Tuesday, May 29, 2018

ജാതി ചിന്തകളെ ഇല്ലായ്മ ചെയ്ത ആദർശം

ജാതി ചിന്തകളെ ഇല്ലായ്മ ചെയ്ത ആദർശം

ഇന്ന് കേരളത്തിൽ നടന്ന ജാതിക്കൊലയുടെ വാർത്ത വായിച്ചപ്പോൾ ഓർത്തെടുത്ത ഒരു അനുഭവമാണ് ഇങ്ങിനെ ഒന്നെഴുതുവാൻ പ്രേരണയായത്.

വര്ഷം രണ്ടായിരത്തി പതിനാല്. ഷിക്കാഗോയിലെ ഒഹാരേ ഇന്റർനാഷണൽ എയർപോർട്ടാണ് സ്ഥലം. 

ജോലി ആവശ്യാർത്ഥം അമേരിക്കയിലേക്ക് പോയ ഞാനും എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകൻ പ്രശാന്ത് വിജയനും ഇന്ത്യയിലേക്കുള്ള റിട്ടേൺ ഫ്‌ളൈറ്റിന് വേണ്ടി എയർപോർട്ടിൽ കാത്തിരിക്കുന്ന രംഗം.

കണ്ടാൽ ആഫ്രിക്കക്കാരൻ എന്ന്  തോന്നിക്കുന്ന ഒരാൾ എന്റെ ഇടതു വശത്തുള്ള സീറ്റിൽ വന്നിരിക്കുകയും "അസ്സലാമു അലൈക്കും" അഥവാ "ദൈവം തമ്പുരാന്റെ രക്ഷ താങ്കൾക്കുണ്ടാകട്ടെ" എന്ന് പറയുകയും ചെയ്തു. 

ഞാൻ തിരിച്ചും സലാം പറഞ്ഞു. ഷിക്കാഗോയിൽ മെക്കാനിക്കൽ എൻജിനീയർ ആയി ജോലിചെയ്യുന്ന ഒരു നോർത്ത് സുഡാൻ പൗരനാണെന്ന് പരസ്പരം പരിചയപ്പെട്ടപ്പോൾ മനസ്സിലായി. 

അങ്ങിനെ നമ്മൾ സംസാരം തുടങ്ങി. രാഷ്ട്രീയപരമായും, സാംസ്കാരികമായും, ജോലിസംബന്ധവുമായ ഒട്ടേറെ കാര്യങ്ങൾ സംസാരിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ അതാ വേറെ ഒരാൾ "അസ്സലാമു അലൈക്കും" എന്ന് പറഞ്ഞു കൊണ്ട് പ്രശാന്തിന്റെ വലതു വശത്തും ഇരുന്നു. അമേരിക്കയിൽ നിയമ പഠനത്തിന്ന് വേണ്ടി വന്ന ഒരു സൗദിഅറേബ്യൻ പൗരനാണെന്ന് പരിചയപ്പെട്ടപ്പോൾ മനസ്സിലായി. 

അങ്ങിനെ സംസാരം കുറേ കൂടി ജോറായി നടന്നുകൊണ്ടിരുന്നു.

അതിനിടയ്ക്കാണ് പ്രശാന്ത് എന്നോട് ആ ചോദ്യം സ്വൽപം ആശ്ചര്യത്തോട് കൂടി ചോദിച്ചത്. "നിങ്ങൾ (ഒരേ ആദർശക്കാർ) എവിടെ നിന്നു കണ്ടാലും ഭയങ്കര അടുപ്പമാണല്ലോ?". 

ഒരു അന്യദേശത്ത് വെച്ച്, തീർത്തും ഒരു പരിചയവും ഇല്ലാത്ത, അന്യ ദേശക്കാരായ ആളുകളോട് ഊരും പേരുമൊക്കെ വെളിപ്പെടുത്തിക്കൊണ്ട് വളരെ അനായാസമായി, അതും ഇന്നിന്റെ സാഹചര്യത്തിൽ, പരസ്പരം സഹോദരങ്ങളെ പോലെ ഇടപഴകുവാൻ എങ്ങിനെ സാധിക്കുന്നു എന്നായിരുന്നു പ്രശാന്തിന്റെ ചോദ്യത്തിന്റെ കാതൽ.

"ദൈവം തമ്പുരാൻ ഹൃദയത്തിൽ ഇട്ടുതന്ന അടുപ്പം" എന്നായിരുന്നു ഒറ്റവാക്കിൽ അവനോട് ഞാൻ പറഞ്ഞത്.

രാജ്യത്തിന്റെയോ, ഭാഷയുടെയോ, നിറത്തിന്റെയോ മറ്റോ അതിർത്തികൾക്കെല്ലാം മുകളിൽ ഊട്ടിയുറപ്പിക്കപ്പെട്ട ഈ സാഹോദര്യത്തിന്റെ ഉറവിടം ചെന്നെത്തുന്നത് ആറാം നൂറ്റാണ്ടിലെ അറേബ്യൻ മണലാരിണ്യത്തിൽ എഴുത്തും വായനയും അറിയാത്ത, "അൽ അമീൻ" അഥവാ "സത്യസന്ധൻ" എന്ന് സർവ്വ ജനങ്ങളാലും വിളിക്കപ്പെട്ട ദൈവീക ദൂതൻ മുഹമ്മദ്(സ) എന്ന വ്യക്തിയാൽ പൂർത്തീകരിക്കപ്പെട്ട ആദർശത്തിലാണ്.

ഗോത്ര മഹിമകളും അതിന്റെ പേരിലുള്ള വിവേചനങ്ങളും തമ്മിലടികളും, മനുഷ്യൻ മറ്റൊരു മനുഷ്യനെ നാൽകാലികളെ പോലെ അടിമകളാക്കുന്ന അവസ്ഥകളുമൊക്കെ നിലനിന്നിരുന്ന പതിനാല് നൂറ്റാണ്ട് മുൻപുള്ള അറേബ്യൻ ഉപഭൂഖണ്ഡം.

ഏകനായ പ്രപഞ്ച നാഥനെ മാത്രം വിളിച്ചാരാധിക്കുവാൻ നിർമിക്കപ്പെട്ട കഅബാലയത്തിന്നു ചുറ്റും ഒരു ഗംഭീര ജനസാഗരം നില കൊള്ളുന്ന രംഗം.

പ്രാർത്ഥന സമയത്തെ അറിയിക്കുന്ന ബാങ്ക് വിളി നടത്തുവാൻ ആരാണ് ഏൽപ്പിക്കപ്പെടുന്നത് എന്ന് സാധാരണക്കാരൻ മുതൽ പ്രമാണിമാർ വരെ സാകൂതം കാത്തിരുന്ന ഒരു നിമിഷം. 

ആ ദൗത്യ നിർവഹണം ഏൽപ്പിക്കപ്പെട്ടത് മറ്റാരെയുമായിരുന്നില്ല. അടിച്ചമർത്തപ്പെട്ടവന്റെ പര്യായമായിരുന്ന, കറുത്തവനായ, മക്കയിലെ പ്രമാണിമാരുടെ അടിമയായിരുന്ന ബിലാൽ(റ) ആയിരുന്നു അത്. 

അങ്ങിനെ ആ കഅബാലയത്തിന്റെ മുകളിലേക്ക് ബിലാൽ കയറി. അദ്ദേഹം ആ കയറ്റം കയറിയത് നൂറ്റാണ്ടുകളോളം തങ്ങളെ അടിമകളാക്കി വെച്ചിരുന്ന ഒരു വ്യവസ്ഥിതിയെ ബഹുജന ഹൃദയങ്ങളിൽ നിന്നും തുടച്ചു നീക്കിക്കൊണ്ടായിരുന്നു. 

ഏതെങ്കിലും അധികാരത്തിന്റെയോ, കയ്യൂക്കിന്റെയോ ഭാഷ കൊണ്ടായിരുന്നില്ല ഇത്തരം വിവേചനങ്ങൾ നീക്കം ചെയ്യപ്പെട്ടത് എന്നത് വളരെ ശ്രദ്ധേയമാണ്. 

മറിച്ച്,  ദൈവീക വചനങ്ങളായ, മുൻ വേദഗ്രന്ഥങ്ങളെ മുഴുവൻ സത്യപ്പെടുത്തിക്കൊണ്ട് അവതരിച്ച പരിശുദ്ധ ഖുർആൻ കൊണ്ടും അതിന്റെ ജീവിത മാതൃകയായ മുഹമ്മദ് നബി(സ) ചര്യകൾകൊണ്ടുമായിരുന്നു സകല വംശവെറികളും വിവേചനങ്ങളും അവസാനിച്ചത്.  

"എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരാണ്" എന്ന് സ്‌കൂളിലെ അസ്സംബ്ലിയിൽ വെച്ച് ഞാൻ പഠിക്കുകയും ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ, "ഈ ലോകത്തെ സർവ്വ മനുഷ്യരും ഒരേ പിതാവിന്റെയും ഒരേ മാതാവിന്റെയും മക്കളാണ്" എന്ന അതി വിശാലമായ ആദർശ വാക്യമാണ് എന്റെ മദ്രസയിൽ നിന്നും ഞാൻ പഠിച്ചതും, പ്രഖ്യാപിച്ചതും. 

അതിങ്ങനെ വായിക്കാം.

"ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.". ഖുർആൻ 49:13. 

തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ വെച്ച്, ആബാലവൃദ്ധം ജനങ്ങളെയും സാക്ഷി നിറുത്തികൊണ്ട് മുഹമ്മദ് നബി(സ) പ്രഖ്യാപിച്ചു -

"മനുഷ്യരെ, അറിഞ്ഞേക്കുക: നിങ്ങളുട രക്ഷിതാവ് ഏകനാണ്. അറബിക്ക് അറബിയല്ലാത്തവനേക്കാൾ ശ്രേഷ്ഠതയില്ല; അറബിയല്ലാത്തവന്നു അറബിയേക്കാളും ഇല്ല; കറുത്തവന്ന് ചുവന്നവനെ (വെള്ളക്കാരനെ) ക്കാളും ഇല്ല; ചുവന്നവന്ന് കറുത്തവനെക്കാളും ഇല്ല - ഭയഭക്തികൊണ്ടല്ലാതെ. നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ഭയഭക്തിയുള്ളവനാകുന്നു".

ഇത്തരുണത്തിൽ, സകല ജാതി ചിന്തകളെയും  വെടിഞ്ഞുകൊണ്ട് മനുഷ്യനെ മനുഷ്യനായി കണ്ടുകൊണ്ട്, പുണ്യത്തിലും ഭക്തിയിലും പരസ്പരം സഹകരിച്ചുകൊണ്ട് നമുക്ക് മുന്നേറാം. പടച്ചവൻ അനുഗ്രഹിക്കട്ടെ.

അബൂ അബ്ദുൽ മന്നാൻ മുഹമ്മദ് നിസാമുദ്ധീൻ

No comments:

Post a Comment