന്ത്യൻ നാവികസേനക്ക് അടിത്തറപാകിയ അഡ്‌മിറൽ കുഞ്ഞാലിമരക്കാർ കേരള തീരം മുതൽ അങ്ങകലെ ഇന്നത്തെ ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന സൗരാഷ്ട്ര വരെ നീണ്ടുകിടക്കുന്ന ആഴക്കടലിൽ വെച്ച് പോർത്തുഗീസ് നാവികപ്പടയെ നേരിട്ടത് ഇന്ന് കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന താടി വെച്ചുകൊണ്ടായിരുന്നു. ഒരു വേള പറഞ്ഞാൽ, മതപരമായ താടി.

എ.ഡി. 1498 മേയ് 11ന്ന് വാസ്കോഡിഗാമയുടെ നേതൃത്വത്തിൽ സാൻ ഗബ്രിയേൽ എന്ന പടക്കപ്പൽ കോഴിക്കോടിന്റെ തീരത്ത് തോക്കുകളും പീരങ്കികളുമായി നങ്കൂരമിട്ടത് മുതൽ തുടങ്ങുന്നു അഡിമിറൽ കുഞ്ഞാലിമരക്കാരുടെ പരാക്രമണം. ചരിത്രം ഒരുപാടുണ്ട്...

ഫോർട്ട് കൊച്ചിയിലെ ദക്ഷിണ  നാവൽ കമാൻഡ് നേരിട്ട് നടത്തുന്ന നാവിക മ്യൂസിയത്തിൽ പോയാൽ താടിവെച്ച, സാമൂതിരി രാജാവിന്റെ പടനായകനായിരുന്ന മഹാനായ അഡ്‌മിറൽ കുഞ്ഞാലിമരക്കാരുടെ​"ജീവനുള്ള"​ രൂപം നിങ്ങൾക്കവിടെ കാണാം.

എന്ത് കൊണ്ട് താടിവെച്ച അഡ്‌മിറൽ കുഞ്ഞാലിമരക്കാരിൽ നിന്നും തുടങ്ങി എന്ന് ചോദിച്ചാൽ, താടി വെച്ച കുഞ്ഞാലിമരക്കാരാൽ നയിക്കപ്പെട്ടിരുന്ന ഇന്ത്യൻ നാവിക സേനയിൽ അതേ കുഞ്ഞാലിമരക്കാരുടെ പിന്മുറക്കാർക്ക് അതേ സേനയിൽ ഇന്ന് ചേരുമ്പോൾ താടി വെക്കുവാൻ അനുവാദമില്ലത്രെ!!!
​​
നാട്ടിലെ ക്രമസമാധാനം നിലനിര്ത്തുവാൻ ഉത്തരവാദിത്വമുള്ള പോലീസ് സേനയിൽ ചേരുമ്പോഴും അഡ്‌മിറൽ കുഞ്ഞാലിമരക്കാരുടെ പിന്മുറക്കാർ താടി അഴിച്ചുവെക്കണമത്രെ!!

ഈ ഒരു പശ്ചാത്തലത്തിലാണ് താടി ഹൃദയത്തിന്റെ ഒരു രോഗമായിത്തീരുന്നത്. അതെ, സ്വന്തം നാടിന്റെ ചരിത്രത്തെകുറിച്ചുള്ള തികഞ്ഞ അജ്ഞതയിൽ അധിഷ്ഠിതമായ വർഗീയ രോഗം.

ചരിത്രത്തിൽ നിന്നും അവബോധമുൾക്കൊണ്ട് കൊണ്ട് സ്വയം ചികിത്സ നടത്തുക എന്നതാണ് ഈ രോഗത്തിനുള്ള ഒരു പരിഹാരം. ഭാരതമെന്ന ഏതൊരു സ്വാതന്ത്ര്യത്തിന്റെ മണ്ണിൽ താൻ ജീവിക്കുന്നുവോ, ആ മണ്ണിന്റെ സ്വാത്രന്ത്യത്തിന്ന് വേണ്ടി രക്തം ചിന്തിയ വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ട മുൻഗാമികളുടെ ചരിത്രമെന്ന ഔഷധംകൊണ്ട് ഈ രോഗം ചികിൽസിക്കുക.

താടിയുമായി ബന്ധപ്പെട്ട്കൊണ്ട് വരുന്ന ഒരു ചോദ്യമാണ് "താടി വളർത്തുവാൻ മതപരമായ കൽപ്പനയുണ്ടോ, നിർബന്ധമാണോ" എന്നിങ്ങനെയുള്ള ചോദ്യങ്ങൾ.

ഈ ഒരു പശ്ചാത്തലത്തിലാണ് രണ്ടാമത്തെ രോഗം കടന്നു വരുന്നത്. ദൈവികമായ കൽപ്പനകൾ വരുമ്പോൾ ആ കൽപ്പനകൾ തങ്ങളുടെ ദേഹേഛക്ക് എതിരാണ് എന്ന് കാണുമ്പോൾ ചോദ്യരൂപത്തിൽ പുറത്തേക്ക് വരുന്ന ഹൃദയത്തിന്റെ രോഗം.

"എന്നിട്ട്‌ നിങ്ങളുടെ മനസ്സിന്‌ പിടിക്കാത്ത കാര്യങ്ങളുമായി വല്ല ദൈവദൂതനും നിങ്ങളുടെ അടുത്ത്‌ വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്‍മാരെ നിങ്ങള്‍ തള്ളിക്കളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ?" ഖുർആൻ 2:87.

പഠിക്കുവാനും മനസ്സിലാക്കുവാനുമാണെങ്കിൽ, താഴെ ലേഖനങ്ങൾ ഒന്ന് വായിക്കുക, ഉപകാരപ്പെട്ടേക്കാം. തർക്കിക്കുവാൻ ഇല്ല.

ദൈവീക ദൂതന്മാരുടെ ചരിത്രത്തിൽ നിന്നും പാഠമുൾക്കൊണ്ടുകൊണ്ട് ദൈവീകമായ കൽപ്പനകൾക്ക് കീഴൊതുങ്ങുവാനുള്ള ഒരു മനസ്സ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ രോഗത്തിനുള്ള ഒരേ ഒരു​ ചികിത്സ.

അവസാനമായി ഒരു കാര്യം കൂടി. 

ചരിത്രവും, ദൈവീകമെന്ന് പറയപ്പെടുന്ന കൽപ്പനകൾ ഒക്കെ ഒരുവേള നമുക്ക് മറക്കാം. 

ഇഷ്ടമുള്ള ഭക്ഷണം കഴിക്കുവാനും, വസ്‌ത്രം, വേഷം, പാർപ്പിടം എന്നിവയൊക്കെ സ്വന്തം ഇഷ്ടത്തിന് തിരഞ്ഞെടുക്കുവാനുള്ള അവസ്ഥയെയാണല്ലോ മനുഷ്യന്റെ അടിസ്ഥാനപരമായ സ്വാതന്ത്ര്യം എന്ന് പറയുന്നത്. 

ഇന്ന് ഭൗതികമായ പുരോഗതി കൈവരിച്ചിട്ടുള്ള ഏതൊരു രാജ്യത്തിന്റെയും അവസ്ഥ ഒന്ന് പരിശോധിക്കുക. ഒരു മനുഷ്യന്റെ ഇപ്പറഞ്ഞ അടിസ്ഥാന സ്വാതന്ത്ര്യത്തിൽ ഒന്നും തന്നെ കൈയിട്ടുകൊണ്ടു കശപിശ കൂടി വിലപ്പെട്ട സമയം കളയുവാൻ അവർ തായ്യാറല്ല എന്നുള്ളത് തന്നെയാണ് അവർ കൈവരിച്ച പുരോഗതിയുടെ ഒരു അടിത്തറ.

പുരോഗതി കൈവരിച്ച ആളുകൾ സ്വയം പറയുന്നു - "It is none of My business".
​അതുമൂലം ​ഒരുപാട് സമയം ​അവർ ലാഭിക്കുന്നു.

പുരോഗതി ആഗ്രഹിക്കുന്ന എനിക്ക് പറയേണ്ടി വരുന്നു - "It is none of Your  business". അതുമൂലം വിലപ്പെട്ട ഒരുപാട് സമയം ​നമ്മൾ നഷ്ടപ്പെടുത്തുന്നു.

സ്നേഹത്തോടെ​
അബൂ അബ്ദുൽമന്നാൻ മുഹമ്മദ് നിസാമുദ്ധീൻ.